വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് എത്രത്തോളം വലിയ അപകടമാണെന്ന് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള മുന്നറിയിപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് അമിത ആത്മവിശ്വാസത്തോടെ ഡ്രൈവിംഗിനിടെ ഫോണിൽ മുഴുകുന്നവർ ഒട്ടും കുറവല്ല.
അത്തരത്തിൽ ഒരു ട്രക്ക് ഡ്രൈവറുടെ അശ്രദ്ധ വരുത്തിവെച്ച വലിയൊരു അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. റോഡിൽ ശ്രദ്ധിക്കാതെ ഫോണിലേക്ക് നോക്കിയിരുന്ന ട്രക്ക് ഡ്രൈവർ തന്‍റെ തൊട്ടുമുന്നിലുള്ള റോഡ് റോളറിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
ട്രക്കിനുള്ളിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ ആരെയും നടുക്കുന്നതാണ്. ഇടിയുടെ ആഘാതത്തിൽ റോഡ് റോളറിന്‍റെ മുൻചക്രം ഊരിത്തെറിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അപകടം നടന്നയുടനെ ഡ്രൈവർ ഭയക്കുകയും തന്‍റെ അബദ്ധം തിരിച്ചറിഞ്ഞ് പരിഭ്രമിക്കുന്നതുമാണ് വീഡിയോയുടെ ഒരു ഭാഗം.
എന്നാൽ ഈ ഗൗരവകരമായ അപകടവാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ മറ്റൊരു തലം കൂടി ലഭിച്ചു. അപകടം നടന്ന നിമിഷം തന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ആംബുലൻസ് ആ വഴി കടന്നുപോകുന്നത് വീഡിയോയിൽ കാണാം. ഈ യാദൃശ്ചികതയാണ് വീഡിയോ വൈറലാകാൻ പ്രധാന കാരണമായത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സംഭവത്തിന്‍റെ ഗൗരവം ഉൾക്കൊള്ളുമ്പോഴും ഡ്രൈവറുടെ ഭാവമാറ്റങ്ങളും ആംബുലൻസിന്‍റെ കൃത്യസമയത്തുള്ള വരവും കണ്ട് ഇത് ഒരു സിനിമയിലെ കോമഡി രംഗം പോലെയുണ്ടെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. ഭാഗ്യവശാൽ ഈ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. എങ്കിലും ഓരോ ഡ്രൈവർക്കും ഒരു പാഠമാകേണ്ടതാണ് ഈ സംഭവം.
Tags : ViralVideo RoadSafety InstantRegret TrendingNow CaughtOnCamera