നിർദിഷ്ട ദേശീയപാത 66 കയ്പമംഗലം വഴിയമ്പലം സർവീസ് റോഡിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പു പൊട്ടി കുടിവെള്ളം റോഡിലേക്ക് ഒഴുകുന്നു.
കാളമുറി: കുടിവെള്ള ക്ഷാമം രൂക്ഷമെങ്കിലും വഴിയമ്പലത്ത് ആഴ്ചകളായി കുടിവെള്ളപൈപ്പ് പൊട്ടിയൊഴുകുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധികൃതർ സഞ്ചരിക്കുന്ന നിർദിഷ്ട ദേശീയപാത 66 കയ്പമംഗലം വഴിയമ്പലം സർവീസ് റോഡിലാണ് ശുദ്ധജലം പാഴായിക്കൊണ്ടിരിക്കുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന തീരദേശ പഞ്ചായത്തുകൂടിയാണ് കയ്പമംഗലം. പൊതുജനങ്ങൾക്ക് ആശ്വാസമാകേണ്ട ലിറ്റർ കണക്കിന് കുടിവെള്ളമാണ് അധികൃതരുടെ അനാസ്ഥകൊണ്ട് ഇവിടെ പ്രതിദിനം വെറുതെപോയിക്കൊണ്ടിരിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകി റോഡിലും ചളിനിറഞ്ഞ അവസ്ഥയാണ്.
ഇതേതുടർന്ന് ദേശീയപാത സർവീസ് റോഡിലെ യാത്രയും ദുരിതത്തിലായി. നിരവധിതവണ ബന്ധപ്പെട്ട അധികൃതരോട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതേവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു.
കുടിവെള്ളം പാഴാകാതിരിക്കാൻ എത്രയുംവേഗം പഞ്ചായത്തും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.