International
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദവിയിലിരിക്കുമ്പോഴും ബിസിനസ് തന്ത്രങ്ങൾ കൈവിടാതെ ഡോണൾഡ് ട്രംപ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾ, ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വിൽപന, കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുകൾ (ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റ്) എന്നിവയിലൂടെ ട്രംപ് സ്വന്തമാക്കിയത് വൻ തുക. പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ വളർച്ചയെപ്പോലും മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ പുതിയ സാമ്പത്തിക മുന്നേറ്റം.
'വേൾഡ് ലിബറേറ്റി ഫിനാൻഷ്യൽ' വഴി ടോക്കണുകൾ വിറ്റഴിച്ചതിലൂടെ 500 മില്യൺ ഡോളറും, തന്റെ മുഖം പതിപ്പിച്ച 'മീം കോയിനുകൾ' വിറ്റ സിഐസി ഡിജിറ്റൽ വഴി 600 മില്യൺ ഡോളറുമാണ് ട്രംപ് സമാഹരിച്ചത്. എന്നാൽ, വിൽപനയ്ക്ക് ശേഷം ഈ ടോക്കണുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. യുഎഇ സർക്കാരുമായി ബന്ധമുള്ള ഒരു കമ്പനി ട്രംപിന്റെ ബിസിനസിൽ 500 മില്യൺ ഡോളർ നിക്ഷേപിച്ചു. തൊട്ടുപിന്നാലെ, ദേശീയ സുരക്ഷാ കാരണങ്ങളാൽ യുഎഇക്ക് നേരത്തെ നിരോധിച്ചിരുന്ന അത്യാധുനിക യുഎസ് ചിപ്പുകൾ ലഭിച്ചത് വലിയ വിവാദമായി.
സൗദി അറേബ്യ, ഖത്തർ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വൻകിട പ്രോജക്റ്റുകളും ട്രംപിന്റെ കമ്പനിക്ക് കോടിക്കണക്കിന് ഡോളർ വരുമാനം നൽകി. ബൈബിൾ, ഗിറ്റാറുകൾ, വാച്ചുകൾ, സ്നീക്കറുകൾ എന്നിവയിൽ തന്റെ പേര് പതിപ്പിച്ച് ട്രംപ് കോടികളാണ് നേടിയത്. വാച്ചുകൾ വിറ്റതിലൂടെ മാത്രം ലഭിച്ചത് 4.7 മില്യൺ ഡോളർ. അദ്ദേഹത്തിന്റെ 'സേവ് അമേരിക്ക' എന്ന പുസ്തകം മാത്രം 1.89 മില്യൺ ഡോളറാണ് സമാഹരിച്ചത്. ട്രംപിന്റെ പേര് ആലേഖനം ചെയ്ത് പുറത്തിറക്കിയ 'ട്രംപ് ബൈബിളുകൾ' വിറ്റഴിച്ചതിലൂടെ 208,486 ഡോളർ ആണ് അദ്ദേഹത്തിന് ലഭിച്ചത്.
ട്രംപിന്റെ മാര-എ-ലാഗോ, ബെഡ്മിൻസ്റ്റർ ഗോൾഫ് ക്ലബ് എന്നിവ പ്രസിഡന്റ് പദവിക്ക് ലഭിച്ച സ്വീകാര്യതയോടെ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 16 ക്ലബ്ബുകളിൽ നിന്ന് മാത്രമായി 470 മില്യൺ ഡോളറാണ് ട്രംപിന് ലഭിച്ചത്. എബിസി, സിബിഎസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരായ മാനനഷ്ടക്കേസുകൾ ഒത്തുതീർപ്പാക്കിയതിലൂടെ 80 മില്യൺ ഡോളറിലധികം ട്രംപിന് ലഭിച്ചു.
തന്റെ ബിസിനസ് സാമ്രാജ്യവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും പൊതുതാത്പര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും വൈറ്റ് ഹൗസ് ആവർത്തിക്കുമ്പോഴും, ഈ സാമ്പത്തിക വെളിപ്പെടുത്തലുകൾ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.
NRI
വാഷിംഗ്ടൺ ഡിസി: 2026ലെ അമേരിക്കൻ മിഡ്ടേം തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിൽ നടന്ന Faith & Freedom Coalition സമ്മേളനത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന രാഷ്ട്രീയ സന്ദേശങ്ങൾ അവതരിപ്പിച്ചു.
കുടിയേറ്റ നിയന്ത്രണം, മതസ്വാതന്ത്ര്യം, പരമ്പരാഗത അമേരിക്കൻ മൂല്യങ്ങളുടെ സംരക്ഷണം എന്നിവയാണ് തന്റെ ഭരണകൂടത്തിന്റെ പ്രധാന മുൻഗണനകളെന്ന് ട്രംപ് പറഞ്ഞു. സമീപകാല പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങളെ പരാമർശിച്ച ട്രംപ്, ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന വിഭാഗത്തെ ശക്തമായി വിമർശിച്ചു.
റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിൽ ഭൂരിപക്ഷം നിലനിർത്തേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും മതസ്വാതന്ത്ര്യത്തിനും അനിവാര്യമാണെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു.
പ്രസംഗത്തിൽ അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റം, ദേശീയ സുരക്ഷ, അമേരിക്കൻ ക്രൈസ്തവ മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾക്കും ട്രംപ് പ്രത്യേക പ്രാധാന്യം നൽകി.
2026 മിഡ്ടേം തെരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണരേഖ വ്യക്തമാക്കുന്ന പ്രസംഗമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
International
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ. ദോഹയിൽ അമേരിക്കയും ഇറാനും ചർച്ച നടത്തുമെന്ന ട്രംപിന്റെ അവകാശവാദങ്ങളാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിയത്.
അമേരിക്കയുമായി വരും ദിവസങ്ങളിൽ ഒരു തലത്തിലും ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സൈനിക സംഘർഷങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയായതായും തുടർന്ന് ദോഹയിൽ സാങ്കേതികതല ചർച്ചകൾ പുനരാരംഭിക്കുമെന്നും അമേരിക്ക അറിയിച്ചിരുന്നു.
ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. ഇറാൻ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം അത് ദോഹയിൽ നടക്കുമെന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദം. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
NRI
റോം: ജി7 ഉച്ചകോടിക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുന്നു. മെലോനിയെ പരസ്യമായി അപമാനിച്ച ട്രംപിനെതിരേ കടുത്ത ഭാഷയിലാണ് ഇറ്റാലിയൻ മാധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
ഇറ്റലിയിലെ പ്രമുഖ വലതുപക്ഷ യാഥാസ്ഥിതിക പത്രമായ "ലിബറോ' (Libero) തങ്ങളുടെ ശനിയാഴ്ചത്തെ മുഖചിത്രത്തിൽ ട്രംപിനെ അതീവ മോശം വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
"ട്രംപ് ഒരു വിഡ്ഢിയാണ്' എന്ന തലക്കെട്ടോടെയാണ് പത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഒരു രാജ്യത്തിന്റെ ഭരണത്തലവനെതിരേ മറ്റൊരു രാജ്യത്തെ മുൻനിര പത്രം ഇത്രയും കടുത്ത വാക്ക് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
തർക്കത്തിന് കാരണമായ "ഫോട്ടോ വിവാദം'
ഫ്രാൻസിൽ സമാപിച്ച ജി7 ഉച്ചകോടിക്ക് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ ഡോണൾഡ് ട്രംപ് നടത്തിയ പരാമർശമാണ് ഇറ്റലിയെ പ്രകോപിപ്പിച്ചത്.
ട്രംപിന്റെ വാദം: ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തന്റെ കൂടെയൊരു ഫോട്ടോ എടുക്കാനായി "കെഞ്ചി അപേക്ഷിച്ചു' എന്നായിരുന്നു ട്രംപ് പറഞ്ഞത്.
തനിക്ക് താത്പര്യമില്ലായിരുന്നുവെങ്കിലും അവരോട് അനുകമ്പ തോന്നിയതുകൊണ്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും ട്രംപ് പരിഹസിച്ചു.
ട്രംപിന്റെ ഈ പ്രസ്താവന പുറത്തുവന്നതോടെ കടുത്ത പ്രതികരണവുമായി മെലോനി തന്നെ നേരിട്ട് രംഗത്തെത്തി. ട്രംപിന്റേത് തികച്ചും കെട്ടിച്ചമച്ച അസംബന്ധങ്ങളാണെന്നും താനും ഇറ്റലിയും ആരുടെയും മുന്നിൽ യാചിക്കാറില്ലെന്നും വ്യക്തമാക്കുന്ന ഒരു വീഡിയോ മെലോനി പുറത്തുവിട്ടു.
ഈ വിവാദത്തെത്തുടർന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി തന്റെ മുൻകൂട്ടി നിശ്ചയിച്ച അമേരിക്കൻ യാത്ര റദ്ദാക്കുകയും ചെയ്തു.
ജി7 ഉച്ചകോടിയിൽ ട്രംപ് ഒപ്പുവച്ചതോടെ യൂറോപ്പും അമേരിക്കയും തമ്മിൽ നല്ലൊരു നയതന്ത്ര ഐക്യം രൂപപ്പെട്ടു വരുന്നതിനിടെയാണ് ഈ സംഭവങ്ങൾ.
International
വാഷിംഗ്ടൺ: അമേരിക്ക ഇറാനുമായി സമാധാന കരാറിലെത്തിയതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരാണെന്നാണ് ട്രംപിന്റെ പ്രതികരണം.
യുദ്ധം അവസാനിപ്പിക്കാനുണ്ടാക്കിയ കരാറിലൂടെ ഇറാന് വലിയ ഇളവുകൾ നൽകിയെന്നായിരുന്നു ട്രംപിനെതിരെ ഉയർന്ന വിമർശനം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
മാസങ്ങളായി തുടരുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന് വിരാമമിട്ടുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വ്യാഴാഴ്ചയാണ് സമാധാന കരാറിൽ ഒപ്പുവച്ചത്.
NRI
എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): ഫ്രാൻസിലെ എവിയാൻ തടാകക്കരയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ അണിയറയിൽ നാടകീയമായ നീക്കങ്ങളും കനത്ത രാഷ്ട്രീയ ചർച്ചകളും മുറുകുന്നു.
ഉച്ചകോടിയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച രാവിലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വൻ സുരക്ഷാ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.
എന്നാൽ ആഗോള മാധ്യമങ്ങൾ ഉറ്റുനോക്കുന്നത് സമ്മേളന മുറിക്കുള്ളിലും പുറത്തും നടക്കുന്ന കനത്ത നയതന്ത്ര യുദ്ധങ്ങളിലേക്കാണ്.
കണ്ണ് നട്ട് ലോകനേതാക്കൾ; വൈകിയെത്തി ട്രംപ്
സമ്മേളന ഹാളിനുള്ളിൽ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വാച്ചിൽ നോക്കി കാത്തിരിക്കുകയായിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിലുള്ള അടച്ചിട്ട മുറിയിലെ ചർച്ച നീണ്ടുപോയതും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹാളിലേക്ക് എത്താൻ വൈകിയതുമാണ് നേതാക്കളെ കാത്തിരിപ്പിലാക്കിയത്.
അതേസമയം, ഇറാനുമായുള്ള 15 ആഴ്ച നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക സമാധാന കരാർ പ്രഖ്യാപിച്ച ശേഷമാണ് ട്രംപ് ഉച്ചകോടിക്ക് എത്തിയിരിക്കുന്നത്.
താൻ പുടിനുമായും സെലൻസ്കിയുമായും ഫോണിൽ സംസാരിച്ചെന്നും യുക്രെയ്ൻ വിഷയം പരിഹരിക്കാൻ അമേരിക്ക ഇനി സജീവമായി ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി.
യുക്രെയ്ൻ സമാധാനത്തിനായി യൂറോപ്പ് മുന്നോട്ടുവച്ച അഞ്ച് ഉപാധികൾ
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ യുക്രെയ്നുമായി ചേർന്ന് ഡൊണാൾഡ് ട്രംപിന് മുന്നിൽ അഞ്ച് കർശന വ്യവസ്ഥകൾ അടങ്ങിയ സമാധാന ഫോർമുല സമർപ്പിച്ചു.
യൂറോപ്പിനെ ഒഴിവാക്കി ട്രംപ് റഷ്യയുമായി മാത്രം കരാറിലെത്തുന്നത് തടയാനാണ് ഈ നീക്കം:
അടിയന്തിര വെടിനിർത്തൽ - ഉടനടി വെടിനിർത്തൽ നടപ്പാക്കണം.
നിലവിലെ യുദ്ധ അതിർത്തികൾ - തർക്ക പ്രദേശങ്ങളിലെ ചർച്ചകൾക്കായി നിലവിൽ സൈന്യം നിൽക്കുന്ന അതിർത്തിരേഖ തുടക്കമായി കണക്കാക്കുക.
സുരക്ഷാ ഗ്യാരണ്ടി - യുക്രെയിന്റെ ഭാവി സുരക്ഷയ്ക്ക് ശക്തമായ അന്താരാഷ്ട്ര ഉറപ്പുകൾ നൽകുക.
റഷ്യൻ ആസ്തികൾ മരവിപ്പിക്കൽ - നിലവിൽ യൂറോപ്പിലുള്ള റഷ്യൻ പണവും ആസ്തികളും മരവിപ്പിച്ചു തന്നെ നിർത്തുക.
യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം - സമാധാന ചർച്ചകൾ യൂറോപ്പിന്റെയോ നാറ്റോയുടെയോ സുരക്ഷയെ ബാധിക്കുന്നുണ്ടെങ്കിൽ അതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാൻ അവകാശമുണ്ടായിരിക്കണം.
എന്നാൽ, മുൻകൂർ വ്യവസ്ഥകളോട് വിയോജിക്കുന്ന ട്രംപ് ഈ അഞ്ച് ഇന നിർദേശങ്ങൾ അംഗീകരിക്കുമോ എന്ന് കണ്ടറിയണം.
മാക്രോണിന് ട്രംപിന്റെ "വൈൻ' ഭീഷണി
ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ട്രംപ് കടുത്ത സാമ്പത്തിക ഭീഷണി മുഴക്കിയത് വലിയ ചർച്ചയായിട്ടുണ്ട്.
അമേരിക്കൻ ടെക്നോളജി കമ്പനികൾക്ക് ഫ്രാൻസ് ചുമത്തിയ മൂന്ന് ശതമാനം ഡിജിറ്റൽ നികുതി പിൻവലിച്ചില്ലെങ്കിൽ, ഫ്രാൻസിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ ഫ്രഞ്ച് വൈനുകൾക്കും ഷാംപെയ്നുകൾക്കും 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പ്രതിവർഷം ഒമ്പത് ബില്യൺ യൂറോയുടെ മദ്യക്കച്ചവടത്തെ ബാധിക്കുന്ന ഈ ഭീഷണിയോട്, "യൂറോപ്യൻ നിയമങ്ങൾ തീരുമാനിക്കുന്നത് അമേരിക്കയല്ല' എന്ന് മാക്രോൺ തിരിച്ചടിച്ചു.
പശ്ചാത്തലത്തിൽ വൻ നാറ്റോ സൈനികാഭ്യാസം
ജി7 ഉച്ചകോടി നടക്കുന്ന എവിയാൻ നഗരത്തിന് മുകളിലൂടെ വൻ സൈനിക ഹെലികോപ്റ്ററുകൾ പട്രോളിംഗ് നടത്തുകയാണ്. തൊട്ടടുത്ത സ്വിറ്റ്സർലൻഡ് അതിർത്തിയിലും സുരക്ഷ ശക്തമാണ്.
ഇതിനിടയിൽ റഷ്യയിൽ നിന്നുള്ള വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാൻ നാറ്റോ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമ സൈനികാഭ്യാസമായ "റാംസ്റ്റൈൻ ഫ്ലാഗ് 26' യൂറോപ്പിലെ 18 രാജ്യങ്ങളിലായി 200 യുദ്ധവിമാനങ്ങളെ പങ്കെടുപ്പിച്ച് ആരംഭിച്ചിട്ടുണ്ട്.
അമേരിക്ക തങ്ങളുടെ സൈനിക പിന്തുണ യൂറോപ്പിൽ കുറയ്ക്കുന്ന പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സ്വയം പ്രതിരോധം ശക്തമാക്കുന്നതിന്റെ സൂചന കൂടിയാണിത്.
International
പാരിസ്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫ്രാൻസിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വൈകുന്നേരം 6.30ഓടെയാണ് കൂടിക്കാഴ്ച.
തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലും മോദിയും ട്രംപും ചർച്ച നടത്തിയേക്കും. വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അകൽച്ച നിലനിൽക്കെയാണ് മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ വ്യാപാര കരാർ, അമേരിക്കയുടെ തീരുവ നയം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ഇന്ത്യൻ നാവികർക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകുമെന്നാണ് ലഭിക്കുന്ന വിവരം.
പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ചർച്ചയായേക്കും.
International
പാരിസ്: യുഎസ്-ഇറാൻ ഡിജിറ്റൽ സമാധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. കരാർ വിവരങ്ങൾ അതീവ രഹസ്യമായാണ് ഇരു രാജ്യങ്ങളും സൂക്ഷിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.
ജനീവയിൽ വെള്ളിയാഴ്ച അമേരിക്കയും ഇറാനും കരാറിൽ ഔദ്യോഗികമായി നേരിട്ട് ഒപ്പുവയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതുവരെ ധാരണയുടെ കൂടുതൽ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
എന്നാൽ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നുനൽകുന്ന കാര്യത്തിൽ ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്.
ഇതിനുപുറമേ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, അമേരിക്കൻ ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കുന്ന രീതി തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇതുവരെ അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ലെന്നാണ് വിവരം.
International
പാരീസ്: ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂർണമായും തുറന്നുനൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കയുടെ നാവിക ഉപരോധം നീക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ സമാധാനക്കരാർ പൂർണരൂപത്തിൽ ഒപ്പുവയ്ക്കുന്നതോടെ കപ്പൽ ഗതാഗതം സാധാരണ നിലയിലാകും.
നേരത്തെ, സമാധാന കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഡിജിറ്റലായി ഒപ്പുവെച്ചുവെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
ഹോര്മുസ് കടലിടുക്കില് കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള് പുറത്തേക്ക് നീങ്ങാന് തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കന് പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില് കുറിച്ചു.
International
ടെഹ്റാൻ: ഇറാനെതിരെ രാത്രി നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അമേരിക്കൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ പരമോന്നത നേതൃത്വവുമായും മേഖലയിലെ വിവിധ അറബ്-ഇസ്ലാമിക രാജ്യങ്ങളുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ നിർണായക കരാറിന്റെ അവസാനഘട്ട വ്യവസ്ഥകൾക്ക് അംഗീകാരമായ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് ട്രംപ് കുറിച്ചു.
ചർച്ചകളിലെ അന്തിമ തീരുമാനങ്ങളും നയങ്ങളും ഇതിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നയതന്ത്ര വിഷയങ്ങളിൽ ധാരണയാകും വരെ ഇറാനെതിരെയുള്ള നാവിക ഉപരോധം കൂടുതൽ ശക്തമായി തന്നെ തുടരുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടം കൈവരിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂൺ 10-ഓടെ തുടർച്ചയായി 4,399 ദിവസങ്ങൾ ഭരണത്തിൽ പൂർത്തിയാക്കിയാണ് നരേന്ദ്ര മോദി ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്.
അന്താരാഷ്ട്ര തലത്തിൽ നിരവധി ലോകനേതാക്കൾ മോദിക്ക് ആശംസകൾ അറിയിച്ചതിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപും അഭിനന്ദനവുമായി രംഗത്തെത്തിയത്.ഇന്ത്യയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും ദീർഘകാലം പ്രധാനമന്ത്രി പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും, ഒന്നിടവിട്ട ഘട്ടങ്ങളിലല്ലാതെ 'തുടർച്ചയായി' ഏറ്റവും കൂടുതൽ ദിവസം രാജ്യം ഭരിച്ച തിരഞ്ഞെടുക്കപ്പെട്ട നേതാവ് എന്ന പദവിയാണ് ഇപ്പോൾ നരേന്ദ്ര മോദിയെ തേടിയെത്തിയിരിക്കുന്നത്.
2014 മേയ് മാസത്തിൽ ആദ്യമായി അധികാരമേറ്റത് മുതൽ നിലവിലുടനീളം തുടർച്ചയായ മൂന്ന് ഭരണകാലയളവുകളിലായി അദ്ദേഹം ഈ പദവിയിൽ തുടരുകയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ തന്ത്രപ്രധാന പങ്കാളിത്തത്തെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും അടിവരയിടുന്നതാണ് ട്രംപിന്റെ ഈ അഭിനന്ദന സന്ദേശം. ആഗോളതലത്തിൽ മോദിയുടെ നേതൃത്വ പാടവത്തിനുള്ള അംഗീകാരമായാണ് ഈ സന്ദേശത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൂടുതൽ ലോകരാജ്യ തലവന്മാരും വരും ദിവസങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി ആശംസകൾ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചയിൽ തീരുമാനമെടുക്കുന്നത് ഇനിയും നീട്ടികൊണ്ടുപോയാൽ ഇറാൻ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അതിനിടെ അമേരിക്ക - ഇറാൻ ധാരണ അന്തിമമാക്കാൻ ഖത്തർ നയതന്ത്ര സംഘം ടെഹറാനിലേക്ക് എത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ - അമേരിക്ക അന്തിമ ധാരണ ലക്ഷ്യമിട്ടാണ് ഖത്തർ നയതന്ത്ര സംഘം ഇറാൻ തലസ്ഥാനത്തെത്തിയതെന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെ അപ്പാഷെ ഹെലിക്കോപ്റ്റർ വീഴ്ത്തിയതിന് പിന്നാലെ അമേരിക്കയ്ക്കും ഇറാനും ഇടയിൽ രൂക്ഷമായ സംഘർഷത്തിന് നേരിയ അയവ് വന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ നീക്കം.
International
ന്യൂയോർക്ക്: ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ തകർന്നുവീണ ഹെലികോപ്റ്ററിലെ രണ്ടു യുഎസ് പൈലറ്റുമാരെ രക്ഷിച്ചതായി പ്രസിഡന്റ ്ട്രംപ് അറിയിച്ചു.
യുഎസ് സേനയുടെ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ ഹോർമുസിൽ തകർന്നുവീണെന്നും പൈലറ്റുമാരെ രക്ഷിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു ട്രംപ്.
അതേസമയം, ഇറേനിയൻ സേനയുടെ വെടിയേറ്റാണോ സാങ്കേതിക തകരാർ മൂലമാണോ ഹെലികോപ്റ്റർ തകർന്നതെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച റിപ്പോർട്ട് വൈകാതെ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു.
International
വാഷിംഗ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറൽ കോടതി.
പിന്നാലെ ട്രംപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവ് ഫെഡറൽ ജഡ്ജി റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഫീസ് വർധന പ്രഖ്യാപിച്ചത്.
ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കിയത്. ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി ഫയൽ ചെയ്ത ഹർജിയിലാണ് നിർണായക വിധി.
തൊഴിലധിഷ്ഠിത കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനും വിദേശ തൊഴിലാളികളുടെ വരവ് കുറയ്ക്കാനുമുള്ള ട്രംപിന്റെ നിലപാടുകൾക്ക് വലിയ തിരിച്ചടിയായാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ഫെഡറൽ കോടതിയുടെ വിധി ഇന്ത്യക്കാർക്ക് ഉൾപ്പെടെ വലിയ ആശ്വാസമാണ്.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി ധൃതിപിടിച്ച് ഒരു സമാധാന കരാറിലേർപ്പെടാൻ അമേരിക്ക തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതീക്ഷകൾക്ക് അല്പം മങ്ങലേൽപ്പിച്ചുകൊണ്ട് ട്രംപിന്റെ പുതിയ പ്രതികരണം വന്നിരിക്കുന്നത്. ചർച്ചകളിൽ സമയം അമേരിക്കയുടെ ഭാഗത്താണെന്നും അതിനാൽ കരാറിനായി തിടുക്കം കൂട്ടേണ്ടതില്ലെന്ന് തന്റെ പ്രതിനിധികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി ഒരു കരാറിൽ എത്തിച്ചേരുകയും അത് ഒപ്പുവെക്കുകയും ചെയ്യുന്നത് വരെ ഹോർമൂസ് കടലിടുക്കിൽ ഇറേനിയൻ കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന യുഎസ് ഉപരോധം പൂർണ ശക്തിയോടെ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ നിലവിൽ വ്യവസ്ഥാപിതവും സുരക്ഷിതവുമായ രീതിയിലാണ് പുരോഗമിക്കുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പ്രൊഫഷണലായി മാറിയിട്ടുണ്ട്. എങ്കിലും ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നും കരാറിൽ യാതൊരുവിധ പിഴവുകളും ഉണ്ടാകരുതെന്നും ട്രംപ് ഓർമിപ്പിച്ചു. ബരാക് ഒബാമയുടെ ഭരണകാലത്തുണ്ടായ ആണവ കരാറിനെ ട്രംപ് വീണ്ടും വിമർശിച്ചു. ഇറാന് ഒരിക്കലും ഒരു ആണവായുധം വികസിപ്പിക്കാനോ സ്വന്തമാക്കാനോ കഴിയില്ലെന്ന് അവർ മനസ്സിലാക്കണമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ഇറാന്റെ ആണവ സന്പുഷ്ടീകരണം പൂർണമായി നിർത്തിയാൽ മാത്രമേ കരാർ അംഗീകരിക്കൂ എന്ന് ഇസ്രായേലും യുഎസിനെ അറിയിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും, യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 നിബന്ധനകൾ അടങ്ങിയ ഒരു ധാരണാപത്രത്തിലേക്ക് കാര്യങ്ങൾ അടുക്കുകയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ചയിലുള്ളത്. എന്നാൽ കരാറിന്റെ നിബന്ധനകൾ ഇറാന് അനുകൂലമാകുമോ എന്ന ആശങ്കയിൽ ട്രംപിന്റെ സ്വന്തം പാർട്ടിയിലെ (റിപ്പബ്ലിക്കൻ) ചില ജനപ്രതിനിധികളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ട്രംപ് നിലപാട് കർശനമാക്കിയത്.
NRI
ന്യൂയോർക്ക്: അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ ആകുന്നത് വിലക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി നാൻസി മേസിന്റെ ഭരണഘടനാ ഭേദഗതി നിർദേശത്തിനെതിരേ വ്യാപക പ്രതിഷേധം.
ഇന്ത്യൻ വംശജരായ രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, താനെദാർ എന്നീ ഡെമോക്രാറ്റിക് ജനപ്രതിനിധികൾ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. അമേരിക്കൻ ചരിത്രത്തെയും കുടിയേറ്റ പാരമ്പര്യത്തെയും വഞ്ചിക്കുന്നതും വംശീയ അധിക്ഷേപ നിറഞ്ഞതുമാണ് ഈ നിർദേശമെന്ന് അവർ കുറ്റപ്പെടുത്തി.
വിലക്കയറ്റവും ഭവന പ്രതിസന്ധിയും പരിഹരിക്കുന്നതിന് പകരം ജനങ്ങളെ വിഭജിക്കാനാണ് ഇത്തരം രാഷ്ട്രീയ നാടകങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാൻ രംഗത്ത്. അമേരിക്ക തങ്ങളുടെ അയൽരാജ്യങ്ങളെ ആക്രമിച്ച ശേഷം പഴി ഇറാനുമേൽ കെട്ടിവയ്ക്കുകയാണെന്നാണ് ആരോപണം.
യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകൾ തകർത്തു. ഇറാഖ് വ്യോമഅതിർത്തിയിൽ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. ഇത്തരത്തിലുള്ള അക്രമണങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി.
ബറക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ ഗൾഫ് രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയിൽ അപലപിക്കുകയും യുഎഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
International
ബെയ്ജിംഗ്: മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാരക്കരാറുകൾ യാഥാർഥ്യമായെന്ന് ട്രംപ് പറഞ്ഞു. അവിശ്വസനീയമായ സന്ദർശനമാണ് പൂർത്തിയാക്കിയതെന്നു പറഞ്ഞ ട്രംപ്, കരാറുകൾ സംബന്ധിച്ച് വിശദാംശങ്ങൾ നൽകാൻ തയാറായില്ല.
വിമാനങ്ങൾ, കാർഷികോത്പന്നങ്ങൾ, ഇന്ധനം തുടങ്ങിയവ കൂടുതലായും അമേരിക്കയിൽനിന്നും വാങ്ങാൻ ചൈന സമ്മതിച്ചിട്ടുണ്ട്. യുഎസ്-ചൈന വ്യാപാര, നിക്ഷേപ സഹകരണം ഏകോപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഷി ചിൻപിംഗുമായുള്ള വ്യക്തിപരമായ ബന്ധം ശക്തമായെന്നും അദ്ദേഹം പറഞ്ഞു. തായ്വാൻ വിഷയത്തിൽ ട്രംപ് ചൈനയ്ക്കു വഴങ്ങിയതായാണ് കരുതുന്നത്. തായ്വാന് ആയുധങ്ങൾ വിൽക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. വില്പന സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ തീരുമാനം എടുക്കുമെന്നും കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ ഭരണകൂടം വിൽപനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. തായ്വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്നുവെന്നു ഷി തന്നോട് പറഞ്ഞതായി ട്രംപ് അറിയിച്ചു. “അദ്ദേഹം പറയുന്നത് കേട്ടു. പക്ഷേ, ഒരു അഭിപ്രായവും പറഞ്ഞില്ല’’ ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രപരമെന്നാണു ചൈനീസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ നിലനിർത്തുക, വിവിധ മേഖലകളിൽ പ്രായോഗിക സഹകരണം വികസിപ്പിക്കുക, ആശങ്കകൾ ശരിയായി പരിഹരിക്കുക എന്നിവയിൽ പൊതുധാരണയിൽ എത്തിയിട്ടുണ്ടെന്നും ഷി കൂട്ടിച്ചേർത്തു.
ഇറേനിയൻ സംഘർഷവും ഹോർമുസ് കടലിടുക്കും ചർച്ചയുടെ ഭാഗമായി. ഇറാന് സൈനിക ഉപകരണങ്ങൾ നൽകില്ലെന്ന് ഷി സ്വകാര്യമായി ഉറപ്പുനൽകിയതായി ട്രംപ് പിന്നീട് ഫോക്സ് ന്യൂസിനോടു പറഞ്ഞു.
എന്നാൽ ബെയ്ജിംഗ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സന്ദർശനം വിജയകരമായിരുന്നെന്ന് ഇരുനേതാക്കളും അവകാശപ്പെട്ടെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നിലും കരാർ പ്രഖ്യാപനമുണ്ടായില്ല.
International
വാഷിംഗ്ടൺ: കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമായി വിശേഷിപ്പിച്ചതിന് പിന്നാലെ വെനസ്വേലയെയും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പുതിയ പോസ്റ്റിലൂടെയാണ് വെനസ്വേലയെ അമേരിക്കയുടെ ഭാഗമാക്കുന്നതിനെപ്പറ്റി ട്രംപ് സൂചിപ്പിച്ചത്.
നേരത്തേ അതിർത്തി സുരക്ഷയും വ്യാപാരപ്രശ്നങ്ങളും പരിഹരിക്കാൻ പറ്റുന്നില്ലെങ്കിൽ കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് ട്രംപ് പരിഹസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെനസ്വേലയെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കം.
വെനസ്വേല നിലവിൽ സാമ്പത്തിക തകർച്ചയിലാണെന്നും അവിടത്തെ ഭരണകൂടം പരാജയമാണെന്നുമാണ് ട്രംപിന്റെ വാദം.
International
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നതതല ഉച്ചകോടിയ്ക്കായി ചൈനയിലെത്തി. ബുധനാഴ്ച വൈകുന്നേരം 7.50ന് ബെയ്ജിംഗ് വിമാനത്താവളത്തിലിറങ്ങിയ ട്രംപിന് ഊഷ്മള സ്വീകരണമാണു ലഭിച്ചത്. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ്, വാഷിംഗ്ടണിലെ ചൈനീസ് അംബാസഡർ സീ ഫെംഗ്, വിദേശകാര്യ സഹമന്ത്രി മാ ഷാവോസു, ബെയ്ജിംഗിലെ യുഎസ് പ്രതിനിധി ഡേവിഡ് പെർഡ്യൂ എന്നിവർ ചേർന്ന് ട്രംപിനെ സ്വീകരിച്ചു.
സൈനിക ഗാർഡ് ഓഫ് ഓണറും നൽകി. 2017ന് ശേഷം ആദ്യമായാണ് ട്രംപ് ചൈന സന്ദർശിക്കുന്നത്. ഇന്ന് രാവിലെ 10ന് ബെയ്ജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ചൈനയും അമേരിക്കയും രണ്ടു സൂപ്പർ പവറുകളാണെന്ന് അമേരിക്കയിൽനിന്നു പുറപ്പെടുംമുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണ് നമ്മൾ. മറ്റെന്തിനേക്കാളും വ്യാപാരം സംബന്ധിച്ചായിരിക്കും ഷീയുമായി സംസാരിക്കുകയെന്ന് ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിൽനിന്ന് പുറപ്പെടുന്നതിനുമുമ്പു തന്നെ ചൈന സന്ദർശനം വിജയകരമായിരിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വർഷാവസാനം ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധത്തിൽ തളർന്നുനിൽക്കുന്ന സന്ദർഭത്തിലാണ് ട്രംപിന്റെ ചൈന സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
തായ്വാന് ആയുധം വിൽക്കാനുള്ള അമേരിക്കൻ പദ്ധതി ചൈന എതിർക്കാനാണു സാധ്യത. ചൈന സ്വന്തം ദേശത്തിന്റെ ഭാഗമായി കണക്കാക്കുന്ന തായ്വാന് ആയുധം നൽകുന്നത് ചൈനയ്ക്ക് താത്പര്യമില്ല.
11 ബില്യൺ യുഎസ് ഡോളറിന്റെ പദ്ധതി ഡിസംബറിൽ യുഎസ് ഭരണകൂടം അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
തായ്വാൻ വിഷയം ഷീയുമായി ചർച്ച ചെയ്യുമെന്ന് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ലോകത്തിലെ മുൻനിര ചിപ്പ് നിർമാതാക്കളായ തായ്വാനുമായുള്ള ബന്ധവും അമേരിക്കയ്ക്ക് പ്രധാനമാണ്.
അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾക്ക് പരിധിനിശ്ചയിക്കുന്ന കരാർ സാക്ഷാത്കരിക്കുന്നതിനും ട്രംപ് ആഗ്രഹിക്കുന്നതായി യുഎസ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈനയുടെ പക്കൽ 600ലധികം പ്രവർത്തനക്ഷമമായ ആണവായുധങ്ങളുണ്ടെന്നാണ് പെന്റഗൺ കരുതുന്നത്.
ഇത് കൂടാതെ 5,000ത്തിലധികം ആണവവായുധങ്ങൾ സൂക്ഷിക്കുന്നതായും കണക്കാക്കപ്പെടുന്നു. റഷ്യയേക്കാളും യുഎസിനേക്കാളും കൂടുതലാണിത്. റഷ്യയും അമേരിക്കയും തമ്മിലുള്ള ന്യൂ സ്റ്റാർട്ട് ഉടമ്പടി എന്നറിയപ്പെടുന്ന ആണവായുധ ഉടമ്പടി ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ചൈനയെക്കൂടി ചേർത്ത് പുതിയ കരാർ ഉണ്ടാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.
സിഇഒമാർ, ഇലോൺ മസ്ക്, ടിം കുക്ക്, ലാറി ഫിങ്ക് തുടങ്ങി ബിസിനസ്-സാങ്കേതിക രംഗത്തെ പ്രമുഖർ, സഹായികൾ, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള വൻസംഘവുമായാണ് ട്രംപ് ചൈനയിൽ എത്തിയിരിക്കുന്നത്.
International
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ചൈനയിൽ. ഒമ്പത് വർഷത്തിനിടെ ട്രംപിന്റെ രണ്ടാം ചൈനാ സന്ദർശനമാണിത്.
ചൈനിസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ സംഘർഷം, തീരുവ, വ്യാപാരക്കരാർ തുടങ്ങിയവ ചർച്ചയാവും.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് ഷി ജിൻപിംഗുമായുള്ള ഉഭയകക്ഷി ചർച്ച.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി സമ്പുഷ്ടീകരിച്ച യുറേനിയം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാൻ ഇറാൻ തയാറാണെന്ന് റിപ്പോർട്ടുകൾ. 'വാൾ സ്ട്രീറ്റ് ജേണൽ' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണമായാണ് നിലപാടെന്നാണ് വിവരം. എന്നാൽ ആണവനിലയങ്ങൾ തകർക്കണമെന്ന അമേരിക്കൻ നിർദേശം ഇറാൻ അംഗീകരിച്ചിട്ടില്ല.
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്നും ഇറാൻ ആവശ്യപ്പെടും. യുറേനിയം ശേഖരം നീക്കം ചെയ്യണമെന്നും രാജ്യത്തെ ആണവ നിലയങ്ങൾ തകർക്കണമെന്നുമായിരുന്നു അമേരിക്ക കഴിഞ്ഞ ദിവസം മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ.
എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഇറാന്റെ ആദ്യ പ്രതികരണം സ്വീകാര്യമല്ലെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങൾ അമേരിക്ക വെളിപ്പെടുത്തിയിരുന്നില്ല.
International
വാഷിംഗ്ടൺ ഡിസി: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദേശത്തെ പൂർണമായും തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒട്ടും സ്വീകാര്യമല്ല എന്ന് വിശേഷിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്റ് നിർദേശം തള്ളിയത്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കി.
ഇറാന്റെ ഭരണപ്രതിനിധികൾ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന നീക്കത്തിന്റെ ഭാഗമായാണ് പാകിസ്ഥാൻ വഴി ഇറാൻ തങ്ങളുടെ പുതിയ നിർദ്ദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയത്. എന്നാൽ ഇറാന്റെ ആണവ പദ്ധതികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്റാൻ ശക്തമായി എതിർക്കുന്നതാണ് നിലവിലെ തടസം.
വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആദ്യം യുദ്ധം നിർത്തൽ, പിന്നെ ഹോർമൂസ് തുറക്കൽ, ഉപരോധങ്ങൾ നീക്കിയ ശേഷം പിന്നീട് ആണവ ചർച്ചയെന്നായിരുന്നു ഇറാൻ നേരത്തെ നൽകിയ നിലപാട്. കീഴടങ്ങലോ വിട്ടുവീഴ്ച്ചയോ ഉണ്ടാവില്ലെന്ന് ഇന്നും ഇറാൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ വീസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, വിദേശ ഡോക്ടർമാരുടെ വിസ നടപടികൾ പുനരാരംഭിക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പ് അനുമതി നൽകി.
39 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളിൽ നിന്നാണ് ഡോക്ടർമാരെ ഒഴിവാക്കിയത്. 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന യാത്രാ വിലക്കിനെത്തുടർന്ന് വിസ പുതുക്കലുകളും ഗ്രീൻ കാർഡ് അപേക്ഷകളും തടസപ്പെട്ടിരുന്നു.
അമേരിക്കയിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ് ഈ പിൻമാറ്റം. യുഎസിലെ ഡോക്ടർമാരിൽ കാൽഭാഗവും വിദേശത്ത് പരിശീലനം നേടിയവരാണ്.
വിദേശ ഡോക്ടർമാരിൽ 64 ശതമാനവും സേവനമനുഷ്ഠിക്കുന്നത് ഗ്രാമീണ മേഖലകളിലും ഡോക്ടർമാരുടെ കുറവുള്ള പ്രദേശങ്ങളിലുമാണ്. നിയന്ത്രണം തുടരുന്നത് ആരോഗ്യരംഗത്തെ തകർക്കുമെന്ന് മെഡിക്കൽ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ പുതിയ ഉത്തരവോടെ വിദേശ ഡോക്ടർമാർക്ക് അമേരിക്കൻ ആശുപത്രികളിൽ ജോലി ചെയ്യുന്നതിനായുള്ള വിസകൾ തടസമില്ലാതെ ലഭിക്കും.
International
വാഷിംഗ്ടൺ: രണ്ട് മാസത്തിലേറെയായി നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത്.
ഒറ്റപ്പേജുള്ള ധാരണപത്രത്തിലൂടെയാണ് ആദ്യഘട്ടത്തിൽ സന്ധിയായത്. ഇതിനുപിന്നാലെ ഉപരോധങ്ങൾ നീക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം പുനഃരാരംഭിക്കാനുമാണ് തീരുമാനം. ഇറാന് മേലുള്ള ഉപരോധങ്ങൾ അമേരിക്ക ഘട്ടംഘട്ടമായി നീക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയാകുന്നതോടെ ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കേണ്ടി വരും. അതേസമയം യുദ്ധത്തില് അമേരിക്കയുടെ ലക്ഷ്യങ്ങളെല്ലാം പൂര്ത്തിയായ സാഹചര്യത്തില് സംഘര്ഷം അവസാനിപ്പിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് ആണ് ഇറാനെതിരെ ഇസ്രയേല്-യുഎസ് സംയുക്ത ആക്രമണം ആരംഭിച്ചത്. രണ്ട് മാസങ്ങളായി നീണ്ടുനിന്ന സൈനിക നടപടികള് പശ്ചിമേഷ്യയെ സംഘര്ഷാവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നു. സംഘര്ഷം ഗള്ഫ് മേഖലയില് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
International
വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ 14 ഇന നിർദേശങ്ങൾ തള്ളിയ അമേരിക്ക ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്തു.
പ്രൊജക്ട് ഫ്രീഡം എന്ന പേരിലാണ് പുതിയ പദ്ധതി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇക്കാര്യം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കുകയായിരുന്നു. കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയാണ് ലക്ഷ്യം.
ഹോർമുസ് പ്രതിസന്ധിയിൽ ഇറാനുമായി പോസിറ്റീവായ ചർച്ചകളാണ് നടക്കുന്നത്. ഈ ചർച്ചകൾ എല്ലാവർക്കും ഗുണകരമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ അമേരിക്കയുടെ നാവിക ഉപരോധവും ഹോർമുസിലെ നിയന്ത്രണങ്ങളും സംബന്ധിച്ച് ട്രംപ് നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച 14 ഇന നിർദേശങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ചർച്ചകൾ പരാജയപ്പെട്ടാല് വീണ്ടും സൈനിക നടപടികൾ ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
Sports
സൂറിച്ച് : ഫുട്ബോൾ ലോകകപ്പിൽ ഇറാൻ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. വാങ്കൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിൽ സംസാരിക്കവെയാണ് ഇൻഫാന്റിനോ നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം. യുഎസ് മണ്ണില് നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്ക്ക് പകരം മറ്റ് വേദികള് വേണമെന്ന് ഇറാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇറാന്റെ പങ്കാളിത്തത്തിന് അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപും അനുമതി നല്കി. ജിയാനി പറഞ്ഞിട്ടുണ്ടെങ്കില് എനിക്ക് സമ്മതമാണ്. അവര് കളിക്കട്ടെ ജിയാനി എന്റെ സുഹൃത്താണ്. അദ്ദേഹവുമായി ഞാന് സംസാരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ സമർപ്പിച്ച നിർദേശങ്ങളിൽ താൻ തൃപ്തനല്ലെന്നും കരാറിലെത്തുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു.
നേരത്തെ പാക്കിസ്ഥാന്റെ ഇടപെടലിനെ തുടർന്നാണ് ഇറാൻ പുതുക്കിയ നിർദേശങ്ങൾ യുഎസിന് കൈമാറിയത്. ഇറാന്റെ കാര്യത്തിൽ ഒന്നുകിൽ അവരെ നശിപ്പിക്കുക അല്ലെങ്കിൽ കരാറിലെത്തുക എന്നീ രണ്ട് ഓപ്ഷനുകളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ സൈനിക നടപടിയെ യുദ്ധമെന്നു വിളിക്കില്ല. അവരുടെ നാവികസേനയെയും വ്യോമസേനയെയും യുഎസ് തകർത്തുവെന്നും കരാറുണ്ടാക്കാൻ അവർ അത്യധികം ആഗ്രഹിക്കുകയാണ്. ഇറാന്റെ ആണവശേഷിയെ പൂർണമായി ഇല്ലാതാക്കി.
ഡ്രോൺ ഫാക്ടറികൾ ഏകദേശം 82 ശതമാനത്തോളം തകർത്തതായും ട്രംപ് അവകാശപ്പെട്ടു. അവരുടെ സമ്പദ്വ്യവസ്ഥ തകർന്നുവെന്നും എത്രത്തോളം അവർ പിടിച്ചുനിൽക്കുമെന്നു നോക്കാമെന്നും ട്രംപ് പറഞ്ഞു.
International
മോസ്കോ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഫോണിൽ ചർച്ച നടത്തി. ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു.
ഇറാനെതിരെയോ അയൽരാജ്യങ്ങൾക്കെതിരെയോ സൈനിക നടപടി ഉണ്ടായാൽ അനുഭവിക്കേണ്ടിവരും. ഇത് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് റഷ്യയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. മേയ് ഒമ്പതിന് നടക്കുന്ന റഷ്യയുടെ വിജയദിന ആഘോഷങ്ങളോട് അനുബന്ധിച്ച് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ തയാറാണെന്ന് പുടിൻ അറിയിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടണിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ ഡിന്നറിനിടെയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടു പിടിയിലായ കോൾ തോമസ് അല്ലനെതിരേ വധശ്രമക്കുറ്റം ചുമത്തി. അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചു എന്നതടക്കം മൂന്നു ഗുരുതരമായ കുറ്റങ്ങളാണ് മുപ്പത്തൊന്നുകാരനായ അല്ലനെതിരേ ചുമത്തിയിരിക്കുന്നത്.
കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കാം. വാഷിംഗ്ടൺ കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ കുറ്റം സമ്മതിച്ചിട്ടില്ല. ശനിയാഴ്ച വൈകുന്നേരം വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണു സുരക്ഷാവലയം ഭേദിച്ച് അല്ലൻ അകത്തേക്കു കടന്നത്.
വേദിയിലേക്കു നീങ്ങുന്നതിനിടെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെയും വാൻസിനെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയും പ്രതിയെ കീഴ്പ്പെടുത്തുകയും ചെയ്തു.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ യുവാവാണു പിടിയിലായ കോൾ തോമസ് അല്ലൻ.
ഇതുവരെ ഇയാൾക്കെതിരേ ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു. ആക്രമണത്തിന് പത്തു മിനിറ്റ് മുമ്പ് കുടുംബാംഗങ്ങൾക്ക് അയച്ച കുറിപ്പിൽ ട്രംപ് ഭരണകൂടത്തോടുള്ള കടുത്ത വിയോജിപ്പ് അല്ലൻ പ്രകടിപ്പിച്ചിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഭരണകൂടത്തിന്റെ നിലപാടുകളുമാണു തന്നെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നു പ്രതി അവകാശപ്പെടുന്നു.
അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടിയുള്ള പോരാട്ടമായാണ് താൻ ഇതിനെ കാണുന്നതെന്നാണ് ഇയാൾ പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
International
ന്യൂയോര്ക്ക്: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനുമായുള്ള ചർച്ചകളിൽ വിമുഖത പ്രകടിപ്പിച്ച് അമേരിക്ക. ഇറാനുമായുള്ള ചർച്ചകൾക്കായി പാക്കിസ്ഥാനിലേക്ക് പോകേണ്ടെന്ന് അമേരിക്കൻ സംഘത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി.
അനാവശ്യ യാത്രകൾ ഒരുപാടായെന്നും ട്രംപ് പറഞ്ഞു. വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ എന്നാണ് അമേരിക്കയുടെ നിലപാടെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ നേതൃത്വത്തിൽ ആരാണെന്ന് അവർക്ക് പോലും അറിയില്ലെന്നും ട്രംപ് വിമർശിച്ചു.
അതേസമയം നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്കില്ലെന്നാണ് ഇറാൻ നിലപാട്. ഇറാന്റെ സമാധാന നിർദേശങ്ങൾ പാക്കിസ്ഥാൻ വഴി അമേരിക്കയെ അറിയിക്കാനായിരുന്നു തീരുമാനം.
ഇതിനിടെയാണ് അമേരിക്കൻ സംഘം പാക്കിസ്ഥാൻ യാത്ര റദ്ദാക്കിയത്. അമേരിക്കയുമായി സമാധാന ചർച്ചകളിൽ നിലനിൽക്കുന്ന ആശങ്കകളും തങ്ങളുടെ നിർദേശങ്ങളും ഇറാൻ പാകിസ്ഥാന് കൈമാറിയതായാണ് വിവരം.
International
വാഷിംഗ്ടൺ: സമാധാനത്തിന്റെ വക്താവാകുമെന്ന് അവകാശപ്പെട്ട് അധികാരമേറ്റ ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം ലോകത്തിന് സമ്മാനിക്കുന്നത് രക്തരൂഷിതമായ യുദ്ധചരിത്രമെന്ന് റിപ്പോർട്ട്. വിദേശ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയ ട്രംപിന്റെ കീഴിൽ കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സൈനിക ഇടപെടലുകളാണ് അമേരിക്ക നടത്തിയിരിക്കുന്നത്.
2024നെ അപേക്ഷിച്ച് 2025ൽ അമേരിക്കയുടെ വിദേശ ആക്രമണങ്ങളിൽ 50 ശതമാനത്തിന്റെ വർധനവുണ്ടായി. ട്രംപിന്റെ രണ്ടാം ഊഴത്തിന്റെ ആദ്യ വർഷം മാത്രം 663 സൈനിക ഇടപെടലുകൾ നടന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ യുഎസ് ആക്രമണങ്ങളിൽ 60 ശതമാനവും യമനിലാണ് നടന്നത്. സൊമാലിയയിൽ 2025-ന് ശേഷം മാത്രം 150-ലധികം ആക്രമണങ്ങൾ അമേരിക്ക നടത്തി. ഇത് ട്രംപിന്റെ ഒന്നാം ഭരണകാലത്തെ ആകെ ആക്രമണങ്ങളുടെ പകുതിയോളം വരും.
ഇസ്രയേലിന്റെ യുദ്ധങ്ങളിൽ പങ്കുചേർന്നുകൊണ്ട് ഇറാനെതിരെയുള്ള ആക്രമണങ്ങളിലും അമേരിക്ക സജീവമാണ്. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്.
1989ലെ പനാമ അധിനിവേശത്തിന് ശേഷം ലാറ്റിൻ അമേരിക്കയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ ഇടപെടലായിരുന്നു ഈ വർഷം വെനസ്വേലയിൽ നടന്ന സൈനിക നീക്കം. ഏകദേശം 200 യുഎസ് സൈനികരാണ് വെനസ്വേലയിലെ കരാക്കസിൽ പ്രവേശിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ആയിരത്തിലധികം പേർ യുഎസ് നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
സമാധാനമുണ്ടാക്കുമെന്ന് പറയുന്ന ട്രംപിന്റെ നയങ്ങൾ അമേരിക്കൻ ജനതയ്ക്കിടയിലും ജനപ്രിയമല്ല. ഇറാനെതിരെയുള്ള ആക്രമണത്തെ 40 ശതമാനത്തിലധികം അമേരിക്കക്കാർ എതിർക്കുന്നുവെന്ന് റോയിട്ടേഴ്സ് പോൾ വ്യക്തമാക്കുന്നു. സമാധാനം സ്ഥാപിക്കുന്ന ആളായി ചരിത്രം തന്നെ രേഖപ്പെടുത്തുമെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, അദ്ദേഹം അധികാരമേറ്റ ശേഷം ലോകമെമ്പാടും സംഘർഷങ്ങൾ മൂർച്ഛിക്കുകയാണ് ചെയ്തിട്ടുള്ളത്.
International
ന്യൂഡൽഹി: ട്രംപ് നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. പരാമർശങ്ങൾ വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതുമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
"അഭിപ്രായങ്ങളും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. പരാമർശങ്ങൾ വ്യക്തമായും വിവരമില്ലാത്തതും, അനുചിതവും, മോശം അഭിരുചിയുള്ളതുമാണ്. പരസ്പര ബഹുമാനത്തിലും താൽപര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർഥ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നില്ല'.- വിദേശകാര്യ മന്ത്രാലയം വക്തവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവർ യുഎസ് തീരത്തുവന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവനയാണ് ട്രംപ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകർപ്പുമാണ് ട്രംപ് പങ്കുവച്ചത്.
‘ഗർഭത്തിന്റെ ഒൻപതാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവർ വരും. എന്നിട്ട് ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും നരകക്കുഴികളിൽ നിന്നോ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരും.
കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ യുഎസിനെ കുപ്പത്തൊട്ടിയാക്കുകയാണ്. ഇങ്ങനെ പോയാൽ യുഎസ് ഇന്ത്യയുടെയും ചൈനയുടെയും കോളനിയായി മാറും. തൊഴിൽസാധ്യതകളും ഇവർ അട്ടിമറിക്കുകയാണ്’. തുടങ്ങിയവയായിരുന്നു സാവേജിന്റെ പരാമർശങ്ങൾ.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ ഉപരോധനത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായേക്കുമെന്ന് ആശങ്ക. ഹോർമുസ് കടലിടുക്കിൽ തടസങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകൾ തകർക്കുന്നതിന് ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസിൽ കഴിഞ്ഞ ദിവസം ഇറാൻ മൂന്നു കപ്പലുകൾ ആക്രമിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ട്രംപ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഹോർമുസിൽ തടസം നിൽക്കുന്ന ഏത് ബോട്ടും വെടിവച്ച് വീഴ്ത്താൻ നാവികസേനയോട് ഉത്തരവിട്ടതായാണ് ട്രംപ് അറിയിച്ചത്. ഹോർമുസിലെ ഇറാന്റെ നാവികസേനാ ബോട്ടുകൾ തകർക്കാനാണ് ട്രംപിന്റെ നിർദേശം.
കടലിടുക്ക് വൃത്തിയാക്കുന്ന മൈൻ സ്വീപ്പറുകളുടെ വേഗം മൂന്നിരട്ടിയായി വർധിപ്പിക്കാനും ട്രംപ് ഉത്തരവിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹോർമുസിൽ തങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും ഇറേനിയൻ സൈനിക ശേഷി സംബന്ധിച്ച അവകാശവാദങ്ങൾ തള്ളി യുഎസ് ഇന്റലിജൻസ്.
ഇറേനിയൻ സൈനിക ശേഷി ദുർബലമായെന്ന് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഇറേനിയൻ സൈനിക ശേഷി തകർത്തെന്നും, ഇനി ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ഇറേനിയൻ സായുധസേന ദുർബലമായെന്നും ട്രംപ് തുടരെ അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ.
ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഇറേനിയൻ സൈനിക ശേഷി ശക്തമാണെന്ന് ആയിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ട്രംപ് വെടിനിർത്തൽ കരാർ നീട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്റെ അഭ്യർഥനയെ തുടർന്നാണ് വെടിനിർത്തൽ നീട്ടിയതെന്നായിരുന്നു ട്രംപിന്റെ വാദം. വെടിനിർത്തൽ നീട്ടാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഏത് ഭീഷണികൾക്കും ശത്രുതാപരമായ നടപടികൾക്കും പ്രതികരിക്കാൻ തങ്ങൾ തയാറാണെന്നും ഇറാൻ അറിയിച്ചിരുന്നു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ അനിശ്ചിതത്വത്തിൽ. ഭീഷണിയുടെ നിഴലിൽ നിന്നുകൊണ്ട് അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ഇറാൻ ഒരു കരാറിന് തയ്യാറാകുന്നത് വരെ അവരുടെ തുറമുഖങ്ങൾക്കും ഹോർമുസ് കടലിടുക്കിനും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. 14 ദിവസത്തെ താത്കാലിക വെടിനിർത്തൽ ബുധനാഴ്ച അവസാനിക്കാനിരിക്കെ, പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന സമാധാന ചർച്ചകളിൽ ഇറാൻ പങ്കെടുക്കുന്ന കാര്യം സംശയത്തിലാണ്.
അമേരിക്കയുടെ "മോശം സമീപനവും" ഭീഷണികളുമാണ് ഇതിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. ഇറാനിലെ പ്രധാന തുറമുഖങ്ങൾ ഉപരോധിക്കുന്നത് തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. കരാറിൽ എത്തിയില്ലെങ്കിൽ വീണ്ടും ബോംബാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. ഉപരോധം മൂലം ഏകദേശം 2,000 കപ്പലുകളും 20,000 നാവികരും ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു.
International
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ ശക്തമായ ബോംബാക്രമണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഭീഷണിയും ഇറാന്റെ നിലപാടും ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
ഏപ്രിൽ പകുതി മുതൽ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന തടയുന്നുണ്ട്. ഇറാൻ ഈ നടപടിയെ നിയമവിരുദ്ധമെന്നും പ്രകോപനപരമെന്നും വിളിച്ച് അപലപിച്ചിരുന്നു. ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ വെച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും, ആണവ കരാറുകൾ, ഉപരോധം നീക്കൽ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. അതേസമയം പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ കൈവശമുള്ള യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ നടത്തിയ സൈനികനീക്കങ്ങളുടെ ഫലമായി രൂപപ്പെട്ട ഈ ആണവ അവശിഷ്ടങ്ങൾ കൈമാറുന്നതിനായി യാതൊരുവിധ പണമിടപാടും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും ലെബനനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിൽനിന്നും ഇസ്രയേലിനെ അമേരിക്ക വിലക്കിയതായും ട്രംപ് അറിയിച്ചു.
ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അമേരിക്ക കൈകാര്യം ചെയ്യുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ഇസ്ലാമാബാദ്: യുഎസും ഇറാനും തമ്മിൽ വെടിനിർത്താൻ ധാരണയായതായി സൂചന. 60 ദിവസത്തിനുള്ളിൽ ധാരണാപത്രം ഒപ്പിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ലബനനും ഇസ്രയേലും തമ്മിൽ പത്തു ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ യുഎസും ഇറാനും തമ്മിൽ വൈകാതെ സമാധാന കരാർ ഒപ്പുവയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം താൽക്കാലിക വെടിനിർത്തൽ ആഹ്വാനം അംഗീകരിക്കില്ലെന്ന് ഇറാൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖാതിബ്സാദേ പറഞ്ഞു. ശാശ്വത വെടിനിർത്തലാണ് വേണ്ടത്. ഹോർമുസ് കടലിടുക്ക് ആക്രമണങ്ങൾക്ക് മുൻപ് തുറന്നുതന്നെയാണ് കിടന്നത്.
ഇറാന്റെ സമുദ്രാതിർത്തിക്കുള്ളിലാണ് ഹോർമുസ്. ഇസ്രയേലിന്റെയും യുഎസിന്റെയും പ്രകോപനങ്ങളാണ് രാജ്യന്തര വ്യാപാരപ്പാതയെ നിശ്ചലാവസ്ഥയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഏജൻസിയായ സിഡിസി ഡയറക്ടറായി മുൻ ഡെപ്യൂട്ടി സർജൻ ജനറൽ എറിക്ക ഷ്വാർട്സിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദശം ചെയ്തു.
ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂണിയറും എറിക്കയുടെ പേര് നിർദേശിച്ചതായാണ് സൂചന. നിലവിൽ വാക്സിൻ നയങ്ങളിലും ബജറ്റ് വെട്ടിക്കുറയ്ക്കലിലും കെന്നഡിയും കോൺഗ്രസും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പൊതുജനാരോഗ്യ രംഗത്ത് മികച്ച പരിചയസമ്പത്തുള്ള എറിക്കയുടെ നിയമനം സഹായിക്കുമെന്ന് കരുതപ്പെടുന്നു.
ട്രംപ് ഭരണകൂടത്തിന് കീഴിൽ ഡെപ്യൂട്ടി സർജൻ ജനറലായിരുന്ന എറിക്ക, കോസ്റ്റ് ഗാർഡിൽ ചീഫ് മെഡിക്കൽ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ സൂസൻ മോനാരെസ് പുറത്തായതിനെത്തുടർന്ന് സിഡിസിയിൽ സ്ഥിരമായൊരു നേതൃത്വം ഉണ്ടായിരുന്നില്ല.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കേ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തിയതായി റിപ്പോർട്ട്. "എന്റെ സുഹൃത്ത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിളിച്ചു' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എക്സിൽ പങ്കുവച്ചത്.
40 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ "ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്ന് ട്രംപ് മോദിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ കുറിച്ചും ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെക്കുറിച്ചും സംസാരിച്ചതായും ഇന്ത്യയുടെ നിലപാട് വിശദീകരിച്ചതായും മോദി വ്യക്തമാക്കി. മേഖലയിൽ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
ട്രംപും മോദിയും തമ്മിൽ നടക്കുന്ന ഈ വർഷത്തെ മൂന്നാമത്തെ ഫോൺ കോൾ സംഭാഷണമാണ് ഇത്.
National
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാനുമായി താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മിൽ ചർച്ച നടത്തുന്നത്.
ട്രംപുമായി ഫോണിൽ സംസാരിച്ചതായി മോദി എക്സിലൂടെ വെളിപ്പെടുത്തുകയായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇറാനുമായുള്ള വെടിനിർത്തൽ അടക്കമുള്ള നിലവിലെ സാഹചര്യങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തത്.
40 മിനിറ്റാണ് മോദിയും ട്രംപും തമ്മിലുള്ള ചർച്ച നീണ്ടുനിന്നത്. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയതായി മോദി എക്സിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിലെ ഇന്ത്യയുടെ നിലപാട് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
International
ബെയ്ജിംഗ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന രംഗത്ത്. ഇറാന് ആയുധങ്ങൾ നൽകുന്നില്ലെന്ന് ചൈന ഔദ്യോഗികമായി പ്രതികരിച്ചാണ് രംഗത്തെത്തിയത്.
ഇത്തരം ആരോപണങ്ങളുന്നയിച്ച് വീണ്ടും വ്യാപാര താരിഫുകൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നും ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. തങ്ങൾക്കെതിരെ ഏകപക്ഷീയമായ സാമ്പത്തിക നടപടികളുമായി മുന്നോട്ട് പോയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ചൈന പ്രതികരിച്ചു.
ചൈനീസ് വിദേശകാര്യ മന്ത്രാലയം ആണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചൈനീസ് കമ്പനികളെ ലക്ഷ്യം വച്ചുള്ള അമേരിക്കൻ സമ്മർദ തന്ത്രങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാനുമായുള്ള തങ്ങളുടെ ബന്ധം അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇറാന്റെ തുറമുഖങ്ങൾ തടയാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ. ട്രംപിന്റെ തീരുമാനം സ്ഥിതിഗതികൾ വഷളാക്കുമെന്നാണ് സൗദി അറേബ്യയുടെ നിലവിലെ ആശങ്ക.
ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കണമെന്നും ഇറാനുമായി ചർച്ചകൾ പുനരാരംഭിക്കണമെന്നും സൗദി അറേബ്യ ട്രംപ് ഭരണകൂടത്തിന് മേൽ സമ്മർദം ചെലുത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദക രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്ഥിരത തകർത്തതായാണ് വിലയിരുത്തലുകൾ.
ഇറാന്റെ സമ്പദ്വ്യവസ്ഥയെ ശിഥിലമാക്കാൻ ലക്ഷ്യമിട്ടാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ ചരക്ക് നീക്കങ്ങളും തടയാൻ യുഎസ് തീരുമാനിച്ചത്. എന്നാൽ ഇതിന് പ്രതികാരമായി ചെങ്കടലിലെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് ഇറാൻ അടച്ചുപൂട്ടിയേക്കാമെന്ന് സൗദി അറേബ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദിയുടെ എണ്ണ കയറ്റുമതിയെ സംബന്ധിച്ചിടത്തോളം അതീവ നിർണായക പാതയാണിത്. ഇറാൻ തുറമുഖങ്ങൾ അടയ്ക്കാനുള്ള നീക്കം മറ്റ് പ്രധാന ഷിപ്പിംഗ് റൂട്ടുകളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ഇറാനിയൻ പ്രത്യാക്രമണങ്ങൾക്ക് വഴിവെക്കുമെന്നും സൗദി അറേബ്യ ആശങ്കപ്പെടുന്നു.
International
ന്യൂഡൽഹി: ഇറാന്റെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ. യുറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കേണ്ട കാലയളവുമായി ബന്ധപ്പെട്ട തർക്കമാണു ചർച്ചകൾ ലക്ഷ്യം കാണാതെപോയത്.
ഇറാൻ നടത്തുന്ന ആണവ പ്രവർത്തനങ്ങൾ 20 വർഷത്തേക്ക് നിർത്തിവയ്ക്കാൻ അമേരിക്ക ആവശ്യപ്പെട്ടപ്പോൾ, അഞ്ചു വർഷത്തിലധികം സമ്മതിക്കാനാവില്ലെന്ന് ഇറാൻ കടുത്ത നിലപാടെടുത്തതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
യുറേനിയം സമ്പുഷ്ടീകരണത്തിനു പുറമെ, ആഗോള ഊർജ വിതരണത്തിന്റെ പ്രധാനകേന്ദ്രമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാനു മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുന്നതും ചർച്ചാവിഷയമായി. നിലവിൽ ഇറാൻ ഉപരോധിച്ചിരിക്കുന്ന കടലിടുക്ക് തുറക്കുമെന്ന് അമേരിക്ക ഉറപ്പിച്ചു പറഞ്ഞു.
എന്നാൽ, മുന്പ് ജനീവയിൽ നടന്ന ചർച്ചകൾക്കിടെ അമേരിക്കയും ഇസ്രയേലും ചേർന്നു നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി, വാഷിംഗ്ടണിന്റെ വാഗ്ദാനങ്ങളിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സംശയം പ്രകടിപ്പിച്ചു.
ഇസ്ലമാബാദിലെ സെറീന ഹോട്ടലിൽ അതീവ സുരക്ഷയോടെയായിരുന്നു കൂടിക്കാഴ്ച. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും ചർച്ചകളിൽ പങ്കെടുത്തു.
20 മണിക്കൂറിലധികം നീണ്ട ചർച്ചയിൽ ഒരു ഘട്ടത്തിൽ 80 ശതമാനത്തോളം ധാരണയിൽ എത്തിയെങ്കിലും, സുപ്രധാന തീരുമാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇരുവിഭാഗവും തുടർന്നതു തിരിച്ചടിയാകുകയായിരുന്നു.
ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണു ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ആണവ വിഷയത്തിനു പുറമെ സുരക്ഷാ ഉറപ്പുകളും ഉപരോധങ്ങൾ പൂർണമായി നീക്കുന്നതും ഉൾപ്പെടുന്ന വിപുലമായ കരാറാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നത്.
ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാംഘട്ട ചർച്ചകളെക്കുറിച്ച് ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്കു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുനടന്ന ഉന്നതതല ചർച്ചയാണിത്.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായും തടയുമെന്നും ഒരു കപ്പലിനെയും ഹോർമുസ് കടലിടുക്ക് കടത്തിവിടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നാവികസേന ഉടൻ നാവിക ഉപരോധത്തിനുള്ള തയാറെടുപ്പ് നടത്തുമെന്നും ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇറാനുമായുള്ള ചർച്ചയിൽ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായെങ്കിലുംഏറ്റവും പ്രധാനപ്പെട്ട ‘ആണവ' വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയാറായില്ല. ഇതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ട്രംപ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും അവിടെനിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി ഉയർത്തുന്നുവെന്നും ഇത് ലോകത്തെ ബന്ദിയാക്കുന്ന പിടിച്ചുപറിയാണെന്നും ട്രംപ് ആരോപിച്ചു. ഇറാന് നികുതിയോ ടോളോ നൽകി അന്താരാഷ്ട്ര പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയും തടയാൻ നാവികസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
സമാധാനപരമായി നീങ്ങുന്ന കപ്പലുകൾക്കോ യുഎസ് സേനയ്ക്കോ നേരെ ഇറാൻ വെടിയുതിർത്താൽ കടുത്ത തിരിച്ചടി നൽകുമെന്നും ട്രംപ് ഭീഷണി മുഴക്കി. ആണവായുധ മോഹം ഉപേക്ഷിക്കാതെ ഇറാനെ ഇനി ലാഭം കൊയ്യാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് അമേരിക്ക. ഈ നാവിക ഉപരോധം ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പൽ തിരിച്ചയച്ചെന്ന് ഇറാൻ. ഇസ്ലാമാബാദിൽ അമേരിക്ക-ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഹോർമുസിലെത്തിയ കപ്പൽ തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
ഇതിനുപിന്നാലെ അമേരിക്കൻ കപ്പൽ തിരിച്ചയച്ചെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ ഇറാന് വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി.
ഇറാൻ തകർന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. അധികം വൈകാതെ ഇറാന്റെ ഭാവി എന്താണെന്ന് താൻ പറയാം. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും. സമാന്തരമായി മറ്റ് എണ്ണപ്പാതകൾ കൂടി വരുമെന്നും ട്രംപ് വിശദീകരിച്ചു.
ഇറാന്റെ സഹകരണത്തോടെയോ അല്ലാതെയോ ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ തുറക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. പടക്കപ്പലുകളിൽ അത്യാധുനിക ആയുധങ്ങൾ നിറയ്ക്കുകയാണെന്നും സമാധാനം ഉണ്ടായില്ലെങ്കിൽ അവ ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
NRI
വാഷിംഗ്ടൺ ഡിസി: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്സ്റ്റീനുമായി അടുത്ത സൗഹൃദമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് പ്രഥമ വനിത മെലാനിയ ട്രംപ്. ഒരു പ്രസ്താവനയിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, എപ്സ്റ്റീൻ കേസ് വീണ്ടും ചർച്ചയാകാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ മെലാനിയയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായില്ല.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന ഈ വിശദീകരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
International
വാഷിംഗ്ടൺ: ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന നിർണായക ചർച്ചകൾക്ക് മുന്നോടിയായി ഇറാനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം കൈവശം വെക്കുക എന്നതിനപ്പുറം അമേരിക്കയെ പ്രതിരോധിക്കാൻ ഇറാന്റെ പക്കൽ മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന് ട്രംപ് പരിഹസിച്ചു.
ലോകത്തെ എണ്ണക്കടത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്ക് തടസപ്പെടുത്തുമെന്ന് ഇറാൻ ഭീഷണിപ്പെടുത്താറുണ്ടെങ്കിലും, അത് പ്രായോഗികമായി നടപ്പിലാക്കാൻ അവർക്ക് കഴിയില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇറാനെ സാമ്പത്തികമായി തളർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മേഖലയിൽ പ്രകോപനം സൃഷ്ടിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
International
വാഷിംഗ്ടൺ: ഹോർമുസ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതമാക്കാൻ സഹായിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
എണ്ണ വ്യാപാരം തടസപ്പെടുകയും വില കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ പിന്തുണാ പ്രഖ്യാപനങ്ങൾ ഇനി പര്യാപ്തമല്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ചരക്ക് ഗതാഗതത്തെ സഹായിക്കാൻ വിശദമായ പദ്ധതികൾ അവതരിപ്പിക്കാൻ യൂറോപ്യൻ പങ്കാളികളോട് അമേരിക്ക ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുമെന്ന് യുകെ നേതൃത്വത്തിലുള്ള യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, കാനഡ എന്നിവയുൾപ്പെടെ 40ൽ അധികം രാജ്യങ്ങളുടെ സഖ്യം പറഞ്ഞിരുന്നു. 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷവും പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല.
International
വാഷിംഗ്ടൺ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിന് പിന്നാലെ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ ഇനി യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
യുദ്ധത്തിന് ശേഷമുള്ള വെടിനിർത്തൽ ഗുണപരമായ ഒരു അധികാരമാറ്റത്തിന് വഴിയൊരുക്കിയെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും താരിഫുകളും കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി സഹകരിച്ച് ഭൂമിക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യും. ഇറാന്റെ ആണവകേന്ദ്രങ്ങൾ ഉപഗ്രഹ നിരീക്ഷണത്തിലാണ്. ആക്രമണം നടന്ന തീയതി മുതൽ അവയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ട്രംപ് അറിയിച്ചു.
International
ടെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നിലവിലെ വെടിനിർത്തൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ്യുടെ രക്തത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയോടെ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സമയപരിധി അവസാനിച്ചതോടെയാണ് രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് യുഎസ് അംഗീകാരം നൽകിയത്.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായും വെള്ളിയാഴ്ച മുതൽ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ അമേരിക്കയുമായി ചർച്ചകൾ ആരംഭിക്കുമെന്നും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.
എന്നാൽ ഇപ്പോഴത്തെ നീക്കം യുദ്ധം അവസാനിക്കുന്നതായി സൂചിപ്പിക്കുന്നില്ലെന്നും ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ അതേ നാണയത്തിൽ നേരിടുമെന്നും മസൂദ് പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: ലോകം മുൾമുനയിൽനിന്ന നിമിഷങ്ങൾ പിന്നിട്ട് അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തേക്കു വെടി നിർത്തൽ പ്രഖ്യാപിച്ചതോടെ ലോകം ആശ്വാസത്തിൽ. ഇതിന്റെ പ്രതിഫലനമെന്ന വിധം ഒാഹരിവിപണികളിൽ കുതിപ്പുണ്ടായി. എണ്ണവിലയിലും കുറവുണ്ടായി.
താത്കാലിക വെടിനിർത്തൽ മിഡിൽ ഈസ്റ്റിലെ മിസൈൽ ആക്രമണങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും രണ്ടാഴ്ചത്തേക്ക് അറുതിവരുത്തുമെന്നു കരുതുന്നു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ സംഘർഷം ലഘൂകരിക്കാൻ ഇറാൻ മുന്നോട്ടുവച്ച പത്തു നിർദേശങ്ങൾ യുഎസ് അംഗീകരിച്ചില്ലെങ്കിലും അവയിൽ ചർച്ചയാകാമെന്നു സമ്മതിച്ചതോടെയാണ് യുദ്ധം താത്കാലികമായി നിർത്താൻ വഴിതെളിഞ്ഞത്.
ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ ഈ നിർദേശങ്ങൾ പരിഗണിക്കപ്പെടും. ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് പ്രകാരം ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ഇവ:
ആക്രമണരഹിത കരാർ: അമേരിക്കയും ഇറാനും തമ്മിൽ പരസ്പരം ആക്രമിക്കില്ലെന്ന കരാറിൽ ഏർപ്പെടുക.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം: ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ നിയന്ത്രണം തുടരുക.
ആണവോർജ അവകാശം: ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കുക.
അമേരിക്കൻ ഉപരോധങ്ങൾ നീക്കൽ: ഇറാനുമേൽ അമേരിക്ക നേരിട്ട് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ പ്രാഥമിക ഉപരോധങ്ങളും പിൻവലിക്കുക.
സെക്കൻഡറി ഉപരോധങ്ങൾ പിൻവലിക്കൽ: ഇറാനുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യുക.
യുഎൻ പ്രമേയങ്ങൾ റദ്ദാക്കൽ: ഇറാനെതിരെയുള്ള എല്ലാ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും അവസാനിപ്പിക്കുക.
ഐഎഇഎ പ്രമേയങ്ങൾ അവസാനിപ്പിക്കുക: അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസി (IAEA) ബോർഡ് ഇറാനെതിരെ പാസാക്കിയ എല്ലാ പ്രമേയങ്ങളും റദ്ദാക്കുക.
നഷ്ടപരിഹാരം നൽകുക: ഉപരോധങ്ങളും ആക്രമണങ്ങളും മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകുക.
സൈനിക പിന്മാറ്റം: മേഖലയിൽനിന്ന് (മിഡിൽ ഈസ്റ്റ്) യുദ്ധ സജ്ജരായ അമേരിക്കൻ സൈനികരെ പൂർണമായും പിൻവലിക്കുക.
സർവതല യുദ്ധവിരാമം: ലെബനനിലെ ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഉൾപ്പെട്ട എല്ലാ പോരാട്ടങ്ങളും അവസാനിപ്പിക്കുക.
എത്രത്തോളം? വ്യക്തതയില്ല
ഈ നിർദേശങ്ങളൊന്നും യുഎസ് അംഗീകരിച്ചതായി സ്ഥിരീകരണമില്ല. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചതോടെ യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു എന്നതു മാത്രമാണ് അമേരിക്ക നൽകിയിരിക്കുന്ന സ്ഥിരീകരണം. ഇറാൻ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങളിലുള്ള ചർച്ചകൾ വിപുലമായ ഒരു സമാധാന കരാറിന് അടിത്തറയായേക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള "ഏതാണ്ടെല്ലാ" പ്രധാന പ്രശ്നങ്ങളിലും തത്വത്തിൽ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും ഉപരോധങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിലും സൈനിക പിന്മാറ്റത്തിലും ഇറാന്റെ ആവശ്യങ്ങൾ എത്രത്തോളം അംഗീകരിക്കാൻ വാഷിംഗ്ടൺ തയാറാകുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
International
വാഷിംങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് കാലാവധി അവസാനിച്ചാൽ താൻ വെനസ്വേലൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡോണാൾഡ് ട്രംപ്.
വെനസ്വേലയിൽ തനിക്ക് വലിയ ജനപിന്തുണയാണ് ഉള്ളതെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടി വേഗത്തിൽ സ്പാനിഷ് പഠിക്കുമെന്നും ട്രംപ് തമാശരൂപേണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെനസ്വേലയിലെ ജനങ്ങൾ താൻ അവിടെ പ്രസിഡന്റായി കാണാൻ ആഗ്രഹിക്കുന്നുണ്ട്. താൻ മത്സരിച്ചാൽ ആർക്കും ഇതുവരെ ലഭിക്കാത്ത ഭൂരിപക്ഷത്തിൽ വിജയിക്കും. അതുകൊണ്ട് യുഎസിലെ കാലാവധി അവസാനിച്ചാൽ വെനസ്വേലയിലേക്കു പോകാനാണ് ആഗ്രഹിക്കുന്നത്- ട്രംപ് പറഞ്ഞു.
നിലവിലെ പ്രസിഡന്റിൽ വെനസ്വേലൻ ജനത സന്തുഷ്ടരാണെന്നും എന്നാൽ വലിയൊരു മാറ്റം അവിടെയുള്ളവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലൻ സൈന്യത്തിന്റെ പക്കൽ റഷ്യൻ, ചൈനീസ് നിർമിത ആധുനിക ആയുധങ്ങൾ ഉണ്ടായിട്ടും യുഎസ് സൈന്യത്തോടു പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ, ഭാര്യ സിലിയ എന്നിവരെ കഴിഞ്ഞ ജനുവരിയിലാണ് യുഎസ് സൈന്യം തടവിലാക്കിയത്.
International
ടെഹ്റാൻ: ഇറാനെ പൂർണമായും തകർക്കുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുമായുള്ള എല്ലാതരത്തിലുമുള്ള ചർച്ചകളും ഉപേക്ഷിച്ച് ഇറാൻ. അമേരിക്കയുമായുള്ള ആശയവിനിമയങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കാനും ഇറാൻ തീരുമാനിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ ഇറാനെ പൂർണമായും അവസാനിപ്പിക്കുമെന്ന ഭീഷണിയെ തുടർന്നാണ് എല്ലാ ചർച്ചകളും അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നേരിട്ടോ മധ്യസ്ഥർ മുഖേനയോ ഇനി അമേരിക്കയുമായി ചർച്ചയൊന്നും വേണ്ടെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കൻ ഭീഷണിക്ക് പിന്നാലെ 14 ദശലക്ഷം പൗരന്മാർ മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകാൻ തയാറാണെന്ന് ഇറാൻ പ്രസിഡന്റ് അറിയിച്ചിരുന്നു. ഇതിനിടെ ഇറാനിൽ അമേരിക്കയും ഇസ്രയേലും കനത്ത ആക്രമണം ആരംഭിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: ഇറാനിൽ ചൊവ്വാഴ്ച രാത്രിയോടെ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. താൻ അത് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അത് മിക്കവാറും നടക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ലോകത്തിന്റെ ദീർഘവും സങ്കീർണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇപ്പോൾ തങ്ങൾ പൂർണമായ ഭരണമാറ്റത്തിലൂടെ കടന്നുപോയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി തങ്ങളെ തേടിയെത്തും. 47 വർഷത്തെ അതിക്രമം, അഴിമതി എന്നിവയക്ക് അന്ത്യം കുറിക്കുമെന്നും ഇറാനിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്ത്യശാസനം നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയാറായി 14 ദശലക്ഷത്തിലധികം ഇറാനിയൻ പൗരന്മാർ സന്നധമാണെന്ന് അദ്ദേഹം പറഞ്ഞു.
താൻ ഇറാനുവേണ്ടി തന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്. താൻ ഇപ്പോഴും അങ്ങനെയാണ്. ഇനിയും അങ്ങനെ തുടരുമെന്നും പെസെഷ്കിയാൻ എക്സിൽ കുറിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാനിൽ സർവനാശം വിതയ്ക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ചൊവ്വാഴ്ചയാണ് അമേരിക്ക ഇറാന് മുന്നിൽ വച്ചിരുന്ന സമയപരിധി അവസാനിക്കുക. എന്നാൽ സമയപരിധി അടുത്തിരിക്കെയാണ് ഇറാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യാനായി സർക്കാർ നടത്തുന്ന ഈ നീക്കം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.
ചൊവ്വാഴ്ച രാത്രിയോടെ കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
വാഷിംഗ്ടൺ: അന്ത്യശാസനവും സമയപരിധിയും നൽകുന്നതു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ഹരമാക്കി മാറ്റിയിരിക്കുകയാണോയെന്ന് സംശയം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ചയ്ക്കു ശേഷം ഇറാനുമേൽ നരകം പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ അദ്ദേഹം പുറപ്പെടുവിച്ചിരിക്കുന്ന അന്ത്യശാസനം.
എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതുപോലെ നിരവധി സമയപരിധികളും അന്ത്യശാസനവും ട്രംപ് പുറപ്പെടുവിക്കുകയും പിന്നീട് തിരുത്തുകയുംചെയ്തിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോർമുസിനെച്ചൊല്ലിയുള്ള അന്ത്യശാസനം അങ്ങനെയാകുമോയെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ലോകം.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപ് ഇറാനു പല "സമയപരിധികൾ" (deadlines) വയ്ക്കുകകയും എന്തെങ്കിലും ന്യായം പറഞ്ഞ് അവ മാറ്റുകയും ചെയ്തിട്ടുണ്ട്. അവ ഇങ്ങനെ:
സമയപരിധി 1: മാർച്ച് 21ന് ട്രംപിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു, 48 മണിക്കൂറിനുള്ളിൽ ഇറാൻ ജലപാത തുറന്നില്ലെങ്കിൽ വലിയ നിലയങ്ങൾ മുതൽ അവരുടെ പവർ പ്ലാന്റുകൾ "ആക്രമിച്ചു തകർക്കും'.
സമയപരിധി 2: രണ്ടു ദിവസത്തിനു ശേഷം, ഇരുരാജ്യങ്ങളും തമ്മിൽ "വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ" നടന്നുവെന്നും ഊർജ നിലയങ്ങൾക്കു നേരെയുള്ള ആക്രമണം അഞ്ചു ദിവസത്തേക്കു മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.
സമയപരിധി 3: മാർച്ച് 27ന്, ഇറാൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഊർജനിലയങ്ങൾ ആക്രമിക്കുന്നത് 10 ദിവസത്തേക്കു കൂടി നീട്ടിവയ്ക്കുന്നതായി ട്രംപ് അറിയിച്ചു. ഇതോടെ സമയപരിധി ഏപ്രിൽ ആറിലേക്കു മാറി. എന്നാൽ, ഇങ്ങനെയൊരു അഭ്യർഥന തങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.
48 മണിക്കൂർ മുന്നറിയിപ്പ്: ഏപ്രിൽ 6 എന്ന സമയപരിധി അടുത്തെത്തിയതോടെ, കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നൽകി. "എല്ലാ നരകതുല്യമായ ആക്രമണങ്ങളും' അഴിച്ചുവിടുന്നതിന് മുൻപ് ഇറാനു മുന്നിൽ ഇനി "48 മണിക്കൂർ' മാത്രമേ ഉള്ളൂ എന്നായിരുന്നു ഭീഷണി.
ഏറ്റവും പുതിയ ഭീഷണി: ഞായറാഴ്ച പങ്കുവച്ച, അസഭ്യവാക്കുകൾ നിറഞ്ഞ ഒരു പോസ്റ്റിൽ ട്രംപ് ഈ ഭീഷണി ആവർത്തിച്ചു. "ചൊവ്വാഴ്ച പവർ പ്ലാന്റ് ദിനവും പാലം ദിനവും ആയിരിക്കും' എന്ന് അദ്ദേഹം കുറിച്ചു. പിന്നീട് മറ്റൊരു പോസ്റ്റിൽ "ചൊവ്വാഴ്ച രാത്രി, ഈസ്റ്റേൺ ടൈം 8:00 ന്!" എന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും ഇത്തവണ ട്രംപിന്റെ ഭീഷണിയെ ഇറാനും വെറുതെ തള്ളുന്നില്ല. പവർ പ്ലാന്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ അവർ ആരംഭിച്ചതായി സൂചനയുണ്ട്. വൈദ്യുതിനിലയങ്ങൾക്കു ചുറ്റും മനുഷ്യചങ്ങല തീർക്കാൻ ഭരണകൂടം ആഹ്വാനംചെയ്തിട്ടുണ്ട്.
International
ടെഹ്റാൻ: ഹോർമുസ് തുറക്കുന്നതിനായി ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മുന്നൊരുക്കങ്ങളുമായി ഇറാൻ ഭരണകൂടം. രാജ്യത്തെ പ്രധാന ഊർജനിലയങ്ങൾക്ക് ചുറ്റും മനുഷ്യ ചങ്ങല തീർക്കാൻ ഇറാൻ കായിക യുവജന മന്ത്രാലയം ഉപമന്ത്രി അലിറേസ റഹീമി ആഹ്വാനം ചെയ്തു.
വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന യുഎസ് ഭീഷണിക്കെതിരെ പ്രതിഷേധിക്കാനാണ് ഈ നീക്കം. ആഗോള ഷിപ്പിംഗ് പാതയായ ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ടിനു മുമ്പ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
അതേസമയം താത്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദേശങ്ങൾ ഇറാൻ തിങ്കളാഴ്ച തള്ളിക്കളഞ്ഞിരുന്നു. താത്കാലിക വെടിനിർത്തൽ അല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് അവർ വ്യക്തമാക്കി. തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിലപാട്.
International
വാഷിംഗ്ടൺ: സമാധാന കരാറിലെത്തുന്നതിനും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനുമായി ഇറാന് നൽകിയ സമയം അവസാനിക്കാൻ ഇനി 48 മണിക്കൂർ മാത്രമാണുള്ളതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ സമയം ചൊവ്വാഴ്ച രാത്രി എട്ടിന് മുമ്പ് സമാധാന കരാറിലെത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ടു തകർക്കുമെന്നും ട്രംപ് ഭീഷണിമുഴക്കി.
സമാധാന കരാറിലെത്താൻ ഇറാന് അമേരിക്ക പത്തുദിവസം സമയം അനുവദിച്ചിരുന്നു. തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ആക്രമണത്തെ പവർ പ്ലാന്റ് ഡേയെന്നും ബ്രിഡ്ജ് ഡേ എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ഈ ആക്രമണം നടന്നാൽ രാജ്യം പുനർനിർമിക്കാൻ കുറഞ്ഞത് ഇരുപത് വർഷമെങ്കിലും വേണ്ടിവരും.
തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ട്രംപ് പറഞ്ഞു. അതേസമയം ട്രംപിന്റെ ഭീഷണി കാര്യമാക്കുന്നില്ലെന്നും ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. കഴിഞ്ഞദിവസം അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിനു തെക്കുപടിഞ്ഞാറുള്ള നഗരത്തിൽ പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലോ യുഎസോ ഏറ്റെടുത്തിട്ടില്ല. എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ഇറാനോട് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്.