മൈക്രോസോഫ്റ്റ്
റെഡ്മണ്ട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുമായി പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റ്. കമ്പനിയിലെ 60,000ത്തോളം വരുന്ന ജീവനക്കാർക്കായി 'വളണ്ടറി എക്സിറ്റ് ഓഫർ' അഥവാ സ്വമേധയാ രാജിവെക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു. സാമ്പത്തിക ആനുകൂല്യങ്ങളോടെ കമ്പനി വിടാൻ അവസരം നൽകുന്നതാണ് ഈ പദ്ധതി.
ചീഫ് പീപ്പിൾ ഓഫീസർ ആമി കോൾമാൻ നൽകിയ ആന്തരിക സന്ദേശത്തിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലെ യോഗ്യരായ ജീവനക്കാർക്കാണ് ഈ അവസരം ലഭിക്കുക. മൈക്രോസോഫ്റ്റിലെ ആകെ ജീവനക്കാരുടെ കാൽ ഭാഗത്തോളം വരും ഈ സംഖ്യ.
60,000 പേർക്ക് ഓഫർ നൽകിയിട്ടുണ്ടെങ്കിലും ഏകദേശം 3,000-ൽ താഴെ ആളുകൾ (ഏകദേശം 5%) മാത്രമേ ഇത് സ്വീകരിക്കാൻ സാധ്യതയുള്ളൂ എന്ന് മൈക്രോസോഫ്റ്റ് വക്താവും ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആമി ഹൂഡും വ്യക്തമാക്കി. കമ്പനിയിൽ ലഭ്യമായ മികച്ച വളർച്ചാ സാധ്യതകളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
യുഎസ്, കാനഡ, ഇന്ത്യ, യുകെ എന്നിവിടങ്ങളിലെ ലെവൽ 70-ഉം അതിനു താഴെയുമുള്ള യോഗ്യരായ ജീവനക്കാർക്ക് ഇതിൽ പങ്കാളികളാകാം.
എക്സ്ബോക്സ് , വിൻഡോസ്, കോപൈലറ്റ് , ഫിനാൻസ് എന്നീ പ്രധാന വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഈ ഓഫർ ലഭിക്കും. എന്നാൽ ഡാറ്റാ സെന്റർ, സെയിൽസ്, മാർക്കറ്റിംഗ്, സൈബർ സുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നീ വിഭാഗങ്ങളിലുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജിവെക്കാൻ താല്പര്യമുള്ള ജീവനക്കാർക്ക് ഡിസംബർ ആദ്യവാരം വരെ തീരുമാനമെടുക്കാൻ സമയമുണ്ട്. ഓഫർ സ്വീകരിക്കുന്നവർ ഈ വർഷാവസാനത്തോടെ കമ്പനിയിൽ നിന്ന് വിടുതൽ നേടേണ്ടിവരും. സേവനകാലയളവും തസ്തികയും അനുസരിച്ച് മികച്ച സാമ്പത്തിക പാക്കേജും കരിയർ പ്ലാനിംഗ് സഹായങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Tags : Microsoft voluntaryexitoffer employees uk us canada india level70