നെന്മാറ: വേനൽമഴ വൈകിയതോടെ നെന്മാറയിലും പരിസര പ്രദേശങ്ങളിലുമായി ഓണക്കാലത്തെ ലക്ഷ്യമിട്ടുള്ള പച്ചക്കറികൃഷി കടുത്ത പ്രതിസന്ധിയിലായി. സാധാരണയായി പുതുമഴ പെയ്യുന്നതോടെ പാടശേഖരങ്ങളിൽ പണികൾ ആരംഭിക്കുകയും അതോടൊപ്പം പച്ചക്കറികൃഷിക്കും തുടക്കമിടുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ഇത്തവണ മഴ വൈകിയതോടെ ഈ പ്രവർത്തനങ്ങളൊക്കെ ഉപേക്ഷിച്ച മട്ടാണ്.
വിഷു കഴിഞ്ഞ് നെൽവിത്ത് വിതയ്ക്കൽ, പാടശേഖരങ്ങൾ തയാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സജീവമാകുമ്പോഴാണ് കർഷകർ ഓണക്കാല വിപണിയെ മുൻനിർത്തി കൃഷിയിറക്കുന്നത്. കൃഷിയിറക്കൽ ഏകദേശം 30 ദിവസത്തോളം വൈകിയതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
മഴ വീണ്ടും വൈകുകയാണെങ്കിൽ പച്ചക്കറി കൃഷി പ്രവർത്തനങ്ങൾ ഇനിയും പിന്നോട്ടുപോകുകയും അതുവഴി വിളവെടുപ്പ് കുറയുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്.
കാലാവസ്ഥ അനുകൂലമായി മാറി ഉടൻ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കർഷകർ. ഇല്ലെങ്കിൽ ഓണക്കാല പച്ചക്കറി വിപണിയിലും അതിന്റെ പ്രതിഫലം പ്രകടമാകാൻ സാധ്യതയുണ്ടെന്നാണ് കൃഷി മേഖലയിൽ നിന്നുള്ള വിലയിരുത്തൽ.
നെന്മാറ, വിത്തനശ്ശേരി, പല്ലാവൂർ, അയിലൂർ, പാളിയമംഗലം, തിരുവഴിയാട്, കരിങ്കുളം, കരിമ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണക്കാല പച്ചക്കറികൃഷി കൂടുതലായി നടക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഈ ഒരുക്കങ്ങൾ പോലും സമയബന്ധിതമായി നടത്താൻ കഴിയാത്ത അവസ്ഥയാണ്. സ്വന്തമായി കൃഷിയിടമുള്ളവരോടൊപ്പം പാട്ടത്തിനായി ഭൂമി എടുത്ത കർഷകരും ഒരുപോലെ വലിയ ആശങ്കയിലാണ്.
Tags : No summer nattuviehesham local news