ന്യൂഡൽഹി: ആപ്പിൾ സ്റ്റോറുകളിൽ നടക്കുന്ന പുതിയതരം സാമ്പത്തിക തട്ടിപ്പുകൾക്കും ഉൽപ്പന്നങ്ങളുടെ നഷ്ടത്തിനും തടയിടാൻ പുതിയ വിപ്ലവകരമായ ആന്റി -തെഫ്റ്റ് സ്കാനർ അവതരിപ്പിച്ച് ആപ്പിൾ. ഐഫോണുകൾ അടങ്ങിയ പെട്ടികളുടെ സീൽ പൊട്ടിക്കാതെ തന്നെ അതിനുള്ളിലുള്ള ഫോൺ പൂർണമായും സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
സമീപകാലത്തായി വ്യാജന്മാർ ഐഫോണുകൾ വാങ്ങി, പാക്കറ്റുകൾ വളരെ ശ്രദ്ധയോടെ തുറന്ന് ഫോണോ അതിനുള്ളിലെ ഭാഗങ്ങളോ എടുത്തുമാറ്റിയ ശേഷം, കൃത്രിമമായി വീണ്ടും സീൽ ചെയ്ത് സ്റ്റോറുകളിൽ തിരികെ നൽകി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവന്നിരുന്നു.
ഇത് തടയാൻ തിരികെ ലഭിക്കുന്ന എല്ലാ ഫോൺ ബോക്സുകളും തുറന്നു പരിശോധിക്കാൻ ആപ്പിൾ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഒരു ഉപഭോക്താവ് യാതൊരു തട്ടിപ്പും നടത്താതെ വെറുതെ ഫോൺ തിരികെ നൽകുമ്പോഴും ബോക്സ് തുറക്കേണ്ടി വരുന്നത് ആപ്പിളിന് വൻ നഷ്ടമുണ്ടാക്കി. കാരണം, ഒരിക്കൽ സീൽ പൊട്ടിച്ച ഫോണുകൾ പുതിയതായി വീണ്ടും വിൽപ്പന നടത്താൻ കഴിയില്ലായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് ആപ്പിൾ പുതിയ സ്കാനർ വികസിപ്പിച്ചെടുത്തത്.
ബോക്സിനുള്ളിൽ ഫോണും അതിന്റെ ഭാഗങ്ങളും സുരക്ഷിതമായിട്ടുണ്ടോ എന്ന് നിർദ്ദിഷ്ട സ്കാനർ ഉപയോഗിച്ച് പുറത്തുനിന്ന് തന്നെ ഡയഗ്നോസ്റ്റിക് പരിശോധന നടത്താം. യഥാർഥ ഉപഭോക്താക്കൾ മാറ്റിവെക്കുന്ന ഫോണുകൾ ബോക്സ് പൊട്ടിക്കാതെ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തി നേരിട്ട് വീണ്ടും ഷെൽഫുകളിൽ വിൽപ്പനയ്ക്ക് വെക്കാൻ സാധിക്കും.
ആപ്പിളിന്റെ സിഗ്നേച്ചർ 'പ്രസ്റ്റോ' സാങ്കേതികവിദ്യയിലാണ് ഈ സ്കാനറുകൾ പ്രവർത്തിക്കുന്നത്. ബോക്സ് തുറക്കാതെ തന്നെ പുതിയ ഐഫോണുകളിലേക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാനും 'പ്രസ്റ്റോ' സംവിധാനം വഴി സാധിക്കുമായിരുന്നു. ഈ മാസം ആദ്യവാരം മുതൽ വിവിധ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിൽ ഈ പുതിയ സ്കാനറുകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
Tags : Apple antitheft scanner presto applesignature