ലിങ്ക്ഡ്ഇൻ
സാൻ ഫ്രാൻസിസ്കോ: സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന ഗുണനിലവാരമില്ലാത്ത ഉള്ളടക്കങ്ങൾ അഥവാ എഐ സ്ലോപ്പ്, വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പുതിയ ഫീച്ചറുമായി തൊഴിൽ അധിഷ്ഠിത സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ.
സ്വന്തം ഫീഡുകളിൽ എഐ നിർമിതമെന്ന് സംശയിക്കുന്ന പോസ്റ്റുകൾ കണ്ടാൽ അവ ഇനി ഉപയോക്താക്കൾക്ക് തന്നെ ഫ്ലാഗ് ചെയ്ത് ഒഴിവാക്കാം. ഉപയോക്താവ് ഒരു പോസ്റ്റ് 'എഐ സ്ലോപ്പ്' ആയി മാർക്ക് ചെയ്താൽ, അത് പിന്നീട് അവരുടെ ഫീഡിൽ കാണിക്കില്ല. കൂടാതെ, പോസ്റ്റ് ചെയ്ത വ്യക്തിയുടെ അക്കൗണ്ട് ഡാഷ്ബോർഡ് വഴി "പോസ്റ്റ് വ്യാജമാണെന്ന് തോന്നാം" എന്ന മുന്നറിയിപ്പ് സ്വകാര്യമായി നൽകുന്ന രീതിയും ലിങ്ക്ഡ്ഇൻ പരീക്ഷിക്കും.
"ഉള്ളടക്കത്തിന്റെ ഗുണനിലവാരം വിലയിരുത്താനോ റേറ്റ് ചെയ്യാനോ ലിങ്ക്ഡ്ഇൻ ആഗ്രഹിക്കുന്നില്ല. എഐ ഡിറ്റക്ടറുകൾ വഴി പരിശോധിച്ച് തെറ്റായ നിഗമനങ്ങളിൽ എത്തുന്നതിന് പകരം, മനുഷ്യരുടെ യഥാർഥ പ്രതികരണങ്ങളിലൂടെ തന്നെ പോസ്റ്റുകളുടെ സുതാര്യത ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," ലിങ്ക്ഡ്ഇൻ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ഹരി ശ്രീനിവാസൻ വ്യക്തമാക്കി.
ചാറ്റ് ജിപിടി, ക്ലോഡ് , സീഡാൻസ് 2.0 തുടങ്ങിയ എഐ ടൂളുകളുടെ വരവോടെ ഇൻസ്റ്റാഗ്രാം, ടിക് ടോക് എന്നിവയ്ക്ക് സമാനമായി ലിങ്ക്ഡ്ഇനിലും എഐ പോസ്റ്റുകൾ വൻതോതിൽ വർധിച്ചിരുന്നു.വ്യക്തിഗത അനുഭവങ്ങൾക്കും കരിയർ ഉപദേശങ്ങൾക്കും പ്രാധാന്യം നൽകുന്ന ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇത്തരം എഐ 'വേസ്റ്റുകൾ' ഉപയോക്താക്കളെ അലോസരപ്പെടുത്തുന്നുണ്ട്.
പാൻഗ്രാം എന്ന റിസർച്ച് ഏജൻസിയുടെ പുതിയ റിപ്പോർട്ട് പ്രകാരം സോഷ്യൽ മീഡിയയിലെ നാലിൽ ഒന്ന് ദൈർഘ്യമേറിയ പോസ്റ്റുകളും എഐ നിർമിതമാണ്. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും ലിങ്ക്ഡ്ഇനിലാണ് പ്രത്യക്ഷപ്പെടുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി, പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ ഉണ്ടായിരുന്ന എൻഹാൻസ് വിത്ത് എഐ എന്ന ഓപ്ഷൻ ലിങ്ക്ഡ്ഇൻ നീക്കം ചെയ്തു. ഇതിന് പകരം ഉള്ളടക്കം മാറ്റാതെ വ്യാകരണ തിരുത്തലുകൾ മാത്രം വരുത്തുന്ന പുതിയ പ്രൂഫ് റീഡിംഗ് ഫീച്ചർ ലിങ്ക്ഡ്ഇൻ അവതരിപ്പിക്കും.
Tags : linkedIn AIslop artificialintelligence linkedInpost