റെഡ്ഡിറ്റ്
ന്യൂയോർക്ക്: രണ്ട് പതിറ്റാണ്ടുകളായി തുടർന്നുപോന്ന സൗജന്യ ബ്രൗസിംഗ് രീതി അവസാനിപ്പിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റ് . ഇനി മുതൽ റെഡ്ഡിറ്റിലെ പോസ്റ്റുകളും ചർച്ചകളും വായിക്കണമെങ്കിൽ ഉപയോക്താക്കൾ അക്കൗണ്ട് തുടങ്ങി ലോഗിൻ ചെയ്യേണ്ടി വരും.
തുറന്ന ഇന്റർനെറ്റ് സംസ്കാരത്തിൽ നിന്ന് മാറി ഇത്തരമൊരു തീരുമാനം എടുക്കുന്നത് വലിയൊരു മാറ്റമാണെന്നും എന്നാൽ പ്ലാറ്റ്ഫോമിന്റെയും ബിസിനസിന്റെയും നിലനിൽപ്പിന് ഇത് അനിവാര്യമാണെന്നും റെഡ്ഡിറ്റ് സിഇഒ സ്റ്റീവ് ഹഫ്മാൻ വ്യക്തമാക്കി.
ഗൂഗിൾ തിരച്ചിലുകളിലൂടെ ലഭിച്ചിരുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ കുറവാണ് റെഡ്ഡിറ്റിന് ഉണ്ടായിരിക്കുന്നത്. മുമ്പ് ആളുകൾ ഗൂഗിളിൽ സംശയങ്ങൾ തിരയുമ്പോൾ റെഡ്ഡിറ്റിലെ ചർച്ചകളിലേക്കായിരുന്നു പോയിരുന്നത്. എന്നാൽ എഐ തെരച്ചിൽ സംവിധാനങ്ങൾ നേരിട്ട് മറുപടികൾ നൽകാൻ തുടങ്ങിയതോടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. ഒക്ടോബറിൽ മാത്രം ആഴ്ചയിൽ ശരാശരി 10 ലക്ഷത്തിലധികം സെർച്ച് സന്ദർശനങ്ങൾ റെഡ്ഡിറ്റിന് നഷ്ടമായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ടിംഗ് പ്ലാറ്റ്ഫോമുകൾ റെഡ്ഡിറ്റിലെ വിവരങ്ങൾ സൗജന്യമായി ശേഖരിച്ച് അവരുടെ എഐ മോഡലുകൾ പരിശീലിപ്പിക്കുന്നത് തടയാനാണ് ലോഗിൻ നിർബന്ധമാക്കുന്നത്. ലോഗിൻ നിർബന്ധമാക്കുന്നതോടെ ഇത്തരം ബോട്ട് ആക്രമണങ്ങൾ തടയാനും കൃത്യമായ കരാറുകൾ വഴി ഡാറ്റ കൈമാറ്റം നിയന്ത്രിക്കാനും കമ്പനിക്ക് സാധിക്കും.
റെഡ്ഡിറ്റിന് ആഗോളതലത്തിൽ 13.03 കോടി പ്രതിദിന സജീവ ഉപയോക്താക്കളുണ്ട്. അമേരിക്കയിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടായെങ്കിലും കമ്പനിയുടെ ആകെ വരുമാനം 53 ശതമാനം വർധിച്ച് 89.5 കോടി ഡോളറിലെത്തി (ഏകദേശം 895 ദശലക്ഷം ഡോളർ). ലാഭം 28.3 കോടി ഡോളറായി ഉയരുകയും ചെയ്തു.
ഉപയോക്താക്കൾ ലോഗിൻ ചെയ്യുമ്പോൾ അവരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചുള്ള പരസ്യങ്ങളും 'ഫോർ യു' ഫീഡുകളും കാണിക്കാൻ റെഡ്ഡിറ്റിന് സാധിക്കും. ലോഗിൻ ചെയ്ത ഒരു ഉപയോക്താവിലൂടെ ലഭിക്കുന്ന വരുമാനം സാധാരണ സന്ദർശകരേക്കാൾ വളരെ കൂടുതലാണ്.
മാറ്റങ്ങൾ ഒറ്റരാത്രികൊണ്ട് നടപ്പിലാക്കില്ല. യുഎസ് അല്ലാത്ത ചില തെരഞ്ഞെടുത്ത രാജ്യങ്ങളിൽ പരീക്ഷണം നടത്തിയ ശേഷമായിരിക്കും ആഗോളതലത്തിൽ അവതരിപ്പിക്കുക.
ലോഗിൻ ചെയ്യാൻ യഥാർഥ പേരോ വിവരങ്ങളോ നൽകേണ്ടതില്ല; ഉപയോക്താക്കൾക്ക് വ്യാജ പേരുകളിൽ അക്കൗണ്ട് തുടർന്നും ഉപയോഗിക്കാം. മൊബൈൽ ആപ്പിൽ പുതിയൊരു ഇൻകോഗ്നിറ്റോ മോഡ് കമ്പനി വികസിപ്പിക്കുന്നുണ്ട്. ഇത് വഴി അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താതെ രഹസ്യമായി വിവരങ്ങൾ വായിക്കാൻ സാധിക്കും.
Tags : Reddit login posts tightenrules googletraffic incognitomode