NRI
ന്യൂയോർക്ക്: ഫുട്ബോൾ ലോകകപ്പിന് തുടക്കമാകാൻ 22 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വില കുത്തനെ ഇടിയുന്നു. ടിക്കറ്റിന്റെ ഡിമാൻഡ് കുറഞ്ഞതാണ് വില കുറയാൻ കാരണം.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ശരാശരി ടിക്കറ്റ് നിരക്കിൽ 23 ശതമാനത്തിലധികം കുറവുണ്ടായി. മുൻപ് 737 ഡോളർ ആയിരുന്ന ശരാശരി നിരക്ക് ഇപ്പോൾ 550 ഡോളറായി (ഏകദേശം 46,000 രൂപ) കുറഞ്ഞു.
ലോസ് ആഞ്ചലസിൽ നടക്കുന്ന യുഎസ്എ - പാരഗ്വായ് ഉദ്ഘാടന മത്സരത്തിന്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് അഞ്ച് മാസത്തിന് ശേഷം ആദ്യമായി 1000 ഡോളറിന് താഴെയെത്തി (938 ഡോളർ). സ്റ്റേഡിയങ്ങൾ പകുതി മാത്രം നിറയുമോ എന്ന ആശങ്ക ഫിഫ അധികൃതർക്കുണ്ട്.
എന്നാൽ ജൂലൈ 19ന് ന്യൂജഴ്സിയിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. ഫൈനൽ കാണാനുള്ള കുറഞ്ഞ നിരക്ക് നിലവിൽ 7,734 ഡോളറാണ് (ഏകദേശം 6.4 ലക്ഷം രൂപ). ജൂൺ 11ന് മെക്സിക്കോ സിറ്റിയിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.
Sports
ഫിഫ 2026 ലോകകപ്പിലെ മരണഗ്രൂപ്പ് ഏതെന്ന് ചോദിച്ചാൽ അതിനുത്തരം എൽ; അവസാന ഗ്രൂപ്പ്. യൂറോപ്യൻ ഹെവിവെയ്റ്റുകളായ ഇംഗ്ലണ്ടും ക്രൊയേഷ്യയും ആഫ്രിക്കൻ കരുത്തരായ ഘാന, കോണ്‍ കാഫ് പ്രതിനിധി പാനമയുമാണ് ഗ്രൂപ്പിൽ.
2018 സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ക്രൊയേഷ്യയും നേർക്കുനേർ എത്തുന്പോൾ തീപാറും. അന്ന് ഇംഗ്ലണ്ടിന്റെ മോഹങ്ങളെ തകർത്ത് ക്രൊയേഷ്യ ഫൈനലിലേക്ക് മുന്നേറി. ഇതിന്റെ കണക്കുവീട്ടാൻ കൂടിയാണ് ഇംഗ്ലണ്ടെത്തുന്നത്. ഘാനയെയും പാനമയെയും നിസാരരായി എഴുതിത്തള്ളാനാവില്ല. യൂറോപ്പിൽ കളിക്കുന്ന താരങ്ങളാണ് ഇരുടീമിലുമുള്ളത്.
ഇംഗ്ലണ്ട്
'It's coming home' എന്നാണ് എല്ലാ ലോകകപ്പുകളിലും ഇംഗ്ലണ്ടുകാർ പാടുന്നത്. ആധുനിക ഫുട്ബോളിന്റെ ജന്മഗൃഹത്തിലേക്ക് കിരീടമെത്തുന്നു എന്നാണ് വരികളടെ അർഥം. എന്നാൽ, ഈ വരികൾ അന്വർഥമാക്കുന്നതുപോലെ അവർ എത്രയും വേഗം വീട്ടിലേക്ക് മടങ്ങിയെത്താറാണ് പതിവ്. ഇക്കുറി മാറ്റമുണ്ടാകുമോ?
ഡേവിഡ് ബെക്കാം, വെയ്ൻ റൂണി, ഹാരി കെയ്ൻ തുടങ്ങി ഇതിഹാസതാരങ്ങൾ, ലോകത്തിലെ മികച്ച ലീഗ് എല്ലാമുണ്ടായിട്ടും ഇംഗ്ലണ്ടിന് ഇതുവരെ രണ്ടാമതൊരു കിരീടം നേടാനായിട്ടില്ല. 1966ൽ സ്വന്തംനാട്ടിലാണ് ആദ്യമായും അവസാനമായും കിരീടം നേടിയത്. ഇതുവരെ 17 ലോകകപ്പുകൾക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിലും 1990ലും 2018ലും സെമിഫൈനലിലും അഞ്ച് തവണ ക്വാർട്ടറിലും എത്തിയതാണ് പിന്നീടുള്ള മികച്ച നേട്ടം.
ജർമൻകാരനായ പരിശീലകൻ തോമസ് ടൂഹെലിലാണ് ത്രീ ലയണ്‍സിന്റെ പ്രതീക്ഷ. യോഗ്യതാ റൗണ്ടിൽ ഒറ്റ ഗോളുപോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് എത്തുന്നത്. ക്യാപ്റ്റൻ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം, ബുകായോ സാക, ഡെക്ലൻ റൈസ്, കോൾ പാൽമെർ, ജോർദാൻ പിക്ഫോർഡ് തുടങ്ങി സൂപ്പർ താരങ്ങളാണ് ടീമിൽ നിറയെ.
ക്രൊയേഷ്യ
നിത്യഹരിതനായകനായ ലൂക്കാ മോഡ്രിച്ചിന്റെ നായകത്വത്തിലാണ് ക്രൊയേഷ്യ എത്തുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും വിസ്മയം തീർത്ത സുവർണതലമുറയുടെ ഇലപൊഴിയും കാലമാണിത്. എങ്കിലും അവസാന നാലിലൊന്നാകുകയാണ് ലക്ഷ്യം.
1991ൽ രാജ്യം സ്വതന്ത്രമായതിനു ശേഷം ആറു ലോകകപ്പുകൾക്കാണ് യോഗ്യത നേടിയത്. അതിൽ മൂന്നിലും സെമിഫൈനൽ കളിച്ചു. 2018ൽ രണ്ടാം സ്ഥാനക്കാരായപ്പോൾ 98ലും 22ലും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 2017 മുതൽ സ്ലാറ്റ്കോ ഡാലിച്ചാണ് പരിശീലകൻ. മാഞ്ചസ്റ്റർ സിറ്റിയുടെ മാറ്റിയോ കൊവാസിച്ച്, വിംഗർ ഇവാൻ പെരിസിച്ച്, ജോസ്കോ ഗ്വാർഡിയോൾ, ലൂകാ വുസ്കോവിച്ച് എന്നിവരാണ് പ്രധാനതാരങ്ങൾ.
ഘാന
2006 മുതൽ ഇതുവരെ അഞ്ച് ലോകകപ്പുകൾക്ക് യോഗ്യത നേടി. 2010ൽ ക്വാർട്ടറിലെത്തിയതാണ് മികച്ച പെർഫോമൻസ്. അന്ന് ഉറുഗ്വെൻ താരം ലൂയി സുവാരസിന്റെ കൈയാണ് ഘാനയ്ക്ക് പുറത്തേക്ക് വഴിതെളിച്ചത്.
അധിക സമയത്തിന്റെ അവസാന മിനിറ്റിൽ അദിയയുടെ ഹെഡർ ഗോൾ ലൈനിൽനിന്ന് സുവാരസ് കൈകൊണ്ട് തട്ടി പുറത്തേക്കിട്ടില്ലായിരുന്നെങ്കിൽ സെമിയിൽ കളിക്കുമായിരുന്നു ഘാന. സുവാരസിന് റെഡ് കാർഡും ഘാനയ്ക്ക് പെനാൽറ്റിയും കിട്ടിയെങ്കിലും അസമോവ ഗ്യാന്‍ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. അതിനു ശേഷം ഇതുവരെ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. കാർലോസ് ക്വിയോറോസാണ് പരിശീലകൻ. പെപ് ഗ്വാർഡിയോളുടെ മാഞ്ചസ്റ്റർ സിറ്റിയിലെ പ്രധാനപയ്യൻസായ അന്റോയിന്‍ സെമന്യോ തന്നെയാണ് ഘാനയുടെ മുന്നേറ്റനിരയിലും. മുഹമ്മദ് കുദുസ്, ജോർദാൻ അയു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
പാനമ
ഇത് രണ്ടാമത്തെ മാത്രം ലോകകപ്പാണ്. 2018ലെ അരങ്ങേറ്റത്തിൽ ഒരു പോയിന്റുപോലും നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. ഇത്തവണ 2025 കോണ്‍ കാഫ് നേഷൻസ് ലീഗ് ഫൈനലിസ്റ്റുകളായാണ് എത്തുന്നത്. തോമസ് ക്രിസ്റ്റ്യൻസെന്നാണ് പരിശീലകൻ. അദൽബെർടോ കറസ്കാലിയ, മൈക്കേൽ അമീർ മുറിലോ, അനിബൽ ഗോദോയ് എന്നിവരാണ് പ്രധാനതാരങ്ങൾ.
Sports
ബംഗളൂരു: രാജ്യാന്തര ക്രിക്കറ്റ് അടുത്തെങ്ങും മതിയാക്കില്ലെന്ന സൂചന നല്കി ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി.
2027 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ക്രിക്കറ്റാണ് തനിക്കേറ്റവും വലുതെന്നും കോഹ്ലി പറഞ്ഞു.
ഐപിഎല്ലില്‍ തന്റെ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പോഡ്കാസ്റ്റിലാണ് കോഹ്ലി 2027 ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്.
നിലവില്‍ രാജ്യാന്തര ടെസ്റ്റ്, ട്വന്റി-20 വേദികളില്‍നിന്നു വിരമിച്ച കോഹ്ലി ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ഏകദിനത്തില്‍ 54 സെഞ്ചുറിയും 77 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 14,797 റണ്‍സ് കോഹ്ലിക്കുണ്ട്.
Sports
സുഷൗ: ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോളിനു യോഗ്യത നേടാമെന്ന ഇന്ത്യന്‍ ടീമിന്റെ സ്വപ്നം വിഫലം. എഎഫ്സി 2026 അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് വനിതാ ക്വാര്‍ട്ടറില്‍ ആതിഥേയരായ ചൈനയോട് 3-0നു പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചു.
ആണ്‍കുട്ടികള്‍ പുറത്ത്
ജിദ്ദ: 2026 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ യോഗ്യത സ്വന്തമാക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ആണ്‍കുട്ടികളും. 2026 എഎഫ്സി ഏഷ്യന്‍ കപ്പ് അണ്ടര്‍ 17 ഗ്രൂപ്പ് പോരാട്ടത്തിന്റെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യോഗ്യത ലഭിക്കുമെങ്കിലും, ഗ്രൂപ്പ് ഡിയില്‍ രണ്ട് തോല്‍വിയുമായി ഇന്ത്യ പുറത്തായി.
ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ഉസ്ബക്കിസ്ഥാനോടും തോല്‍വി വഴങ്ങി (3-0) ഇന്ത്യ പുറത്താകുകയായിരുന്നു.
Sports
ബുവേനോസ് ഐറിസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ അര്ജന്റീനയുണ്ടെന്ന് ലയണല്‍ മെസി.
അര്‍ജന്റൈന്‍ ആരാധകര്‍ക്ക് തുടര്‍ച്ചയായ രണ്ടാം കിരീടം സ്വപ്നം കാണാമെന്നും 2022ല്‍ ടീമിലെ കിരീടത്തിലെത്തിച്ച മെസി പറഞ്ഞു.
ഫ്രാന്‍സ്, സ്പെയിന്, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളും ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണെന്നും അര്‍ജന്റൈന്‍ സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.
2026 ലോകകപ്പ് ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകള്‍ക്കൊപ്പമാണ് മെസിയും സംഘവും.
Sports
ഷാങ്ഹായ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് രണ്ടില്‍ ഇന്ത്യന്‍ വനിതാ റിക്കര്‍വ് ടീം ഫൈനലില്‍.
10 തവണ ഒളിമ്പിക് ചാമ്പ്യനായ ദക്ഷിണകൊറിയയെയാണ് ഇന്ത്യന്‍ ടീം സെമിയില്‍ കീഴടക്കിയത്. അതേസമയം, പുരുഷ ടീം ആദ്യറൗണ്ടില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ട് പുറത്തായി.
ദീപിക കുമാരി, അങ്കിത ഭകത്, കുംകും മൊഹദ് എന്നിവരാണ് വനിതാ റിക്കര്‍വ് ടീമില്‍ ഇന്ത്യക്കായി അണിനിരന്നത്. 5-1ന് ആയിരുന്നു സെമിയില്‍ ഇന്ത്യന്‍ ജയം. ചൈനയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
Sports
സൂറിച്ച് : ഫുട്ബോൾ ലോകകപ്പിൽ ഇറാൻ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. വാങ്കൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിൽ സംസാരിക്കവെയാണ് ഇൻഫാന്റിനോ നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം. യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇറാന്റെ പങ്കാളിത്തത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും അനുമതി നല്കി. ജിയാനി പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് സമ്മതമാണ്. അവര്‍ കളിക്കട്ടെ ജിയാനി എന്റെ സുഹൃത്താണ്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.
District News
കോതമംഗലം: ലഹരി മുക്ത ബാല്യം, ലഹരി മുക്ത ഭാരതം, കളിക്കളമാണ് ലഹരി എന്ന സന്ദേശവുമായി അങ്കമാലി കല്ലറക്കൽ ഫൗണ്ടേഷനും സ്പർശനം ആർട്സും സംയുക്തമായി നടത്തി വരുന്ന വേൾഡ് കപ്പ് കൗണ്ട് ഡൗൺ ഷോയ്ക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ സ്വീകരണം നൽകി.
മാർച്ച് മൂന്നിന് പാലക്കാട് ടാലന്റ്സ് അക്കാദമിയിൽനിന്ന് ആരംഭിച്ച യാത്ര ജൂൺ 11ന് ആലുവയിലാണ് അവസാനിക്കുന്നത്. യാത്രയിൽ ഇത് വരെ 100 കണക്കിന് ഫുട്ബോൾ താരങ്ങൾ പങ്കെടുത്തു. എംഎ കോളജിൽ നടന്ന സ്വീകരണത്തിൽ കല്ലറക്കയ്ൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി, കായിക വിഭാഗം മേധാവി ഹാരി ബെന്നി, കായിക അധ്യാപകർ, ഫുട്ബോൾ താരങ്ങൾ എന്നിവർ പങ്കെടുത്തു.
Sports
മെക്സിക്കോ: 2026 ലോകകപ്പ് സമ്മാനത്തുകയിൽ വൻ വർധനവിനൊരുങ്ങി ഫിഫ.
വാൻകൂവറിൽ നടക്കുന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിന് മുന്നോടിയായി ഇന്ന് ഫിഫ കൗണ്‍സിൽ യോഗത്തിൽ നിർദേശം അംഗീകരിക്കേണ്ടതുണ്ട്.
Sports
കാല്‍പ്പന്ത് ലോകത്തിലെ ഗ്ലാമര്‍ താരങ്ങളുടെ സംഗമവേദി മിഴിതുറക്കാന്‍ ഇനിയുള്ളത് 50 പകലിരവുകളുടെ അകലം. ഇന്നേക്ക് 50-ാനാള് ഫിഫ 2026 പുരുഷ ലോകകപ്പ് ഫുട്ബോളിനു പന്തുരുളും. തുടര്‍ന്നുള്ള ദിനങ്ങളില്‍ ഭൂഗോളത്തിന്റെ സ്പന്ദനം കാറ്റ്നിറച്ച തുകല്‍പ്പന്തിനൊപ്പം. ഗോളിന്റെ കണക്കുകള്‍ അന്തരീക്ഷത്തില്‍ ഉയരും. അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യന്‍ സമയം ജൂണ്‍ 11 അര്‍ധരാത്രി 12.30ന് (ജൂണ്‍ 12 പുലര്‍ച്ചെ 12.30) ഗ്രൂപ്പ് എയില്‍ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം.
മെസി, റൊണാള്‍ഡോ
2022ല്‍ ഖത്തറില്വച്ചുള്ള ലോകകപ്പ് നേട്ടത്തിലൂടെ തന്റെ കരിയര്‍ പൂര്ണതയിലെത്തിച്ചാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ വരവ്. ലോകകപ്പ് കിരീടത്തിലൂടെ കരിയര്‍ പൂര്‍ണതയിലെത്തിക്കാനായി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും എത്തുന്നു. കരിയറില്‍ 1000 പ്രഫഷണല്‍ ഗോള്‍ തികയ്ക്കുന്ന ആദ്യ മനുഷ്യന് എന്ന നേട്ടത്തിലേക്ക് അടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വര്‍ഷമാണോ 2026?
ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് കളിച്ചതിന്റെ റിക്കാര്‍ഡ് (6) കുറിക്കാനാണ് മെസിയും റൊണാള്‍ഡോയും ഇത്തവണ എത്തുന്നത്. 2006, 2010, 2014, 2018, 2022 ലോകകപ്പുകളില്‍ ഇതിനോടകം ഇരുവരും കളിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെ റിക്കാര്‍ഡ് മെസിക്കു സ്വന്തം (26). റൊണാള്‍ഡോ ഇതുവരെ 22 മത്സരങ്ങള്‍ കളിച്ചു.
ലോകകപ്പില്‍ മെസി 13ഉം റൊണാള്‍ഡോ എട്ടും ഗോള്‍ നേടിയിട്ടുണ്ട്. എന്നാല്‍, രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരവും (226) ഗോളും (143) റൊണാള്‍ഡോയുടെ പേരിലാണ്. രാജ്യാന്തര ഗോള്‍ വേട്ടയില്‍ മെസിയാണ് (115) രണ്ടാം സ്ഥാനത്ത്.
ഇവര്‍ ഇല്ല
തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും ഇറ്റലി ഇല്ലെന്നതാണ് ശ്രദ്ധേയം. ജിയാന്‍ലുയിജി ഡോണറുമ (ഇറ്റലി), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (പോളണ്ട്), ഡൊമിനിക് സോബോസ്ലായ് (ഹംഗറി), വിക്ടര്‍ ഒസിംഹെന് (നൈജീരിയ) തുടങ്ങിയവരാണ് 2026 ലോകകപ്പില്‍ ഇല്ലാത്ത മിന്നും താരങ്ങള്‍.
ബ്രസീല്‍, നെയ്മര്‍
കാര്‍ലോ ആന്‍സിലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടാകുമോ എന്നതാണ് നിലവില്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. താരപരിവേഷത്തില്‍ ബ്രസീലില്‍ നെയ്മര്‍ കഴിഞ്ഞേയുള്ളൂ മറ്റേതൊരു കളിക്കാരനും.
അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍, 2002നുശേഷമൊരു കപ്പടിച്ചിട്ടില്ല. 24 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ലോകകപ്പ് നേടാനുള്ള സാഹര്യമാണ് ബ്രസീലിനുള്ളതെന്ന് 2002 ലോകകപ്പ് ക്യാപ്റ്റന്‍ കഫു പറഞ്ഞു.
Sports
മുംബൈ: ഇന്ത്യയില്‍ ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സംപ്രേഷണം ചെയ്യാന്‍ ഇതുവരെ ഒരു മീഡിയ ഗ്രൂപ്പും തയാറായിട്ടില്ല. 100 മില്യണ്‍ ഡോളര്‍ (ഏകദേശം 936 കോടി രൂപ) ആയിരുന്നു ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ആവശ്യപ്പെട്ടത്. ഇത് 35 മില്യണ്‍ ഡോളറാക്കി (326.86 കോടി രൂപ) ചുരുക്കിയിട്ടും ഇതുവരെ ആരും ഫിഫയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ തയാറായിട്ടില്ല.
2026 ലോകകപ്പ് മത്സരങ്ങള്‍ പ്രധാനമായും നടക്കുന്നത് ഇന്ത്യയിലെ അര്‍ധരാത്രി മുതല്‍ വെളുപ്പാന്‍കാലം (12.30 am, 3.30 am, 6.30 am, 7.30 am) വരെയാണ്. 10.30 pm, 9.30 am എന്നീ സമയങ്ങളുമുണ്ട്. ഇക്കാരണത്താലാണ് സംപ്രേഷണാവകാശത്തിനായി ആരും ഇതുവരെ തയാറാകാത്തത്. 2022 ഖത്തല്‍ ലോകകപ്പ് ജിയൊസിനിമയും സ്പോര്‍ട്സ് 18നുമായിരുന്നു ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത്. ഇന്ത്യയില്‍ 110 മില്യണ്‍ വ്യൂവര്‍ഷിപ്പിലൂടെ റിക്കാര്‍ഡ് കുറിക്കപ്പെട്ടിരുന്നു.
NRI
ന്യൂജഴ്സി: 2026ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് വേദിയാകുന്ന ന്യൂജഴ്സിയിൽ യാത്രാനിരക്കിനെച്ചൊല്ലി വൻ വിവാദം. മെറ്റ്ലൈഫ് സ്റ്റേഡിയത്തിലേക്കുള്ള ട്രെയിൻ, ബസ് യാത്രകൾക്ക് ഒരാൾക്ക് 150 ഡോളർ (ഏകദേശം 12,500 രൂപ) ഈടാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്.
ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള ചെലവ് ഫിഫ വഹിക്കുന്നില്ലെന്ന് ന്യൂജഴ്സി ഗവർണർ മൈക്കി ഷെറിൽ ആരോപിച്ചു. നികുതിപ്പണം ഇതിനായി ചെലവാക്കാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി.
ആതിഥേയ നഗരങ്ങൾ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നതാണെന്നും ഇത്തരം ഉയർന്ന നിരക്ക് സാമ്പത്തിക നേട്ടത്തെ ബാധിക്കുമെന്നും ഫിഫ പ്രതികരിച്ചു. മത്സരം നടക്കുന്ന എട്ട് ദിവസങ്ങളിൽ സാധാരണ യാത്രക്കാർക്ക് നിയന്ത്രണമുണ്ടാകും.
40,000 ആരാധകർക്ക് മാത്രമായിരിക്കും ട്രെയിൻ സർവീസ് ലഭിക്കുക. ന്യൂയോർക്ക് ഗവർണറും മറ്റ് ഡെമോക്രാറ്റിക് നേതാക്കളും ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു.
ലോകകപ്പ് ഫൈനൽ കാണാനെത്തുന്നവരെ പിഴിഞ്ഞുള്ള ഈ നീക്കം മേഖലയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ഇവരുടെ പക്ഷം. ജൂലൈ 19നാണ് ഫൈനൽ മത്സരം നടക്കുന്നത്.
District News
തൃശൂർ: "ലഹരിമുക്ത ബാല്യം, ലഹരിമുക്ത ഭാരതം, കളിക്കളമാണു ലഹരി' എന്ന സന്ദേശവുമായി കല്ലറയ്ക്കൽ ഫൗണ്ടേഷനും സ്പർശനം ആർട്സും സംയുക്തമായി നടത്തിവരുന്ന " വേൾഡ് കപ്പ് കൗണ്ട് ഡൗണ്‍ ഷോ' വെങ്ങിണിശേരി സർവീസ് സഹകരണ ബാങ്കിന്റെ ഫുട്ബോൾ ടർഫിൽ നടന്നു.
പാലക്കൽ എഫ്സിയുടെ നേതൃത്വത്തിൽ 100ൽ കൂടുതൽ കുട്ടികളും രക്ഷിതാക്കളും കോച്ചു മാരും പങ്കെടുത്ത പരിപാടിയിൽ മുൻ സന്തോഷ് ട്രോഫി താരം ബാബു ആന്റോ, അസിസ്റ്റന്റ് കോ ച്ച് ബിജേഷ്, വെങ്ങിണിശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കണ്ണൻ, സെക്രട്ടറി അനിൽ എന്നിവർ സന്നിഹിതരായിരുന്നു.
Sports
ഫിഫ ലോകകപ്പ് ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതില്‍ ബ്രസീലിനു (5) പിന്നില്‍ രണ്ടാം സ്ഥാനം പങ്കിടുന്ന ടീമാണ് (ജര്‍മനിക്കും 4 കിരീടം) അസൂറികള്‍ എന്നറിയപ്പെടുന്ന ഇറ്റലി.
പ്രതിരോധ ഫുട്ബോളിന്റെ മനോഹാരിത ലോകത്തിനു മുന്നില്‍ കാഴ്ചവച്ചവര്‍. ഒരൊറ്റ ഗോള്‍ മതിയായിരുന്നു ഒരുകാലത്ത് ഇറ്റലിക്ക് ജയിച്ചു കയറാന്‍.
2006ല്‍ ഇറ്റലി ലോകകപ്പ് ഉയര്‍ത്തിയത് സെന്റര്‍ ബാക്കായ ഫാബിയൊ കന്നവാരോയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് ഇറ്റാലിയന്‍ ഫുട്ബോള്‍ തകരുന്നതാണ് കണ്ടത്.
2010, 2014 ലോകകപ്പുകളില്‍ യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞില്ല. 2010 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയം പോലുമില്ലായിരുന്നു. 2014 ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തോല്‍വി വഴങ്ങി. ഇക്കാലത്തിനിടെ 2020 യുവേഫ യൂറോ കപ്പ് സ്വന്തമാക്കായിതു മാത്രമാണ് ഇറ്റലിയുടെ ഏക ആശ്വാസം.
അടിസ്ഥാനം തകര്‍ന്നു
2006 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കിയായിരുന്നു ഇറ്റലി ചാമ്പ്യന്മാരായത്. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി കന്നവാരോയുടെ സംഘത്തിനുണ്ടായിരുന്നു. 1992, 1996 യൂറോപ്യന്‍ അണ്ടര്‍ 21 ചാമ്പ്യന്മാരായ ഇറ്റാലിയന്‍ സംഘത്തിന്റെ സീനിയര്‍ വിളവെടുപ്പായിരുന്നു 2006 ലോകകപ്പ് കിരീടം.
ഒരുകാലത്ത് ഇറ്റലിയുടെ ഒന്നാം ഡിവിഷന് ഫുട്ബോള്‍ ലീഗായ സീരി എയില്‍, യൂറോപ്യന്‍സ് അല്ലാത്ത മൂന്നു കളിക്കാരെ മാത്രമേ ഒരു ക്ലബ്ബിന് ഒരേ സമയം കളത്തില്‍ ഇറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, 1995ല്‍ അതിനു മാറ്റംവന്നു. അതോടെ വിദേശ കളിക്കാരുടെ തള്ളിക്കയറ്റമുണ്ടായി. യുവ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് ക്ലബ്ബുകളുടെ ഫസ്റ്റ് ടീമില്‍ ഇടംലഭിക്കാതായി.
മാത്രമല്ല, ഇറ്റലിയിലെ ഫുട്ബോള്‍ അക്കാദമികളില്‍നിന്ന് നിലവിലെ രാജ്യാന്തര ക്വാളിറ്റിയുള്ള കളിക്കാര്‍ എത്താത്തതും പ്രധാന പ്രശ്നമാണ്.
ലോകത്തില്‍ ഏറ്റവും വരുമാനമുള്ള ഫുട്ബോള്‍ ക്ലബ്ബുകളുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ ഒരു ഇറ്റാലിയന്‍ ടീമും ഇല്ലെന്നതും ശ്രദ്ധേയം.
സ്റ്റേഡിയങ്ങള്‍ നവീകരിക്കാന്‍ പോലും ഇറ്റാലിയന്‍ ക്ലബ്ബുകള്‍ക്കു സാമ്പത്തികശേഷിയില്ല.
Sports
വാഷിംഗ്ടണ്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള 48 ടീമുകളുടെയും ചിത്രം പൂര്‍ണം. ഇന്നലെ അവസാനിച്ച പ്ലേ ഓഫ് ഘട്ടത്തിലൂടെ ആറ് ടീമുകള്‍കൂടി ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കി.
യൂറോപ്യന്‍ പ്ലേ ഓഫിലൂടെ ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിന, സ്വീഡന്, തുര്‍ക്കി, ചെക് റിപ്പബ്ലിക് ടീമുകളും ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിലൂടെ ആഫ്രിക്കയില്‍നിന്നുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ഏഷ്യയില്‍നിന്ന് ഇറാക്കും 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കി.
ലാറ്റിനമേരിക്കന്‍ ടീമായ ബൊളീവിയയെ 1-2നു കീഴടക്കിയായിരുന്നു ഇറാക്കിന്റെ രണ്ടാമത് ലോകകപ്പ് പ്രവേശം. നീണ്ട 40 വര്‍ഷത്തിനുശേഷമാണ് ഇറാക്ക് ലോകകപ്പ് വേദിയിലെത്തുന്നത്. ഇറാക്ക് ആദ്യമായി ലോകകപ്പ് കളിച്ചത് 1986ല്‍ ആയിരുന്നു.
കോണ്‍കാകാഫ് ടീമായ ജമൈക്കയെ അധിക സമയത്തേക്കു നീണ്ട പോരാട്ടത്തില്‍ 1-0നു കീഴടക്കിയായിരുന്നു കോംഗോ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. അതാകട്ടെ നീണ്ട 52 വര്‍ഷത്തിനുശേഷം 1974ല്‍ ആയിരുന്നു ആദ്യമായും അവസാനമായും കോംഗോ ലോകകപ്പ് കളിച്ചത്.
യൂറോപ്യന്‍ പാത്ത് ബി ഫൈനലില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ പോളണ്ടിനെ 2-3നു കീഴടക്കി സ്വീഡന് ലോകകപ്പ് യോഗ്യത സ്വന്തമാക്കി.
പാത്ത് സി ഫൈനലില്‍ തുര്‍ക്കി 1-0നു കൊസോവൊയെ തോല്‍പ്പിച്ചും പാത്ത് ഡി ഫൈനലില്‍ ചെക് റിപ്പബ്ലിക് ഷൂട്ടൗട്ടിലൂടെ 3-1ന് ഡെന്മാര്ക്കിനെ തോല്‍പ്പിച്ചും ലോകകപ്പ് ടിക്കറ്റ് നേടി.
Sports
സൂറിച്ച്: ഫിഫ ലോകകപ്പിന് യൂറോപ്പിൽനിന്ന് യോഗ്യത നേടുന്ന അവസാന നാല് ടീമുകളെ ചൊവ്വാഴ്ച അറിയാം.
ലോകകപ്പ് പ്രതീക്ഷ നിലനിർത്തി യോഗ്യതാ റൗണ്ട് പ്ലേഓഫ് സെമി ഫൈനലിൽ വടക്കൻ അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച ഇറ്റലിയടക്കമുള്ള ടീമുകളാണ് വിധി കാത്തിരിക്കുന്നത്.
ചൊഴ്ചത്തെ പ്ലേ ഓഫ് ഫൈനലിൽ ഇറ്റലിക്ക് ബോസ്നിയ ആൻഡ് ഹെർസിഗോവിനയാണ് എതിരാളികൾ. മത്സരം ജയിച്ചാൽ 12 വർഷത്തെ ഇടവേളയ്ക്കുശേഷം മുൻ ചാന്പ്യൻമാർക്ക് ലോക പോരാട്ടവേദിയിലേക്ക് തിരിച്ചെത്താം. നാല് തവണ ചാന്പ്യൻമാരായിട്ടുള്ള ഇറ്റലി രണ്ട് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്.
പ്ലേ ഓഫ് റൗണ്ടിലെ മറ്റ് ഫൈനലുകളിൽ സ്വീഡൻ പോളണ്ടിനെയും ഡെൻമാർക്ക് ചെക്ക് റിപ്പബ്ലിക്കിനെയും തുർക്കി കൊസോവോയെയും നേരിടും.
സെമി ഫൈനലിൽ റുമാനിയയെ തോൽപ്പിച്ചാണ് തുർക്കി പ്രതീക്ഷകൾ സജീവമാക്കിയത്. ഉക്രൈനെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ച് സ്വീഡനും അൽബേനിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപ്പിച്ച് പോളണ്ടും അയർലൻഡിനെ ഷൂട്ടൗട്ടിൽ മറികടന്ന് ചെക്ക് റിപ്പബ്ലിക്കും ലോകകപ്പിൽ പ്രതീക്ഷ കാത്തു.
Sports
ബെർഗാമോ: യൂറോപ്യൻ പ്ലേ ഓഫ് സെമിഫൈനലിൽ വടക്കൻ അയർലൻഡിനെ തകർത്ത് ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കരികെ. ആവേശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം നേടിയതോടെയാണ് മുൻ ചാമ്പ്യന്മാർ ഈ നേട്ടത്തിലേക്കെത്തിയത്.
ബെർഗാമോയിൽ നടന്ന മത്സരത്തിൽ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ ഗോളുകൾ പിറന്നത്. 56-ാം മിനിറ്റിൽ സാൻഡ്രോ ടൊണാലിയിലൂടെ അസൂറികൾ ആദ്യ ലീഡെടുത്തു. 80-ാം മിനിറ്റിൽ മോയിസ് കീനിലൂടെ ഇറ്റലി രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.
യൂറോപ്പിൽ നിന്നും 16 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. 12 ടീമുകൾ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച നാല് സ്ഥാനങ്ങൾക്കായി പതിനാറ് ടീമുകളാണ് പ്ലേഓഫിൽ മത്സരിക്കുന്നത്. ഇറ്റലിക്ക് ഇനി പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെയാണ് നേരിടേണ്ടത്.
ഈ മത്സരത്തിൽ വിജയിച്ചാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറ്റലിക്ക് ലോകകപ്പ് വേദിയിലെത്താം. 2006 ൽ ലോക ചാമ്പ്യൻമാരായശേഷം പിന്നീട് അവർക്ക് കഷ്ടകാലമായിരുന്നു. അടുത്ത രണ്ട് ലോകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അസൂറിപ്പട മടങ്ങി. 2018ലും 2022ലും യോഗ്യത പോലും നേടാനായില്ല.
Sports
പാരീസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാത്ത ഫിഫ ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുന്നില്ലെന്നു ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ.
ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നില്‍ നെയ്മറും എംബപ്പെയും ഒന്നിച്ചു കളിച്ചിരുന്നു. 2023 ഒക്ടോബറിലാണ് നെയ്മര്‍ അവസാനമായി ദേശീയ ജഴ്സി അണിഞ്ഞത്.
ലോകകപ്പ് താരങ്ങളുടെ സംഗമവേദിയാണ്. നെയ്മര്‍ വമ്പന്‍ താരങ്ങളില്‍ ഒരാളാണ്. നെയ്മര്‍ ഇല്ലാത്ത ലോകകപ്പിനെ കുറിച്ച് എനിക്കു ചിന്തിക്കാനാവില്ല- എംബപ്പെ പറഞ്ഞു.
Sports
ആംസ്റ്റര്‍ഡാം: 2026 എഫ്ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം. പൂള് ഡിയില്‍ ഇന്ത്യ, പാക്കിസ്ഥാന് ടീമുകള്‍ക്കൊപ്പം ഇംഗ്ലണ്ടും വെയ്ല്‍സും ഉണ്ട്.
ഓഗസ്റ്റ് 20നാണ് ചിരവൈരികളുടെ കൊമ്പുകോര്‍ക്കല്‍. പൂളില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് 16ന് വെയ്ല്‍സിന് എതിരേയാണ്. 2024 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 2-1നു ജയിച്ചു.
ഓഗസ്റ്റ് 14 മുതല്‍ 30വരെയാണ് ലോകകപ്പ്. ജര്‍മനിയാണ് നിലവിലെ ചാമ്പ്യൻ. 2018ല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് 1975 ചാമ്പ്യന്മാരായ ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനം.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ യുട്യൂബില്‍ തത്സമയം. ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ നടക്കുന്ന ലോകകപ്പിലെ എല്ലാ മത്സരങ്ങളുടെയും ആദ്യ 10 മിനിറ്റ് ഫിഫയുടെ യുട്യൂബില്‍ ലഭിക്കും. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട മത്സരങ്ങള്‍ മാത്രമേ പൂര്‍ണമായി തത്സമയം ഉണ്ടാകുകയുള്ളൂ.
Sports
ടെഹ്റാൻ: ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്ന് ഇറാൻ ദേശീയ ടീം. ലോകകപ്പിലേക്കു സ്വാഗതം, പക്ഷേ നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഇറാൻ ടീം അമേരിക്കയിലേക്കു വരാതിരിക്കുന്നതാവും നല്ലതെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇറാൻ ടീം.
തങ്ങൾ ലോകകപ്പിനായി യോഗ്യത നേടിയ ആദ്യ ടീമുകളിലൊന്നാണെന്നും, തങ്ങളെ പുറത്താക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ആതിഥേയരായതുകൊണ്ട് മാത്രം കളിക്കുന്ന അമേരിക്കയ്ക്ക് സുരക്ഷയൊരുക്കാൻ അമേരിക്കയ്ക്ക് എന്തുകൊണ്ട് സാധിക്കില്ലെന്നും ഇറാൻ ചോദിച്ചു.
ട്രംപിന്റെ പ്രസ്താവനയോട് 24 മണിക്കൂറിനുള്ളിൽ പ്രതികരിച്ചാണ് ഇറാൻ ടീം സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചത്. ഫിഫ പ്രസിഡന്റും ഇറാന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു.
യുഎസ്- ഇസ്രയേൽ സൈനിക നടപടിയിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട സാഹചര്യത്തിൽ തങ്ങളുടെ ടീമിനെ അമേരിക്കയിലേക്കു ലോകകപ്പിനു വിടാൻ കഴിയില്ലെന്നു ഇറാൻ കായികമന്ത്രി അഹമ്മദ് ഡോന്യാമലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒൗദ്യോഗികമായ പിന്മാറ്റ പ്രഖ്യാപനമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ട്രംപിനു മറുപടിയുമായി ഇറാൻ ടീം രംഗത്തുവന്നത്.
ഫിഫ റാങ്കിങ്ങിൽ 20-ാം സ്ഥാനക്കാരായ ഇറാൻ കഴിഞ്ഞ ആറ് ലോകകപ്പുകളിലും മത്സരിച്ചിരുന്നു.
Sports
ഹൈദരാബാദ്: 2026 എഫ്ഐഎച്ച് വനിതാ ഹോക്കി ലോകകപ്പ് യോഗ്യത ഇന്ത്യ സ്വന്തമാക്കി. യോഗ്യതാ റൗണ്ട് പൂള് ബിയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യത കരസ്ഥമാക്കിയത്.
പൂളിലെ അവസാന മത്സരത്തില്‍ ഇന്ത്യ 4-1നു വെയ്ല്‍സിനെ തോല്‍പ്പിച്ചു. ഇന്ത്യക്കായി നവനീത് കൗര്‍ ഹാട്രിക് നേടി.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ മെഡല്‍ റൗണ്ടിലേക്ക് ഇന്ത്യ മുന്നേറി. സെമിയില്‍ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടും സ്കോട്ട്ലന്‍ഡും തമ്മിലാണ് മറ്റൊരു സെമി ഫൈനൽ.
Movies
ട്വന്റി - 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങൾ. കിരൺ ജോഹൻ, കരീന കപൂർ, അനുഷ്ക ശർമ തുടങ്ങി നിരവധി പ്രമുഖർ ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകൻ കിരൺ ജോഹൻ വിജയം ആഘോഷിച്ചത്. അദ്ദേഹത്തിന്റെ ചിത്രമായ "കഭി ഖുഷി കഭി ഗം' എന്ന സിനിമയിലെ ഒരു ഭാഗം പങ്കുവച്ചുകൊണ്ടാണ് സന്തോഷം പ്രകടിപ്പിച്ചത്.
ഇന്ത്യൻ ടീം ലോകകപ്പ് ഉയർത്തി നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കരീന കപൂർ ടീമിന് ആശംസകൾ നേർന്നത്. ഈ ഉജ്വല വിജയത്തിന് മിന്നും പ്രകടനം കാഴ്ചവച്ച ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
National
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്തരുതെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫൈനൽ പോലൊരു വലിയ വേദിയിൽ ഇതുവരെ കളിച്ച ടീമിനെത്തന്നെ വിശ്വസിക്കുന്നതാണ് ഉചിതമെന്നും ചോപ്ര പറഞ്ഞു.
ഈ ടൂർണമെന്റിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് വെറും 12.71 ശരാശരിയില്‍ 89 റണ്‍സ് മാത്രമെ നേടിയിട്ടൂള്ളൂവെങ്കിലും അഭിഷേക് ശർമ്മയെ മാറ്റരുതെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്. അഭിഷേക് ഇപ്പോഴും ലോകത്തെ ഒന്നാം നമ്പർ ടി20 ബാറ്ററാണെന്ന് ചോപ്ര പറഞ്ഞു. എട്ട് ബാറ്റർമാരുള്ള നിരയിൽ എല്ലാവരും ഒരേപോലെ തിളങ്ങണമെന്നില്ലെന്നും ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.
വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന വാദങ്ങൾ ശക്തമാണെങ്കിലും വരുണിൽ തന്നെ വിശ്വസിക്കാനാണ് ചോപ്രയുടെ ഉപദേശം. വരുൺ തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തും. ബാറ്റിംഗ് ഓർഡറിൽ ചെറിയ മാറ്റങ്ങൾ വരുത്താമെന്നല്ലാതെ ടീമിൽനിന്ന് ആരെയും പുറത്താക്കരുതെന്നും ചോപ്ര വ്യക്തമാക്കി.
Sports
"ഞാന്‍ തല്ലിയത് വെറും ലോക്കൽ ചട്ടമ്പികളെയല്ല, തല്ലിയതെല്ലാം ഡോണുകളെയാണ്'... എന്ന് സഞ്ജു സാംസനു നെഞ്ചുവിരിച്ചുനിന്നു പറയാം. കാരണം, രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ ഈ തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടിയ അഞ്ച് അര്‍ധസെഞ്ചുറിയില്‍ രണ്ട് എണ്ണം 2026 ലോകകപ്പില്‍. അതാകട്ടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ 97 നോട്ടൗട്ട്, ഇംഗ്ലണ്ടിനും എതിരായ സെമിയില്‍ 89. ഈ രണ്ട് കളിയിലും സഞ്ജു പ്ലെയര്‍ ഓഫ് മാച്ച്. 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ വീണു ലഭിച്ച അവസരം മുതലാക്കിയുള്ള, സഞ്ജു എന്ന പോരാളിയുടെ പോരാട്ട ഇന്നിംഗ്സുകള്‍; അതോടെ ഭൂഗോള ക്രിക്കറ്റില്‍ സര്‍വം സഞ്ജു മയമായി...
വെസ്റ്റ് ഇന്‍ഡീസിന് എതിരായ കോല്‍ക്കത്തയിലെ 97 നോട്ടൗട്ടിലൂടെ ക്രിക്കറ്റ് ലോകത്തെ സഞ്ജു ഉള്ളം കൈയിലാക്കിയിരുന്നു. തൊട്ടുപിന്നാലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തതോടെ ട്വന്റി-20 ക്രിക്കറ്റിലെ ഉലകനായകനായി വാഴ്ത്തപ്പെട്ടു. തന്നെ പ്ലേയിംഗ് ഇലവനു പുറത്ത് ഇരുത്തിയവരുടെ മുഖമടച്ചുള്ള പ്രഹരമായാണ് സഞ്ജുവിന്റെ ഇരുത്തംവന്ന ഈ രണ്ട് ഇന്നിംഗ്സുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
കരിയറില്‍ നേടിയ മൂന്ന് ട്വന്റി-20 സെഞ്ചുറികളില്‍ രണ്ട് എണ്ണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍വച്ചായിരുന്നു എന്നതുകൂടി ചേര്‍ത്തുവായിച്ചാല്‍, തല്ലിയത് ലോക്കൽ ചട്ടന്പികളെയല്ല അല്ല, ഡോണുകളെത്തന്നെ ആണെന്നതിനുള്ള സാധൂകരണമാകും.
ചേട്ടനെ വാഴ്ത്തി ഐപിഎൽ ടീമുകൾ
ഭൂഗോളത്തില്‍ പ്രാദേശിക ഭാഷയില്‍ അഭിമുഖം അല്ലെങ്കില്‍ രണ്ടുവാക്ക് സംസാരിക്കാന്‍ അവസരം ലഭിച്ച ആരെങ്കിലും ക്രിക്കറ്റില്‍ ഉണ്ടോ..? സച്ചിന് തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, രാഹുല്‍ ദ്രാവിഡ്... ഇല്ല, ഇവരാരും തങ്ങളുടെ പ്രാദേശിക ഭാഷയില്‍ ഐസിസിക്കു മുന്നില്‍ സംസാരിച്ചിട്ടില്ല. ഹിന്ദിയില്‍ സംസാരിച്ചവരുണ്ട്, അതു ദേശീയ ഭാഷയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിന് എതിരായ 50 പന്തില്‍ 97 നോട്ടൗട്ടിനു ശേഷം ഐസിസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സഞ്ജു സാംസണ് സംസാരിച്ചത് പച്ചമലയാളത്തില്‍.
തന്റെ നാട്ടിലെ, എല്ലാമെല്ലാമായവര്‍ക്കു വേണ്ടിയാണ് ഇതെന്നാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്റെ മലയാളത്തില്‍ മുന്‍ താരം ദിനേഷ് കാര്‍ത്തികിന് അസൂയ വന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങള്‍ കളിച്ചെങ്കിലും ഐസിസിയുടെ അഭിമുഖത്തില്‍ തമിഴ് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നതായിരുന്നു ദിനേഷ് കാര്‍ത്തികിന്റെ ഹാസ്യച്ചുവയുള്ള പ്രതികരണം.
അവർ പറഞ്ഞിതങ്ങനെ
സെമി ഫൈനലിലെ ഇന്നിംഗ്സിനുശേഷം ഐപിഎല്‍ ടീമുകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സഞ്ജു സാംസണ് തരംഗമായിരുന്നു. സൂപ്പര്‍സ്റ്റാര്‍ ചേട്ടന് എന്ന കാര്‍ഡ് ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സഞ്ജുവിന്റെ സെമി ഫൈനല്‍ ഇന്നിഗ്സ് ആഘോഷിച്ചത്. അബ്സല്യൂട്ട് സിനിമ എന്നും ആര്‍സിബി എക്സില്‍ കുറിച്ചു. ഐപിഎല്ലില്‍ സഞ്ജുവിന്റെ മുന്‍ ടീമായ രാജസ്ഥാന് റോയല്‍സും വാഴ്ത്തിപ്പാടി. അടിപൊളി, ചേട്ടാ എന്ന കുറിപ്പോടെ ഇംഗ്ലണ്ടിന് എതിരായ സഞ്ജുവിന്റെ ബാറ്റിംഗ് ചിത്രങ്ങള്‍ രാജസ്ഥാന് റോയല്‍സ് പങ്കിട്ടു.
സഞ്ജുവിനെ സിംഹമെന്നു വിശേഷിപ്പിച്ചായിരുന്നു നിലവിലെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സെഞ്ചുറിയല്ല ജയിപ്പിക്കുന്ന ഇന്നിംഗ്സുകളാണ് പ്രധാനമെന്നും ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് മേടിക്കാന്‍ ഇവിടെ നില്ക്കാന് സാധിക്കില്ലായിരുന്നു എന്ന സഞ്ജുവിന്റെ വാക്കുകളും ചെന്നൈ സൂപ്പര്‍ കിംഗ്സ് കാര്‍ഡുകളാക്കി.
വിശ്രമിക്കാറായില്ല
ലക്ഷ്യം പൂര്‍ണമായില്ല, വിശ്രമിക്കാറായില്ല... ഇതായിരുന്നു സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയശേഷം സഞ്ജു പറഞ്ഞത്. ഞായറാഴ്ച ന്യൂസിലന്‍ഡിന് എതിരേ അഹമ്മദാബാദില്‍ അരങ്ങേറുന്ന ഫൈനലാണ് ടീമിന്റെ അടുത്ത ലക്ഷ്യമെന്നാണ് സഞ്ജു സൂചിപ്പിച്ചത്. ഈ ലോകകപ്പില്‍ തോല്‍വി അറിയാതെ സെമിയില്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ സ്വപ്നം തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.
ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദില്‍ ആയിരുന്നു. അന്നു സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തിരിക്കുന്ന സമയമായിരുന്നു എന്നതും ശ്രദ്ധേയം. കോല്‍ക്കത്തയും മുംബൈയും കടന്ന് സഞ്ജുവിന്റെ പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനം അഹമ്മദാബാദിലും അരങ്ങേറട്ടെ എന്നാണ് ആരാധകരുടെ ആശംസയും പ്രാര്‍ഥനയും...
Sports
കോല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിന് എതിരേ സഞ്ജു സാംസണ് തകര്ത്തടിച്ചിടത്ത്, ട്വന്റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീം ആരെന്ന് ഇന്നു നിശ്ചയിക്കപ്പെടും. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി ഏഴിന് 2026 ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍.
കപ്പ് പോരാട്ടത്തിനുള്ള രണ്ടില്‍ ഒരു ടീമിനെ ഇന്നറിയാം. ന്യൂസിലന്‍ഡും നിലവിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് കിരീടപോരാട്ട ടിക്കറ്റിനായുള്ള ഇന്നത്തെ പോരാട്ടം. നാളെ മുംബൈയിലെ വാങ്കഡെയില്‍ ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം സെമി അരങ്ങേറുന്നതോടെ ഫൈനല്‍ ചിത്രം പൂര്‍ണമാകും.
രണ്ടാം ഫൈനല്‍
ന്യൂസിലന്‍ഡ് x ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ജയിക്കുന്ന ടീം ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഫൈനല്‍ ബെര്‍ത്താണ് ഉറപ്പിക്കുക. 2021 എഡിഷനില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ദക്ഷിണാഫ്രിക്ക 2024 എഡിഷനിലാണ് ആദ്യമായി ഫൈനല്‍ കളിച്ചത്.
അപരാജിതർ
ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീമേയുള്ളൂ, പ്രോട്ടീസ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്, ഡെവിഡ് മില്ലര്‍, റയാന് റിക്കല്ടണ്, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങിയ ബാറ്റര്‍മാരും ലുങ്കി എന്‍ഗിഡി, കഗിസൊ റബാഡ, കോര്ബിന് ബോഷ്, കേശവ് മഹാരാജ് തുടങ്ങിയ ബൗളര്‍മാരും മാര്‍ക്കോ യാന്സണ് എന്ന പേസ് ഓള്റൗണ്ടറുമെല്ലാം ചേരുന്നതാണ് പ്രോട്ടീസ് കരുത്ത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരേ 76 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കിയവരാണ് ദക്ഷിണാഫ്രിക്കന്‍ ടീം.
തപ്പിത്തടഞ്ഞ് കിവീസ്
ഈ ലോകകപ്പില്‍ ആധികാരിക ജയങ്ങളോടെ സെമിയില്‍ എത്തിയവരല്ല ന്യൂസിലന്‍ഡ്. പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും ന്യൂസിലന്‍ഡ് ഓരോ മത്സരങ്ങളില്‍ (ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിനും സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനോട് നാല് വിക്കറ്റിനും) പരാജയപ്പെട്ടു. സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്ക്കെതിരേ മാത്രമായിരുന്നു (61 റണ്‍സിന്) ജയിച്ചത്.
പാക്കിസ്ഥാന് എതിരായ സൂപ്പര്‍ എട്ട് മത്സരം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നടന്നില്ല. സെമിയില്‍ എത്തിയതില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയോട് നന്ദി പറയണം. കാരണം, ശ്രീലങ്കയ്ക്ക് എതിരേ അഞ്ച് റണ്‍സ് ജയം നേടിയ പാക്കിസ്ഥാനെ നെറ്റ് റണ്‍ റേറ്റില്‍ പിന്തള്ളിയായിരുന്നു ന്യൂസിലന്‍ഡ് സെമിയിലെത്തിയത്. ശ്രീലങ്കയുടെ കൂറ്റനടി പാക്കിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റിനു ക്ഷതമേല്പ്പിക്കുകയായിരുന്നു.
മാറ്റ് ഹെന്റി, ലോക്കി ഫെര്ഗൂസണ്, ജേക്കബ് ഡഫി, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ബൗളിംഗില്‍ കരുത്താകും. ടിം സിഫേര്ട്ട്, ഫിന് അലന്, മാര്‍ക്ക് ചാപ്മാന്, രചിന് രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ഡാരെല്‍ മിച്ചല്‍ എന്നിവരാണ് ബാറ്റിംഗിലെ കരുത്ത്. രവീന്ദ്ര, ഫിലിപ്സ് എന്നിവര്‍ ബൗളിംഗിലും സാന്റ്നര്‍ ബാറ്റിംഗിലും ടീമിനു തണലേകുന്നു.
ഐസിസി ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ന്യൂസിലന്‍ഡ് ജയം നേടിയിട്ടില്ല. ലോകകപ്പില്‍ ഇരുടീമും അഞ്ച് തവണ ഏറ്റുമുട്ടി, അഞ്ചിലും ദക്ഷിണാഫ്രിക്ക ജയിച്ചു. ട്വന്റി-20യില്‍ ഇരുടീമും 19 തവണ ഏറ്റുമുട്ടി. 12 ജയം ദക്ഷിണാഫ്രിക്കയും ഏഴ് ജയം ന്യൂസിലന്‍ഡും നേടി.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനൽ പോരാട്ടങ്ങൾക്കു നാളെ തുടക്കം. അപരാജിതരായി മുന്നേറുന്ന ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ ആദ്യ സെമിയിൽ നേരിടും.
അഞ്ചിന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ജയിക്കുന്ന ടീമുകൾ എട്ടിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. സെമി ഫൈനലിനും കലാശപ്പോരാട്ടത്തിനും ഐസിസി റിസർവ് ദിനം കരുതിയിട്ടുണ്ട്.
സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിൽ പ്രവേശിച്ചത്. ആശങ്കകൾക്കും സമ്മർദങ്ങൾക്കും വിരാമമിട്ട് സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ രണ്ടാം സ്ഥാനം പിടിച്ചു. ഇന്ത്യ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടേ പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനിസ്ഥാനോട് രണ്ട് സൂപ്പർ ഓവർ വേണ്ടിവന്ന മത്സരത്തിൽ മാത്രമാണ് വെല്ലുവിളി നേരിട്ടത്.
ഗ്രൂപ്പ് രണ്ടിൽ ചാന്പ്യന്‍മാരായാണ് ഇംഗ്ലണ്ട് സെമിയിൽ ഇന്ത്യയെ നേരിടാൻ എത്തുന്നത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡ് ഗ്രൂപ്പ് ഒന്ന് ചാന്പ്യന്മാരായ ദക്ഷിണാഫ്രിക്കയെ നേരിടും. ക്യാപ്റ്റൻ എയ്ഡൻ മാർക്രമാണ് പ്രോട്ടീസിന്റെ വജ്രായുധം. 175.16 ശരാശരിയിൽ റണ്‍സ് വാരുന്ന മാർക്രം നയിക്കുന്ന ടീം സന്തുലിതമാണ്. കഗിസോ റബാഡ നയിക്കുന്ന ബൗളിംഗ് നിര മാർക്കോ യാൻസണ്, ലുങ്കി എൻഗിഡി, കേശവ് മഹാരാജ് തുടങ്ങിയവരാൽ സന്പന്നം.
ടോപ് ഓർഡർ ബാറ്റർമാരുടെ വീഴ്ച ലോകകപ്പിൽ ഇന്ത്യയെ വലച്ചു. സഞ്ജു സാംസണിന്റെ വരവോടെ ടീം ഉയിർത്തെണീറ്റു. തിലക് വർമ ഫോമിലേക്ക് തിരിച്ചെത്തി. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും തകർത്തടിക്കാൻ സജ്ജം. അഭിഷേകിന്റെ ദയനീയ പ്രകടനം ടീമിനെ കുഴയ്ക്കുന്നുണ്ട്. ബുംറയ്ക്കൊപ്പം അർഷ്ദീപ് സിംഗും വരുണ്‍ ചക്രവർത്തിയും ഹാർദിക് പാണ്ഡ്യയും അകസർ പട്ടേലും ചേരുന്നതോടെ ബൗളിംഗിന് മൂർച്ചയുണ്ട്.
ഫിൽ സാൾട്ട്, ജോസ് ബട്ലർ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ടോം ബാന്റൺ അടങ്ങുന്ന ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയ്ക്കൊപ്പം ജോഫ്ര ആർച്ചർ നയിക്കുന്ന ബൗളിംഗ് നിര കൂടിച്ചേരുന്നതോടെ എതിരാളികൾ വിയർക്കും. ന്യൂസിലൻഡും കരുത്തുറ്റ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ചേർന്നതാണ്.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് പുരുഷ ക്രിക്കറ്റ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും.
അപരാജിതരായി എത്തുന്ന ഇരു ടീമും പോരടിക്കുന്പോൾ ത്രില്ലർ പോരാട്ടമാണ് ആരാധകരുടെ പ്രതീക്ഷ. 2024ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയതിന് തിരിച്ചടി നൽകുകയെന്നതും പ്രോട്ടീസിന്റെ ലക്ഷ്യമാണ്.
അതേസമയം ടൂർണമെന്റിന് മുന്‍പുള്ള പരിശീലന മത്സരത്തിൽ പ്രോട്ടീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ ജയം ആവർത്തിക്കാനാണിറങ്ങുന്നത്.
►അപരാജിതർ ആരാകും?◄
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ യുഎസ്എ, നമീബിയ, പാക്കിസ്ഥാൻ, നെതർലൻഡ്സ് എന്നിവരെ തകർത്താണ് സൂപ്പർ 8ൽ കടന്നത്. അഫ്ഗാനിസ്ഥാനെതിരായ ’ഡബിൾ സൂപ്പർ ഓവർ’ വിജയം ഉൾപ്പെടെ കാനഡ, ന്യൂസിലൻഡ്, യുഎഇ എന്നീ ടീമുകളെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയും അപരാജിതരായാണ് സൂപ്പർ 8ൽ എത്തിയത്. ഇന്നത്തെ മത്സരം ഒരു ടീമിനെ അപരാജിത പട്ടികയിൽനിന്ന് പുറത്താക്കും.
►നേർക്കുനേർ◄
ട്വന്റി20 ക്രിക്കറ്റിൽ നേർക്കുനേർ പോരാട്ടങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കുമേൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ആകെ 35 നേർക്കുനേർ പോരാട്ടം. ഇന്ത്യക്ക് 21 ജയം. ദക്ഷിണാഫ്രിക്കയ്ക്ക് 13. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം നടന്ന അഞ്ച് മത്സര ട്വന്റി20 പരന്പരയിൽ ഇന്ത്യ 3-1ന്റെ ആധികാരിക ജയം നേടിയിരുന്നു. അവസാന 10 മത്സരങ്ങളിൽ ഏഴിലും ഇന്ത്യക്കായിരുന്നു ജയം.
►നിർണായകം◄
പവർപ്ലേ ഓവറുകളിൽ കുതിക്കുന്ന ഇന്ത്യയുടെ ഇഷാൻ കിഷൻ, നാലു മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി അടക്കം 176 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാൻ 202.30 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശുന്നത്.
ടൂർണമെന്റിൽ ഇതുവരെ ഒന്‍പത് വിക്കറ്റുകൾ വീഴ്ത്തിയ വരുണ്‍ ചക്രവർത്തി മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്കയെ കുഴയ്ക്കും. വരുണ്‍ എറിഞ്ഞ 72 പന്തിൽ 62 റണ്‍സ് മാത്രമാണ് എതിരാളികൾ സ്കോർ ചെയ്തത്.
ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദ്ദിക്കിന്റെ ഹോം ഗ്രൗണ്ടാണ് നരേന്ദ്ര മോദി സ്റ്റേഡിയം. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഹാർദ്ദിക് പുറത്തെടുക്കുന്ന പ്രകടനം നിർണായകമാകും.
അതേസമയം, 187 പ്രഹരശേഷിയിൽ 178 റണ്‍സുമായി റണ്‍വേട്ടയിൽ നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രത്തിന്റെ പ്രകടനം പ്രോട്ടീസിന്് കരുത്താണ്. ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്കോററായ റയാൻ റിക്കിൾടണ്ന്റെ ബാറ്റിംഗും നിർണായകമാകും. നാലു മത്സരങ്ങളിൽനിന്ന് 190.79 സ്ട്രൈക്ക് റേറ്റിൽ 145 റണ്‍സടിച്ച റിക്കിൾടണ് ഫോമിലായാൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് നീങ്ങും.
ബൗളിംഗിൽ മൂന്ന് മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റുമായി ലുങ്കി എൻഗിഡി മികച്ച ഫോമിലാണ്. കാഗിസോ റബാഡ നിറം മങ്ങിയപ്പോഴും എങ്കിഡിയുടെ തകർപ്പൻ ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.
Sports
തിനാറ് ടീമുകള്‍ മാറ്റുരച്ച ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ പ്രാഥമികഘട്ടം ഇന്നലെ കഴിഞ്ഞു. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയയും ഒമാനും തമ്മിലായിരുന്നു പ്രാഥമികഘട്ടത്തിലെ അവസാന മത്സരം.
പതിനാറില്‍ ബാക്കിയുള്ളത് എട്ട്, സൂപ്പര്‍ എട്ട്. സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളാണ്. ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളും. റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ എല്ലാ ടീമുകളും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു മുന്നേറും.
ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ പ്രാഥമിക ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര്‍ എട്ടില്‍ എത്തിയാല്‍ ഗ്രൂപ്പ് ഒന്നിലും പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് രണ്ടിലും ആയിരിക്കുമെന്ന് റാങ്കിംഗ് അടിസ്ഥാനത്തില്‍ നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ടീമുകളല്ലാതെ മറ്റു ടീമുകള്‍ സൂപ്പര്‍ എട്ടില്‍ എത്തിയാല്‍ പുറത്താകുന്ന ടീമിന്റെ സ്ഥാനം അവര്‍ക്കു ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ സൂപ്പര്‍ എട്ട് കാണാതെ പുറത്തായപ്പോള്‍ അവസാന എട്ടിലേക്കു മുന്നേറിയ സിംബാബ്വെ ഗ്രൂപ്പ് ഒന്നില്‍ ഉള്‍പ്പെട്ടത്.
ക്യാപ്റ്റന്‍: സൂര്യകുമാര്‍ യാദവ്
ഗ്രൂപ്പ് എയില്‍ കളിച്ച നാലു മത്സരങ്ങളിലും ജയിച്ച് ഒന്നാം സ്ഥാനത്തോടെ സൂപ്പര്‍ എട്ടില്‍. ഗ്രൂപ്പ് എയില്‍ ആദ്യ മൂന്നു മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങി. ആദ്യ മത്സരത്തില്‍ അമേരിക്കയെ 29 റണ്‍സിനും തുടര്‍ന്ന് നമീബിയയെ 93 റണ്‍സിനും കീഴടക്കി. മൂന്നാം മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ കൊളംബോ ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍വച്ച് 61 റണ്‍സിനു തകര്‍ത്തു. നെതര്‍ലന്‍ഡ്സിന് എതിരായ മത്സരത്തില്‍ ടോസ് നേടിയശേഷം ബാറ്റിംഗ് തെരഞ്ഞെടുത്തു. 17 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇഷാന് കിഷന്, നാല് ഇന്നിംഗ്സില്‍നിന്ന് 202.29 സ്ട്രൈക്ക്റേറ്റില്‍ 176. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (162), ശിവം ദുബെ (116) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വരുണ്‍ ചക്രവര്‍ത്തിയാണ് (9) വിക്കറ്റ് വേട്ടയില്‍ ഒന്നാമന്. അക്സര്‍ പട്ടേല്‍ (6), ഹാര്‍ദിക് പാണ്ഡ്യ (5), ജസ്പ്രീത് ബുംറ (4) എന്നിവര്‍ പിന്നാലെയുണ്ട്. 22ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദിലാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. നിലവിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക.
ക്യാപ്റ്റന്‍: എയ്ഡന്‍ മാര്‍ക്രം
ഗ്രൂപ്പ് ഡിയിലെ നാലു മത്സരങ്ങളും ജയിച്ച് ആധികാരികമായി സൂപ്പര്‍ എട്ടില്‍. നിലവിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ കാനഡയെ 57 റണ്‍സിനു തോല്‍പ്പിച്ചു. എന്നാല്‍, രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ മറികടക്കാന്‍ രണ്ട് സൂപ്പര്‍ ഓവര്‍ കളിക്കേണ്ടിവന്നു.
മൂന്നാം മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിനു കീഴടക്കി. യുഎഇയെ 40 പന്ത് ബാക്കിവച്ച് ആറ് വിക്കറ്റിനു കീഴടക്കി മുഴുവന്‍ ജയത്തോടെ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ റണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനം ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിനാണ്, നാല് ഇന്നിംഗ്സില്‍നിന്ന് 187.36 സ്ട്രൈക്ക്റേറ്റില്‍ 178. റയാന് റിക്കല്ടണ് (145), ക്വിന്റണ്‍ ഡികോക്ക് (118) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ലുങ്കി എന്‍ഗിഡി (8). മാര്‍ക്കോ യാന്സണ് (7), കോര്ബിന് ബോഷ് (5) എന്നിവരും വിക്കറ്റ് സ്വന്തമാക്കുന്നതില്‍ മികവു പുലര്‍ത്തി. 22ന് ഇന്ത്യക്ക് എതിരേയാണ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം.
ക്യാപ്റ്റന്‍: ഷായ് ഹോപ്പ്
ഗ്രൂപ്പ് സിയിലെ നാലു മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ എട്ട് പ്രവേശനം. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കൊപ്പം നാലു മത്സരങ്ങളും ജയിച്ചെന്ന നേട്ടം വെസ്റ്റ് ഇന്‍ഡീസിനും സ്വന്തം. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ 35 റണ്‍സിനു കീഴടക്കി. തുടര്‍ന്ന് ഇംഗ്ലണ്ടിനെ 30 റണ്‍സിനു ഞെട്ടിച്ചു. നേപ്പാളിനെ ഒമ്പത് വിക്കറ്റിനും ഇറ്റലിയെ 42 റണ്‍സിനും തോല്‍പ്പിച്ച് മുഴുവന്‍ ജയമെന്ന നേട്ടം.
ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ക്യാപ്റ്റന്‍ ഷായ് ഹോപ്പ്. നാല് ഇന്നിംഗ്സില്‍നിന്ന് 134.78 സ്ട്രൈക്ക്റേറ്റില്‍ 155. സെര്ഫിന് റൂഥര്‍ഫോര്‍ഡ് (126), ഷിംറോണ്‍ ഹെറ്റ്മെയര്‍ (134) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ളത് ഷാമര്‍ ജോസഫും ജേസണ്‍ ഹോള്‍ഡറും. ഇരുവർക്കും ഏഴ് വിക്കറ്റ് വീതം.
റൊമാരിയൊ ഷെപ്പേര്‍ഡും (6), ഗുഡാകേഷ് മോട്ടിയും (6) തൊട്ടുപിന്നിലുണ്ട്. 23ന് സിംബാബ്വെയ്ക്ക് എതിരേയാണ് വിന്‍ഡീസിന്റെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം.
Sports
കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാന് ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടം. സൂപ്പർ 8 പ്രതീക്ഷകൾ നിലനിർത്താൻ പാകിസ്ഥാന്റെ സൽമാൻ അലി ആഗയ്ക്കും സംഘത്തിനും ഇന്ന് നമീബിയയെ പരാജയപ്പെടുത്തിയേ തീരൂ.
കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വച്ചാണ് നമീബിയയെ നേരിടുന്നത്. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് സിംഹളീസ് സ്പോര്‍ട്സ് ഗ്രൗണ്ടിലേത്. ഇന്ത്യൻ സമയം വൈകുന്നേരം മൂന്നിനാണ് പാകിസ്ഥാന്-നമീബിയ പോരാട്ടം. ഇന്ത്യയോടേറ്റ 61 റൺസിന്റെ കനത്ത ദയനീയ തോൽവി പാക് നിരയുടെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നമീബിയയെ തോൽപ്പിച്ചാൽ മാത്രമേ പാക് ടീമിന് സൂപ്പർ 8 സാധ്യതകൾ സജീവമാക്കാൻ സാധിക്കൂ. ടീമിലെ സൂപ്പര്‍ താരങ്ങളായ ബാബർ അസമും ഷഹീൻ അഫ്രീദിയും ഫോമിലല്ലാത്തത് പാകിസ്ഥാനെ വലയ്ക്കുന്നുണ്ട്.
ടൂർണമെന്റിൽ നിന്ന് ഇതിനോടകം പുറത്തായ നമീബിയയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്. തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ അവർക്ക് പാകിസ്ഥാനെ അട്ടിമറിച്ചുകൊണ്ട് ലോകകപ്പിനോട് വിടപറയാനാകും ശ്രമം. കൊളംബോയിൽ മേഘാവൃതമായ അന്തരീക്ഷമായതിനാൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകളും പോയന്റ് പങ്കിടും. ഈ സാഹചര്യത്തില്‍ അഞ്ച് പോയന്റുമായി പാകിസ്ഥാന് അമേരിക്കയെ മറികടന്ന് സൂപ്പര്‍ 8ൽ എത്തും.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ടീം ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. പാകിസ്ഥാനെ 114 റൺസിന് പുറത്താക്കി 61 റൺസിന്റെ കൂറ്റൻ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും ഇന്ന് കളത്തിലിറങ്ങുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.
ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത അഭിഷേക് ശര്‍മ നെതര്‍ലന്‍ഡ്സിനെതിരെ ഓപ്പണറായി ഇറങ്ങും. ഫോമിലുള്ള ഇഷാന് കിഷന് വിശ്രമം നല്കി ഓപ്പണറും വിക്കറ്റ് കീപ്പറുമായി സഞ്ജു സാംസണും ഇന്ന് വീണ്ടും അവസരം നല്കാന് സാധ്യതയുണ്ട്. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഫോമിലെത്തേണ്ടത് അനിവാര്യമായതിനാൽ അഭിഷേകിന് ഇന്നത്തെ കളി നിർണായകമാണ്. അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരെ പൂജ്യത്തിനാണ് അഭിഷേക് പുറത്തായത്
നമീബിയക്കെതിരെ ഒരു മത്സരത്തില്‍ മാത്രമാണ് ലോകകപ്പില്‍ ഇതുവരെ സഞ്ജു കളിച്ചത്. അഭിഷേക് ശര്‍മയുടെ മങ്ങിയ ഫോം കണക്കിലെടുത്ത് സൂപ്പര്‍ എട്ടിന് മുമ്പ് ഇന്ത്യ സഞ്ജുവിന് ഫോമിലാവാന്‍ ഒരവസരം കൂടി നല്‍കിയേക്കും.
Sports
കൊളംബോ: ക്രിക്കറ്റിലെ ഇന്ത്യ x പാക്കിസ്ഥാന് അയല്‍പ്പോരിന്റെ വീറും വാശിയും കൂടിയ 2026 പതിപ്പ് ഇന്ന്... വെറുമൊരു അയല്വാശിക്കപ്പുറം രാഷ്ട്രീയം ശരിക്കും കലര്‍ന്നൊരു പോരാട്ടമാണ് ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്ന് അരങ്ങേറുക.
ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണ് മത്സരം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍, ഇന്ത്യയിലേക്കില്ലെന്ന പാക് നിലപാടിനെത്തുടര്‍ന്നാണ് ശ്രീലങ്കയും വേദിയായത്. ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനുള്ള മറുപടി. നിലപാടുകള്‍ കടുത്തതോടെ ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന പോരാട്ടങ്ങളില്‍ ന്യൂട്രല്‍ വേദിയെന്ന ആശയത്തിലൂടെ ഐസിസി പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഏതായാലും ചരിത്രത്തിലെ ഏറ്റവും വലിയ വടംവലിക്കും മസില് വീര്പ്പിക്കലിനുംശേഷമാണ് ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഇന്ന് അരങ്ങേറുന്നത്. കാരണം, സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് ടീമിന്റെ നിപാടിനെ തള്ളി, പകരം സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഐസിസിക്കെതിരേ പാക് സര്‍ക്കാര്‍തന്നെ രംഗത്തെത്തി. ഇന്ത്യക്കെതിരേ കളിക്കില്ലെന്നതായിരുന്നു പാക് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, നീണ്ട ചര്‍ച്ചകള്‍ക്കും സമവായങ്ങള്ക്കുംശേഷം പാക്കിസ്ഥാന് മയപ്പെട്ടു. അങ്ങനെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രം കാണുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഓണ്‍ ആയി.
സ്പിന്‍ പിച്ച്
ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയതാണ്. മൂന്നാം ജയത്തിലൂടെ സൂപ്പര്‍ എട്ട് സ്ഥാനം ഉറപ്പിക്കുകയാണ് ഇരുടീമിന്റെയും ലക്ഷ്യം. ആര്. പ്രേമദാസ സ്റ്റേഡിയം സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഇവിടെ നടന്ന അവസാന മൂന്നു മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയത് 20 വിക്കറ്റ്. അയര്‍ലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തില്‍ വീണത് 16 വിക്കറ്റുകളായിരുന്നു. അതില്‍ 10ഉം നേടിയത് സ്പിന്നര്‍മാര്‍.
ഇന്ത്യ Vs സ്പിന്‍
ഈ ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങളിലായി ഇന്ത്യക്ക് എതിര് ടീം സ്പിന്നര്‍മാരുടെ മുന്നില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 12.23 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 99ല്‍ താഴെയും. അതേസമയം, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എതിരേ ഇന്ത്യയുടെ സ്ട്രൈക്ക് റേറ്റ് 182ഉം ശരാശരി 50ഉം ആണ്. അതായത് പാക്കിസ്ഥാന്റെ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ വിയര്‍ക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. യുഎഇക്ക് എതിരായ മത്സരത്തില്‍ പാക്കിസ്ഥാന് ഒരു പേസറെയും നാല് സ്പെഷലിസ്റ്റ് സ്പിന്നര്മാരെയുമായിരുന്നു പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇന്ത്യയുടെ സ്പിന്‍ ദൗര്‍ബല്യവും പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചും മനസിലാക്കി, പാക്കിസ്ഥാന് സ്പിന്‍ കെണി ഒരുക്കാനാണ് സാധ്യത.
പ്രേമദാസ സ്റ്റേഡിയത്തില്‍ ജയം സ്വന്തമാക്കിയ ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ ടീമുകള്‍ മിഡില്‍ ഓവറുകളില്‍ ഒരു സിക്സ് പോലും പറത്തിയിട്ടില്ല. അതേസമയം, വിക്കറ്റുകള്‍ക്ക് ഇടയിലെ ഓട്ടത്തിലൂടെ റണ്‍സ് നേടി. പാക്കിസ്ഥാന് എതിരേ ഇന്ന് ഇന്ത്യയുടെ മധ്യ ഓവറുകളിലെ സമീപനമായിരിക്കും മത്സരത്തിന്റെ വിധി നിര്‍ണയിക്കുക.
അഭിഷേക് ശര്‍മ/സഞ്ജു?
ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ അഭിഷേക് ശര്‍മ തിരിച്ചെത്തുമോ എന്നതാണ് സുപ്രധാന ചോദ്യം. ഉദരസംബന്ധമായ പ്രശ്നങ്ങളാല്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇല്ലായിരുന്നു. അഭിഷേകിനു പകരം നമീബിയയ്ക്ക് എതിരേ ഇറങ്ങിയ സഞ്ജു സാംസണ് പാക്കിസ്ഥാനെതിരേ കളിക്കുമോ എന്നതും ശ്രദ്ധേയ ചോദ്യം.
അഭിഷേക് ശര്‍മ ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് ഒരുപക്ഷേ പ്ലേയിംഗ് ഇലവനില്‍ സാധ്യതയില്ല. എന്നാല്‍, നമീബിയയ്ക്ക് എതിരേ റിങ്കു സിംഗ് അടക്കം ഫിനിഷിംഗില്‍ തിളങ്ങാതിരുന്നത് സഞ്ജുവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഫിനിഷര്‍ റോളില്‍ സഞ്ജുവിനെ ഇന്ത്യന്‍ മാനേജ്മെന്റ് ഉപയോഗിക്കുമോ എന്നതും കണ്ടറിയണം.
Sports
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനു യാത്ര ചെയ്യേണ്ടത് 5551 കിലോമീറ്റര്‍ ദൂരം.
മുംബൈയില്‍ അമേരിക്കയ്ക്ക് എതിരേയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് നമീബിയയ്ക്ക് എതിരായ രണ്ടാം മത്സരത്തിനായി ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക്. അവിടെനിന്ന് പാക്കിസ്ഥാന് എതിരായ മൂന്നാം മത്സരത്തിനായി ശ്രീലങ്കയിലെ കൊളംബോയില്‍. ഗ്രൂപ്പിലെ അവസാന മത്സരത്തിനായി (നെതര്‍ലന്‍ഡ്സ്) ഇന്ത്യന്‍ ടീമിന് ഇനി അഹമ്മദാബാദിലേക്ക് പറക്കണം.
അതേസമയം, പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയിലാണ്. നെതര്‍ലന്‍ഡ്സിനും അമേരിക്കയ്ക്കും എതിരായ മത്സരങ്ങള്‍ സിംഹള സ്പോര്‍ട്സ് ക്ലബ് സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യക്ക് എതിരായ മത്സരത്തിനായി ആര്. പ്രേമദാസ സ്റ്റേഡിയത്തിലേക്ക് എത്തിയ പാക് ടീം നമീബിയയ്ക്ക് എതിരായ ഗ്രൂപ്പിലെ തങ്ങളുടെ അവസാന പോരാട്ടത്തിനായി തിരികെ സിംഹള സ്റ്റേഡിയത്തിലേക്കു മടങ്ങും. ഇരുവേദികളും തമ്മിലുള്ള അകലെ അഞ്ച് കിലോമീറ്ററില്‍ താഴെ മാത്രം...
ടീം ഇന്ത്യയുടെ യാത്ര
► മുംബൈ - ഡല്‍ഹി: 1167 കിലോമീറ്റര്‍
► ഡല്‍ഹി - കൊളംബോ: 2433 കിലോമീറ്റര്‍
► കൊളംബോ - അഹമ്മദാബാദ്: 1951 കിലോമീറ്റര്‍
അന്ന് ഇന്ത്യ, ഇന്ന് പാക്
ഈ ലോകകപ്പില്‍ പാക്കിസ്ഥാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കു വേദിയാകുന്നത് കൊളംബോയിലെ രണ്ടു സ്റ്റേഡിയങ്ങളാണ്, ആര്. പ്രേമദാസയും സിംഹള സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടും. ഈ രണ്ടു വേദികളും തമ്മിലുള്ള അകലം ഏകദേശം അഞ്ച് കിലോമീറ്ററില്‍ താഴെ മാത്രം. അതായത്, ഇന്ത്യന്‍ ടീമിനെ പോലെ കിലോമീറ്ററുകള്‍ നീണ്ട യാത്രയോ കടല്‍കടന്നുള്ള യാത്രയോ പാക് ടീമിനു ചെയ്യേണ്ടിവന്നില്ല.
പാക്കിസ്ഥാന് ആതിഥേയത്വം വഹിച്ച 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായിരുന്നു ഈ ആനുകൂല്യം. പാക്കിസ്ഥാനിലേക്കില്ലെന്നു പറഞ്ഞ ഇന്ത്യയുടെ മത്സരങ്ങള്‍ക്കു വേദിയായത് ദുബായ് ആയിരുന്നു.
Sports
ലാഹോർ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മത്സരത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാണെന്ന് റിപ്പോർട്ട്.
ഇന്ത്യയ്ക്കെതിരെ കളിക്കാനായി ഒന്നിലധികം നിബന്ധനകളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്കു മുന്നിൽ വച്ചിരിക്കുന്നതെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനായി രണ്ട് ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി പിസിബി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
ഐസിസി വരുമാനത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ വിഹിതം ലഭിക്കണം. ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനഃസ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് വിവരം.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ഇംഗ്ലണ്ടിന് ജയം. നേപ്പാളിന്റെ കടുത്ത വെല്ലുവിളിയെ മറികടന്നാണ് ഇംഗ്ലണ്ട് വിജയിച്ചത്്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
ഇംഗ്ലണ്ട് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സെടുത്തു. നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡലിന്റെയും ദീപേന്ദ്ര സിംഗ് ഐറിയുടെയും മികവാർന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കിയത്. ഇരുവരും ചേർന്ന് 82 റണ്‍സെടുത്തു. രോഹിത് 34 പന്തിൽ 39 റണ്‍സും ദീപേന്ദ്ര 29 പന്തിൽ 44 റണ്‍സും നേടി.
പിന്നീട് ലോകേഷ് ബാമിന്റെ മിന്നുന്ന പ്രകടനം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. 20 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ലോകേഷ് പുറത്താകാതെ നിന്നു. ഓപ്പണർ കുശാൽ ബുർടെൽ മികച്ച തുടക്കമാണ് നേപ്പാളിനായി ഒരുക്കിയത്. 17 പന്തിൽ 29 റണ്‍സാണ് കുശാൽ സംഭാവന ചെയ്തത്.
ഇംഗ്ലണ്ടിനായി ലിയാം ഡോസണ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലൂക്ക് വുഡ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സാണ് നേടിയത്.
ജേക്കബ് ബെഥേലിന്റെയും ഹാരി ബ്രൂക്കിന്റെയും അർധ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ടനിലയിലെത്തിച്ചത്. ജേക്കബ് ബെഥേൽ 35 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 55 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സും അടിച്ചെടുത്തു.
ജോസ് ബട്ട്ലർ 17 പന്തിൽ 26 റണ്‍സ് നേടി. അവസാന ഓവറുകളിൽ വിൽ ജാക്ക്സ് തകർത്തടിച്ചത് ഇംഗ്ലണ്ടിന് കരുത്തായി. 18 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ജാക്ക്സ് പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
നേപ്പാളിനായി ദിപേന്ദ്ര സിംഗ് ഐറിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി. സന്ദീപ് ലാമിച്ചാനെയും ഷേർ മല്ലയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
Sports
ദുബായ്: ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ആകെ സാമ്പത്തിക കണക്കില്‍ 65 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ ഞെട്ടേണ്ട. 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം ഇല്ലാതായതോടെ ഐസിസിയുടെ മാത്രം നഷ്ടം 2,290 മുതല്‍ 4,500 കോടി രൂപയാണ്.
ടിവി, ഡിജിറ്റല്‍ അവകാശവും സ്പോണ്‍സര്‍ഷിപ്പും മാത്രമുള്ള കണക്കാണിത്. ലോകകപ്പിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയൊഹോട്ട്സ്റ്റാറിന്റെ നഷ്ടം 200 മുതല്‍ 250 കോടി രൂപയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ x പാക് മത്സരത്തിലെ പരസ്യവരുമാനമുള്പ്പെടെയുള്ള കണക്കാണിത്.
പാക് ക്രിക്കറ്റ് ബോര്‍ഡിനും നഷ്ടമുണ്ട്. ഐസിസിയുമായുള്ള വാര്‍ഷിക വരുമാന ഷെയറില്‍ 316 കോടി രൂപയുടെ നഷ്ടം പിസിബിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഐസിസി പിസിബിക്ക് എതിരേ നിയമപരമായുള്ള പ്രത്യാക്രമണം കരുതിവച്ചിട്ടുണ്ട്. പരസ്യദാതാക്കളുടെ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായി 300 കോടി രൂപയുടെ സാമ്പത്തിക ബാധ്യതാ കേസ് ഐസിസി ഫയല്‍ ചെയ്യും. ചുരുക്കത്തില്‍ പാക് കിക്കറ്റ് ബോര്‍ഡിന് 616 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
ശ്രീലങ്കയിലെ കൊളംബോയില്‍ ഈ മാസം 15നായിരുന്നു ഇന്ത്യ x പാക്കിസ്ഥാന് മത്സരം നടക്കേണ്ടിയിരുന്നത്. ടിക്കറ്റ് ഇനത്തിലും ഹോസ്പിറ്റാലിറ്റി വിഭാഗത്തിലുമായി കൊളംബോ സ്റ്റേഡിയത്തിന് 18.3 മുതല്‍ 27.5 കോടി രൂപവരെ നഷ്ടമുണ്ട്. ഇന്ത്യന്‍, പാക്കിസ്ഥാന് താരങ്ങളുടെ ഫീസിനത്തിലും നഷ്ടം. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഒരു മാച്ചിനു നല്‍കുന്നത് 7.5 ലക്ഷം രൂപ വീതമാണ്. പാക് താരങ്ങള്‍ക്ക് പിസിബി നല്‍കുന്നത് 1.38 ലക്ഷം വീതവും.
ഇതിനെല്ലാം പുറമെ, കൊളംബോയിലെ പ്രാദേശിക ടൂറിസത്തിനുള്ള (വ്യോമയാനം, ഹോട്ടല്‍, യാത്ര, മറ്റ് സൗകര്യങ്ങള്‍) നഷ്ടം 95 കോടിയില്‍ അധികമാണ്.
International
കൊളംബോ: ഇന്ത്യയ്ക്കെതിരെ കളിക്കണോ വേണ്ടയോ എന്നത് കളിക്കാരുടെ തീരുമാനമല്ലെന്നും സർക്കാർ പറയുന്നതനുസരിച്ച് മാത്രമേ ടീമിന് പ്രവർത്തിക്കാനാവൂവെന്നും ടി20 ലോകകപ്പിന് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ.
ഇന്ത്യയ്ക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സർക്കാരും ബോർഡും എടുക്കുന്ന തീരുമാനമാണ്. അവർ എന്ത് പറയുന്നുവോ അത് ഞങ്ങൾ ചെയ്യുമെന്ന് സൽമാൻ അലി ആഗ വ്യക്തമാക്കി. ഫെബ്രുവരി 15ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനുള്ള പാക് സർക്കാരിന്റെയും ക്രിക്കറ്റ് ബോർഡിന്റെയും തീരുമാനത്തെ ടീം പൂർണമായും ബഹുമാനിക്കുന്നുവെന്നും ആഗ പറഞ്ഞു.
എന്നാൽ സെമി ഫൈനലിലോ ഫൈനലിലോ വീണ്ടും ഇന്ത്യയെ നേരിടേണ്ട സാഹചര്യം വന്നാൽ ഞങ്ങൾ വീണ്ടും സർക്കാരിന്റെയും പിസിബിയുടെയും ഉപദേശം തേടുമെന്നും അവർ എടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും ടീം നില്‍ക്കുകയെന്നും ആഗ പറഞ്ഞു. ലോകകപ്പിനായി പുതിയ ടീമും പുതിയ തന്ത്രങ്ങളുമായാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നതെന്നും ടീം ആവേശത്തിലാണെന്നും ആഗ കൂട്ടിച്ചേർത്തു.
Sports
നവി മുംബൈ: ഐസിസി പുരുഷ ട്വന്റി20 ലോകകപ്പിന് മുന്‍പ് ഇന്ത്യ ഒരു സന്നാഹ മത്സരം കളിക്കും. 2024ലെ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമാകുമത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നവി മുംബൈയിൽ വച്ച് നിലവിലെ ചാന്പ്യന്മാർ നേരിടുമെന്നാണ് റിപ്പോർട്ട്.
അതേസമയം ലോകകപ്പിന് മുന്നോടിയായി ഇന്ത്യ എ രണ്ട് മത്സരങ്ങൾ കളിക്കും. യുഎസ്എയ്ക്കും നമീബിയയ്ക്കും എതിരേയാണ് മത്സരങ്ങൾ.
സന്നാഹ മത്സരത്തിൽ പാക്കിസ്ഥാൻ അയർലൻഡിനെ നേരിടും. കൊളംബോയിലാണ് മത്സരം. ടൂർണമെന്റിൽ ബംഗ്ലാദേശിന് പകരക്കാരായി എത്തിയ സ്കോട്ലന്ഡ് അഫ്ഗാനിസ്ഥാനും നമീബിയയ്ക്കുമെതിരേ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കും.
2026 ഫെബ്രുവരി ഏഴിനും മാർച്ച് എട്ടിനും ഇടയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
Sports
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനായി ബംഗ്ലാദേശ് എത്തിയില്ലെങ്കില്‍ പകരം ടീമിനെ പങ്കെടുപ്പിക്കാന്‍ നീക്കം.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്റി-20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. രാഷ്ട്രീയ അകല്ച്ചയെത്തുടര്ന്ന് ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അറിയിച്ചിരുന്നു.
ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്‍, ഇന്നലെ ചേര്‍ന്ന ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. മുന്‍നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ത്തന്നെ നടക്കുമെന്നും ഐസിസി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
പകരം സ്കോട്ട്ലന്‍ഡ്
ബംഗ്ലാദേശ് എത്തിയില്ലെങ്കില്‍ പകരം മറ്റൊരു ടീമിനെ ലോകകപ്പില്‍ കളിപ്പിക്കുന്നതിനെക്കുറിച്ചും ഐസിസി യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. റാങ്കിംഗ് അനുസരിച്ച് ബംഗ്ലാദേശിന്റെ പകരക്കാരായി സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ കളിപ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാത്രമാണ് ഐസിസി യോഗത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ചതെന്നാണ് സൂചന.
Sports
മൊറോക്കോ: 2030ൽ പോർച്ചുഗലിനും സ്പെയിനിനുമൊപ്പം ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിക്കുന്നതിൽ പോരായ്്മയ്ക്ക് വകയില്ലെന്ന് തെളിയിച്ച് മൊറോക്കോ.
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ സ്വന്തം മണ്ണിൽ കാലിടറിയെങ്കിലും മൊറോക്കോ സംഘാടനത്തിൽ മികവ് തെളിയിച്ചുകഴിഞ്ഞു.
മനോഹരമായ സ്റ്റേഡിയങ്ങൾ, ഗതാഗത സൗകര്യം, സുസ്ഥിരമായ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ എന്നിവ 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് അനായാസം നടത്താൻ മൊറോക്കയ്ക്ക് സാധിക്കുമെന്ന് വ്യക്തമാക്കുന്നു.
2030ൽ നടക്കുന്ന ലോകകപ്പിൽ ആറ് വേദികൾ ഉപയോഗിക്കാൻ മൊറോക്കോ ലക്ഷ്യമിടുന്നു. അവയിൽ അഞ്ചെണ്ണം നേഷൻസ് കപ്പിനായി ഉപയോഗിച്ചു. ലോകോത്തര നിലവാരം പുലർത്തുന്നവയാണിത്.
Sports
ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു. മത്സരം അൽപസമയിത്തിനകം ആരംഭിക്കും. നേരത്തെ മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. കഴിഞ്ഞ മത്സരത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തി. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.
ടിം ഇന്ത്യ: ആയുഷ് മാത്രെ (നായകൻ), വൈഭവ് സൂര്യവൻഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അബിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), കനിഷ്ക് ചൗഹാൻ, ഹർവൻഷ് പംഗാളിയ, ആർ. എസ്. അംബ്രിഷ്, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.
Sports
ബുലവായോ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.
Sports
ബുലവായോ: അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. സിംബാബ്വെയിലെ ബുലവായോ ക്യൂൻസ് സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം തുടങ്ങുക. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഉലച്ചിൽ മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍നിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം തീര്‍ത്തും വഷളായത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കുകയും അടുത്തമാസം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് മത്സരവേദി മാറ്റണണെമെന്ന് ഐസിസിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ഇത്തരം സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കൗമാരക്കാർ ഇന്ന് പോരിനിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരം കൂടിയാണിത്. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും.
Sports
ബുലവായൊ: ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്ക് എതിരേ ഇന്ത്യക്കു ജയം.
മഴയും ഇടിമിന്നലും മൂലം തടസപ്പെട്ട മത്സരത്തില്‍, ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ജയം. സ്കോര്‍: അമേരിക്ക 35.2 ഓവറില്‍ 107. ഇന്ത്യ 17.2 ഓവറില്‍ 99/4.
ഹെനില്‍ ആക്രമണം
ടോസ് നേടിയ ഇന്ത്യ അണ്ടര്‍ 19 ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ ഹെനില്‍ പട്ടേല്‍ റണ്‍ വഴങ്ങാതെ വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ വംശജരാല്‍ തിങ്ങിനിറഞ്ഞ അമേരിക്കന്‍ ടീമിന്റെ ടോപ് സ്കോറര്‍ നിതീഷ് സുധിനിയായിരുന്നു, 52 പന്തില്‍ 36 റണ്‍സ്. ഏഴാം നമ്പറായാണ് നിതീഷ് ക്രീസില്‍ എത്തിയത്. ഏഴ് ഓവറില്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനില്‍ പട്ടേലാണ് അമേരിക്കയെ തകര്‍ത്തത്. പ്ലെയര്‍ ഓഫ് ദ മാച്ചും ഹെനിലാണ്.
മഴയും ഇടിമിന്നലിനുംശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം 37 ഓവറില്‍ 96 ആക്കി. വെടിക്കെട്ട് ബാറ്ററായ വൈഭവ് സൂര്യവംശിയുടെ (2) വിക്കറ്റ് റിത്വിക് അപ്പിഡി തെറിപ്പിച്ചു. വേദാന്ത് ത്രിവേദി (2), വിഹാന് മല്‍ഹോത്ര (18), ആയുഷ് മാത്രെ (19) എന്നിവരും വേഗത്തില്‍ മടങ്ങി. 41 പന്തില്‍ 42 റണ്‍സ് നേടിയ അഭിഗ്യാന്‍ കുണ്ഡുവും 14 പന്തില്‍ 10 റണ്‍സ് നേടിയ കനിഷ്ക ചൗഹാനും പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലെത്തിച്ചു.
Sports
ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്ക തട്ടിക്കൂട്ടിയ 107 റൺസ് മറികടക്കാനിറങ്ങിയ ഇന്ത്യയുടെ ശ്രമം മഴ തടസപ്പെടുത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 35.2 ഓവറില്‍ 107 റണ്‍സിന് ഓള് ഔട്ടായി. 52 പന്തില്‍ 36 റണ്‍സെടുത്ത നിതീഷ് സുധിനിയാണ് അമേരിക്കയുടെ ടോപ് സ്കോറര്‍.
108 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യ നിലവിൽ നാല് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് നേടി. നാല് ബോളിൽ രണ്ട് റൺസെടുത്ത വൈഭവ് സൂര്യവംശിയാണ് പുറത്തായത്. ഓപ്പണര്‍ സാഹിൽ ഗാര്‍ഗ്(16), അര്ജുന് മഹേഷ്(16), അദ്നിത് ജാംബ്(18) എന്നിവര്‍ മാത്രമാണ് അമേരിക്കൻ ടീമില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ഹെനില്‍ പട്ടേല്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം മഹമ്മദ് ഇനാനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ത്യ പ്ലേയിംഗ് ഇലവൻ: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് പംഗാലിയ, ആർ.എസ്. അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, ഖിലൻ പട്ടേൽ.
Sports
ദുബായി: ട്വന്റി-20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാവാത്തതിനാല്‍ വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തളളി. ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേയ്ക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും നിലവില്‍ പുറത്തിറക്കിയ മത്സരക്രമം അനുസരിച്ച് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബംഗ്ലാദേശ് തയാറാവണമെന്നും ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.
അതേസമയം ഐസിസിയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.
അടുത്ത മാസം തുടങ്ങുന്ന ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. ഫെബ്രുവരി ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെയും ഒമ്പതിന് ഇറ്റലിയെയും 14ന് ഇംഗ്ലണ്ടിനെയും ആണ് ബംഗ്ലാദേശ് നേരിടേണ്ടത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫെബ്രുവരി 17ന് മുംബൈയില്‍ നേപ്പാളിനെയും ബംഗ്ലാദേശ് നേരിടും.
NRI
ന്യൂയോർക്ക്: 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ രീതിയിൽ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി.
48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഹെൽപ്പ് ഡെസ്കിന്റെ രൂപത്തിൽ കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ നിർവഹിച്ചു. സാദിഖലി ഷിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ കൂടാതെ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു.
Sports
മുംബൈ: ഐസിസി അണ്ടര്‍ 19 പുരുഷ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍. കോട്ടയത്തുവേരുള്ള ഹൈദരാബാദിനായി ആഭ്യന്തരം കളിക്കുന്ന ആരോണ്‍ ജോര്‍ജും കേരളത്തിനായി ആഭ്യന്തരം കളിക്കുന്ന മുഹമ്മദ് ഇനാനുമാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ മലയാളികള്‍.
ആയുഷ് മാത്രെ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ വിഹാന് മല്‍ഹോത്രയാണ്. ജനുവരി 15 മുതല്‍ ഫെബ്രുവരി ആറ് വരെ സിംബാബ്വെയിലും നമീബിയയിലുമായാണ് ലോകകപ്പ് അരങ്ങേറുന്നത്.
അഞ്ച് തവണ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, അമേരിക്ക ടീമുകള്‍ക്കൊപ്പമാണ്. ജനുവരി 15ന് അമേരിക്കയ്ക്ക് എതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ലോകകപ്പിനു മുമ്പ് ഇന്ത്യ അണ്ടര്‍ 19 ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൂന്നു മത്സര ഏകദിനം കളിക്കും. വൈഭവ് സൂര്യവംശിയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ആയുഷ്, വിഹാന് എന്നിവര്‍ പരിക്കിനുശേഷമുള്ള വിശ്രമത്തിലായതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കളിക്കുന്നില്ല.
Sports
ചെന്നൈ: 2025 എഫ്ഐഎച്ച് ജൂണിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്കു വെങ്കലം. ലൂസേഴ്സ് ഫൈനലില്‍ 4-2ന് അര്‍ജന്റീനയെ കീഴടക്കിയാണ് ഇന്ത്യയുടെ വെങ്കലനേട്ടം.
പി.ആര്. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം മത്സരത്തിന്റെ ആദ്യമൂന്നു ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോഴും 2-0നു പിന്നിലായിരുന്നു. തുടര്‍ന്നായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ് ജയം. രണ്ട് തവണ (2001, 2016) ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ വെങ്കല മെഡലാണിത്.
ജര്‍മനി എട്ടാംവട്ടം ചാന്പ്യൻ
ഫൈനലില്‍ ജര്‍മനി ഷൂട്ടൗട്ടിലൂടെ 3-2ന് സ്പെയിനിനെ കീഴടക്കി ലോകകപ്പ് ട്രോഫിയില്‍ മുത്തമിട്ടു. നിശ്ചിത സമയത്ത് ഇരുടീമും 1-1 സമനില പാലിച്ചു.
എട്ടാം തവണയാണ് ജര്‍മനി ലോകകപ്പ് സ്വന്തമാക്കുന്നത്. പുരുഷ ജൂണിയര്‍ ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയതിന്റെ റിക്കാര്‍ഡും ജര്‍മനിക്കു സ്വന്തം.
NRI
ഡാളസ്: 2026ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാളസ് സ്റ്റേഡിയം സ്ഥിരീകരിച്ചു. ഒമ്പത് മത്സരങ്ങൾ ഡാളസിൽ നടക്കും. ഇതിൽ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടുന്നു.
സെമിഫൈനൽ കൂടാതെ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങളും സ്റ്റേഡിയത്തിൽ നടക്കും. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന, ഇംഗ്ലണ്ട് എന്നിവർ ഡാളസിൽ മത്സരിക്കും. അർജന്റീനയ്ക്ക് രണ്ട് മത്സരങ്ങളുണ്ട്.
അർജന്റീനയുടെ ലയണൽ മെസി, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഹാരി കെയ്ൻ എന്നിവർ ഡാളസ് സ്റ്റേഡിയത്തിൽ കളിക്കും. ഡാളസിലെ ആദ്യ ലോകകപ്പ് മത്സരം ജൂൺ 14ന് നെതർലൻഡ്സും ജപ്പാനും തമ്മിലാണ്.
ടൂർണമെന്റ് സമയത്ത് എടി&ടി സ്റ്റേഡിയത്തെ ഔദ്യോഗികമായി ഡാളസ് സ്റ്റേഡിയം എന്ന് ആയിരിക്കും വിളിക്കുക. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റായിരിക്കും ഇത്.
Sports
മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.
അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്ഡിയിലുമായിരിക്കും നടക്കുക.
ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.
മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.
Sports
ന്യൂഡൽഹി: 2029 ൽ നടക്കുന്ന വനിതാ ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പത്തായി ഉയർത്തിയെന്ന് ഐസിസി അറിയിച്ചു. ഇതുവരെ എട്ട് ടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നത്.
കാഴ്ചക്കാരുടെ എണ്ണത്തില്‍ റിക്കാർഡ് കുറിച്ച ടൂര്ണമെന്റ്കൂടിയായിരുന്നു ഇത്തവണത്തേത്. 185 മില്ല്യൺ കാഴ്ചക്കാരാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനൽ മത്സരം ജിയോ ഹോട്ട്സ്റ്റാറിലൂടെ കണ്ടത്. ടൂർണമെന്റിലാകെ 446 മില്ല്യൺ കാഴ്ചക്കാരുമുണ്ടായി.
വനിതാ ക്രിക്കറ്റിൽ ഇത് റിക്കാർഡാണ്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലുള്ളതിനേക്കാൾ കൂടുതലാണിത്. ഇതിനു പുറമേ അസോസിയേറ്റ് രാജ്യങ്ങള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിക്കാനും ഐസിസി തീരുമാനിച്ചു.
Sports
മുംബൈ: ഐസിസി വനിതാ ഏകദിന ക്രിക്കറ്റിലെ അവസാന ലീഗ് മത്സരത്തിനായി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിേേര ഇറങ്ങും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഇന്ത്യ x ബംഗ്ലാദേശ് പോരാട്ടത്തോടെ ലീഗ് റൗണ്ട് പൂര്‍ത്തിയാകും.
ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ രാവിലെ 11ന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. സെമി ഉറപ്പിച്ച ഇന്ത്യ ജയത്തോടെ ലീഗ് റൗണ്ട് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ഓസീസ് നമ്പര്‍ 1
ഇന്നലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിനു കീഴടക്കി 13 പോയിന്റോടെ ഓസ്ട്രേലിയ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. സ്കോര്‍: ദക്ഷിണാഫ്രിക്ക 24 ഓവറില്‍ 97. ഓസ്ട്രേലിയ 16.5 ഓവറില്‍ 98/3.