ബീഹാറിലെ പട്നയിൽ ഗംഗാ നദിക്കരയിലൂടെ കടന്നുപോകുന്ന മറൈൻ ഡ്രൈവ് എക്സ്പ്രസ് വേയിൽ ഒരു കൂട്ടം യുവാക്കൾ നടത്തിയ നൃത്തപ്രകടനം ഇപ്പോൾ ദേശീയതലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഏകദേശം 3,500 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ലോക്നായക് ഗംഗാ പഥ് എന്ന ഈ പാതയിൽ, വർണാഭമായ ലൈറ്റുകൾ ഘടിപ്പിച്ച ഒരു മോട്ടോർ സൈക്കിളിന് ചുറ്റും 15 -ഓളം പേർ ചേർന്ന് ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് തരംഗമായത്.
സംഘത്തിൽ യുവാക്കൾക്ക് പുറമെ രണ്ട് യുവതികളും അസാമാന്യ മെയ്വഴക്കത്തോടെ ചുവടുവെക്കുന്ന ഒരു ചെറിയ കുട്ടിയും ഉണ്ടായിരുന്നു.
റോഡിന്റെ ഒരു വശത്തായി വാഹനം നിർത്തിയിട്ട് ഇവർ നടത്തിയ ഈ പ്രകടനം കാണാൻ വഴിയാത്രക്കാർ തടിച്ചുകൂടിയതോടെ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പടരുകയായിരുന്നു.
ഈ വീഡിയോ പുറത്തുവന്നതോടെ ഡിജിറ്റൽ ലോകം രണ്ട് പക്ഷത്തായി ചേരിതിരിഞ്ഞുള്ള പോരാട്ടത്തിലാണ്. റോഡിന്റെ നിർമ്മാണ ലക്ഷ്യത്തെയും യുവതലമുറയുടെ മനോഭാവത്തെയും രൂക്ഷമായി വിമർശിക്കുന്നവരാണ് ഒരു വിഭാഗം.
ഗതാഗതത്തിനായി കോടികൾ മുടക്കി നിർമ്മിച്ച ഹൈവേകൾ കേവലം സോഷ്യൽ മീഡിയ റീൽസുകൾ നിർമ്മിക്കാനുള്ള വേദിയായി മാറുന്നത് അപകടകരമാണെന്ന് ഇവർ വാദിക്കുന്നു.
ബിഹാറിലെ തൊഴിലില്ലായ്മയും ഇത്തരം പ്രവണതകളും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള പരിഹാസങ്ങളും ഉയരുന്നുണ്ട്. പൊതു ഇടങ്ങളിലെ ഇത്തരം പ്രകടനങ്ങൾ സിവിക് സെൻസിന്റെ അഭാവമാണെന്നും ഇത് മറ്റ് യാത്രക്കാർക്ക് വലിയ സുരക്ഷാ ഭീഷണിയാണെന്നും വിമർശകർ തുറന്നടിക്കുന്നു.
എന്നാൽ, ഇതിനെ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ കാണുന്നവരും കുറവല്ല. നൃത്തം ചെയ്ത യുവാക്കളുടെ കഴിവിനെ പ്രശംസിക്കുന്ന ഇവർ, ഇതിനെ വെറുമൊരു ആഘോഷമായി കാണണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇവർ നൃത്തം ചെയ്തത് റോഡിന്റെ പ്രധാന ഭാഗത്തല്ലെന്നും ഗതാഗതത്തിന് തടസമില്ലാത്ത വിധം പാർക്കിംഗ് ഏരിയയിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സമാനമായ രീതിയിൽ മറ്റ് സംസ്ഥാനങ്ങളിൽ റീൽസുകൾ ചിത്രീകരിക്കുമ്പോൾ അതിനെ ആധുനികതയുടെ ഭാഗമായി കാണുന്നവർ, ബിഹാറിൽ അത് സംഭവിക്കുമ്പോൾ മാത്രം പരിഹസിക്കുന്നത് ഇരട്ടത്താപ്പാണെന്ന വാദവും ശക്തമാണ്.
പ്രത്യേകിച്ചും നൃത്തം ചെയ്ത കുട്ടിയുടെ പ്രകടനത്തെ പലരും ഹൃദയപൂർവ്വം ഏറ്റെടുത്തു കഴിഞ്ഞു. വിവാദം കനത്തതോടെ അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
പട്ന പോലീസ് ഈ വൈറൽ വീഡിയോ പരിശോധിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.
This is Patna’s Marine Drive Expressway
— Dr Nimo Yadav 2.0 (@DrNimoYadav) January 23, 2026
It’s a 20.5 km expressway
It’s a ₹3,500 crore project
It is meant for daily commuting
But due to a lack of jobs, Bihari youth are doing launda naach on this expressway to make reels
Bihari Civic sense on top ?pic.twitter.com/ZbrcDrHmYL
Tags : CivicSense YouthCulture RoadSafety DancePerformance ViralReels