ഗുജറാത്തിൽ സെൻസസ് മുന്നൊരുക്കങ്ങൾക്കായി സംഘടിപ്പിച്ച ഔദ്യോഗിക പരിശീലന ക്യാമ്പിൽ അപ്രതീക്ഷിതമായി എത്തിയ ഒരു കുരങ്ങൻ ജീവനക്കാരെ ഒരേസമയം അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.
അധ്യാപകരും സർക്കാർ ജീവനക്കാരും ഉൾപ്പെടെയുള്ളവർ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഹാളിനുള്ളിലേക്ക് ഒരു കുരങ്ങൻ കടന്നുവന്നത്. തിങ്ങിനിറഞ്ഞ സദസിലേക്ക് ഒട്ടും ഭയമില്ലാതെ നടന്നുനീങ്ങിയ കുരങ്ങൻ, അവിടെയുണ്ടായിരുന്ന കസേരകളിലൊന്നിൽ ഇരിപ്പുറപ്പിച്ചു.
പെട്ടെന്നുള്ള ചലനങ്ങൾ കുരങ്ങനെ പ്രകോപിപ്പിച്ചേക്കാമെന്നതിനാൽ ഭയം ഉള്ളിലൊതുക്കി ഒട്ടും അനങ്ങാതെ ഇരിക്കാൻ ജീവനക്കാർ ശ്രദ്ധിച്ചു. ഗൗരവമേറിയ ഔദ്യോഗിക അന്തരീക്ഷം പെട്ടെന്ന് തന്നെ കൗതുകവും നേരിയ ആശങ്കയും നിറഞ്ഞ ഒന്നായി മാറുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും ചെയ്തു.
കുരങ്ങന്റെ സാന്നിധ്യം സൃഷ്ടിച്ച നിശബ്ദതയ്ക്കിടയിൽ മൈക്കിലൂടെ സംസാരിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ നടത്തിയ ഒരു പരാമർശം ഹാളിൽ വലിയ ചിരിക്ക് വഴിവെച്ചു.
വീടുകൾ കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കുന്ന സമയത്ത് തെരുവ് നായകളിൽ നിന്നും കുരങ്ങുകളിൽ നിന്നും ഇതിലും വലിയ അനുഭവങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ തമാശ രൂപേണയുള്ള മുന്നറിയിപ്പ്.
പിന്നീട് പരിഭ്രാന്തി സൃഷ്ടിച്ച് ആളുകൾ ഒന്നിച്ച് ഓടുന്നത് ഒഴിവാക്കാനായി, ഹാളിന്റെ പിൻഭാഗത്തെ വരികളിലുള്ളവരോട് ആദ്യം പതുക്കെ പുറത്തേക്ക് പോകാൻ നിർദ്ദേശിച്ച് കൃത്യമായ പ്ലാനിങ്ങോടെ ഹാൾ മുഴുവനായും ഒഴിപ്പിച്ചു.
ആളുകൾ ഓരോരുത്തരായി പുറത്തേക്ക് പോകുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ കസേരയിൽ തന്നെ തുടരുകയായിരുന്നു ഈ അതിഥി.
സാമൂഹിക മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, കുരങ്ങനെ കണ്ട് ഭയന്നോടാതെ തികഞ്ഞ സംയമനത്തോടെ സാഹചര്യത്തെ നേരിട്ട ജീവനക്കാരുടെ നടപടിയെ നിരവധിയാളുകൾ അഭിനന്ദിച്ചു.
Watch | Monkey Disrupts Govt Staff Training Workshop for Census 2026 in Gujarat pic.twitter.com/dlKz1gcxe0
— DeshGujarat (@DeshGujarat) May 22, 2026
Tags : Gujarat Census2026 MonkeyViralVideo SocialMediaViral ViralVideo