ഹിമാലയൻ സാനുക്കളിലെ മഞ്ഞുമൂടിയ മലനിരകളിൽ ഭഗവാൻ ശിവന്‍റെ രൂപം തെളിഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ, സമുദ്രനിരപ്പിൽ നിന്ന് 3,680 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമായ തുങ്കനാഥിലാണ് ഈ വിസ്മയ കാഴ്ചയെന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിക്കുന്നത്.
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ക്ഷേത്രപരിസരത്ത്, സൂര്യപ്രകാശം തട്ടി പർവ്വതശിഖരത്തിൽ തെളിയുന്ന നിഴൽരൂപത്തിന് ശിവഭഗവാൻ തന്‍റെ ത്രിശൂലമേന്തി നിൽക്കുന്നതുമായി അസാധാരണമായ സാദൃശ്യമുണ്ട്.
സ്വർണ നിറത്തിലുള്ള സൂര്യകിരണങ്ങൾ മഞ്ഞിൽ തട്ടി ചിതറുമ്പോൾ രൂപപ്പെടുന്ന ഈ നിഴൽ ചിത്രം ഭക്തരിലും യാത്രികരിലും ഒരുപോലെ അത്ഭുതമുളവാക്കി. "നോക്കുന്നിടത്തെല്ലാം ശിവൻ മാത്രം" എന്ന കുറിപ്പോടെ പങ്കുവെക്കപ്പെട്ട ഈ ദൃശ്യം നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.
എങ്കിലും ഈ ദൃശ്യത്തിന്‍റെ യാഥാർഥ്യത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, ഇത് പ്രകൃതിദത്തമായി ഉണ്ടായ ഒരു പ്രതിഭാസമല്ല, മറിച്ച് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചെടുത്തതാണ്.
തുങ്കനാഥ് ക്ഷേത്രത്തിന്‍റെ ആത്മീയ പശ്ചാത്തലവും അവിടുത്തെ മനോഹരമായ ഭൂപ്രകൃതിയും ആധുനിക സാങ്കേതികവിദ്യയുമായി ചേർന്നപ്പോൾ രൂപപ്പെട്ട ഈ ദൃശ്യങ്ങൾ യഥാർഥമാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് ഇത് പങ്കുവെക്കുന്നത്.
പഞ്ചകേദാരങ്ങളിൽ മൂന്നാമത്തെ ക്ഷേത്രമായ തുങ്കനാഥിന് ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. മഹാഭാരത യുദ്ധത്തിന് ശേഷം പാപമുക്തി തേടി അലഞ്ഞ പാണ്ഡവർക്ക് മുന്നിൽ നിന്നും മറയാൻ കാളയുടെ രൂപം സ്വീകരിച്ച ശിവന്‍റെ കൈകൾ (ബാഹു) പ്രത്യക്ഷപ്പെട്ട ഇടമാണ് ഇതെന്നാണ് ഐതിഹ്യം.
ആയിരക്കണക്കിന് ഭക്തർ ഓരോ വർഷവും എത്തിച്ചേരുന്ന ഈ പുണ്യഭൂമിയിലെ ആത്മീയ അന്തരീക്ഷത്തെ ഇത്തരമൊരു ദൃശ്യം കൂടുതൽ ജനശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സൃഷ്ടിച്ച മായക്കാഴ്ചയാണെങ്കിലും, ഹിമാലയത്തിന്‍റെ ആത്മീയതയും തുങ്കനാഥിന്‍റെ ഐതിഹ്യങ്ങളും ഇന്നും വിശ്വാസികളെ വലിയ രീതിയിൽ ആകർഷിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യത.
Tags : Tungnath LordShiva ViralVideo PanchKedar Kedarnath