ക്രീസിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ താരം റിഷഭ് പന്ത് ഡ്രോൺ ക്യാമറ അടിച്ച് താഴെയിടുന്ന രീതിയിൽ പ്രചരിച്ച എഐ നിർമ്മിത വീഡിയോ മുൻനിർത്തി കേരള പൊലീസ് പങ്കുവെച്ച സ്വകാര്യതാ ബോധവൽക്കരണ പോസ്റ്റ് ശ്രദ്ധേയമാകുന്നു.
മുല്ലാൻപൂരിൽ നടന്ന ഇന്ത്യ - അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരത്തിനിടയിലെ യഥാർഥ സംഭവമെന്ന രീതിയിലാണ് പലരും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
എന്നാൽ, ടെസ്റ്റ് മത്സരങ്ങളിൽ ഉപയോഗിക്കുന്ന ചുവന്ന പന്തിന് പകരം വെളുത്ത പന്താണ് ദൃശ്യങ്ങളിലുള്ളത് എന്നതിനാൽ ഇതൊരു വ്യാജ വീഡിയോ ആണെന്ന് വ്യക്തമായിരുന്നു.
ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്ക് മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചുകയറുന്നവർക്കെതിരെ പൊലീസ് രംഗത്തെത്തിയത്.
മനുഷ്യന്റെ ദുരന്തങ്ങളും അപകടങ്ങളും മരണങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരെ കൂട്ടാനുള്ള മാർഗങ്ങളായി ചിലർ മാറ്റുകയാണെന്നും, ഇത്തരം ഇടപെടലുകൾ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് ഓർമ്മിപ്പിക്കുന്ന കുറിപ്പിൽ, ഒരാളുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് (സെക്ഷൻ 66E) പ്രകാരം വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിൽ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നത് മൂന്ന് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നും കേരള പൊലീസ് ഓർമ്മിപ്പിക്കുന്നു.
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്. https://t.co/EcvueuGgIe#keralapolice pic.twitter.com/Vr4cGAYuQI
— Kerala Police (@TheKeralaPolice) June 8, 2026
Tags : RishabhPant IndianCricket KeralaPolice TeamIndia ViralVideo CricketNews