തെരഞ്ഞെടുപ്പു ചൂടിനേക്കാളും കനക്കുകയാണു വേനല്‍ ചൂട്. പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന കത്തുന്ന വെയില്. വരും ദിവസങ്ങളില്‍ ചൂട് ഇതിലും കൂടുമെന്നാണു മുന്നറിയിപ്പുകള്‍. തുറസായ സ്ഥലങ്ങളിലും ഡെലിവറി മേഖലകളിലുമൊക്കെ ജോലി ചെയ്യുന്നവരുടെ അവസ്ഥയാണു കഷ്ടം.
കടുത്ത വെയിലില്‍ റോഡിലിറങ്ങിയുള്ള പ്രചാരണത്തില്‍ നിന്ന് സ്ഥാനാര്‍ഥികളും ഒന്ന് മടിച്ചുനില്‍ക്കുകയാണ്. വെയിലില്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ അല്‍പ്പമൊന്നു ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്.
ജാഗ്രത പാലിക്കണം
വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ പാലിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
വേനല്‍ കടുക്കുന്നതിനാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണമെന്നും ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ധാരാളമായി ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
വെള്ളംകുടി മസ്റ്റ്
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

തീപിടിത്തം; മുന്‍കരുതല്‍ വേണം
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിംഗ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യണം.
ഡംപിംഗ് യാര്ഡുകളോട് ചേര്‍ന്നു താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് കൂടുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോടു ചേര്‍ന്നു താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
സമയക്രമീകരണം പ്രധാനം
വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഈ കാലയളവില്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഓണ്‍ലൈന്‍ ഭക്ഷണവിതരണം
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ചസമയത്ത് (രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന്വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യണം.
തെരഞ്ഞെടുപ്പുകാലമായതിനാല്‍ പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയങ്ങളില്‍ കഴിവതും ഒഴിവാക്കുക. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരണം. വര്ളത്തുമൃഗങ്ങള്ക്ക് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Tags : Todays Story