ഛത്തിസ്ഗഡിലെ റായ്പുറിൽ പെട്രോൾ പമ്പിൽ സിഗരറ്റ് വലിക്കുന്നത് വിലക്കിയതിൽ പ്രകോപിതനായ യുവാവ് ഇന്ധന പൈപ്പിന് തീയിട്ടു. വ്യാഴാഴ്ച വൈകുന്നേരം ധർമ്മേന്ദ്ര ഖത്രി, ഇമ്രാൻ എന്നിവർ ബൈക്കിൽ ഇന്ധനം നിറയ്ക്കാനായി പമ്പിലെത്തിയപ്പോഴാണ് സംഭവം നടന്നത്.
ബൈക്കിന് പിന്നിലിരുന്ന ധർമ്മേന്ദ്ര സിഗരറ്റ് വലിക്കാൻ ശ്രമിച്ചത് സുഹൃത്തും പമ്പ് ജീവനക്കാരനും തടഞ്ഞു. ഇതിൽ പ്രകോപിതനായ ഇയാൾ കയ്യിലുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് ഇന്ധന പൈപ്പിന് തീ കൊളുത്തുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ തീ ആളിക്കത്തുകയും ബൈക്കിന്റെ ടാങ്കിലേക്കും പമ്പിലെ മെഷീനിലേക്കും തീ പടരുകയും ചെയ്തു. എന്നാൽ, പമ്പ് ജീവനക്കാരൻ നടത്തിയ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി.
ഇയാൾ ഉടൻ തന്നെ ഇന്ധന പൈപ്പ് ടാങ്കിൽ നിന്ന് മാറ്റുകയും പ്രധാന സ്വിച്ച് ഓഫ് ചെയ്ത ശേഷം ഫയർ എക്സ്റ്റിംഗുയിഷർ ഉപയോഗിച്ച് തീയണയ്ക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ധർമ്മേന്ദ്രയെയും സുഹൃത്തിനെയും ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയതിന് ഇരുവർക്കുമെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Tags : BreakingNews ViralVideo ShockingIncident NearMiss CCTVFootage