ഡൽഹി: ലോകത്ത് 2026ന്റെ ആദ്യപാദത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന റിക്കാർഡ് ആപ്പിളിന്റെ ഐഫോണ്‍ 17 സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സ്ഥാനത്ത് ഐഫോണ്‍ 16 മോഡല്‍ ആയിരുന്നു ബെസ്റ്റ് സെല്ലര്‍. ഈ വർഷം ആദ്യപാദത്തിൽ ആകെ സ്മാര്‍ട്ട്ഫോണ്‍ വില്പനയില് ആറ് ശതമാനം വിപണി വിഹിതമാണ് ഐഫോണ്‍ 17 നേടിയിരിക്കുന്നത്. യുഎസ്, ചൈന എന്നീ പ്രധാന വിപണികളില്‍ ഇരട്ടി വില്പന വളര്‍ച്ച ഐഫോണ്‍ 17 രേഖപ്പെടുത്തിയെന്നും പുതിയ കൗണ്ടർപോയിന്റ് റിപ്പോർട്ടുകൾ സൂചനകൾ നല്കുന്നു. ഏറ്റവുമധികം വിറ്റഴിഞ്ഞ ഫോണുകളില്‍ ഐഫോണ്‍ 17 പ്രോ മാക്സ് രണ്ടും ഐഫോണ്‍ 17 പ്രോ മൂന്നും സ്ഥാനങ്ങളില്‍ ഇടംനേടിയിട്ടുണ്ട്.
ആപ്പിള്‍ ഡിസ്പ്ലെയില്‍ വരുത്തിയ അപ്ഗ്രേഡാണ് ഐഫോണ്‍ 17 ഇത്രയും ജനപ്രീയമാകാനുള്ള കാരണം. ഐഫോണ്‍ 16 മോഡല്‍ 60 ഹെര്‍ട്സ് മികവ് മാത്രമുള്ള ഡിസ്പ്ലെയിലുള്ള ഫോണായിരുന്നുവെങ്കില്‍ ഐഫോണ്‍ 17ന്റെ ഡിസ്പ്ലെ 120 ഹെര്‍ട്സ് ഉയര്‍ന്ന ശേഷിയുള്ളതാണ്. പ്രധാന എതിരാളിയായ സാംസങ് 2020ല്‍ ഗാലക്സി എസ്20 സീരീസിലൂടെ 120 ഹെര്‍ട്സ് ഡിസ്പ്ലെ അവതരിപ്പിച്ച സ്ഥാനത്താണ് ആപ്പിള്‍ അഞ്ച് വര്‍ഷം വൈകി സമാന ഡിസ്പ്ലെ കൊണ്ടുവന്നത്. പ്രോമോഷന് സാങ്കേതികവിദ്യയും ഐഫോണ്‍ 17ലുണ്ടായിരുന്നു.
എ19 ചിപ്പിലുള്ള സ്മാര്‍ട്ട്ഫോണായതിനാല്‍ ഐഫോണ്‍ 17 പ്രകടനത്തില്‍ ഏറ്റവും മികച്ചുനില്ക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളേക്കാള്‍ ദീര്‍ഘസമയ ഗെയിമിംഗിന് ഐഫോണ്‍ 17 ഗുണകരമാണ്. ക്യാമറയിലും ഐഫോണ്‍ 17 മികച്ച ഫീച്ചറുകള്‍ നല്കുന്നു. പ്രോ മോഡലുകളില്‍ നല്‍കിയിരിക്കുന്ന ടെലിഫോട്ടോ ക്യാമറ ലഭ്യമല്ലെങ്കിലും 48മെഗാപിക്സല്‍ പ്രധാന, 48മെഗാപിക്സല്‍ അള്‍ട്രാവൈഡ് ഡബിൾ റിയര്‍ ക്യാമറകള്‍ മികച്ച ഫോട്ടോകളും വീഡിയോകളും പ്രധാനം ചെയ്യുന്നു. വീഡിയോ റിക്കാർഡ് ചെയ്യുന്നതിന് മികച്ച ഓപ്ഷനാണ് ഐഫോണ്‍ 17. 18മെഗാപിക്സലിന്റെ സെന്റര്‍ സ്റ്റേജ് സെല്‍ഫി ക്യാമറയാണ് ഐഫോണ്‍ 17ലുണ്ടായിരുന്ന മറ്റൊരു പ്രധാന ക്യാമറ സവിശേഷത. മികച്ച ബാറ്ററിലൈഫും മാഗ്സേഫ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഐഫോണ്‍ 17 വാങ്ങാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.
Tags : tech iphone17 bestseller apple