ഫോർഡ്
ഡീട്രോയിറ്റ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് തങ്ങൾ പ്രതീക്ഷിച്ച ഗുണനിലവാരം നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് വാഹന നിർമാതാക്കളായ ഫോർഡ് മുന്നൂറ്റമ്പതോളം പരിചയസമ്പന്നരായ എൻജിനീയർമാരെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കാൻ എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്ന മറ്റ് ആഗോള കമ്പനികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഫോർഡിന്റെ ഈ പുതിയ തീരുമാനം.
വാഹനങ്ങളുടെ ഗുണനിലവാര വികസന പ്രക്രിയയിൽ എഐ ഉപയോഗിച്ചപ്പോൾ, പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള എൻജിനീയർമാരുടെ പ്രാധാന്യം തങ്ങൾ വിലകുറച്ചു കണ്ടതായി ഫോർഡിന്റെ വെഹിക്കിൾ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് ചാർലസ് പൂൺ മാധ്യമങ്ങളോട് സമ്മതിച്ചു.
എഐ സാങ്കേതികവിദ്യയുടെ തകരാറല്ല, മറിച്ച് പരിചയസമ്പന്നരായ ജീവനക്കാർ കമ്പനി വിട്ടതോടെ അവരുടെ അറിവുകൾ എഐ മോഡലുകളിലേക്ക് കൃത്യമായി പകർന്നുനൽകാൻ സാധിക്കാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 350 പരിചയസമ്പന്നരായ എഞ്ചിനീയർമാരെ ഫോർഡ് വീണ്ടും ജോലിയിൽ നിയമിക്കുകയോ പ്രൊമോഷൻ നൽകുകയോ ചെയ്തിട്ടുണ്ട്. പരമ്പരാഗത എഞ്ചിനീയറിംഗ് ജോലികൾക്ക് പുറമെ, ജൂനിയർ ജീവനക്കാരെ പരിശീലിപ്പിക്കുക, എഐ സിസ്റ്റങ്ങൾക്ക് ആവശ്യമായ ഡാറ്റ മെച്ചപ്പെടുത്തുക, ഓട്ടോമേറ്റഡ് ടൂളുകൾ പരിഷ്കരിക്കുക തുടങ്ങിയ ചുമതലകളും ഇവർക്കുണ്ട്.
വർഷങ്ങളുടെ പ്രായോഗിക ജ്ഞാനവും പരിചയസമ്പന്നരുടെ വിലയിരുത്തലുകളും ഇല്ലാതെ പ്രവർത്തിച്ച എഐക്ക് വാഹനങ്ങളുടെ രൂപകൽപ്പനയിലെ പോരായ്മകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിന് പകരം അവ ആവർത്തിക്കാനാണ് എഐ ശ്രമിച്ചതെന്നും ചാർലസ് പൂൺ ചൂണ്ടിക്കാണിച്ചു. യുഎസിലെ പകുതിയിലധികം വൈറ്റ് കോളർ ജോലികളും എഐ കൈക്കലാക്കുമെന്ന് ഫോർഡ് ചീഫ് എക്സിക്യൂട്ടീവ് ജിം ഫാർലി പ്രവചിച്ചിരുന്നു. എന്നാൽ കമ്പനിയുടെ നിലവിലെ അനുഭവം ഈ പ്രവചനങ്ങൾക്ക് വിരുദ്ധമാണ്.
എൻജിനീയർമാരെ തിരികെ വിളിച്ചെങ്കിലും എഐ സാങ്കേതികവിദ്യ പൂർണമായി ഉപേക്ഷിക്കാൻ ഫോർഡ് തയ്യാറല്ല. പകരം, എഐ സിസ്റ്റങ്ങളെ കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി സോഫ്റ്റ്വെയർ ക്വാളിറ്റി അഷ്വറൻസിനായി 40 വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുകയും, സോഫ്റ്റ്വെയറിലെ മാറ്റങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് പരിശോധിക്കാൻ ഒരു ലക്ഷത്തിലധികം എഐ ഓട്ടോമേറ്റഡ് ടെസ്റ്റുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജെഡി പവറിന്റെ 2026ലെ ഇനിഷ്യൽ ക്വാളിറ്റി സ്റ്റഡിയിൽ മുൻനിര വാഹന ബ്രാൻഡുകളിൽ ഒന്നാം സ്ഥാനം നേടാൻ ഈ മാറ്റങ്ങൾ ഫോർഡിനെ സഹായിച്ചു. 16 വർഷത്തിന് ശേഷമാണ് ഫോർഡ് ഈ നേട്ടം കൈവരിക്കുന്നത്.
Tags : technology artificialintelligence ford engineer