വാഷിംഗ്ടൺ: അന്ത്യശാസനവും സമയപരിധിയും നൽകുന്നതു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ഹരമാക്കി മാറ്റിയിരിക്കുകയാണോയെന്ന് സംശയം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ചയ്ക്കു ശേഷം ഇറാനുമേൽ നരകം പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ അദ്ദേഹം പുറപ്പെടുവിച്ചിരിക്കുന്ന അന്ത്യശാസനം.
എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതുപോലെ നിരവധി സമയപരിധികളും അന്ത്യശാസനവും ട്രംപ് പുറപ്പെടുവിക്കുകയും പിന്നീട് തിരുത്തുകയുംചെയ്തിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോർമുസിനെച്ചൊല്ലിയുള്ള അന്ത്യശാസനം അങ്ങനെയാകുമോയെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ലോകം.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപ് ഇറാനു പല "സമയപരിധികൾ" (deadlines) വയ്ക്കുകകയും എന്തെങ്കിലും ന്യായം പറഞ്ഞ് അവ മാറ്റുകയും ചെയ്തിട്ടുണ്ട്. അവ ഇങ്ങനെ:
സമയപരിധി 1: മാർച്ച് 21ന് ട്രംപിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു, 48 മണിക്കൂറിനുള്ളിൽ ഇറാൻ ജലപാത തുറന്നില്ലെങ്കിൽ വലിയ നിലയങ്ങൾ മുതൽ അവരുടെ പവർ പ്ലാന്റുകൾ "ആക്രമിച്ചു തകർക്കും'.
സമയപരിധി 2: രണ്ടു ദിവസത്തിനു ശേഷം, ഇരുരാജ്യങ്ങളും തമ്മിൽ "വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ" നടന്നുവെന്നും ഊർജ നിലയങ്ങൾക്കു നേരെയുള്ള ആക്രമണം അഞ്ചു ദിവസത്തേക്കു മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.
സമയപരിധി 3: മാർച്ച് 27ന്, ഇറാൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഊർജനിലയങ്ങൾ ആക്രമിക്കുന്നത് 10 ദിവസത്തേക്കു കൂടി നീട്ടിവയ്ക്കുന്നതായി ട്രംപ് അറിയിച്ചു. ഇതോടെ സമയപരിധി ഏപ്രിൽ ആറിലേക്കു മാറി. എന്നാൽ, ഇങ്ങനെയൊരു അഭ്യർഥന തങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.
48 മണിക്കൂർ മുന്നറിയിപ്പ്: ഏപ്രിൽ 6 എന്ന സമയപരിധി അടുത്തെത്തിയതോടെ, കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നൽകി. "എല്ലാ നരകതുല്യമായ ആക്രമണങ്ങളും' അഴിച്ചുവിടുന്നതിന് മുൻപ് ഇറാനു മുന്നിൽ ഇനി "48 മണിക്കൂർ' മാത്രമേ ഉള്ളൂ എന്നായിരുന്നു ഭീഷണി.
ഏറ്റവും പുതിയ ഭീഷണി: ഞായറാഴ്ച പങ്കുവച്ച, അസഭ്യവാക്കുകൾ നിറഞ്ഞ ഒരു പോസ്റ്റിൽ ട്രംപ് ഈ ഭീഷണി ആവർത്തിച്ചു. "ചൊവ്വാഴ്ച പവർ പ്ലാന്റ് ദിനവും പാലം ദിനവും ആയിരിക്കും' എന്ന് അദ്ദേഹം കുറിച്ചു. പിന്നീട് മറ്റൊരു പോസ്റ്റിൽ "ചൊവ്വാഴ്ച രാത്രി, ഈസ്റ്റേൺ ടൈം 8:00 ന്!" എന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും ഇത്തവണ ട്രംപിന്റെ ഭീഷണിയെ ഇറാനും വെറുതെ തള്ളുന്നില്ല. പവർ പ്ലാന്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ അവർ ആരംഭിച്ചതായി സൂചനയുണ്ട്. വൈദ്യുതിനിലയങ്ങൾക്കു ചുറ്റും മനുഷ്യചങ്ങല തീർക്കാൻ ഭരണകൂടം ആഹ്വാനംചെയ്തിട്ടുണ്ട്.