ആമസോൺ ലോഗോ
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് വിഭാഗത്തിൽ ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ. ജനുവരിയിൽ നടത്തിയ വൻ തോതിലുള്ള പിരിച്ചുവിടലുകൾക്ക് ശേഷം കമ്പനിയിൽ നടക്കുന്ന തുടർച്ചയായ ചെറിയ വെട്ടിക്കുറയ്ക്കലുകളുടെ ഭാഗമായാണ് ഈ നടപടിയും.
മനുഷ്യബുദ്ധിയെ വെല്ലുന്ന രീതിയിൽ സ്വയം പഠിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള സങ്കീർണമായ എഐ സംവിധാനങ്ങളെയാണ് 'ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് എന്ന് വിളിക്കുന്നത്. നിലവിൽ ലോകത്തിലെ പ്രധാനപ്പെട്ട വലിയ എഐ കമ്പനികളെല്ലാം തന്നെ ഇത്തരം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ മുന്നിലാണ്.
വലിയ എഐ മോഡലുകൾ വികസിപ്പിക്കുന്നത് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിൽ ഒന്നാണെന്നും, എന്നാൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമായ പദ്ധതികളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനാണ് ചില തസ്തികകൾ റദ്ദാക്കാൻ കഠിനമായ തീരുമാനമെടുത്തതെന്നും ആമസോൺ വക്താവ് വ്യക്തമാക്കി. എജിഐ വിഭാഗത്തിലെ എത്ര പേരെയാണ് പിരിച്ചുവിടൽ ബാധിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Tags : technology amazon workforce artificialgeneralintelligence layoffs