പെൺമക്കൾ ഒരു ബാധ്യതയാണെന്ന തെറ്റായ ചിന്താഗതികൾ ഇന്നും നിലനിൽക്കുന്ന സമൂഹത്തിൽ, തന്റെ പെൺമക്കളാണ് തന്റെ കരുത്തെന്ന് ലോകത്തോട് വിളിച്ചുപറയുന്ന ഒരു പിതാവിന്റെ ഹൃദയസ്പർശിയായ കഥയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പാക്കിസ്ഥാനിലെ തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചു പോവുകയായിരുന്ന ഒരു വ്ലോഗറാണ് അവിചാരിതമായി ഈ കാഴ്ച തന്റെ ക്യാമറയിൽ പകർത്തിയത്.
മുന്നിൽ പോകുന്ന കാറിന്റെ പിൻഭാഗത്ത് എഴുതിയിരുന്ന ആ ചെറിയ വാചകം ഒരു വലിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. "നിങ്ങൾക്ക് എന്നെ ഭയപ്പെടുത്താനാവില്ല, കാരണം എനിക്ക് മൂന്ന് പെൺമക്കളുണ്ട്" എന്നായിരുന്നു ആ പിതാവ് തന്റെ വാഹനത്തിൽ അഭിമാനത്തോടെ കുറിച്ചത്.
കാറിലെ ആ വരികൾക്ക് താഴെയായി എം, എ, എസ് എന്നിങ്ങനെ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളും ചേർത്തിരുന്നു. ഇത് ആ പിതാവിന്റെ മക്കളുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങളാണെന്നാണ് കരുതപ്പെടുന്നത്.
സാധാരണയായി പെൺമക്കളുടെ വിവാഹത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആകുലപ്പെടുന്ന മാതാപിതാക്കളെയാണ് നാം കാണാറുള്ളത്.
എന്നാൽ ഇവിടെ തന്റെ മക്കൾ തന്റെ ബലഹീനതയല്ല, മറിച്ച് തനിക്ക് എന്തിനെയും നേരിടാനുള്ള ധൈര്യം നൽകുന്നവരാണെന്ന് ഈ പിതാവ് വ്യക്തമാക്കുന്നു.
താൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയെന്ന വിവരണത്തോടെ വ്ലോഗർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം രണ്ടുകോടിയിലധികം ആളുകളാണ് കണ്ടു കഴിഞ്ഞത്.
വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ തോതിലുള്ള പ്രശംസയാണ് ഈ പിതാവിനെ തേടിയെത്തുന്നത്.
പെൺമക്കൾക്ക് തണലായി നിൽക്കുന്ന ഇതുപോലൊരു അച്ഛനെ ലഭിക്കുക എന്നത് ഏതൊരു പെൺകുട്ടിയുടെയും ഭാഗ്യമാണെന്ന് പലരും കമന്റ് ചെയ്തു.
ചിലർ ഈ മനുഷ്യനെ 'ശുദ്ധമായ സ്വർണം' എന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റുചിലർ അദ്ദേഹം സമൂഹത്തിന് നൽകുന്ന പോസിറ്റീവ് എനർജിയെ പ്രശംസിച്ചു.
പെൺകുട്ടികളെ ഭാരമായി കാണുന്ന ചിന്താഗതിക്കാർക്കുള്ള ശക്തമായ മറുപടിയാണ് ഈ കാറിലെ വരികളെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.
ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയുടെ മനസ് കീഴടക്കിയ ഈ വീഡിയോ, സ്നേഹമുള്ള ഒരു പിതാവിന് തന്റെ മക്കൾ നൽകുന്ന ആത്മവിശ്വാസം എത്രത്തോളമാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.
Tags : ExplorePage Aura SuperDad FamilyGoals DailyInspiration