ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച ഉത്തർപ്രദേശിലെ പാലിയ അതാരിയ റെയിൽവേ ക്രോസിംഗിൽ അരങ്ങേറിയത് കണ്ടുനിന്നവരുടെ നെഞ്ചുപിടച്ച നിമിഷങ്ങളായിരുന്നു. അടഞ്ഞ ക്രോസിംഗിലൂടെ ട്രെയിൻ അതിവേഗം കടന്നുപോകുമ്പോഴാണ് പാളത്തിനിടയിലേക്ക് ഒരു പശു ഓടിക്കയറിയത്.
ട്രെയിൻ പശുവിനെ ഇടിച്ചു തെറിപ്പിച്ചതിലൂടെ പശുവിന് മരണം സംഭവിച്ചുവെന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ഉറപ്പിച്ചു. എന്നാൽ, ട്രെയിൻ കടന്നുപോയതിന് തൊട്ടുപിന്നാലെ വലിയ പരിക്കുകളൊന്നുമില്ലാതെ പശു പതുക്കെ എഴുന്നേറ്റ് നടന്നുപോയത് അവിടെയുണ്ടായിരുന്നവരെ അത്ഭുതപ്പെടുത്തി.
സ്ഥലത്തുണ്ടായിരുന്ന ഒരാൾ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ ഈ ദൃശ്യങ്ങൾ ഉടനടി സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. വിശുദ്ധമായ ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച തന്നെ ഇത്തരമൊരു രക്ഷപ്പെടൽ ഉണ്ടായത് ശിവഭഗവാന്റെ പ്രത്യേക അനുഗ്രഹം കൊണ്ടാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സമാനമായ അഭിപ്രായത്തോടെയാണ് ലക്ഷക്കണക്കിന് ആളുകൾ ഡിജിറ്റൽ ഇടങ്ങളിൽ ഈ വീഡിയോ ഏറ്റെടുത്തത്. ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിച്ച ഈ ദൃശ്യം ചുരുങ്ങിയ സമയം കൊണ്ട് ഏഴു ലക്ഷത്തിലധികം ലൈക്കുകൾ നേടി.
കമന്റ് ബോക്സുകളിൽ ഭൂരിഭാഗം പേരും ഭക്തിപൂർവ്വം പ്രാർഥനകൾ പങ്കുവെച്ചപ്പോൾ, ശാസ്ത്രത്തിനും മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറത്തുള്ള ദൈവീക ഇടപെടലാണ് ഈ സംഭവമെന്ന് പലരും കുറിച്ചു. ജീവൻ തിരിച്ചുകിട്ടിയ പശുവിന്റെ അത്ഭുതകരമായ ഈ ഓട്ടമാണ് ഇപ്പോൾ ഇന്റർനെറ്റിലെ പ്രധാന സംസാരവിഷയം
Tags : ViralVideo TrendingNow MiracleEscape UnbelievableMoments CloseCall