ഓഫീസ് ജോലി കഴിഞ്ഞ് മടുപ്പോടെ വീട്ടിലേക്ക് മടങ്ങുന്ന ഒരു ശരാശരി ഉദ്യോഗസ്ഥന്റെ സമാധാനം കെടുത്താൻ ബോസിന്റെ ഒരൊറ്റ ഫോൺ കോൾ മതിയാകും എന്നതിന്റെ നേർച്ചിത്രമാണ് ഡൽഹി മെട്രോയിൽ നിന്ന് കഴിഞ്ഞദിവസം പുറത്തുവന്ന വാർത്ത.
തിരക്കേറിയ മെട്രോ ട്രെയിനിനുള്ളിലെ തറയിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ഒരു യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സംവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
ജോലി സമയം കഴിഞ്ഞ് മടങ്ങുന്നതിനിടെ മാനേജരുടെ കോൾ വന്ന ഉടനടി തന്റെ ലാപ്ടോപ്പ് തുറന്ന് തിരക്കിനിടയിലും ജോലി പൂർത്തിയാക്കാൻ ശ്രമിക്കുന്ന ആ യുവാവിന്റെ ചിത്രം ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ 'ടോക്സിക്' തൊഴിൽ സംസ്കാരത്തിന്റെ ആഴം വ്യക്തമാക്കുന്നു.
സാധാരണ നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ ഫോൺ എടുക്കാതിരിക്കാനോ അല്ലെങ്കിൽ വീട്ടിലെത്തിയ ശേഷം മറുപടി നൽകാനോ ആണ് പലരും താല്പര്യപ്പെടുകയെങ്കിലും, ഈ യുവാവിന്റെ പ്രവർത്തിക്ക് പിന്നിൽ തന്റെ ജോലി നിലനിർത്താനുള്ള നിസഹായാവസ്ഥയാണെന്ന് ഭൂരിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെടുന്നു.
'എക്സ്' പ്ലാറ്റ്ഫോമിൽ പങ്കുവെക്കപ്പെട്ട ഈ പോസ്റ്റ് ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. യുവാവിന്റെ ഈ പ്രവർത്തി ഡെഡിക്കേഷനായി കാണാൻ കഴിയില്ലെന്നും മറിച്ച് വ്യക്തിജീവിതത്തെ മാനിക്കാത്ത തൊഴിൽ രീതിയുടെ ഭാഗമാണെന്നും പലരും വിമർശിക്കുന്നു.
ഒരു കുടുംബം പുലർത്താൻ പണം അത്യന്താപേക്ഷിതമായതുകൊണ്ടാണ് പലരും ഇത്തരം ചൂഷണങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
ജോലി സമയം കഴിഞ്ഞാൽ ജീവനക്കാർക്ക് സ്വന്തം വ്യക്തിജീവിതത്തിന് സമയം നൽകേണ്ടത് അനിവാര്യമാണെന്നും എന്നാൽ ഇന്ത്യയിലെ പല കമ്പനികളിലും 24 മണിക്കൂറും ജോലിക്ക് സജ്ജരായിരിക്കണം എന്ന അലിഖിത നിയമം നിലനിൽക്കുന്നുണ്ടെന്നും ഈ സംഭവത്തെ മുൻനിർത്തി ആളുകൾ പ്രതികരിക്കുന്നു.
5 മണിക്ക് ജോലി അവസാനിച്ചാൽ അത് കഴിഞ്ഞുള്ള സമയം ജീവനക്കാരന്റേതാണെന്നും എന്നാൽ മാനേജർമാരുടെ അനാവശ്യ സമ്മർദ്ദം ജീവനക്കാരുടെ മാനസികാരോഗ്യം തകർക്കുന്നുവെന്നും ഉള്ള ചർച്ചകൾ ഈ ചിത്രത്തിന് താഴെ നിറയുകയാണ്.
ആധുനിക കാലത്തെ കോർപ്പറേറ്റ് അടിമത്തത്തിന്റെ പ്രകടമായ ഉദാഹരണമാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ പൊതുവായ അഭിപ്രായം.
Tags : WorkLifeBalance CorporateCulture MentalHealthAtWork ToxicWorkplace EmployeeWellbeing