മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന കടുത്ത ജീവിതസാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നു.
ഭയന്ദർ ഈസ്റ്റിലെ ഒരു തുറന്ന മൈതാനത്ത് പ്ലാസ്റ്റിക് ചാക്കുകൾ വിരിച്ച്, പുതപ്പുപോലുമില്ലാതെ രാത്രിയിൽ കൂട്ടത്തോടെ കിടന്നുറങ്ങുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നത്.
അടച്ചുപൂട്ടിയ മുറികളിലെ കടുത്ത ഉഷ്ണവും നഗരത്തിലെ ഉയർന്ന ജീവിതച്ചെലവുമാണ് ഇവരെ തെരുവിൽ അഭയം തേടാൻ പ്രേരിപ്പിക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്നയാൾ ഉറക്കത്തിൽ നിന്ന് വിളിച്ച് അന്വേഷിക്കുമ്പോൾ, മുറിക്കുള്ളിലെ അസഹനീയമായ ചൂട് കാരണമാണ് തങ്ങൾ ഒന്നര മാസമായി ഈ മൈതാനത്ത് കിടക്കുന്നതെന്ന് ഒരു തൊഴിലാളി വ്യക്തമാക്കുന്നുണ്ട്.
നിലവിലെ ഉഷ്ണതരംഗത്തിൽ മുറിക്കുള്ളിൽ കഴിയുന്നതിനേക്കാൾ ആശ്വാസം തുറസായ സ്ഥലത്താണെന്നും, പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് താമസസ്ഥലത്ത് പോയി കുളിയും ഭക്ഷണവും കഴിഞ്ഞ് തങ്ങൾ ജോലിക്ക് ഇറങ്ങുമെന്നും അദ്ദേഹം പറയുന്നു.
നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ഈ ഉത്തർപ്രദേശ് സ്വദേശിക്ക് പ്രതിമാസം പതിനെണ്ണായിരം രൂപയാണ് വേതനം ലഭിക്കുന്നത്. മുംബൈ പോലുള്ള ഒരു വൻനഗരത്തിൽ ഈ തുക കൊണ്ട് ജീവിച്ചുപോവുക എന്നത് ഏറെ പ്രയാസകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇന്റർനെറ്റിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കടുത്ത ചൂടിലും ദുരിതമനുഭവിക്കുന്ന തൊഴിലാളികളോട് ഒരു വിഭാഗം ആളുകൾ സഹതാപം പ്രകടിപ്പിക്കുമ്പോൾ, മറ്റൊരു വിഭാഗം കടുത്ത പ്രാദേശികവാദത്തോടെയും വിദ്വേഷത്തോടെയുമാണ് ഇതിനോട് പ്രതികരിക്കുന്നത്.
കുടിയേറ്റക്കാർ വന്ന് നഗരം വൃത്തികേടാക്കുകയാണെന്നും ഇവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ചിലർ കമന്റ് ചെയ്തപ്പോൾ, മുംബൈയിലെ അമിതമായ വീട്ടുവാടകയും ജീവിതച്ചെലവും സാധാരണക്കാരായ തൊഴിലാളികളെ എത്രത്തോളം ശ്വാസം മുട്ടിക്കുന്നുണ്ടെന്ന് ചിന്തിക്കണമെന്നാണ് മറ്റ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ കുടിയേറ്റം, സാധാരണക്കാരുടെ പാർപ്പിട പ്രശ്നങ്ങൾ, കുറഞ്ഞ വരുമാനക്കാരുടെ മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.
Tags : MumbaiNews SocialMediaViral MigrantWorkers MumbaiDiaries HumanInterest