പൂരപ്പറന്പിലെ കളിപ്പാട്ട വിപണി.
തൃശൂർ: കനത്ത ചൂടിനെ അവഗണിച്ചെത്തിയ ജനസാഗരത്തിന് ആശ്വാസമേകി പൂരനഗരിയിൽ സന്നദ്ധ സംഘടനകളുടെയും അധികൃതരുടെയും വിപുലമായ സേവനപ്രവർത്തനങ്ങൾ. നഗരസഭയും സ്വകാര്യ സ്ഥാപനങ്ങളും സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകളും ഒരേപോലെ കൈകോർത്തതോടെ കൊടുംചൂടിലും പൂരപ്രേമികൾക്ക് ദാഹജലവും തണലുമൊരുങ്ങി.
നഗരത്തിന്റെ പത്തിടങ്ങളിലാണ് സേവാഭാരതി പ്രവർത്തകർ വൈദ്യരത്നത്തിന്റെ സഹകരണത്തോടെ 50,000 ലിറ്ററിലധികം ഔഷധവെള്ളം വിതരണംചെയ്തത്. കഠിനമായ ചൂടിൽ ദാഹവും തണുപ്പും പ്രദാനം ചെയ്യുന്ന ഈ പാനീയം പൂരത്തിന് എത്തിയവർക്ക് ഏറെ ആശ്വാസമായി. രണ്ടിടങ്ങളിൽ കഞ്ഞി, മാമ്പഴപുളിശേരി, ചെറുപയർ എന്നിവ അടങ്ങുന്ന ഭക്ഷണവിതരണവും നടന്നു. അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ പോയിന്റുകളും 12 ആംബുലൻസുകളും 100 പേരടങ്ങുന്ന റെസ്ക്യൂ ടീമും സേവാഭാരതിയുടെ നേതൃത്വത്തിൽ നഗരത്തിൽ സജീവമായിരുന്നു. 650ലേറെ വോളന്റിയർമാരാണ് ഈ സേവനപ്രവർത്തനങ്ങൾക്കായി അണിനിരന്നത്.
കോർപറേഷന്റെ നേതൃത്വത്തിൽ പതിനഞ്ചു കേന്ദ്രങ്ങളിലായി 24,000 ലിറ്റർ സംഭാരമാണ് വിതരണംചെയ്തത്. ഇതിനായി ഇരുനൂറോളം ജീവനക്കാരും പങ്കാളികളായി. പൂരത്തിനെത്തിയവർക്ക് വെയിലിൽനിന്നു രക്ഷനേടാനായി വിവിധ സ്വകാര്യ സ്ഥാപനങ്ങൾ സൗജന്യമായി തോർത്തുമുണ്ട്, കുടിവെള്ളം എന്നിവയും വിതരണംചെയ്തു.