National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്ര വിജയം നേടിയ ബിജെപി സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തീരുമാനിച്ചത്.
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു ഭവാനിപുർ, നന്ദിഗ്രാം എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. ഭവാനിപുരിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്.
മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന സുവേന്ദു മമതാ മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്നു. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയായി സുവേന്ദു സത്യപ്രതിജ്ഞ ചെയ്യും.
National
കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനു മുമ്പ് കൗണ്ടിംഗ് ഏജന്റുമാരുടെ യോഗം വിളിച്ച് മമത ബാനർജി. ഇന്ന് വൈകുന്നേരം നാലിന് വെർച്വലായി ചേരുന്ന യോഗത്തിൽ പാർട്ടിയുടെ എല്ലാ കൗണ്ടിംഗ് ഏജന്റുമാരും പങ്കെടുക്കണമെന്നാണ് നിർദ്ദേശം.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. അതേസമയം വോട്ടെണ്ണലിന് കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം സൂപ്പർവൈസർമാരാക്കിയതിനെതിരെ തൃണമൂൽ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൗണ്ടിംഗ് സൂപ്പർവൈസർമാരാക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൽക്കത്തയിൽ രാഷ്ട്രീയ നാടകം. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ തുറന്നു എന്നാരോപിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
മധ്യ കോൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിലാണ് തൃണമൂൽ നേതാക്കളും സ്ഥാനാർത്ഥികളുമായ ശശി പഞ്ജ, കുനാൽ ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ ധർണ ആരംഭിച്ചത്. ബുധനാഴ്ച വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ബാലറ്റ് പെട്ടികൾ അനധികൃതമായി കൈകാര്യം ചെയ്യുന്നുവെന്നാണ് ഇവരുടെ ആരോപണം. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിഷേധത്തിൽ പങ്കുചേർന്നു.
എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാ വോട്ടിംഗ് യന്ത്രങ്ങളും സുരക്ഷിതമാണെന്ന് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 5:15-ഓടെ എല്ലാ സ്ട്രോംഗ് റൂമുകളും സീൽ ചെയ്തതാണെന്നും, ഇപ്പോൾ നടക്കുന്നത് തപാൽ വോട്ടുകൾ വേർതിരിക്കുന്ന സാധാരണ നടപടിക്രമങ്ങൾ മാത്രമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ബിജെപി നേതാവ് തപസ് റോയിയും തൃണമൂലിന്റെ ആരോപണങ്ങൾ പരാജയഭീതി മൂലമുള്ള നുണ പ്രചാരണമാണെന്ന് പ്രതികരിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ഒന്നാം ഘട്ടത്തിലെ മികച്ച പോളിംഗ് മമതയുടെ ഭരണം തുടരാൻ ജനങ്ങൾ അംഗീകാരം നൽകിയതിന്റെ തെളിവാണെന്നും അഭിഷേക് അവകാശപ്പെട്ടു.
"തൃണമൂൽ മികച്ച രീതിയിൽ മുന്നേറിയിരിക്കുകയാണ്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ജനം കൂടെനിന്നു. രണ്ടാം ഘട്ടത്തിലും അത് ആവർത്തിക്കും. സംസ്ഥാനത്തെ വൻ പുരോഗതിയിലേക്ക് നയിച്ച മമതയെ ജനം കൈവിടില്ലെന്നുറപ്പാണ്.'-അഭിഷേക് പറഞ്ഞു.
"ബിജെപിക്ക് സംസ്ഥാനത്ത് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ അവർ തകർന്നടിയുമെന്ന സൂചനകളാണ് വരുന്നത്. അവർക്ക് നിലവിലുള്ള സീറ്റുകൾ പോലും ലഭിക്കില്ല.'-അഭിഷേക് കൂട്ടിച്ചേർത്തു.
ബംഗാളിൽ ബുധനാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. മെയ് നാലിലാണ് വോട്ടെണ്ണൽ.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് മുതിർന്ന ടിഎംസി നേതാവ് കുനാൽ ഘോഷ്. ഒന്നാം ഘട്ടത്തിലെ മികച്ച പോളിംഗ് മമതയുടെ ഭരണം തുടരാൻ ജനങ്ങൾ അംഗീകാരം നൽകിയതിന്റെ തെളിവാണെന്നും കുനാൽ അവകാശപ്പെട്ടു.
"തൃണമൂൽ മികച്ച രീതിയിൽ മുന്നേറിയിരിക്കുകയാണ്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ജനം കൂടെനിന്നു. രണ്ടാം ഘട്ടത്തിലും അത് ആവർത്തിക്കും. സംസ്ഥാനത്തെ വൻ പുരോഗതിയിലേക്ക് നയിച്ച മമതയെ ജനം കൈവിടില്ലെന്നുറപ്പാണ്.'-കുനാൽ പറഞ്ഞു.
"ബിജെപിക്ക് സംസ്ഥാനത്ത് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ അവർ തകർന്നടിയുമെന്ന സൂചനകളാണ് വരുന്നത്. അവർക്ക് നിലവിലുള്ള സീറ്റുകൾ പോലും ലഭിക്കില്ല. സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും ബിജെപിയെ സ്വീകരിക്കില്ല.'-കുനാൽ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തമെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ് തകർന്നടിയുമെന്നും സുവേന്ദു പറഞ്ഞു.
"ബംഗാളിൽ ഭരണമാറ്റം ഉറപ്പായി കഴിഞ്ഞു. അതിന്റെ തെളിവാണ് ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ്. തൃണമൂലിനെ പറഞ്ഞ് വിടാൻ ജനങ്ങൾ വോട്ട് ചെയ്തു. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കും.'- സുവേന്ദു കൂട്ടിച്ചേർത്തു.
"ഭവാനിപുരിൽ മമത പരാജയപ്പെടും. കഴിഞ്ഞ തവണ നന്ദിഗ്രാമിൽ സംഭവിച്ചത് ഇത്തവണ അവിടെ നടക്കും. മമത തന്നെ പരാജയ ഭീതിയിലാണ്. മമതയുടെ ശക്തിയായ കള്ളവോട്ടുകൾ നീക്കം ചെയ്തതോടെ അവർ ഭയന്നിരിക്കുകയാണ്.'-സുവേന്ദു പരിഹസിച്ചു.
"സംസ്ഥാനത്തെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ബിജെപി തന്നെ അധികാരത്തിൽ എത്തേണ്ടതുണ്ടെന്ന് അവർക്കറിയാം.അതിനാണവർ വോട്ട് ചെയ്തിരിക്കുന്നത്.'-സുവേന്ദു അവകാശപ്പെട്ടു.
National
ന്യൂഡൽഹി: പാർട്ടി വിട്ടതിന് പിന്നാലെ പി.വി. അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്ത്. അൻവർ രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണെന്ന് തൃണമൂല്‍ കോൺഗ്രസ് സെക്രട്ടറി വി. ശിവദാസൻ പറഞ്ഞു.
അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ അറിയിച്ചു. നിരവധി ഇടത് നേതാക്കൾ ഉൾപ്പെടെ ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂൽ കോൺഗ്രസിലെത്തിയത്. എന്നാൽ നാട്ടിൽ അന്വേഷിച്ചപ്പോൾ ഒരാൾക്ക് പോലും ഇക്കാര്യങ്ങൾ അറിയില്ലെന്നും ശിവദാസൻ വിമർശിച്ചു.
പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ട് പി.വി. അൻവർ അയച്ച കത്തും തൃണമൂല്‍ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടു. അൻവറിനെ വച്ച് കേരളത്തിൽ തൃണമൂൽ കോൺഗ്രസ് വളർത്താൻ പറ്റില്ലെന്ന് ബോധ്യമായി. അതുകൊണ്ടാണ് പിന്തുണ പിൻവലിച്ചതെന്നും നേതൃത്വം വ്യക്തമാക്കി.
അൻവർ പോയാൽ തൃണമൂൽ കോൺഗ്രസിന് ഒന്നും പറ്റില്ല. തൃണമൂൽ കോൺഗ്രസ് ശക്തമാണ്. അൻവർ നല്ലൊരു ഡോക്ടറെ കാണണമെന്നും ശിവദാസൻ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും 29നകം അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ കീഴടങ്ങണം.
മേയ് നാലിനുശേഷം ആരെയും വെറുതേവിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൃണമൂൽ നേതാക്കൾ ഇപ്പോൾ നടത്തുന്ന ഭീഷണികളും കരച്ചിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഭയത്തിന്റെ സൂചനയാണ്. ബിഷ്ണുപുരിലെ മാഫിയാ സംഘങ്ങളെ ഇനിയും വെച്ചുപൊറുപ്പിക്കില്ല.
പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സൗജന്യ റേഷൻ, വീട് നിർമിക്കാനുള്ള സാമ്പത്തിക സഹായം, ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കും. വനിതാ സംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്തതിലൂടെ ബംഗാളിലെ സ്ത്രീകളെ തൃണമൂൽ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടി നിയമങ്ങൾ ലംഘിക്കുന്ന തൃണമൂൽ മതപരമായ സംവരണം പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ ബാക്കിനിൽക്കെ തൃണമൂൽ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശക സ്ഥാപനമായ ഐ പാക്കിന്റെ സഹസ്ഥാപകരിൽ ഒരാളും ഡയറക്ടറുമായ വിനേഷ് ചന്ദൽ അറസ്റ്റിൽ.
കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ചന്ദലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 10 ദിവസത്തെ കസ്റ്റഡിയിൽ അയച്ചു.
2021 മുതൽ പശ്ചിമ ബംഗാൾ സർക്കാരിനും തൃണമൂൽ കോണ്‍ഗ്രസിനും രാഷ്ട്രീയ ഉപദേശം നൽകുന്ന സ്വകാര്യ സ്ഥാപനമാണ് ഐ പാക്. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും തൃണമൂൽ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനയുന്നത് ഐ പാക് തന്നെയാണ്. അതിനിടയിലാണ് കന്പനി ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്യുന്നത്.
ജനുവരിയിൽ ഐപാകിന്റെ കോൽക്കത്ത ഓഫീസിലും ഡയറക്ടറായ പ്രതിക് ജെയ്നിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ കരസ്ഥമാക്കിയത് വലിയ വാർത്ത ആയിരുന്നു.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സുബ്രത ബക്ഷി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തൃണമൂൽ ഭരണം നിലനിർത്തുക എന്നും സുബ്രത പറഞ്ഞു.
"സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ട്. സംസ്ഥാനത്തെ പുരോഗതിയിലേയ്ക്ക് നയിച്ചത് മമതാ സർക്കാരാണ്. ഇടത് ഭരണത്തിൽ തകർന്ന സംസ്ഥാനം ഇന്ന് മികച്ച രീതിയിൽ മുന്നേറുകയാണ്.'-സുബ്രത അവകാശപ്പെട്ടു.
"സംസ്ഥാനത്തെ ജനങ്ങളും തൃണമൂലിനൊപ്പമാണ്. മമത സർക്കാർ തന്നെ വീണ്ടും വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. വോട്ട് ചെയ്യാനായി അവർ കാത്തിരിക്കുകയാണ്.'-സുബ്രത പറഞ്ഞു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും സുവേന്ദു പറഞ്ഞു.
"ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപി അധികാരത്തിൽ വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് ഡബിൾ എൻജിൻ സർക്കാർ വരേണ്ടതുണ്ട് എന്ന് അവർക്ക് അറിയാം.'-സുവേന്ദു അവകാശപ്പെട്ടു.
"മമത ബാനർജിയുടെ തൃണമൂൽ സർക്കാർ സംസ്ഥാനത്തെ ഭരിച്ച് നശിപ്പിച്ചു. എല്ലാ മേഖലകളെയും തകർത്തു. അഴിമതിയാണ് അവരുടെ പ്രധാന പണി. വൻ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ജനങ്ങൾക്ക് അവരെ മടുത്തു.'-സുവേന്ദു കുറ്റപ്പെടുത്തി.
National
കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിട്ടേണിംഗ് ഓഫീസറെ മാറ്റണമെന്നാവശ്യവുമായി തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
ഭബാനിപുരിലെ റിട്ടേണിംഗ് ഓഫീസർ സുരാജിത് റോയിയെ മാറ്റണെന്നാണ് ടിഎംസിയുടെ ആവശ്യം. ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി സൂരാജിത് റോയിക്ക് അടുത്തബന്ധമുണ്ടെന്നാണ് ടിഎംസിയുടെ ആരോപണം.
സുരാജിത് റോയിയുടെ നിലവിലെ നിയമനത്തെയും കത്തിൽ ചോദ്യം ചെയ്യുന്നുണ്ട്.
സീനിയോറിറ്റി മറികടന്നാണ് റോയിയെ അഡീഷണൽ ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്സായി നിയമിച്ചതെന്നും ജോയിന്റ് സെക്രട്ടറി തലത്തിലുള്ളവരാണ് സാധാരണ ഈ ചുമതല വഹിച്ചുവരുന്നതെന്നും ടിഎംസി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം ഡെറക് ഒബ്രയൻ തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ പറയുന്നു.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ പരാജയം ആണ് നേരിടാൻ പോകുന്നതെന്ന് മുതിർന്ന ബിജെപി നേതാവും ഖരഗ്പുർ സാദറിലെ സ്ഥാനാർഥിയുമായ ദിലീപ് ഘോഷ്. ബിജെപി ആണ് ഇത്തവണ ഭരണത്തിലെത്തുക എന്നും ദിലീപ് ഘോഷ് പറഞ്ഞു.
"ബംഗാളിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഭരണം മാറുമെന്ന കാര്യം ഉറപ്പാണ്.'-ദിലീപ് ഘോഷ് അവകാശപ്പെട്ടു.
"മുഖ്യമന്ത്രി മമത ബാനർജി പരാജയഭീതിയിലാണ്. തൃണമൂൽ പരാജയപ്പെടുമെന്ന് അവർക്കറിയാം. മമതയുടെ ശക്തിയായിരുന്ന കള്ളവോട്ടുകൾ ഇത്തവണ ഇല്ലാത്തത് കൊണ്ട് തന്നെ വൻ പരാജയമാണ് അവരും പാർട്ടിയും നേരിടാൻ പോകുന്നത്. അതിശക്തമായ ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ഉണ്ട്. ജനങ്ങൾ തൃണമൂലിനെതിരെ വിധിയെഴുതാൻ കാത്തിരിക്കുകയാണ്.'-ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. മമത ബാനർജിയുടെ 10 പ്രതിജ്ഞകൾ എന്നാണ് പ്രകടനപത്രികയെ പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത്.
ലക്ഷ്മി ഭണ്ഡാർ പദ്ധതിക്ക് കീഴിൽ വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർധിപ്പിച്ച് 1500 രൂപ നൽകുമെന്ന് പത്രികയിൽ വ്യക്തമാക്കി. എസ്സി-എസ്ടി വനിതകൾക്ക് 1700 രൂപയും പ്രതിമാസം നൽകും.
തൊഴിൽ രഹിതരായിട്ടുള്ള യുവാക്കൾക്ക് 1500 രൂപ പ്രതിമാസം പോക്കറ്റ് മണി നൽകുമെന്നും തൃണമൂൽ കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു. എല്ലാ ബൂത്തുകളിലും ചികിത്സാസഹായവും സ്കൂളുകളിൽ ആധുനിക സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളിൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും മമത ബാനർജി പറഞ്ഞു.
National
കോൽക്കത്ത: ബംഗാളിൽ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതിഷേധത്തിൽ. വടക്കൻ ബംഗാൾ മുതൽ തെക്കൻ ബംഗാൾ വരെ സീറ്റ് ലഭിക്കാത്ത നേതാക്കൾ പ്രതിഷേധിച്ചു. ചിലർ പാർട്ടി സംഘടനാപദവി രാജിവച്ചു.
74 എംഎൽഎമാർക്കാണ് ഇത്തവണ തൃണമൂൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചത്. മൂന്നിലൊന്ന് എംഎൽഎമാർക്കും സീറ്റില്ല. ഭരണവിരുദ്ധ വികാരം മറികടക്കാൻ പുതുമുഖങ്ങളെ അവതരിപ്പിക്കുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രി മമത ബാനർജി പയറ്റുന്നത്.
തന്റെ മണ്ഡലമായ രാജ്ഗഞ്ച് ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് സ്വപ്ന ബർമനു നല്‍കിയതിൽ കടുത്ത രോഷത്തിലാണ് മുതിർന്ന എംഎൽഎ ഖാഗേശ്വർ റോയി. സ്വപ്ന ബർമൻ പരാജയപ്പെടുമെന്ന് റോയി പറഞ്ഞു.
ആംഡംഗ സീറ്റ് നിഷേധിക്കപ്പെട്ട റഫിഖുർ റഹ്മാനും കടുത്ത പ്രതിഷേധത്തിലാണ്. പീർസാസ കാസിം ആണ് ഇവിടെ തൃണമൂൽ സ്ഥാനാർഥി. റോഡ് ഉപരോധിച്ചാണ് റഹ്മാന്റെ അനുയായികൾ പ്രതിഷേധിച്ചത്.
ചിൻസുരയിൽ സീറ്റ് നിഷേധിക്കപ്പെട്ട അസിത് മജുംദാർ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നതിന്റെ സൂചന നല്കി. യുവനേതാവും തൃണമൂൽ ഐടി സെൽ തലവനുമായ ദേബാംഗ്ഷു ഭട്ടാചാര്യക്കാണ് ചിൻസുരയിൽ സീറ്റ് നല്‍കിയത്. മജുംദാറിനെ അനുനയിപ്പിക്കാൻ ഭട്ടാചാര്യ ശ്രമിക്കുന്നു.
National
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ വീണ്ടും സുവേന്ദു അധികാരി. മമതയുടെ മണ്ഡലമായ ഭവാനിപുരിലാണ് ഇത്തവണ ബംഗാൾ പ്രതിപക്ഷനേതാവുകൂടിയായ സുവേന്ദു അധികാരി മത്സരിക്കുക.
കഴിഞ്ഞ തവണ നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയത് സുവേന്ദുവാണ്. തുടർന്ന് ഭവാനിപുരിൽ വിജയിച്ച സ്ഥാനാർഥി മമതയ്ക്കായി സീറ്റ് ഒഴിയുകയായിരുന്നു.
144 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. മുതിർന്ന ബിജെപി നേതാവ് ദിലീപ് ഘോഷ് ഖരഗ്പുർ സദറിൽ ജനവിധി തേടും. സ്വപൻ ദാസ് ഗുപ്ത റാസ്ബിഹാറി സീറ്റിലാണു മത്സരിക്കുക.
സുമിത സിൻഹ, ബിമൻ ഘോഷ്, മാധവി മഹൽദെർ,അനിമ ദത്ത, ലക്ഷികാന്ത് സാഹു തുടങ്ങിയവരാണ് ബിജെപി പട്ടികയിൽ ഇടം നേടിയ പ്രമുഖർ.
Kerala
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ പ്രസീത അഴീക്കോട് പാർട്ടിവിട്ടു. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് പി.വി.അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രമാണ്. അൻവർ രാഷ്ട്രീയം അച്ചടക്കം പാലിക്കുന്നില്ല.
ഇനിയും കൂടുതൽ പേര് രാജിവെക്കും. അൻവർ കോൽക്കത്തയിൽ പോയെങ്കിലും മമതാ ബാനർജിയെ കാണാൻ പോലും സാധിച്ചിട്ടില്ല. ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ അൻവറിന് മത്സരിക്കാൻ കഴിയില്ല. അൻവറിന്റെ കൂടെ വരുന്നവർ എല്ലാം അദ്ദേഹത്തിന്റെ ശമ്പളക്കാരാണ്.
മതേതര ബോധമുള്ളവർക്ക് പാർട്ടിയിൽ നിൽക്കാനാകില്ല. അൻവർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂൽ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നു. അൻവറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർ ആക്കിയത്.
പാർട്ടിയിൽ ചർച്ച ചെയ്യാതെയാണ് അൻവർ ബേപ്പൂരിൽ മത്സരിക്കാൻ ഇറങ്ങുന്നത്. അതിനാൽ ജയസാധ്യതയില്ലെന്നും പ്രസീത ആരോപിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂൽ മികച്ച വിജയം നേടി ഭരണം തുടരുമെന്നും അഭിഷേക് അവകാശപ്പെട്ടു.
"ബംഗാൾ തൃണമൂലിന്റെ കോട്ടയാണ്. അവിടെ ഞങ്ങളെ തോൽപ്പിക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല. ജനങ്ങൾ മമതാ ബാനർജിക്കൊപ്പമാണുള്ളത്. സർക്കാരിനെ ജനങ്ങൾക്ക് പൂർണവിശ്വാസമാണ്.'-അഭിഷേക് പറഞ്ഞു.
"ബിജെപിക്ക് ബിഹാർ ഒക്കെ പിടിച്ചെടുക്കാൻ സാധിക്കും. എന്നാൽ ബംഗാളിനെ അതു പോലെ കാണരുത്. ഇവിടെ എന്ത് ചെയ്തിട്ടും കാര്യമില്ല. ബിജെപിക്ക് ജയിക്കാൻ സാധിക്കില്ല.'-അഭിഷേക് കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരം നേടുക എന്നും സാമിക് ഭട്ടാചാര്യ.
"സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ബംഗാളിലും നടപ്പാകണമെന്ന് അവർ ആഗ്രഹിക്കുന്നു. ഡബിൾ എൻജിൻ സർക്കാർ വരുന്നതിന് അവർ വോട്ട് ചെയ്യും.'-സാമിക് അവകാശപ്പെട്ടു.
"കഴിഞ്ഞ 15 വർഷമായി ബംഗാൾ ഭരിക്കുന്ന മമത സംസ്ഥാനത്തെ തകർത്തു. എല്ലാ മേഖലകളെയും പിന്നോട്ടടിപ്പിച്ചു. കേന്ദ്ര പദ്ധതികൾ അവർ നടപ്പാക്കുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും ആണ് നടക്കുന്നത്. അതിനാൽ തന്നെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു.'-സാമിക് ഭട്ടാചാര്യ പറഞ്ഞു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും സുവേന്ദു പറഞ്ഞു.
"ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപി അധികാരത്തിൽ വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് ഡബിൾ എൻജിൻ സർക്കാർ വരേണ്ടതുണ്ട് എന്ന് അവർക്ക് അറിയാം.'-സുവേന്ദു അവകാശപ്പെട്ടു.
"മമത ബാനർജിയുടെ തൃണമൂൽ സർക്കാർ സംസ്ഥാനത്തെ ഭരിച്ച് നശിപ്പിച്ചു. എല്ലാ മേഖലകളെയും തകർത്തു. അഴിമതിയാണ് അവരുടെ പ്രധാന പണി. വൻ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ജനങ്ങൾക്ക് അവരെ മടുത്തു.'-സുവേന്ദു കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ നടത്തിയ "ഷർട്ടില്ലാ’ പ്രതിഷേധത്തിൽ പ്രതികരണവുമായി തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.
യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധം രാജ്യത്തെ അപമാനപ്പെടുത്തിയെന്ന ഒരു മാധ്യമസ്ഥാപനത്തിന്റെ എക്സ് പോസ്റ്റിനു കീഴിൽ കമന്റ് ചെയ്ത മഹുവ അന്താരാഷ്ട്ര വേദികളിൽ (അത് മോശമായി സംഘടിപ്പിച്ചവയാണെങ്കിൽപ്പോലും) സമാധാനപരമായ പ്രതിഷേധങ്ങൾ മുന്‍പും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കുറച്ച് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചതല്ല ഇന്ത്യയെ അപമാനിച്ചതെന്നും അപമാനകരമായ സംഘാടനവും പ്രതിനിധികൾക്ക് കിലോമീറ്ററുകളോളം നടക്കേണ്ടിവന്നതും വെള്ളമില്ലാത്തതും വൃത്തിയുള്ള ടോയ്ലറ്റുകളില്ലാത്തതും ഗാൽഗോറ്റിയാസ് സർവകലാശാലാ വിവാദവും പ്രധാനമന്ത്രി സാം ആൾട്ട്മാനെ പിടിച്ചതുമൊക്കെയാണെന്നും മഹുവ കുറ്റപ്പെടുത്തി.
Leader Page
അടുത്ത മൂന്നുനാലു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയാണ് കോൽക്കത്ത നഗരത്തിലെ പോസ്റ്ററുകളും പ്രചാരണ മുദ്രാവാക്യങ്ങളുമെങ്കിൽ, തൃണമൂൽ കോൺഗ്രസ് ഒരുപക്ഷേ, ഇതിനകം യുദ്ധം ജയിച്ചുകഴിഞ്ഞു. നഗരത്തിലുടനീളം സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും മമത ബാനർജിയുടെ ക്ഷേമപദ്ധതികളും വിളിച്ചോതുന്ന കൂറ്റൻ ബോർഡുകളാണുള്ളത്. ബിജെപിയുടെ കൊടികളോ പോസ്റ്ററുകളോ എങ്ങും കാണാനുമില്ല. തൃണമൂലിന്റെ ഒരു പ്രധാന പ്രചാരണ വാചകം ഇതാണ്: “ജോതോയ് കൊരോ ഹംല, അബർ ജിത്ബെ ബംഗ്ല” (ഞങ്ങളെ എത്രയൊക്കെ ആക്രമിച്ചാലും ബംഗാൾ വീണ്ടും വിജയിക്കും).
ഈ മുദ്രാവാക്യം വെറുതെ ഉണ്ടായതല്ല. ബിജെപിയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തമ്മിലുള്ള തർക്കം ഭരണ- പ്രതിപക്ഷ രാഷ്ട്രീയത്തിനപ്പുറമാണ്. ബിജെപിയുടെ വെല്ലുവിളി കേവലം വോട്ടു കണക്കുകൾക്ക് അപ്പുറവും. ഇതോടെ 2026ലെ പോരാട്ടത്തിന് വീറും വാശിയുമേറുന്നു. അഴിമതിയും ഭരണനേട്ടങ്ങളും മാത്രമല്ല ഈ തെരഞ്ഞെടുപ്പിലെ വിഷയങ്ങൾ. ടോളിഗഞ്ചിലെ താമസക്കാരനായ ടിറ്റു ബോസ് പറയുന്നു: “ബംഗാളി സംസ്കാരം പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ; കഴിയുമെങ്കിൽ ആരിലൂടെ എന്നതിനെക്കുറിച്ചുള്ള ഒരു ജനഹിതപരിശോധനയിലേക്കാണ് നീങ്ങുന്നത്”. വോട്ടറായ ശ്രീപർണ സെൻ (44) പറയുന്നത്, തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് ഉറപ്പുണ്ട് എന്നാണ്. “കാരണം, തൃണമൂൽ നേതാക്കൾ പലപ്പോഴും ആരോപിക്കുന്നതുപോലെ സാംസ്കാരികമായി അന്യരാകാതെയാണ് ബിജെപി സാംസ്കാരിക നവീകരണം വാഗ്ദാനം ചെയ്യുന്നത്. ഇത് ബംഗാളിക്ക് വേണ്ടിയാണെന്നും അത് മമത ബാനർജിയുടെ കീഴിലാണെന്നും ടിഎംസി പറയുന്നു. എന്നാൽ, ബംഗാളി സംസ്കാരം വലിയതോതിൽ തകർന്നത് മമതയുടെ കാലത്താണ്”.
എന്നാൽ, ഇതിനൊരു മറുവശമുണ്ട്. ഭാഷ, സാഹിത്യം, നുഴഞ്ഞുകയറ്റക്കാർ എന്നീ വിഷയങ്ങളിൽ ദേശീയതയെക്കുറിച്ചുള്ള ബിജെപിയുടെ വാചകമടി കാസി നസ്രുൾ ഇസ്ലാമിനെപ്പോലുള്ളവർ രൂപപ്പെടുത്തിയ ബംഗാളിന്റെ ബഹുസ്വരതയ്ക്കു വിരുദ്ധമാണ് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് അതിന്റേതായ പോരായ്മകളുണ്ടെന്നത് നിഷേധിക്കാനാകില്ല. മുതിർന്ന നേതാക്കളുടെ പഴയകാല അബദ്ധങ്ങൾ ബിജെപിക്ക് ബംഗാളി വികാരം മനസിലാക്കാനാകില്ലെന്ന തൃണമൂൽ പ്രചാരണത്തിന് ആക്കം കൂട്ടുന്നുണ്ട്. കേന്ദ്രത്തിൽനിന്നുള്ള നിരവധി ബിജെപി നേതാക്കൾക്ക് ബംഗാളിന്റെ ചരിത്ര-സാസ്കാരിക നായകരെക്കുറിച്ചു പറയുമ്പോൾ നാക്കു പിഴച്ചിരുന്നു. ഇത് തൃണമൂൽ പ്രചാരണത്തിന് ഇന്ധനമായി. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലാണ് ജനിച്ചതെന്ന് ബിജെപിയുടെ മുൻ ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ പറഞ്ഞത് ഈ സാംസ്കാരികവിടവിന്റെ പ്രതീകമായി.
എന്നാൽ, ബംഗാളിന്റെ മഹത്തായ ഭൂതകാലത്തിൽനിന്ന് വിഭിന്നമായി, ഇന്നത്തെ പശ്ചിമബംഗാൾ സാമ്പത്തിക സ്തംഭനത്തിന്റെയും അക്രമത്തിന്റെയും സിൻഡിക്കറ്റ് ദൂഷിത വലയത്തിന്റെയും നിഴലിലാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ബംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന മനോദീപ് സർക്കാർ പറയുന്നു: “ബംഗാളിന്റെ തകർച്ച ഒറ്റദിവസം കൊണ്ടുണ്ടായതല്ല. 1977 മുതൽ 2011 വരെ ഭരിച്ച ഇടതുസർക്കാരിന്റെ 34 വർഷമാണ് ഇതിന്റെ വിത്തുവിതച്ചത്. തൃണമൂലിന്റെ കാലത്ത് ഇത് കൂടുതൽ പടർന്നുപന്തലിച്ചു എന്നുമാത്രം. പ്രവാസിയാകേണ്ടിവന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. വർഷത്തിൽ രണ്ടു തവണയാണ് ഞാനെന്റെ മാതാപിതാക്കളെ കാണാൻ പോകുന്നത്’’. നഗരപ്രാന്തമായ ഖർദയിൽനിന്നുള്ള പ്രശാന്തോ നന്ദിയും ഇതിനെ ശരിവയ്ക്കുന്നു. ‘വൈരുധ്യമാണെന്നു തോന്നാം... എങ്കിലും ഈ സാംസ്കാരിക ശൂന്യതയും ഗുണ്ടകളെയും ന്യൂനപക്ഷങ്ങളെയും- വിശേഷിച്ച് മുസ്ലിംകളെ- പ്രീണിപ്പിക്കുന്നതും കടുത്ത വെല്ലുവിളിയുയർത്താൻ ബിജെപിക്ക് വഴിയൊരുക്കി’.
മറ്റൊരു സുപ്രധാന കാര്യവുമുണ്ട്. ബിജെപി ദശാബ്ദങ്ങളായി ‘ഭദ്രലോക്’ എന്നറിയപ്പെടുന്ന വരേണ്യ, മധ്യവർഗ ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല ദുർബലവിഭാഗങ്ങൾക്കിടയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്ബോങ്ഷികൾ, മതുവകൾ, നാമശൂദ്രർ, ചെറിയ ആദിവാസി വിഭാഗങ്ങൾ, ഗൂർഖകൾ എന്നിവർക്കു പുറമേ ക്രൈസ്തവർക്കിടയിൽപോലും ബിജെപി അടിത്തറ വിപുലമാക്കി. ഒബിസി സംവരണ ആനുകൂല്യങ്ങളിൽ മുസ്ലിം സമുദായങ്ങൾ ആനുപാതികമല്ലാത്ത വിഹിതം തട്ടിയെടുത്തുവെന്ന ആരോപണവും രോഷമുണ്ടാക്കിയിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മാറ്റമില്ലാതെ തുടരുന്ന അധികാരഘടനയ്ക്കെതിരേ പ്രതികരിക്കാൻ ഒരു വലിയ ജനവിഭാഗത്തിനുള്ള പിടിവള്ളിയായി ബിജെപി മാറി.
എന്നാൽ, മറ്റൊരു തലത്തിൽ ബംഗാൾ തെരഞ്ഞെടുപ്പ് വലിയൊരു പ്രഹേളികയാണ്. ബംഗാളി സാംസ്കാരിക സ്വത്വവും ഹിന്ദുത്വ ഏകീകരണവും തമ്മിലുള്ള ആശയപരമായ പോരാട്ടവേദിയായി അത് മാറുന്നു.
പല വിഷയങ്ങളിലും പൊതുജനങ്ങളുടെ നിലപാട് അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ മമത ബാനർജി വളരെ പരിഭ്രാന്തയാണെന്ന് ഒരു വിഭാഗം പറയുന്നു. റോണോജിത് സന്യാൽ പറയുന്നു: “മമതയുടെയും അഭിഷേക് ബാനർജിയുടെയും അമ്മായി-അനന്തരവൻ കൂട്ടുകെട്ടിനെ കുടുംബവാഴ്ചയുടെയും സ്വേച്ഛാധിപത്യത്തിന്റെയും അഴിമതിയുടെയും പ്രതീകമായി ഉയർത്തിക്കാട്ടുന്നതിൽ ബിജെപി വിജയിച്ചു”.
ബംഗാളി അഭിമാനവും ബിജെപിയുടെ ഹിന്ദി-ഹിന്ദു പരിപ്രേക്ഷ്യവും തമ്മിലുള്ള പോരാട്ടമാക്കി ചിത്രീകരിച്ചാണ് തൃണമൂൽ ഇതിനെ ചെറുക്കുന്നത്. തന്റെ ഭൂതകാലം മമത ബാനർജിക്കറിയാം. ശക്തമായ ഇടതുവിരുദ്ധ പ്രതിച്ഛായ ഇപ്പോഴും അവരുടെ കരുത്താണ്. കുറച്ച് വർഷങ്ങൾക്കു മുമ്പുപോലും ഇടതുവിരുദ്ധ ലിബറലിസം അവരെ അജയ്യയാക്കിയിരുന്നു. “2021ലെ പോലെ 2026ലും ഇത് സംഭവിക്കും. ദക്ഷിണബംഗാളിലെ കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും വോട്ടുകൾ തൃണമൂൽ കോൺഗ്രസിലേക്ക് പോയതിനാൽ ഈ രണ്ട് പാർട്ടികൾക്കും സംസ്ഥാന നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല”, ജാദവ്പുർ പ്രദേശത്തെ തൃണമൂൽ ബൂത്ത് വർക്കർ മോളോയ് ദാസ് പറയുന്നു.
എന്നാൽ തൃണമൂൽപോലും കളംമാറ്റിച്ചവിട്ടുകയാണ്. പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്ന രാഷ്ട്രീയ സമാനതയാണ് ഏറ്റവും വലിയ വൈരുധ്യം. മുസ്ലീം പ്രീണനം ആരോപിക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് ഇപ്പോൾ ദിഗയിൽ പുതുതായി നിർമിച്ച ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ച് ഉറക്കെ പറയുന്നു. അതിനാൽ 2026ലെ യുദ്ധം ആരാണ് പശ്ചിമ ബംഗാൾ ഭരിക്കുകയെന്നു മാത്രമല്ല നിർണയിക്കുക. ഇന്ത്യയെയോ ബംഗാളിനേയോ കുറിച്ചുള്ള ആരുടെ ആശയമാണ് ഒടുവിൽ വിജയിക്കുക എന്നതിനും അത് ഉത്തരം നൽകും.
Kerala
മലപ്പുറം: പി.വി.അൻവർ ബേപ്പൂരിൽ മത്സരിക്കുകയാണെങ്കിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.ജി.ഉണ്ണി. പാർട്ടി നേതൃത്വവുമായി അൻവർ കൂടിയാലോചനകൾ നടത്തുന്നില്ല.
ദേശീയ നേതൃത്വവുമായി ആലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി.ജി.ഉണ്ണി പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് അൻവറിന്റെ നീക്കം.
മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് അൻവർ ബേപ്പൂരിൽ സജീവമായിക്കഴിഞ്ഞു. മുസ്ലിം ലീഗിന്റെയും കോഴിക്കോട് ഡിസിസിയുടെയും പൂർണ പിന്തുണയും അൻവറിനുണ്ട്.
National
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനു നിയോഗിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ഏജന്‍സിയായ ഐ-പാക്കിന്റെ ഓഫീസിലും തലവൻ പാര്ഥിക് ജയിനിന്റെ വസതിയിലും ഇഡി നടത്തിയ പരിശോധനയാണു മുഖ്യമന്ത്രിയെ രോഷാകുലയാക്കിയത്. ഇഡിക്കെതിരേ കോടതിയിൽ നിയമപോരാട്ടത്തിനും തൃണമൂൽ തുടക്കമിട്ടു.
മുഖ്യമന്ത്രി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോൽക്കത്ത പോലീസ് കേന്ദ്ര ഏജൻസിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണു ജാധവ്പുരിലെ ബിബി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ഇഡിക്കെതിരേ നടന്ന കാൽനട പ്രതിഷേധ റാലി.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി മുഖ്യമന്ത്രിയുടെ പിന്നാലെ തടിച്ചുകൂടി. ക്രമസമാധാന പാലനത്തിനായി വന്‍ പോലീസ് സന്നാഹമാണു മേഖലയിൽ വിന്യസിച്ചിരുന്നത്. ആഭ്യന്തര രഹസ്യവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോര്‍ത്താനാണ് ഇഡിയുടെ പരിശോധനയെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണു ബിജെപിയും അഴിച്ചുവിട്ടത്. തൃണമൂലും മമതാ ബാനര്‍ജിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
അതേസമയം റെയ്ഡിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി കല്‍ക്കട്ട ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഹൈക്കോടതിയില്‍ നാടകീയരംഗങ്ങളും അരങ്ങേറി. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റീസ് സുവ്രഘോഷ് ഇറങ്ങിപ്പോയി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നാണു സൂചന.
തൃണമൂല്‍ കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കണ്‍സള്‍ട്ടന്‍സിയാണ് ഐപാക്ക്. തെ രഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് ഐപാക്കിന്റെ സ്ഥാപകന്‍.
National
പാറ്റ്ന: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് സരൗഗി. ബംഗാളിൽ ബിജെപി തന്ന അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും സഞ്ജയ് അവകാശപ്പെട്ടു.
"ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുണ്ട്. അവർ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന കാര്യം ഉറപ്പാണ്. തൃണമൂൽ കോൺഗ്രസിനെ അവർ മടുത്തു. മമതാ സർക്കാരിനെതിരെ രൂക്ഷമായ ജനവികാരമുണ്ട്'-സഞ്ജയ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ബംഗാളിൽ തകർന്നടിയുമെന്നും ബിഹാർ ബിജെപി അധ്യക്ഷൻ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും പരാജയമാണ് മമതയെയും കൂട്ടരെയും കാത്തിരിക്കുന്നതെന്നും സഞ്ജയ് പറഞ്ഞു.
ബിജെപിയെ പാന്പെന്ന് വിളിച്ച് ആക്ഷേപിച്ച തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിക്കും സഞ്ജയ് മറുപടി കൊടുത്തു. ബിജെപി പാന്പല്ലെന്നും പാന്പാട്ടായാണെന്നും അഭിഷേകിനെ പോലുള്ള വിഷജീവികളെ തുരത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും സഞ്ജയ് പറഞ്ഞു.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്തെ വികസനം തടയുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിയിലൂടെ മമത സർക്കാർ ജനങ്ങൾക്കു ഭാരമായെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ താഹെര്പുരിൽ റാലിയെ സംബോധന ചെയ്യുകയായിരുന്നു മോദി.
അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് തൃണമൂൽ കോൺഗ്രസ് ആണ്. അതുകൊണ്ടാണ് സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തെ (എസ്ഐആര്‍) അവര്‍ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പശ്ചിമബംഗാളിലെ സന്ദർശനം പൂർത്തിയാക്കി ഇന്നലെ പ്രധാനമന്ത്രി ആസാമിലെത്തി. നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം ബിജെപി പ്രവർത്തകരുമായി ആശയവിനിമയവും പരിപാടികളിലുണ്ട്.
സന്ദർശനത്തിന്റെ ആദ്യദിനമായ ഇന്നലെ ആസാമിന്റെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബർദൊളോയിയുടെ 80 അടി ഉയരമുള്ള പ്രതിമ മോദി അനാച്ഛാദനം ചെയ്തു.
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ശിൽപി റം സുതർ രൂപകൽപന ചെയ്ത ശിൽപമാണിത്. കൂടാതെ, 4000 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ ലോകപ്രിയ ഗോപിനാഥ് ബർദോളോയ് വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും മോദി ഉദ്ഘാടനം ചെയ്തു.
National
മൂർഷിദാബാദ്: എംഎൽഎസ്ഥാനം രാജിവയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഹുമയൂൺ കബീർ. രാജിവയ്ക്കരുതെന്നാണ് മണ്ഡലത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎസ്ഥാനം രാജിവയ്ക്കുമെന്നും പുതിയ പാർട്ടി രൂപവത്കരിക്കുമെന്നും ആയിരുന്നു മുന്‍പ് കബീർ പറഞ്ഞിരുന്നത്. ഭരത്പുർ മണ്ഡലത്തെയാണ് കബീർ പ്രതിനിധീകരിക്കുന്നത്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുമായി സഖ്യ ചർച്ച നടത്തിയെന്ന് ഹുമയൂൺ കബീർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഹുമയൂൺ കബീറിനെ തള്ളി എഐഎംഐഎം വക്താവ് സൈദ് അസീം വഖാർ രംഗത്തെത്തി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തൃണമൂലിന്റെ ഗ്രാമ പഞ്ചായത്ത് മെംബറായ ബാബു മോണ്ടലാണ് മരിച്ചത്. സംപുയ്പര-ബസുകാതി ഗ്രാമ പഞ്ചായത്തിലെ മെംബറാണ് ബാബു മോണ്ടൽ.
ബാബുവിന്റെ അനുയായി അനുപം റാണയ്ക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ നോർത്ത് ഹൗറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബാബു മോണ്ടലും അനുപമും ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. നിശ്ചിന്ത-ബുറോ ഷിബ്ടാള പ്രദേശത്ത് വച്ച് രണ്ട് ബൈക്കുകളിലായെത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പ്പിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ ബാബു വൈകാതെ മരിച്ചു. അനുപം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
തൃണമൂൽ നേതാക്കളെ വെയിവച്ചതിന് ശേഷം അക്രമികൾ കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഹൗറ പോലീസ് കമ്മീഷ്ണർ പ്രവീൺ ത്രിപാദി അറിയിച്ചു. അന്വേഷണം ഊർജിതമായ നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പ്രവീൺ ത്രിപാദി പറഞ്ഞു.
National
ഷിംല: 2026ൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ എംപി. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി ബംഗാളിൽ വിജയിക്കുകയെന്നും അനുരാഗ് പറഞ്ഞു.
"ബിഹാറിലെ പോലെ വലിയ വിജയമായിരിക്കും ബംഗാളിലും. ബിജെപി അധികാരത്തിലെത്താൻ സംസ്ഥാനത്തെ ജനങ്ങൾ കാത്തിരിക്കുകയാണ്. തൃണമൂലിനെയും മമത ബാനർജിയേയും അവർക്ക് മടുത്തു. ഇനി അവർ തൃണൂലിനെ വിജയിപ്പിക്കില്ല.'-അനുരാഗ് പറഞ്ഞു.
"പരാജയ ഭീതിയിലാണ് മമതയും പാർട്ടിയും. അധികാരത്തിന്റെ അവസാന നാളുകളിലാണ് തൃണമൂൽ. അഴിമതിയും കുറ്റകൃത്യങ്ങളും കൊണ്ട് സംസ്ഥാനം പൊറുമുട്ടിരിക്കുകയാണ്. ബംഗാളിൽ പരാജയപ്പെടുമെന്ന് മമതയ്ക്ക് തന്നെ അറിയാം. അതുകൊണ്ടാണ് അവർ സംഘർഷത്തിലേയ്ക്ക് നീങ്ങും എന്നൊക്കെ പറയുന്നത്.'-അനുരാഗ് കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാമിക്ക് ഭട്ടാചാര്യ. ബിജെപിയെ വിജയിപ്പിക്കാനായി ജനങ്ങൾ കാത്തിരിക്കുകയാണെന്നും സാമിക്ക് പറഞ്ഞു.
"2026ൽ ബംഗാളിൽ ബിജെപി ഭരണം നേടും. അത് ഉറപ്പാണ്. കാരണം തൃണമൂലിന്റെ ഭരണം ജനങ്ങൾക്ക് മടുത്തു. മമതയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണ്. എല്ലാ മേഖലകളെയും അവർ തകർത്തു.'-സാമിക്ക് അഭിപ്രായപ്പെട്ടു.
"മഹാ ജംഗിൾ രാജാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ബിഹാറിൽ സംഭവിച്ചത് തന്നെ ബംഗാളിലും നടക്കും. എൻഡിഎ വൻ ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് ഭരണത്തിലെത്തും. ക്രമസമാധാന നില അടക്കം തകർന്ന സംസ്ഥാനത്ത് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.'-സാമിക്ക് കുറ്റപ്പെടുത്തി.
National
കോൽക്കത്ത: ബിഹാറല്ല ബംഗാളെന്നും മമത ബാനർജി തന്നെ നാലാം തവണയും സംസ്ഥാനം ഭരിക്കുമെന്നും തൃണമൂൽ കോൺഗ്രസ്. ബിഹാറിന് ശേഷം ഇനി ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാൾ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ആയിരുന്നും തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.
ബംഗാൾ ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും തൃണമൂലിന്റെ മുതിർന്ന നേതാവ് സാഗരിക ഘോഷ് എംപി പറഞ്ഞു. ബംഗാളിന്റെ ഭാഷയെയും, പ്രതീകങ്ങളെയും സംസ്കാരത്തെയും അപമാനിച്ച ബിജെപിയോട് ജനങ്ങൾ പൊറുക്കില്ലെന്നും സാഗരിക ഘോഷ് തുറന്നടിച്ചു.
2026ലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിന്റെ അയൽ സംസ്ഥാനമായ ബംഗാൾ പിടിക്കണമെന്നാണ് ബിജെപി പ്രവർത്തകർക്ക് ലഭിച്ച നിർദേശം. ബിഹാറിലെയും ബംഗാളിലും രാഷ്ട്രീയ സമവാക്യങ്ങൾ വ്യത്യസ്തമാണ്.
ബിഹാർ വിജയം ബംഗാളിൽ ഒരു മാറ്റവുമുണ്ടാക്കില്ല. ബിജെപിയെ ബംഗാളിൽ ശത്രുവായാണ് കാണുന്നത്. ജനങ്ങളുട അനുഗ്രഹം എന്നും മമത ബാനർജിക്ക് ഒപ്പമാണ്. ദീദി നാലാം വട്ടവും ബംഗാൾ ഭരിക്കുമെന്നും തൃണമൂൽ നേതാക്കൾ തുറന്നടിച്ചു.
District News
കൽപ്പറ്റ: ത്രിണമൂൽ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന പ്രചാരണ വാഹനജാഥ വടുവൻചാലിൽ ആരംഭിച്ചു. വയനാടിനോടുള്ള അവഗണന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കുക, ജില്ലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക,
ഗവ. മെഡിക്കൽ കോളജ് ജനങ്ങൾക്ക് ഉപകാരപ്രദമായ സ്ഥലത്ത് സ്ഥാപിക്കുക, പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കുക, പുഞ്ചിരിമട്ടം ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ. ജില്ലാ സെക്രട്ടറി ഷൗക്കത്ത് പള്ളിയാൽ ജാഥാ ക്യാപ്റ്റൻ പി.എം. ജോർജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഇ.സി. സനീഷ്, ഹാരിസ് തോപ്പിൽ, വി.സി. സെബാസ്റ്റ്യൻ, ജോസഫ് ബത്തേരി, ബിജു പൂക്കൊന്പിൽ, മുഹമ്മദലി ബത്തേരി, സി.പി. അഷ്റഫ്, അബ്ദുൾ ഖാദർ മടക്കിമല എന്നിവർ പ്രസംഗിച്ചു.
നാളെ വൈകുന്നേരം നാലിന് പുൽപ്പള്ളിയിൽ ജാഥ സമാപന സമ്മേളനം പാർട്ടി സംസ്ഥാന കണ്‍വീനർ പി.വി. അൻവർ ഉദ്ഘാടനം ചെയ്യും.