District News
കുന്നംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട യുവാവ് ഉത്തരവ് ലംഘിച്ചതിനു പിടിയിലായി.
പാറേമ്പാടം അഗതിയൂർ സ്വദേശിയായ ചിറ്റിലപ്പള്ളി വീട്ടിൽ കിരൺ ജാക്സനെ (28) ആണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം, മണ്ണുത്തി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി അടിപിടി ഉൾപ്പെടെയുള്ള ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ നിരന്തരമായ കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് കുന്നംകുളം പോലീസ് തൃശൂർ റേഞ്ച് ഡിഐജി നാരായണന് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കിരൺ ജാക്സനെ മൂന്നുമാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കിക്കൊണ്ട് നടപടി സ്വീകരിച്ചിരുന്നത്.
എന്നാൽ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഇയാളെ പന്നിത്തടത്തുള്ള വീട്ടിൽവച്ച് പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
വടക്കാഞ്ചേരി: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാ ജ്ഞലിയുമായി ഉത്രാളിക്കാവ് പൂരം ഉപാസന അന്നദാനസമിതി സർവമത പ്രാർഥനാ സമ്മേളനം സംഘടിപ്പിച്ചു. വടക്കാഞ്ചേരി പള്ളി വികാരി ഫാ. വർഗീസ് തരകൻ, സഹവികാരി ഫാ. ആൽവിൻ അക്കരപ്പട്ടിയേക്കൽ എന്നിവർ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
വ്യാസഗിരി വ്യാസ തപോവനം മഠാധിപതി പ്രഫ. സാധു പത്മനാഭൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഉപാസന അന്നദാനസമിതി പ്രസിഡന്റ് മനോജ് കടമ്പാട്ട് അധ്യക്ഷ നായി. ഉസ്താദ് ഹംസ അൻവരി മതസൗഹാർദപ്രസംഗം നടത്തി.
മാനവസംസ്കൃതി ജില്ലാ ചെയർമാൻ അഡ്വ. ടി.എസ്. മായാദാസ്, നഗരസഭ കൗൺസിലർ കെ. കൃഷ്ണനുണ്ണി, വടക്കാഞ്ചേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി ദുർഗാദാസ് പുളിയത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്് അജിത്കുമാർ മല്ലയ്യ എന്നിവർ പ്രസംഗിച്ചു.
എൻ.ടി. ബേബി, ജോയി ചിറ്റിലപ്പിള്ളി, ജോയ് തൈക്കാടൻ, രാധാകൃഷ്ണൻ കൊരവൻകുഴി, വറീത് ചിറ്റിലപ്പിള്ളി, കെ. കെ. പ്രകാശൻവൈദ്യർ, ജോബി കാട്ടിലങ്ങാടി, ബിജു ചിറ്റിലപ്പിള്ളി, സു മിത്ര ചൂൽപുറത്ത്, സി.കെ. സുശ്രീബ്കുമാർ എന്നിവർ നേതൃത്വം നൽകി.
District News
കുന്നംകുളം: ചൊവ്വന്നൂരിലും പെലക്കാട്ട് പയ്യൂരിലും വീടുകയറി ആക്രമണം നടത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണുത്തി വെള്ളാനിക്കര സ്വദേശിയായ ആശ്രയ് കൃഷ്ണനെ (24) ആണ് പോലീസ് പിടികൂടിയത്. ചൊവ്വന്നൂരിലെ ഒരു വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി, വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന 30,000 രൂപ വിലവരുന്ന സാധനസാമഗ്രികൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു.
ഇതിനുപുറമെ, പെലക്കാട്ട് പയ്യൂരിലെ മറ്റൊരു വീട്ടിൽ അതിക്രമിച്ചുകയറി വയോധിക ഉൾപ്പടെ യുള്ളവരെ മർദിച്ച കേസിലും ഇയാൾ പ്രതിയാണ്. രണ്ട് അക്രമ സംഭവങ്ങളിലുമായി നാലുപേർ ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആശ്രയ് കൃഷ്ണനെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
District News
കേച്ചേരി: പറമ്പിൽ പോത്തിനെ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഒരു കുടുംബ ത്തിലെ മൂന്നുപേരെ ആക്രമിച്ച സംഭവത്തിൽ ദമ്പതികൾക്കെതിരെ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എരനെല്ലൂർ സ്വദേശികളായ അബ്ബാസിനും ഭാര്യക്കും എതിരെയാണ് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
ഏപ്രിൽ 20 ന് വൈകീട്ട് അഞ്ചോടെ കേച്ചേരി - തലക്കോട്ടുകര റോഡിലെ പറമ്പിലാണു സംഭവം നടന്നത്. പരാതിക്കാരനായ അബ്ദുൾ റഷീദിന്റെ ഉമ്മയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ പോത്തിനെ കെട്ടുന്നത് റഷീദ് വിലക്കിയിരുന്നു.
ഇതിലുള്ള വിരോധംമൂലം പ്രതികൾ പറമ്പിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
ഒന്നാംപ്രതിയായ അബ്ബാസ്, അബ്ദുൾ റഷീദിനെ ചവിട്ടി വീഴ്ത്തുകയും കൈവശമുണ്ടായിരുന്ന കല്ലുകൊണ്ട് നെഞ്ചിലും തലയുടെ പിൻഭാഗത്തും ഇടിക്കുകയും പുറത്ത് കടിക്കുകയും ചെയ്തു.
അച്ഛനെ ഉപദ്രവിക്കുന്നത് തടയാൻ എത്തിയ മകൻ മുഹമ്മദ് റയാനെ (10) രണ്ടാം പ്രതി മുഖത്തടി ക്കുകയും കഴുത്തിന് പിടിച്ചു തള്ളുകയും ചെയ്തു. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച റഷീദിന്റെ ഉമ്മ ഷരീഫയേയും (65) പ്രതികൾ കഴുത്തിനുപിടിച്ച് തള്ളിയിട്ടതായും പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ പരിക്കേറ്റ അബ്ദുൾ റഷീദ് കുന്നംകുളം പോ ലീസ് സ്റ്റേഷനിൽ മൊഴി നൽകി. ഇതേത്തുടർന്നാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
District News
തിരുവില്വാമല: ദേശക്കാരുടെ പൂരത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പ്രസിദ്ധമായ പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിനു ഞായറാഴ്ച കൊടിയേ റും. രാത്രി എട്ടിന് പറക്കോട്ടുകാവിൽ കൊടിയേറ്റം നടക്കും.
പ്രൗഡഗംഭീരമായ എഴുന്നള്ളിപ്പുകൾ, നാടൻ കലാപ്രകടനങ്ങൾ, വെടിക്കെട്ട് എന്നിവയ്ക്ക് പേരുകേട്ട ഉത്സവത്തിന് ഉത്സവത്തിലെ പങ്കാ ളികളായ പടിഞ്ഞാറ്റുമുറി,കിഴക്കുമുറി , പാമ്പാടി ദേശങ്ങളിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തി ലാണ്.
താലപ്പൊലി കൊടിയേറുന്നതോടെ തട്ടകം ഉത്സവലഹരിയിലാകും. പിറ്റേന്നുമുതൽ ദേശങ്ങളിൽ പറയെടുപ്പ് ആരംഭിക്കും. പൂതൻ, തിറ, വെള്ളാട്ട് , നായാടികൾ തുടങ്ങിയ കലാരൂപങ്ങൾ ഉത്സവം അറിയിച്ച് വീടുകളിലെത്തും. മേടമാസത്തിലെ ഒടുവിലത്തെ ഞായറാഴ്ചയായ മേയ് 10 നാണ് താലപ്പൊലി ആഘോഷം.
പകൽ എഴുന്നള്ളിപ്പ് താലപ്പൊലി അണിനിരക്കുന്നസമയത്ത് മൂന്നു ദേശക്കാരുടെയും കൂട്ടിയെഴു ന്നള്ളിപ്പിൽ പ്രമുഖ വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം അരങ്ങേറും.
താലപ്പൊലിയോടനുബന്ധിച്ച് ഇന്നലെ പറക്കോട്ടുകാവിൽ കിഴക്കുമുറി ദേശം ഒരുക്കിയ ലക്ഷദീപ സമർപ്പണം നടന്നു. സന്ധ്യക്ക് ദീപങ്ങൾ തെളിയിക്കാൻ ക്ഷേത്രസന്നിധിയിൽ നിരവധി ഭക്തരെത്തി. ചുറ്റുവിളക്ക്, നിറമാല, മേളം, നാദസ്വരം എന്നിവയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
District News
പാവറട്ടി: മേളസ്വാദകരെ ആവേശത്തിലാഴ്ത്തി പാവറട്ടി തിരുനാളിന് മതസൗഹാർദ തിരുനടയ്ക്കൽ മേളം അരങ്ങേറി. പാവറട്ടി തീർഥകേന്ദ്രത്തിലെ ശതോത്തര സുവർണ ജൂബിലി തിരുനാളിന്റെ ഭാഗമായി തിരുനാൾ സൗഹൃദവേദിയാണ് തിരുനടയ്ക്കൽമേളം ഒരുക്കിയത്.
പള്ളിക്കുസമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ കുറ്റൂർ ദീപക്കിന്റെ നേതൃത്വത്തിൽ 101 കലാകാരന്മാരെ അണിനിരത്തിയായിരുന്നു മതസൗഹാർദ തിരുനടയ്ക്കൽ മേളം. രണ്ടര മണിക്കൂർ നീണ്ട മേളം ചെമ്പടയിൽ തുടങ്ങി പാണ്ടിമേളത്തിൽ അവസാനിച്ചു. കുഴലിനു തിരുവമ്പാടി ദീപുവും ഇലത്താളത്തിന് കീഴൂർ ഉണ്ണിക്കുട്ടനും പ്രാമാണികരായി.
ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന തിരുനാൾ സൗഹൃദ വേദിയുടെ തിരുനടയ്ക്കൽ മേളം വികാരി ഫാ. ആന്റണി ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡന്റ് എ.ടി. ആന്റോ അധ്യക്ഷനായിരുന്നു. സെക്രട്ടറി സുബിരാജ് തോമസ്, കൺവീനർ എൻ.ജെ. ലിയോ, ട്രഷറർ ജെറോം ബാബു, പൽപ്പു ഫൗണ്ടേഷൻ ചെയർമാൻ ഋഷി പൽപ്പു എന്നിവർ പ്രസംഗിച്ചു.
District News
മാള: സൊക്കോർസോ ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ രജതജൂബിലി സ്മാരകമായി നിർമിച്ച സ്നേഹഭവനത്തിന്റെ വെഞ്ചരിപ്പും താക്കോൽദാനവുംനടത്തി. സ്കൂളിലെ വിദ്യാർഥിനിയുടെ കുടുംബത്തിനാണ് സ്നേഹവീട് കാരുണ്യത്തിന്റെ തണലായി മാറിയത്.
സിഎംസി ഉദയ മാനേജ്മെന്റ്, പിടിഎ, ജൂബിലി കമ്മിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് വീട് നിർമിച്ചുനൽകിയത്. ഫാ. ലിജോ മണിമലക്കുന്നേൽ വെഞ്ചരിപ്പ് നിർവഹിച്ചു. സോക്കോർസോ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനെറ്റ് താക്കോൽ കൈമാറി. ജില്ലാപഞ്ചായത്ത് അംഗം സാജൻ കൊടിയൻ ആശംസകളർപ്പിച്ചു. സോക്കോർസോ മദർ സുപ്പീരിയർ സിസ്റ്റർ മേരിയാൻ, സിൽവർജൂബിലി കമ്മിറ്റി ചെയർമാൻ ജോസ് പയ്യപ്പിള്ളി എന്നിവർ സംസാരിച്ചു. വീടിന്റെ നിർമാണത്തിന് നേതൃത്വംനൽകിയ കോൺട്രാക്ടർ കെ.വി. ലാലുവിനെ ചടങ്ങിൽ ആദരിച്ചു.
District News
കയ്പമംഗലം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെത്തുടർന്ന് ആശുപത്രി വിട്ടെങ്കിലും മാനസികാഘാതത്തിൽനിന്നും മുക്തനാകാതെ ഹരി തൃപ്പേക്കുളം. മതിലകം സ്വദേശിയായ ഹരി തൃപ്പേക്കുളം വെടിക്കെട്ട് അപകടത്തിൽപ്പെട്ട പലരെയും രക്ഷിക്കാൻ കഠിനശ്രമങ്ങൾ നടത്തി.
അപകടത്തിൽപ്പെട്ട കരാറുകാരൻ സതീശനെ രക്ഷിക്കാൻ ശ്രമിച്ചതു ഹരിയുടെ മനസിൽനിന്നു മായുന്നില്ല. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഹരി തന്റെ കുടുംബം മുന്നോട്ടുകൊണ്ടുപോകാനാണ് അപകടംപിടിച്ച ജോലിയെന്നറിഞ്ഞിട്ടും വെടിക്കെട്ടു സാമഗ്രികൾ ഉണ്ടാക്കുന്ന ജോലികൾക്കു സഹായിയായി പോകാൻ തീരുമാനിച്ചത്. അങ്ങനെയാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിൽ എത്തിയത്.
സ്ഫോടനത്തിന്റെ ഭാഗമായി ഹരിയുടെ കാലിൽ കമ്പി തുളഞ്ഞുകയറുകയും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പൊള്ളലേൽക്കുകയുംചെയ്തു. സുഖം പ്രാപിച്ചതിനെത്തുടർന്ന് ഇന്നലെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു.
ആശുപത്രിയിൽനിന്നു പോന്നെങ്കിലും തന്റെ പ്രിയപ്പെട്ട മുതലാളി മരിച്ചത് വലിയൊരു മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നു ഹരി പറയുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹരിയെ മതിലകം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, വൈസ് പ്രസിഡന്റ് പി.എം. ആൽഫ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എം.എ. ബിനേഷ്, ഹസീന റഷീദ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് മഞ്ഞളി, ചിഞ്ചു അനീഷ് എന്നിവരാണ് ഹരി തൃപ്പേക്കുളത്തിനെ സന്ദർശിച്ചത്.
District News
മതിലകം സെന്റ് ജോസഫ്സ് സീറോ മലബാർ ചർച്ച്
ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദർശനത്തിരുനാൾ ആഘോഷിച്ചു. ആഘോഷമായ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമികനായി.
ഫാ. വിൻസന്റ് കണിമംഗലത്തുകാരൻ തിരുനാൾ സന്ദേശംനൽകി. തുടർന്ന് നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കഴിഞ്ഞദിവസം പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി, യൗസേപ്പിതാവിന്റെ പ്രതിഷ്ഠാരൂപം എഴുന്നള്ളിക്കൽ, സാൽവെ ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു. ഇടവക വികാരി ഫാ. അരുൺ തെക്കിനേത്ത് മുഖ്യകാർമികത്വംവഹിച്ചു.
കുലയിടം സെന്റ് ജോസഫ്സ് കപ്പേള
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് അഞ്ചിന് ജപമാല, കൊടിയേറ്റ്, ലദീഞ്ഞ് എന്നി തിരുകർമങ്ങൾക്ക് ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് കാർമികനാകും.
നാളെ വൈകീട്ട് 5.30ന് ജപമാല തുടർന്ന് നൊവേന. തിരുനാൾ ദിനമായ ബുധനാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ബിനീഷ് കോട്ടയ്ക്കൽ നേതൃത്വംനൽകും. ഫാ. അബിൻ കളപ്പുരക്കൽ വചനസന്ദേശംനൽകും. തുടർന്ന് നടക്കുന്ന പ്രദക്ഷിണത്തിനും പ്രസുദേന്തി വാഴ്ചയ്ക്കുംശേഷം നേർച്ചപ്പായസ വിതരണവും ഊട്ടുസദ്യയും ഒരുക്കിയിട്ടുണ്ട്.
District News
പുത്തൻചിറ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ 150-ാം ജന്മദിന സ്മരണ, ധന്യൻ വിതയത്തിൽ പിതാവിന്റെ 124-ാം അനുസ്മരണം എന്നിവയോടനുബന്ധിച്ചുള്ള ഉൗട്ടുതിരുനാൾ ആഘോഷി ച്ചു. ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വംവഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് വികാരി ഫാ. ബിനോയ് പൊഴോലിപ്പറന്പിൽ കാർമികനായി.
തുടർന്ന് വിശുദ്ധ മറിയംത്രേസ്യയുടെ ജന്മഗൃഹത്തിലേക്ക് പ്രദക്ഷിണം നടന്നു. ഫാ. നിഖി ൽ ചിറയത്ത്, തിരുനാൾ കമ്മിറ്റി കണ്‍വീനർ ജോപ്പി മങ്കിടിയാൻ, പ്രദക്ഷിണം കമ്മിറ്റി കണ്‍വീനർ ബൈജു തച്ചിൽ എന്നിവർ നേതൃത്വംനൽകി.
രാവിലെ 6.30ന് ദിവ്യബലി, നേർച്ചയൂട്ട് വെഞ്ചരിപ്പ് എന്നിവയ്ക്ക് ഫാ. ജോസ് മഞ്ഞളി കാർമികത്വംവഹിച്ചു.
ഉച്ചയ്ക്ക് 12.30നും 3.30നും 6.30നും ദിവ്യബലികളുണ്ടായിരുന്നു. യഥാക്രമം ഫാ. ബെന്നി കരുമാലിക്കൽ, ഫാ. ഡെൻസൻ നെരേപ്പറന്പിൽ, ഫാ. അലൻ തെക്കുംപുറം എന്നിവർ കാർമികരായി.
District News
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രമതില്‍ക്കെട്ടിനകത്തെ നിര്‍മാണങ്ങള്‍ക്കെതിരേ തന്ത്രിമാരും ക്ഷേത്രാചാര വിശ്വാസസംരക്ഷണ സമിതിയും രംഗത്ത്. നിര്‍മാണങ്ങള്‍ കൂടിയാലോചിക്കാതെയാണ് നടത്തുന്നതെന്നാണ് ഇവർ പറയുന്നത്.
ക്ഷേത്രത്തിന്റെ തെക്കേനടപ്പുരവാതില് വീതികൂട്ടി നിര്‍മിച്ചതിനും വെടിക്കെട്ടുപുരയോടുചേര്ന്ന് മറ്റൊരു കെട്ടിടം നിര്‍മിക്കുന്നതും തങ്ങളുടെ അനുമതിയോടെയല്ലെന്ന് തന്ത്രിമാര്‍ പറഞ്ഞു. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് എന്തു നിര്‍മാണം നടത്തുന്നതിനും തന്ത്രിമാരുടെ അനുമതി ആവശ്യമാണ്. കിഴക്കേ നടപ്പുരയുടെ വീതിയെക്കാളും കുറവു മാത്രമേ പടിഞ്ഞാറേ നടപ്പുര പാടുള്ളൂ. അതിനെക്കാളും കുറവേ തെക്കേനടപ്പുര പാടുള്ളൂ.
ഇത് പരിഗണിക്കാതെയാണ് വീതികൂട്ടിയിരിക്കുന്നത്. അതിനാല്‍ തച്ചുശാസ്ത്രം നോക്കാതെ വെറുതെ കണക്കുനോക്കി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് നടത്തുന്ന നിര്‍മാണവും തെക്കേനടപ്പുരവഴി വീതികൂട്ടലും ഉചിതമല്ലെന്നും തന്ത്രിമാര്‍ പറയുന്നു. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതിനായി പുതിയതായി നിര്‍മിച്ച കെട്ടിടം ഉടന്‍ പൊളിച്ചുനിക്കേണ്ടതാണ്.
എന്നാല്‍ ആളുകളുടെ സുരക്ഷ പരിഗണിച്ച് വീതികൂട്ടി നിര്‍മിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തെക്കേവാതില്‍ വീതികൂട്ടി നിര്‍മിച്ചതെന്നും വെടിപ്പുരയും വെടിമരുന്ന് സൂക്ഷിക്കുന്നതിനും വ്യത്യസ്ത സ്ഥലങ്ങള്‍ വേണമെന്ന ഫയര്‍ ആന്‍ഡ് എക്സ്പ്ലോസീവ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് വെടിമരുന്നു സൂക്ഷിക്കാന്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതെന്നും ദേവസ്വം അറിയിച്ചു.
ഇല്ലെങ്കില്‍ ലൈസന്‍സ് നല്‍കില്ലെന്ന നിലപാടിലാണ് എക്സ്പ്ലോസീവ് വിഭാഗം. മാത്രമല്ല, തച്ചുശാസ്ത്ര വിദഗ്ധന്‍ പഴങ്ങാപ്പറമ്പില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് വെടിമരുന്നുസൂക്ഷിക്കാന് കെട്ടിടംനിര്‍മിക്കുന്നതിന് കണക്കുനല്കിയതെന്നും രണ്ടു നിര്‍മാണങ്ങള്‍ക്കും തന്ത്രി പടിഞ്ഞാറേ തരണനെല്ലൂര്‍ അനിപ്രകാശ് നമ്പൂതിരി അനുമതി നല്‍കിയിട്ടുണ്ടെന്നും ദേവസ്വം വ്യക്തമാക്കി.
District News
കാളമുറി: കുടിവെള്ള ക്ഷാമം രൂക്ഷമെങ്കിലും വഴിയമ്പലത്ത് ആഴ്ചകളായി കുടിവെള്ളപൈപ്പ് പൊട്ടിയൊഴുകുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധികൃതർ സഞ്ചരിക്കുന്ന നിർദിഷ്ട ദേശീയപാത 66 കയ്പമംഗലം വഴിയമ്പലം സർവീസ് റോഡിലാണ് ശുദ്ധജലം പാഴായിക്കൊണ്ടിരിക്കുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന തീരദേശ പഞ്ചായത്തുകൂടിയാണ് കയ്പമംഗലം. പൊതുജനങ്ങൾക്ക് ആശ്വാസമാകേണ്ട ലിറ്റർ കണക്കിന് കുടിവെള്ളമാണ് അധികൃതരുടെ അനാസ്ഥകൊണ്ട് ഇവിടെ പ്രതിദിനം വെറുതെപോയിക്കൊണ്ടിരിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകി റോഡിലും ചളിനിറഞ്ഞ അവസ്ഥയാണ്.
ഇതേതുടർന്ന് ദേശീയപാത സർവീസ് റോഡിലെ യാത്രയും ദുരിതത്തിലായി. നിരവധിതവണ ബന്ധപ്പെട്ട അധികൃതരോട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതേവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു.
കുടിവെള്ളം പാഴാകാതിരിക്കാൻ എത്രയുംവേഗം പഞ്ചായത്തും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
District News
കല്ലടിക്കോട്: പുതുതായി നിർമിക്കുന്ന പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുത്ത ഭൂമിയും വീടുകളും വന്യമൃഗങ്ങളൂടെ സങ്കേതമായി മാറുന്നതായി പരാതി.
കല്ലടിക്കോടൻ മലയോരത്തോടു ചേർന്നു കിടക്കുന്ന ഭാഗങ്ങളിലാണ് പുലിയും കാട്ടുപന്നികളും ആനകളും തമ്പടിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് ഹൈവേക്കായി കരിമ്പ പഞ്ചായത്തിൽ മാത്രം നാന്നൂറോളം വീടുകളും ഏതാണ്ട് ആയിരത്തോളം ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുത്തിട്ടുള്ളത്. ഈ വീടുകളിൽനിന്നും ആളുകൾ താമസം മാറുകയും കൃഷിഭൂമി കാടുകയറുകയും ചെയ്തതോടെയാണ് കാട്ടുമൃഗങ്ങൾ താവളമാക്കാൻ തുടങ്ങിയത്.
ഏറ്റെടുത്ത ഭൂമിക്കിരുപുറവുമുള്ള വീട്ടുകാരാണ് കാട്ടുമൃഗങ്ങളെ പേടിച്ച് ജീവിക്കുന്നത്. ഇന്നലെ കല്ലടിക്കോട് ജനവാസമേഖലയിൽ പറക്കലടിയിൽ പുലിയെ കണ്ടത് സമീപത്തുള്ള വീട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. റോഡിനോടു ചേർന്നുള്ള കാടുകളിൽ തണുപ്പുപറ്റി കിടക്കുന്ന കാട്ടുപന്നികൾ രാത്രിയും പുലർച്ചെയും റോഡിലൂടെ മറുഭാഗത്തേക്കു പോകുമ്പോൾ ഇരുചക്രവാഹന യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുന്നതും പതിവാണ്.
രാവിലെ റബ്ബർടാപ്പിംഗിനു പോകുന്നവർ പുലിയേയും ആനയേയും കാട്ടുപന്നികളേയും പേടിച്ചാണു പോകുന്നത്. മൃഗങ്ങളുടെ ശല്യംമൂലം പലരും പണിക്കുപോപോകുന്നത് നിർത്തിയിരിക്കുകയാണ്.
കനാലിൽ മരങ്ങളും പുല്ലുകളും വളർന്ന് കാടുകയറി കിടക്കുകയാണ്. വനത്തിനുള്ളിലെ ജലക്ഷാമവും ഉണക്കും മൂലം കനാലിലെ വെള്ളംകുടിക്കാനും തണുപ്പുതേടി പൊന്തക്കാട്ടിൽ കിടക്കാനുമായി എത്തുന്ന പുലികളടക്കമുള്ള മൃഗങ്ങൾ ജനങ്ങൾക്ക് ഭീഷിണിയാണ്.
District News
നെന്മാറ: വിശുദ്ധ മറിയം ത്രേസ്യയുടെ ജനനത്തിരുന്നാളുമായി ബന്ധപ്പെട്ട് തിരുകുടുംബസഭ സന്യാസിനിമാര്‍ വിവിധ ഇടവകകളിലേക്കു തിരുശേഷിപ്പുമായി ഭക്തിപൂർവം പര്യടനം നടത്തി.
ഇന്നലെ രാവിലെ ആലത്തൂർ ലിറ്റിൽഫ്ലവർ പള്ളിയിൽനിന്ന് ദിവ്യബലിയോടെ ആരംഭിച്ചു. തുടർന്ന് തിരുശേഷിപ്പുമായി വിവിധ പള്ളികളിലെത്തി.
മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി, നെന്മാറ ക്രിസ്തുരാജ പള്ളി, കയറാടി വിശുദ്ധ മദർതെരേസ പള്ളി, നെല്ലിയാമ്പതി വിശുദ്ധ കർമലനാഥാ പള്ളി എന്നിവിടങ്ങളിൽ എത്തിയ സംഘങ്ങളെ ഇടവകാംഗങ്ങൾ സ്വീകരിച്ചു.
പ്രാർഥന, തിരുശേഷിപ്പ് വണങ്ങൽ, നൊവേന, ആശീർവാദം എന്നിവ നടന്നു. ആലത്തൂർ ഹോളി ഫാമിലി സിസ്റ്റേഴ്സ് പരിപാടിക്കു നേതൃത്വം നൽകി.
District News
മുതലമട: പരുത്തിക്കാട് സിഎച്ച്എഫ് മേരിയൻ പ്രോവിൻസ് വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശന ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച തിരുശേഷിപ്പ് പ്രയാണത്തിനു പരുത്തിക്കാട് സെന്റ് ആന്റണീസ് പള്ളിയിൽ സ്വീകരണം നൽകി. വികാരി ഫാ. ഫെമിൻ ചീരൻ തിരുശേഷിപ്പ് ഏറ്റുവാങ്ങി. വിശുദ്ധയുടെ തിരുസ്വരൂപം കൈക്കാരൻ ജോൺസൺ സ്വീകരിച്ചു.
സ്വീകരണ ചടങ്ങിന്റെ ഭാഗമായി വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതത്തെയും സന്ദേശത്തെയും ആസ്പദമാക്കി കടലുണ്ടി ഹോളി ഫാമിലി കോൺവന്റ് സുപ്പീരിയറും കോളജ് പ്രിൻസിപ്പലുമായ സിസ്റ്റർ ജെയിൻ സിഎച്ച്എഫ് ക്ലാസ് നയിച്ചു. ഹോളി ഫാമിലി കോൺവന്റ് സുപ്പീരിയർ സിസ്റ്റർ മരിയ ലൂസി, മറ്റു സിസ്റ്റേഴ്സ്, ബ്രദേഴ്സ്, ഇടവക പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
District News
പുതുനഗരം: റോഡിൽനിന്നും ലഭിച്ച ഒരുപവൻ സ്വർണമാല പോലീസ് സ്റ്റേഷനിലെത്തിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. പുതുനഗരം ടൗൺ ഓട്ടോസ്റ്റാൻഡിൽ സർവീസ് നടത്തുന്ന നൂർമുഹമ്മദിനാണ് ആഭരണം ലഭിച്ചത്. പോലീസ് അന്വേഷണത്തിൽ ആഭരണഉടമ പിലാത്തൂർമേട് ഹൻഷിഫ പർവീൺ ആണെന്നു കണ്ടെത്തി. തുടർന്ന് യുവതിയെ സ്റ്റേഷനിൽ വരുത്തി എസ്ഐമാരായ ശ്യാംജോർജ് , എ. സജി ന്നിവരുടെ സാന്നിധ്യത്തിൽ നൂർമുഹമ്മദ് ആഭരണം ഉടമയ്ക്കു കൈമാറി . ടൗണിലെ വ്യാപാരികളും ഓട്ടോഡ്രൈവർമാരും നൂർമുഹമ്മദിനെ അനുമോദിച്ചു.
District News
വടക്കഞ്ചേരി: പന്തലാംപാടം ചക്കുണ്ട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ ഒരുവർഷം നീണ്ട് നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഇടവക തിരുനാളിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഫാ. ജോർജ് മാങ്കുളം, ഫാ. ജേക്കബ് വർഗീസ് ഈട്ടിത്തടത്തിൽ, ഫാ. ജോസഫ് കാപ്പിൽ, ഫാ. റോബിൻ ഈട്ടിത്തടത്തിൽ എന്നിവർ ചേർന്ന് ഉദ്ഘാടന കർമം നിർവഹിച്ചു.
വികാരി ഫാ. വിൽസൺ മാത്യു വേലിക്കകത്ത്, ട്രസ്റ്റി ജോസഫ് മാത്യു മുല്ലശേരിൽ, സെക്രട്ടറി ജയ്മോൻ മറ്റത്തിൽ, ജൂബിലി കൺവീനർ ഷിബു ജോൺ ഓണിശേരി തോട്ടത്തിൽ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. ഭക്ത സംഘടനകളുടെ വാർഷികവും കുട്ടികളുടെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.
District News
പൊള്ളാച്ചി: കോയമ്പത്തൂരിന്റെ പ്രധാന കുടിവെള്ള സ്രോതസായ ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. ഇതു ജലവിതരണത്തെ സാരമായി ബാധിച്ചു തുടങ്ങിയതായി അധികൃതർ.
പില്ലൂർ അണക്കെട്ടിൽനിന്ന് അധിക കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ മിക്കവാറും ഡാമുകളിലെ ജലനിരപ്പ് കുറയുന്നതിലും അധികൃതർ ആശങ്കയിലാണ്. പൊള്ളാച്ചി, വാൽപ്പാറ പ്രദേശങ്ങളിലെ ബിഎപി ജലസേചനം നടത്തുന്ന കർഷകർ തങ്ങളുടെ കൃഷിയെക്കുറിച്ച് ആശങ്കാകുലരാണ്.
വേനൽക്കാലത്ത് ജലസ്രോതസുകൾ വറ്റുന്നതിനാൽ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമത്തിനു സാധ്യതയുണ്ടെന്നും ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴ പെയ്താൽ മാത്രമേ ഈ വരൾച്ചയെ മറികടക്കാൻ കഴിയൂയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
District News
പാലക്കാട്: ഗവ. വിക്ടോറിയ കോളജിൽ പഠിക്കുകയും പിന്നീട് അതേ കോളജിൽ പഠിപ്പിക്കുകയും ചെയ്തവരുടെ സംഗമം ശ്രദ്ധേയമായി. വിക്ടോറിയകോളജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ നാല്പതോളം പേരാണ് പങ്കെടുത്തത്. 1887-ൽ സ്ഥാപിതമായ വിക്ടോറിയ കോളേജിൽ ഇതുവരെ പഠിച്ച ഇരുനൂറിലധികം പേരാണ് അതേ സ്ഥാപനത്തിൽ വിവിധ വർഷങ്ങളിൽ അധ്യാപകരായത്.
എല്ലാവരെയും ഉൾക്കൊള്ളിക്കാനായില്ലെങ്കിലും വരുംമാസങ്ങളിൽ വിരമിച്ചയാളുകളെയും ഉൾപ്പെടുത്തി ഒത്തുകൂടൽ സംഘടിപ്പിക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പരിപാടി അസോസിയേഷൻ പ്രസിഡന്റ് ബെന്നി ആന്റണി കൊമ്പൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ സരിത ചന്ദ്രൻ അധ്യക്ഷയായി. സെക്രട്ടറി ഗിരീഷ് ചെറുകാട്ട്, വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ പി. മുരളീധർ, കെ.പി. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പാലക്കാട്: വേനൽക്കാലത്ത് അമീബിക് മസ്തിഷ്കജ്വരം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസുണ്ടാകുന്നത്.
രോഗകാരണങ്ങളും ലക്ഷണങ്ങളും
സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധയുണ്ടാകുന്നത്.
മൂക്കിനെയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്കു കടക്കുകയും ചെയ്യുന്പോഴാണ് മെനിഞ്ചോ എൻസെഫലൈറ്റിസുണ്ടാകുന്നത്.
വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്. പനി, തലവേദന, ഓക്കാനം, ഛർദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ.
തുടർന്ന് അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. ആരംഭത്തിൽത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ സ്വീകരിക്കുകയും മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കിൽ കൂടുതൽ വിദഗ്ധ ചികിത്സ തേടുകയും വേണം. ഈ ലക്ഷണങ്ങളുള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ വെള്ളം മൂക്കിൽ കയറാൻ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതു ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അറിയിച്ചു.
പ്രതിരോധമാർഗങ്ങൾ
*വൃത്തിയില്ലാത്ത കുളങ്ങൾ/ജലാശയങ്ങൾ, പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം, ശാസ്ത്രീയമായി ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്.
*നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
*വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
*കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം വാട്ടർ ടാങ്കുകൾ വാഹനങ്ങളിൽ നിറച്ച് കൊണ്ടുപോകുന്നവ ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.
*ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം.
ജലസ്രോതസുകളിൽ ഖരമാലിന്യം നിക്ഷേപിക്കുന്നത് തടയണം. ഇത്തരം അമീബകളുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്ന കുടിവെള്ള വിതരണ ശൃംഖലകൾ അമീബയുടെ സാന്നിധ്യം ഇല്ലാതാകുന്നത് വരെ എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ഈ വെള്ളം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.
District News
നെന്മാറ: വേനൽമഴ വൈകിയതോടെ നെന്മാറയിലും പരിസര പ്രദേശങ്ങളിലുമായി ഓണക്കാലത്തെ ലക്ഷ്യമിട്ടുള്ള പച്ചക്കറികൃഷി കടുത്ത പ്രതിസന്ധിയിലായി. സാധാരണയായി പുതുമഴ പെയ്യുന്നതോടെ പാടശേഖരങ്ങളിൽ പണികൾ ആരംഭിക്കുകയും അതോടൊപ്പം പച്ചക്കറികൃഷിക്കും തുടക്കമിടുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ഇത്തവണ മഴ വൈകിയതോടെ ഈ പ്രവർത്തനങ്ങളൊക്കെ ഉപേക്ഷിച്ച മട്ടാണ്.
വിഷു കഴിഞ്ഞ് നെൽവിത്ത് വിതയ്ക്കൽ, പാടശേഖരങ്ങൾ തയാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സജീവമാകുമ്പോഴാണ് കർഷകർ ഓണക്കാല വിപണിയെ മുൻനിർത്തി കൃഷിയിറക്കുന്നത്. കൃഷിയിറക്കൽ ഏകദേശം 30 ദിവസത്തോളം വൈകിയതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
മഴ വീണ്ടും വൈകുകയാണെങ്കിൽ പച്ചക്കറി കൃഷി പ്രവർത്തനങ്ങൾ ഇനിയും പിന്നോട്ടുപോകുകയും അതുവഴി വിളവെടുപ്പ് കുറയുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്.
കാലാവസ്ഥ അനുകൂലമായി മാറി ഉടൻ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കർഷകർ. ഇല്ലെങ്കിൽ ഓണക്കാല പച്ചക്കറി വിപണിയിലും അതിന്റെ പ്രതിഫലം പ്രകടമാകാൻ സാധ്യതയുണ്ടെന്നാണ് കൃഷി മേഖലയിൽ നിന്നുള്ള വിലയിരുത്തൽ.
നെന്മാറ, വിത്തനശ്ശേരി, പല്ലാവൂർ, അയിലൂർ, പാളിയമംഗലം, തിരുവഴിയാട്, കരിങ്കുളം, കരിമ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണക്കാല പച്ചക്കറികൃഷി കൂടുതലായി നടക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഈ ഒരുക്കങ്ങൾ പോലും സമയബന്ധിതമായി നടത്താൻ കഴിയാത്ത അവസ്ഥയാണ്. സ്വന്തമായി കൃഷിയിടമുള്ളവരോടൊപ്പം പാട്ടത്തിനായി ഭൂമി എടുത്ത കർഷകരും ഒരുപോലെ വലിയ ആശങ്കയിലാണ്.