ജലനിരപ്പുകുറഞ്ഞ ആളിയാർഡാമിന്റെ വിദൂരദൃശ്യം.
പൊള്ളാച്ചി: കോയമ്പത്തൂരിന്റെ പ്രധാന കുടിവെള്ള സ്രോതസായ ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. ഇതു ജലവിതരണത്തെ സാരമായി ബാധിച്ചു തുടങ്ങിയതായി അധികൃതർ.
പില്ലൂർ അണക്കെട്ടിൽനിന്ന് അധിക കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ മിക്കവാറും ഡാമുകളിലെ ജലനിരപ്പ് കുറയുന്നതിലും അധികൃതർ ആശങ്കയിലാണ്. പൊള്ളാച്ചി, വാൽപ്പാറ പ്രദേശങ്ങളിലെ ബിഎപി ജലസേചനം നടത്തുന്ന കർഷകർ തങ്ങളുടെ കൃഷിയെക്കുറിച്ച് ആശങ്കാകുലരാണ്.
വേനൽക്കാലത്ത് ജലസ്രോതസുകൾ വറ്റുന്നതിനാൽ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമത്തിനു സാധ്യതയുണ്ടെന്നും ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴ പെയ്താൽ മാത്രമേ ഈ വരൾച്ചയെ മറികടക്കാൻ കഴിയൂയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.