ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ ഒരു ശവസംസ്കാര ചടങ്ങിനിടെ അരങ്ങേറിയ വിചിത്രമായ കാഴ്ചയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
പരലോകത്തേക്ക് യാത്രയാകുന്ന തങ്ങളുടെ പ്രിയപ്പെട്ടവന് അന്തസോടെ സഞ്ചരിക്കാനായി ജിൻ കുടുംബം തിരഞ്ഞെടുത്തത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് കാറാണ്.
ജെസിബി ഉപയോഗിച്ച് വലിയൊരു കുഴിയെടുത്ത് അതിലേക്ക് ആഡംബര വാഹനം വളരെ ശ്രദ്ധയോടെ താഴ്ത്തി വെച്ച് മണ്ണുമൂടുന്നത് കണ്ട കാഴ്ചക്കാർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. ഏകദേശം ഒന്നര കോടിയോളം രൂപ വിലവരുന്ന, '8888' എന്ന നമ്പർ പ്ലേറ്റുള്ള ആഡംബര കാറാണ് ഇത്തരത്തിൽ മണ്ണടിഞ്ഞത്.
പരലോകത്തേക്ക് പോകുമ്പോൾ തങ്ങളുടെ കൂടെയുണ്ടായിരുന്ന വസ്തുക്കൾ കൂടി കരുതണമെന്നുള്ള പഴയകാല വിശ്വാസത്തിന്‍റെ ഭാഗമായാണ് കടലാസ് നിർമ്മിത വസ്തുക്കൾ കത്തിക്കുന്ന ചൈനീസ് രീതി നിലവിലുള്ളതെങ്കിലും, പ്രവർത്തിക്കുന്ന ഒരു ആഡംബര വാഹനം തന്നെ മണ്ണിനടിയിലാക്കിയത് കടുത്ത പരിസ്ഥിതി നാശമാണെന്നാണ് പൊതുവേ ഉയരുന്ന വിമർശനം.
വിഷയത്തിൽ അധികൃതർ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഇത്തരം പ്രവൃത്തികളെ കാലഹരണപ്പെട്ട അന്ധവിശ്വാസമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഉയർന്ന രൂക്ഷമായ വിമർശനങ്ങളെത്തുടർന്ന് കുടുംബത്തിന് പരസ്യമായി മാപ്പ് പറയേണ്ടി വന്നു.
കുഴിച്ചുമൂടിയ വാഹനം തിരികെ പുറത്തെടുക്കാനും മണ്ണുമാറ്റി സ്ഥലം പഴയപടിയാക്കാനുമുള്ള ബാധ്യതയും നിയമനടപടികളും ഇപ്പോൾ ഈ കുടുംബത്തിന് നേരിടേണ്ടി വന്നിരിക്കുകയാണ്.
A viral video from China
Tags : ViralNews China FuneralRituals StrangeButTrue GlobalNews