ഇന്റർനെറ്റിലെ പുതിയ ക്രേസായി മാറി സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ മനസ് കീഴടക്കുകയാണ് ഒരു നായയുടെ വീഡിയോ. ലളിത് നേഗി എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ ദൃശ്യം ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയത്.
ആറ്റിലേക്കിറങ്ങുന്ന കൽപടവുകളിൽ ഇരുന്ന് മുൻകാലുകൾ വെള്ളത്തിൽ മുക്കിവെച്ച് തികച്ചും ശാന്തനായി ചുറ്റും നോക്കുന്ന നായയാണ് വീഡിയോയിലെ താരം.
വലിയ അത്ഭുതങ്ങളോ അഭ്യാസങ്ങളോ ഒന്നുമില്ലെങ്കിലും, ജീവിതത്തിലെ സർവ്വ തിരക്കുകളിൽ നിന്നും മാറി നായ കാട്ടുന്ന ഈ നിസംഗതയും ശാന്തതയുമാണ് കാണികളെ വല്ലാതെ ആകർഷിക്കുന്നത്. ഇതിനകം നാല് ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുടെ പ്രവാഹമാണ്.
മനുഷ്യരെല്ലാം കാൽ വെള്ളത്തിലിട്ട് വിശ്രമിക്കുമ്പോൾ ഡോഗേഷ് ഭായ് കൈകൾ മുക്കിവെച്ചാണ് മാതൃകയാകുന്നതെന്നും, ജീവിതത്തിൽ ഇത്രയധികം സമാധാനത്തോടെയിരിക്കാൻ ഈ നായയ്ക്കല്ലാതെ മറ്റാർക്കും സാധിക്കില്ലെന്നുമാണ് ആളുകൾ കുറിക്കുന്നത്.
തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിനിടയിൽ കാഴ്ചക്കാർക്ക് വലിയൊരു ആശ്വാസവും ചിരിയും സമ്മാനിച്ചാണ് ഈ 'ചിൽ' നായ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്.
Tags : DogeshBhai ViralDog InstagramViral DogsofInstagram TrendingNow