അസമിലെ ഗോലാഘട്ടിൽ കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങി ജീവൻ അപകടത്തിലായ കാട്ടാനയെ വനംവകുപ്പും വന്യജീവി സംരക്ഷണ സംഘവും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.
കഴുത്തിൽ ടയർ മുറുകിയതിനെ തുടർന്ന് കടുത്ത വേദനയും പ്രയാസവും അനുഭവിച്ച നിലയിലാണ് പ്രദേശവാസികൾ ആനയെ കണ്ടെത്തിയത്.
തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് കാസിരംഗയിലെ സെന്റർ ഫോർ വൈൽഡ് ലൈഫ് റീഹാബിലിറ്റേഷൻ ആൻഡ് കൺസെർവേഷനും ഗോലാഘട്ട് ഫോറസ്റ്റ് ഡിവിഷനും പ്രദേശവാസികളും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള ദൗത്യത്തിനൊടുവിൽ ആനയുടെ കഴുത്തിൽ നിന്ന് ടയർ വിജയകരമായി അഴിച്ചുമാറ്റുകയായിരുന്നു.
ടയർ എങ്ങനെയാണ് ആനയുടെ കഴുത്തിൽ കുടുങ്ങിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും, മനുഷ്യർ അശ്രദ്ധമായി തള്ളുന്ന മാലിന്യങ്ങളും ഉപേക്ഷിക്കുന്ന സാമഗ്രികളും വന്യമൃഗങ്ങളുടെ ജീവന് എത്രത്തോളം വലിയ ഭീഷണിയാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
മനുഷ്യവാസമേഖലകൾക്ക് സമീപം ജീവിക്കുന്ന വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കാടുകളിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക്കും മറ്റു അവശിഷ്ടങ്ങളും വലിച്ചെറിയുന്നത് തടയുന്നതിനും കൂടുതൽ ജാഗ്രത വേണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ രക്ഷാപ്രവർത്തനം.
Tags : Assam Golaghat Kaziranga AssamNews ElephantRescue