ഡൽഹി പ്രീമിയർ ലീഗിലെ ഔട്ടർ ഡൽഹി വാരിയേഴ്സും ന്യൂ ഡൽഹി ടൈഗേഴ്സും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന നാടകീയ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
മഴ മൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വാരിയേഴ്സിന് അവസാന പന്തിൽ ജയിക്കാൻ ഒരു റൺ മാത്രമായിരുന്നു ആവശ്യം. അവസാന പന്ത് നേരിട്ട ബാറ്റ്സ്മാന് ബോൾ കണക്ട് ചെയ്യാൻ സാധിക്കാതെ വന്നതോടെ റൺഔട്ടിനുള്ള വ്യക്തമായ അവസരം മുന്നിൽ തെളിഞ്ഞു.
എന്നാൽ റൺഔട്ട് പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ട ടൈഗേഴ്സ് ക്യാപ്റ്റൻ ഹിമ്മത് സിംഗ് നിരാശയും ദേഷ്യവും അടക്കാനാവാതെ പന്ത് കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ചു. എന്നാൽ അവിശ്വസനീയമെന്നു പറയട്ടെ, ആ പന്ത് നേരെ ചെന്നു കൊണ്ടത് നോൺ-സ്ട്രൈക്കേഴ്സ് എൻഡിലെ വിക്കറ്റിലായിരുന്നു.
ഈ സമയം ക്രീസിന് പുറത്തു നിന്ന സിദ്ധാന്ത് ശർമ്മ റൺഔട്ടാവുകയും ചെയ്തു. അവസാന പന്തിലെ ഈ അപ്രതീക്ഷിത വിക്കറ്റോടെ സ്കോർ സമനിലയിലാവുകയും മത്സരം ടൂർണമെന്റിലെ ആദ്യ സൂപ്പർ ഓവറിലേക്ക് നീളുകയും ചെയ്തു.
വീണു കിട്ടിയ ഈ അപൂർവ്വ അവസരം ടൈഗേഴ്സ് താരങ്ങൾ ആവേശത്തോടെ ആഘോഷിച്ചപ്പോൾ, മത്സരത്തിന്റെ ക്ലൈമാക്സ് ദൃശ്യങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂ ഡൽഹി ടൈഗേഴ്സ്, ക്യാപ്റ്റൻ ഹിമ്മത് സിംഗിന്റെയും ലക്ഷയ് തരേജയുടെയും അർധസെഞ്ചുറികളുടെ കരുത്തിലാണ് 156 റൺസെടുത്തത്. മറുപടി ബാറ്റിംഗിൽ തകർച്ച നേരിട്ട വാരിയേഴ്സിനെ മോനു ശുക്ലയുടെ വെടിക്കെട്ട് ബാറ്റിംഗാണ് മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
ഒടുവിൽ സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഔട്ടർ ഡൽഹി വാരിയേഴ്സ് വിജയം കൈപ്പിടിയിലൊതുക്കി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത് 20 റൺസ് അടിച്ചുകൂട്ടിയ വാരിയേഴ്സ്, മറുപടിക്കിറങ്ങിയ ടൈഗേഴ്സിനെ കൃത്യമായി പ്രതിരോധിച്ച് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഐതിഹാസിക വിജയം കുറിച്ചു.
Last ball one run needed himmat singh missed run out opportunity
— Sawai96 (@Aspirant_9457) August 4, 2026
Kicked the ball in frustration and ball went directly on stumps
Match got tied
Daily dose of entertainment from delhi premier league
pic.twitter.com/r0HpG9QQJs
Tags : DPL2026 DelhiPremierLeague HimmatSingh NewDelhiTigers OuterDelhiWarriors