വാഷിംഗ്ടൺ: ഇറാന്റെ തുറമുഖങ്ങൾ തടയാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ. ട്രംപിന്റെ തീരുമാനം സ്ഥിതിഗതികൾ വഷളാക്കുമെന്നാണ് സൗദി അറേബ്യയുടെ നിലവിലെ ആശങ്ക.
ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കണമെന്നും ഇറാനുമായി ചർച്ചകൾ പുനരാരംഭിക്കണമെന്നും സൗദി അറേബ്യ ട്രംപ് ഭരണകൂടത്തിന് മേൽ സമ്മർദം ചെലുത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദക രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്ഥിരത തകർത്തതായാണ് വിലയിരുത്തലുകൾ.
ഇറാന്റെ സമ്പദ്വ്യവസ്ഥയെ ശിഥിലമാക്കാൻ ലക്ഷ്യമിട്ടാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ ചരക്ക് നീക്കങ്ങളും തടയാൻ യുഎസ് തീരുമാനിച്ചത്. എന്നാൽ ഇതിന് പ്രതികാരമായി ചെങ്കടലിലെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് ഇറാൻ അടച്ചുപൂട്ടിയേക്കാമെന്ന് സൗദി അറേബ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദിയുടെ എണ്ണ കയറ്റുമതിയെ സംബന്ധിച്ചിടത്തോളം അതീവ നിർണായക പാതയാണിത്. ഇറാൻ തുറമുഖങ്ങൾ അടയ്ക്കാനുള്ള നീക്കം മറ്റ് പ്രധാന ഷിപ്പിംഗ് റൂട്ടുകളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ഇറാനിയൻ പ്രത്യാക്രമണങ്ങൾക്ക് വഴിവെക്കുമെന്നും സൗദി അറേബ്യ ആശങ്കപ്പെടുന്നു.
Tags : Saudi Arabia iran usa donald trump