സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഫോളോവേഴ്സിനെയും നേടാനുള്ള അമിത മോഹം ഒരു ഇൻഫ്ലുവൻസറെ ഒടുവിൽ എത്തിച്ചത് പൊലിസ് കസ്റ്റഡിയിൽ.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന രീതിയിൽ വീഡിയോ പങ്കുവെച്ച സൂറത്ത് സ്വദേശിനിയായ നാൽപ്പത്തേഴുകാരി സിമ്രാൻ പട്ടേലാണ് സൈബർ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
അഡാജൻ സ്വദേശിയായ ഈ വീട്ടമ്മയ്ക്ക് ഇൻസ്റ്റാഗ്രാമിൽ പത്തുലക്ഷത്തോളം ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ഇവർ 500 രൂപ നോട്ടിലെ ഗാന്ധിജിയുടെ ചിത്രത്തെ ലൈംഗികച്ചുവയോടെ അശ്ലീലമായി ചിത്രീകരിച്ച് റീൽ നിർമ്മിച്ചത്.
വീഡിയോയിൽ മോശമായ പരാമർശങ്ങളും ആംഗ്യങ്ങളും ഉൾപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഐടി ആക്ടിലെ സെക്ഷൻ 67 പ്രകാരം പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ ദേശീയ നേതാക്കളെയോ സാമൂഹിക-മത ചിഹ്നങ്ങളെയോ അധിക്ഷേപിക്കുന്നതും അശ്ലീലമായി ചിത്രീകരിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് പൊലിസ് ഓർമ്മിപ്പിച്ചു.
വ്യാജ സന്ദേശങ്ങളോ മോശമായ ഉള്ളടക്കങ്ങളോ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്നും ഇത്തരം പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്നും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ ഇവരുടെ ‘അറസ്റ്റിനു മുൻപും ശേഷവും’ ഉള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തി സൂറത്ത് സിറ്റി പൊലിസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയും വൈറലായി.
സോഷ്യൽ മീഡിയയിലെ താൽക്കാലിക പ്രശസ്തിക്കായി നിയമം ലംഘിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പോടെയാണ് പൊലിസ് ഈ വീഡിയോ പുറത്തുവിട്ടത്.
સોશિયલ મીડિયા પર ફોલોઅર્સ અને લાઇક્સ મેળવવાની લાલચમાં કાયદાનું ઉલ્લંઘન ભારે પડી શકે છે… https://t.co/iWR69Pgps9
— Surat City Police (@CP_SuratCity) October 4, 2026
Tags : GujaratNews SuratPolice SimranPatel CyberCrime InstagramInfluencer