പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വീടുകളിലെ സ്മാർട്ട് ഉപകരണങ്ങളെ എളുപ്പത്തിൽ നിയന്ത്രിക്കാനും വിവരങ്ങൾ അറിയാനുമായി ആമസോൺ പുതിയ 'എക്കോ ഷോ 16' സ്മാർട്ട് ഡിസ്പ്ലേയും 'അലക്സ ഹോം മാപ്പ്' സാങ്കേതികവിദ്യയും അവതരിപ്പിച്ചു. വീടിന്റെ ഇന്ററാക്ടീവ് 3ഡി മാപ്പ് വഴി കണക്റ്റ് ചെയ്തിട്ടുള്ള ഉപകരണങ്ങൾ നിയന്ത്രിക്കാനും സുരക്ഷാ ക്യാമറാ ദൃശ്യങ്ങൾ തത്സമയം കാണാനും ഇതിലൂടെ സാധിക്കും.
ശബ്ദ നിർദ്ദേശങ്ങൾക്കപ്പുറം വിഷ്വൽ നിയന്ത്രണം സാധ്യമാക്കുന്നതാണ് പുതിയ അലക്സ ഹോം മാപ്പ്. റിംഗ്, ബ്ലിങ്ക് ക്യാമറകൾ, ലൈറ്റുകൾ, ലോക്കുകൾ, തെർമോസ്റ്റാറ്റുകൾ, സ്പീക്കറുകൾ തുടങ്ങിയ എല്ലാ സ്മാർട്ട് ഉപകരണങ്ങളുടെയും നിയന്ത്രണം ഒരൊറ്റ മാപ്പിൽ ലഭ്യമാകും. ഫോൺ ഉപയോഗിച്ച് വീടിന്റെ മുറികൾ സ്കാൻ ചെയ്താണ് 3D മാപ്പ് തയ്യാറാക്കുന്നത്. ഇതിലൂടെ കഴിഞ്ഞ 24 മണിക്കൂറിലെ ക്യാമറാ ദൃശ്യങ്ങളും വീടിനു ചുറ്റുമുള്ള ചലനങ്ങളും വരെ പരിശോധിക്കാം.
പുതിയ അലക്സ ഹോം മാപ്പ് ഫീച്ചർ ഈ വർഷം അവസാനത്തോടെ ലഭ്യമായിത്തുടങ്ങുമെന്ന് ആമസോൺ വ്യക്തമാക്കി. എക്കോ ഷോ 16-ന്റെ മുൻകൂട്ടിയുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
Tags : Amazon Echo Show 16 Fire TV Alexa Home Map