പ്രതീകാത്മക ചിത്രം
“നമ്മൾ ദുഃഖിക്കുകയില്ല, പകരം അവശേഷിക്കുന്നതിൽ ശക്തി കണ്ടെത്താം; എന്നുമുണ്ടായിരുന്ന, ഇനിയുമുണ്ടാകുന്ന ആദിമമായ ആർദ്രതയിൽ; മനുഷ്യന്റെ സങ്കടങ്ങളിൽനിന്ന് ഉറവപൊട്ടുന്ന ആശ്വാസചിന്തകളിൽ; മരണത്തിനപ്പുറം നോക്കുന്ന വിശ്വാസത്തിൽ, തത്വചിന്താപരമായ മനസ് നൽകുന്ന ആയുസുകളിൽ.” കവി വേർഡ്സ്വർത്തിന്റേതാണ് മേലുദ്ധരിച്ച വരികൾ. കേരളം ഇന്ന് കടന്നുപോകുന്ന പ്രകൃതിദുരന്തങ്ങളിൽ, പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയെക്കുറിച്ച് ധാരാളം എഴുതുകയും ചെയ്ത കവിയുടെ വാക്കുകൾക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നു. പ്രകൃതിയെ മനസിലാക്കുന്നതിൽ ഒത്തിരി സംഭാവന ചെയ്ത കവികൂടിയാണല്ലോ അദ്ദേഹം.
എല്ലാ മഴക്കാലത്തും കേരളം കൂടുതൽ കൂടുതൽ പ്രകൃതിദുരന്തങ്ങളെ നേരിടുകയാണ്. ഇതിന് ഇരയാകുന്ന അല്ലെങ്കിൽ ഇരയാക്കപ്പെടുന്ന എല്ലാവരോടും നമുക്ക് കാണിക്കാവുന്നത് ആർദ്രമായ മനസാണ് എന്നതിൽ സംശയമില്ല. ദുരന്തം നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിലും നമ്മൾ അത് കാണിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ശ്ലാഘനീയമാണ്. അതുകൊണ്ട് മാത്രമായോ എന്ന ചോദ്യവും പ്രസക്തമാണ്. കവി സൂചിപ്പിക്കുന്നതുപോലെ തത്വചിന്താപരമായ മനസ് കേരളീയസമൂഹം നേടുന്നുണ്ടോ എന്നുകൂടി ഈയവസരത്തിൽ ചിന്തിക്കേണ്ടതുണ്ട്. കാര്യങ്ങളെ വെറുതെ ഉപരിപ്ലവമായി കാണാതെ, നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനുമുള്ള കഴിവും സന്നദ്ധതയുമാണ് ഇത്തരം മനസിന്റെ പ്രത്യേകത.
സാമൂഹിക ഓഡിറ്റും ശാസ്ത്രീയമായ മാറ്റിപ്പാർപ്പിക്കലും
മഴക്കാലത്ത് ദുരന്തം ഉണ്ടാകുന്നതും കുറേപേരുടെ ജീവൻ നഷ്ടമാകുന്നതും അനുശോചനങ്ങൾ അറിയിക്കുന്നതും ആശ്വസിപ്പിക്കുന്നതും എല്ലാം ഏതാണ്ട് ഒരു ആചാരമോ അനുഷ്ഠാനമോപോലെ നാം കാണുന്നുണ്ടോ എന്ന് ചിലപ്പോഴെങ്കിലും സംശയിക്കേണ്ടിവരും. മുമ്പ് സൂചിപ്പിച്ച ഒരു സാമൂഹിക ഓഡിറ്റിനും പ്രശ്നപരിഹാരത്തിനും ജനങ്ങളുടെ പിന്തുണ വേണമെന്നുള്ളത് പ്രധാനമാണ്. പക്ഷേ, സർക്കാരാണ് ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടത്. നമുക്ക് തദ്ദേശ സ്ഥാപനങ്ങളും വില്ലജ്, താലൂക്ക്, ജില്ലാ സ്ഥാപനങ്ങളും മറ്റും ഉണ്ടെങ്കിലും ഇത്തരം പരിസ്ഥിതി ദുർബലമായ, ജനവാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിലോ വീടുനിർമാണത്തിലോ ഒന്നും കാര്യമായ ഇടപെടലോ മാർഗനിർദേശമോ നടത്തുന്നതായി കാണുന്നില്ല. ഉണ്ടെങ്കിൽതന്നെ അത് അഴിമതിക്കുള്ള സാധ്യതകളായാണ് പലപ്പോഴും ഉപയോഗിക്കുന്നത്.
മറിച്ച്, ശാസ്ത്രീയമായ അറിവിന്റെ സഹായത്താൽ ഇത്തരം ഉദ്യമങ്ങളെ നിയന്ത്രിക്കുകയോ ശാസ്ത്രീയമായ രീതിയിൽ ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യണ്ടതല്ലേ. പലപ്പോഴും അത്തരം പ്രദേശങ്ങൾക്ക് ഒട്ടുംതന്നെ ചേരാത്ത തരത്തിലുള്ള വീടുനിർമാണമാണ് നടക്കുന്നതെന്ന് കാണാൻ കഴിയും. ആവശ്യത്തിനപ്പുറം, പലപ്പോഴും ആർഭാടമാണ് വീട് പണിയെ നിയന്ത്രിക്കുന്നത്. വികസന പ്രവർത്തനങ്ങളുടെയും റോഡുൾപ്പെടെ, മറ്റ് വലിയ നിർമാണങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗത്തും ഇത് കാണാവുന്നതാണ്.
ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല; മറിച്ച്, ശാസ്ത്രീയമായ, ദീർഘവിഷണത്തോടെയുള്ള അറിവിന്റെ അടിസ്ഥാനത്തിൽ ബോധവത്കരിക്കുകയും ആവശ്യമായ, ജനോപകാരപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമാണു വേണ്ടത്. അത്തരം സ്ഥലത്ത് താമസിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണെകിൽ, അത്തരം ആൾക്കാരെ മഴക്കാലത്ത് മാറ്റിത്താമസിക്കാനുള്ള സുരക്ഷിത സ്ഥാനങ്ങൾകൂടി ഉൾപ്പെടുത്തി വേണം അവിടങ്ങളിൽ താമസം അനുവദിക്കാൻ. സ്ഥിരമായി ഭൂകമ്പം ഉണ്ടാകുന്ന രാജ്യങ്ങളിലും യുദ്ധങ്ങൾ നടക്കുന്ന രാജ്യങ്ങളിലും, ഇസ്രായേൽ ഉദാഹരണമാണ്, അടിയന്തരമായി രക്ഷ നേടാനുള്ള ബോംബ് ഷെൽട്ടറുകൾപോലെയുള്ള സുരക്ഷിത ഇടങ്ങൾ നേരത്തേ തയാറാക്കുന്നത് മാതൃകയാണ്.
ഭരണരംഗത്തെ രാഷ്ട്രീയവും ദുരന്തനിവാരണത്തിലെ അനാസ്ഥയും
ഇത്തരം പദ്ധതികൾ സാവധാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും ശാസ്ത്രീയമായും തയാറാക്കാനും നടപ്പിലാക്കാനുമൊക്കെയാണ് മന്ത്രിസഭയിലെ പല വകുപ്പുകളും മന്ത്രിമാരുമെല്ലാം. പക്ഷേ, ഇതെല്ലാം ഫലപ്രദമായി ഉയോഗപ്പെടുത്തുന്നത് ദുരന്തശേഷമാണെന്നുള്ളതാണ് ശരിയായ വലിയ ദുരന്തം. വകുപ്പുതല പ്രവർത്തനങ്ങളും ഏകോപനവും എല്ലാം നന്നായി നടക്കുന്നുണ്ടെങ്കിലും അതിന്റെ പരിമിതികൂടി നാം മനസിലാക്കണം. അല്ലാത്ത സമയത്തെല്ലാം വിവാദങ്ങളും രാഷ്ട്രീയ വിഭാഗീയതയും സമ്മേളനങ്ങളും ഉദ്ഘാടനങ്ങളുമൊക്കെയായി മന്ത്രിമാർ എപ്പോഴും തിരക്കിലായിരിക്കും. ഇപ്പോൾ പറഞ്ഞുകേൾക്കുന്ന തരത്തിലുള്ള അക്കൗണ്ടബിലിറ്റി പലപ്പോഴും നമ്മുടെ ഭരണാധികാരികൾ കാണിക്കാറില്ല. അത് ഉറപ്പാക്കാനുള്ള വഴികളും നമുക്കില്ല. ആകെയുള്ളത് തെരഞ്ഞെടുപ്പുകൾ മാത്രം. അപ്പോഴേക്കും നഷ്ടങ്ങൾ സംഭവിച്ചിരിക്കും.
നമ്മുടെ പ്രത്യേക വിഭാഗീയ രാഷ്ട്രീയ സംസ്കാരം മൂലം എന്തെങ്കിലും നടപടികൾ എടുത്താൽതന്നെ അതിന് തുടർച്ചയോ മെച്ചപ്പെടുത്തലോ ഉണ്ടാകാനും സാധ്യതയില്ല. രാഷ്ട്രീയവ്യത്യാസത്തിനുപരിയായി, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഉറച്ചതും ശാസ്ത്രീയവും ഫലപ്രദവും നിരന്തരവുമായ നടപടികളെടുക്കാൻ സാധിക്കണം. അതിനു പറ്റിയ സൃഷ്ടിപരമായ രാഷ്ട്രീയ സംവിധാനം ഉരുത്തിരിയണം. ആവശ്യമില്ലാത്ത വിവാദങ്ങൾ അവസാനിപ്പിക്കണം. എന്തായാലും ഒരു ഗവൺമെന്റിന്റെ വിജയം എന്നത് ഏറ്റവും പ്രധാനമായും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലാണ്. അതിനുശേഷമാണ് മറ്റ് ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടത്. നിർഭാഗ്യവശാൽ അതിന് വേണ്ട പ്രാധാന്യമുണ്ടെന്നു തോന്നുന്നില്ല.
വിദേശ മാതൃകയും നമ്മുടെ അനാസ്ഥയും
വിദേശ രാജ്യങ്ങളിലെ പല ഇത്തരം പ്രവർത്തനങ്ങൾ നമുക്ക് മാതൃകയാക്കാവുന്നതാണ്. കഴിഞ്ഞ ആഴ്ചയിൽ ലണ്ടനിൽ 90,000 പേർക്കിരിക്കാവുന്ന വെമ്പ്ളി സ്റ്റേഡിയത്തിൽ കണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഉദാഹരണമാണ്, പ്രകൃതിദുരന്തം അല്ലെങ്കിലും. ട്രെയിനുകളിൽ വന്നിറങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ബ്രന്റ് എന്ന സിറ്റി കൗൺസിൽ നടപ്പാക്കുന്ന ക്രമീകരണങ്ങൾ നേരിൽകാണാനിടയായി. ട്രെയിനിൽനിന്ന് ഇറങ്ങുമ്പോൾ മുതൽ തിരിച്ച് ട്രെയിനിൽ കയറ്റി സുരക്ഷിതമായി യാത്രയാക്കുന്നതുവരെ സിറ്റിയുടെ സുരക്ഷിത സംവിധാനം പ്രവർത്തിക്കുന്നു.
ഒരു ചെറിയ ഉന്തും തള്ളും പോലും കാണാൻ സാധിക്കില്ല. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും ആകർഷകമായ സമ്മർ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത് എന്നുള്ളതും പ്രസ്താവ്യമാണ്. അതുപോലെതന്നെ, അവരുടെ ജലാശയങ്ങൾ കൃത്യമായി സംരക്ഷിക്കുന്നതും പ്രസിദ്ധമാണ്. 365 തടാകങ്ങളുള്ള അയർലൻഡിലെ കാവൻ എന്ന സ്ഥലവും അവ സംരക്ഷിക്കുന്ന രീതിയും കാണാനിടയായി. നമ്മൾ ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന അനാസ്ഥകൂടിയാണല്ലോ പ്രകൃതിദുരന്തമായി നമ്മെ തേടിയെത്തുന്നത്.
റോഡപകടങ്ങളിലും അതുപോലെ അപകടസാധ്യതയുള്ള മറ്റേത് പ്രവർത്തനങ്ങളിലുമെല്ലാം നമ്മുടെ അനാസ്ഥ അപകടകരമാണ്. ഇത്തരം കാര്യങ്ങളിൽ സുരക്ഷ മുൻകൂട്ടി ഉറപ്പാക്കുക എന്നുള്ളത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. ആവശ്യമെങ്കിൽ ഉത്തരവാദിത്വപൂർണമായ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. ജനങ്ങൾ ഇത് മനസിലാക്കുകയും ഇതിനോട് സഹകരിക്കുകയും നിയന്ത്രണങ്ങൾ പാലിക്കുന്ന, നിയമങ്ങൾ അനുസരിക്കുന്ന സംസ്കാരം ആർജിക്കുകയും ചെയ്യണം.
നമ്മുടെതന്നെ ആളുകൾ വിദേശ രാജ്യങ്ങളിൽ ഇത്തരം കർശന നിയന്ത്രങ്ങൾ, വീട് എവിടെ വയ്ക്കണം, എന്ത് വലിപ്പം ആകാം, വീട്ടിലെ മരങ്ങൾക്ക് എന്ത് വലുപ്പം വേണം എന്നുള്ള തുൾപ്പെടെയുള്ള നിയമങ്ങൾ സന്തോഷപൂർവം സ്വീകരിച്ച്, സമൃദ്ധിയോടെ ജീവിക്കുന്നതും കാണാം. നമ്മളും നമ്മുടെ ഗവൺമെന്റും രാഷ്ട്രീയവുമൊക്കെ ഈ രീതിയിൽ ജനനന്മയും രാജ്യപുരോഗതിയും മുൻനിർത്തി ചിന്തിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു. രാഷ്ട്രീയ വിവാദങ്ങളിൽ മാത്രം വിജയിച്ചാൽ, നമ്മൾ സമൂഹമായി പരാജയപ്പെടും. ഓരോ ദുരന്തത്തിലും മരണത്തിലും അവസാനം, അത് ആവശ്യമില്ലാത്ത ഒരു മരണമായിരുന്നോ എന്ന് നമ്മൾ സങ്കടത്തോടെ ആവർത്തിച്ചുകൊണ്ടിരിക്കും. നമ്മളുടെയും സ്ഥിതി വ്യത്യസ്തമാകാനിടയില്ല.
ദുരന്തശേഷമുള്ള ഏകോപനം മാത്രം പോരാ
നാമാകട്ടെ പലപ്പോഴും ദുരന്തങ്ങൾ വരുമെന്നറിയാമായിട്ടും തയാറെടുപ്പു നടത്താതെ, ദുരന്തങ്ങൾ വരാൻ കത്തിരിക്കുന്നതുപോലെയും അതിനു കീഴടങ്ങാൻ തയാറായതുപോലെയും തോന്നിപ്പോകുന്നു. സ്ഥിരമായി നാം കാണുന്ന കൊണ്ടുപിടിച്ച ഏകോപനവും പ്രവർത്തങ്ങളുമെല്ലാം, ദുരന്തശേഷമുള്ളതു മാത്രമാണെന്ന് ചിന്തിച്ചാൽ കുറേയൊക്കെ ശരിയാണെന്ന് പറയേണ്ടിവരും.
അതുകൊണ്ട് അടുത്ത മഴക്കാലത്തേക്കെങ്കിലും സർക്കാർ ഒരു പ്രത്യേക സാമൂഹിക ഓഡിറ്റ് വഴി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇത്തരം ദുരന്തങ്ങൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകമായി കണ്ടെത്തുകയും അവിടങ്ങളിൽ താമസിക്കുന്ന ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള പ്രത്യേക പദ്ധതി തയാറാക്കുകയും ചെയ്യാവുന്നതാണ്. ദുരന്തത്തിനു ശേഷം പ്രഖ്യാപിക്കുന്ന സാമ്പത്തികസഹായത്തിന്റെ കൂടെ, ഇപ്പോൾ ഒരു പക്ഷേ അധികമായി ചെലവഴിക്കുന്ന തുകയുടെ കുറച്ചുകൂടി ആയാൽതന്നെ എത്രയോ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.