രാജസ്ഥാനിലെ ആൽവാർ ജില്ലയിലുണ്ടായ ഒരു വിചിത്ര സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാകുകയാണ്. മധോഗാഹ് ഗ്രാമത്തിൽ താമസിക്കുന്ന കലുറാം എന്ന മധ്യവയസ്‌കന്‍റെ തലയാണ് 15 ലിറ്റർ കൊള്ളുന്ന വലിയ പാൽ പാത്രത്തിൽ കുടുങ്ങിപ്പോയത്.
റീൽസ് ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച ഈ അപകടം നാട്ടുകാർക്കും കാഴ്ചക്കാർക്കും ഒരുപോലെ കൗതുകമായി മാറി. ഗോതമ്പ് വിൽക്കുന്നതിനായി കടയിലേക്ക് പോകുന്ന വഴിക്ക് ഒരു റീൽ ചിത്രീകരിക്കാൻ കലുറാം ശ്രമിക്കുകയായിരുന്നു.
വെയിലിന്‍റെ കാഠിന്യം കൂടിയതോടെ അല്പം ആശ്വാസം ലഭിക്കാനായി അദ്ദേഹം ആ പാൽ പാത്രം തലയിൽ കമഴ്ത്തിവെച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ പാത്രം തലയിൽ കുടുങ്ങുകയായിരുന്നു.
പാത്രം ഊരിമാറ്റാൻ സാധിക്കാതെ വന്നതോടെ പരിഭ്രാന്തരായ നാട്ടുകാർ അദ്ദേഹത്തെ ഒരു ബൈക്കിൽ ഇരുത്തി തൊട്ടടുത്തുള്ള ഹാർഡ്‌വെയർ കടയിലേക്ക് എത്തിച്ചു.
ഏകദേശം 10 കിലോയോളം ഭാരമുള്ള ലോഹപ്പാത്രം തലയിൽ കുടുങ്ങിയ നിലയിൽ ബൈക്കിൽ യാത്ര ചെയ്യുന്ന കലുറാമിന്‍റെ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് വൈറലായത്.
ഒടുവിൽ കടയിലെത്തി കട്ടർ ഉപയോഗിച്ച് പാത്രം ശ്രദ്ധാപൂർവം മുറിച്ചുമാറ്റിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചിരിയും അത്ഭുതവും നിറയ്ക്കുകയാണ്.
Tags : ViralNews RajasthanNews Alwar FunnyVideo BizarreNews