വെറും 16 രൂപയ്ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ സ്വന്തമാക്കാം, അതും 16 മിനിറ്റ് നേരത്തേക്ക് മാത്രം. കാൺപൂരിലെ ആലം മാർക്കറ്റിലെ വസ്ത്രശാല ഉടമ റെയിസ് ആലമിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഈ ഓഫറാണ് ശനിയാഴ്ച രാത്രി നഗരത്തെ ഭീതിയുടെ മുൾമുനയിലാക്കിയത്.
സോഷ്യൽ മീഡിയ റീലുകളിലൂടെയും വീഡിയോകളിലൂടെയും വിവരമറിഞ്ഞ് ആയിരക്കണക്കിന് ആളുകൾ ഒരേ സമയം വിപണിയിലേക്ക് ഇരച്ചെത്തിയതോടെ പ്രദേശം തികച്ചും അനിയന്ത്രിതമായ തിരക്കിലേക്ക് നീങ്ങി.
ജീൻസ്, ഷർട്ടുകൾ, ടി-ഷർട്ടുകൾ, തുടങ്ങിയ അത്യാകർഷകമായ മോഡലുകൾ തുച്ഛമായ വിലയ്ക്ക് ലഭിക്കുമെന്നറിഞ്ഞ് സ്ത്രീകളും യുവാക്കളുമടക്കം വലിയൊരു ജനസഞ്ചയമാണ് അല്പസമയത്തിനുള്ളിൽ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്.
സമയം അവസാനിക്കുന്നതിന് മുൻപ് വസ്ത്രങ്ങൾ സ്വന്തമാക്കാൻ ആളുകൾ പരസ്പരം തള്ളിക്കയറിയത് പ്രദേശത്ത് തിക്കും തിരക്കിനും കാരണമായി. ഇതോടെ മാർക്കറ്റിലെ ഗതാഗതം പൂർണമായും സ്തംഭിക്കുകയും കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാവുകയും ചെയ്തു.
സ്ഥിതിഗതികൾ ഗുരുതരമായതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വൻ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. മൈക്ക് വഴി മുന്നറിയിപ്പ് നൽകിയും ആളുകളെ നിർബന്ധപൂർവ്വം തിരിച്ചയച്ചുമാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
തുടർന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. നിയമനടപടികൾക്കായി പ്രദേശത്തെ ദൃശ്യങ്ങൾ പൊലീസ് ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
മുൻകൂട്ടി സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും ജീവന് ഭീഷണിയാകുന്ന വിധത്തിലും ആളുകളെ തടിച്ചുകൂടാൻ വഴിയൊരുക്കിയതിന് കടയുടമകൾക്കെതിരെ പൊലീസ് കേസെടുത്തു.
മുഹമ്മദ് ആലം, റെയിസ് ആലം, സൽമാൻ ആലം എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ അന്വേഷണ ഭാഗമായി കടയുടമയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
In Kanpur, Uttar Pradesh, garment shopkeeper Rais Alam marked his birthday with a flash sale offering every item for ₹16 for just 16 minutes. The announcement drew a massive crowd and triggered a law-and-order situation. pic.twitter.com/jK1nIBZPf7
— Piyush Rai (@Benarasiyaa) August 16, 2026
Tags : Kanpur AlamMarket FlashSale UttarPradesh ViralNews