ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിന്‍റെ കുതിപ്പിനിടെ മൈതാനത്ത് അരങ്ങേറിയ ഒരു രസകരമായ സംഭവം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുകയാണ്.
മുല്ലൻപൂരിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെയുള്ള ആവേശപ്പോരാട്ടത്തിനിടെയാണ് പഞ്ചാബ് പരിശീലകൻ റിക്കി പോണ്ടിങ്ങും ശശാങ്ക് സിങ്ങും തമ്മിലുള്ള നാടകീയ മുഹൂർത്തങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
മത്സരത്തിന്‍റെ 18-ാം ഓവറിൽ അർഷ്ദീപ് സിങ് എറിഞ്ഞ പന്ത് എയ്ഡൻ മാർക്രം ഉയർത്തി അടിച്ചു. ഡീപ് പോയിന്‍റിൽ നിലയുറപ്പിച്ചിരുന്ന ശശാങ്ക് സിങ്ങിന് അനായാസം പിടിച്ചെടുക്കാവുന്ന ദൂരത്തിലായിരുന്നു പന്ത് എത്തിയത്.
എന്നാൽ, പന്ത് ബൗണ്ടറി ലൈനിന് പുറത്താണെന്ന് തെറ്റിദ്ധരിച്ച് ശശാങ്ക് പന്ത് പിടിക്കാൻ ഒട്ടും ശ്രമിക്കാതെ മാറിനിന്നു. പന്ത് ബൗണ്ടറിക്ക് ചേർന്ന് വീണ് സിക്സറായതോടെ അർഷ്ദീപ് സിങ് കടുത്ത നിരാശ പ്രകടിപ്പിച്ചു.
ഇത് ഡഗൗട്ടിലിരുന്ന് കണ്ടുകൊണ്ടിരുന്ന റിക്കി പോണ്ടിങ് തന്‍റെ അതൃപ്തി മറച്ചുവെക്കാതെ പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. തന്‍റെ കരിയറിൽ മികച്ച ഫീൽഡിങ് പ്രകടനങ്ങൾ കാഴ്ചവെച്ച പോണ്ടിങ്ങിന് ഇത്തരമൊരു അനാസ്ഥ ഒട്ടും ദഹിച്ചിരുന്നില്ല.
എന്നാൽ, മത്സരശേഷം മൈതാനത്ത് കാണാൻ കഴിഞ്ഞത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ ശശാങ്ക് സിങ്ങിനെ പോണ്ടിങ് സ്‌നേഹത്തോടെ ചേർത്തു കെട്ടിപ്പിടിച്ചു.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ തമാശ നിറഞ്ഞ രീതിയിൽ ശശാങ്കിനെ പിന്തുണച്ചും കാര്യങ്ങൾ ശാന്തമാക്കാൻ ശ്രമിച്ചതും ടീമിലെ സൗഹൃദത്തിന്‍റെ തെളിവായി. തുടർച്ചയായ ആറാം വിജയത്തോടെ ഈ സീസണിൽ തോൽവിയറിയാതെ മുന്നേറുന്ന പഞ്ചാബ് കിങ്‌സ് മികച്ച ഫോമിലാണ്.
ടീമിന്‍റെ വിജയയാത്രയ്ക്ക് തടസമാകാത്ത വിധം ഇത്തരം പിഴവുകളെ വളരെ പക്വതയോടെ കൈകാര്യം ചെയ്യാൻ പോണ്ടിങ്ങിന് കഴിയുന്നുണ്ട് എന്നതും പഞ്ചാബ് ആരാധകർക്ക് ആശ്വാസം പകരുന്നു.
ഒരേസമയം കടുപ്പക്കാരനായ പരിശീലകനായും കളിക്കാരെ ചേർത്തുപിടിക്കുന്ന വഴികാട്ടിയായും പോണ്ടിങ് മാറുമ്പോൾ, അത് പഞ്ചാബ് ടീമിന് വലിയൊരു മുതൽക്കൂട്ടായി മാറുകയാണ്.
Tags : IPL2026 PunjabKings PBKS RickyPonting CricketNews