മുംബൈ തെരുവിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നയാൾക്ക് സാമ്പത്തിക സഹായം നൽകിയ വിദേശ സഞ്ചാരിയായ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നു.
'ക്രിസ് ട്രാവൽസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ശ്രദ്ധേയനായ വിദേശി മുംബൈ സന്ദർശനത്തിനിടെ ശാരീരിക വൈകല്യമുള്ള വ്യക്തിക്ക് പണം നൽകിയതാണ് സംഭവങ്ങളുടെ തുടക്കം. പോളിയോ ബാധിച്ച് നടക്കാൻപോലും ബുദ്ധിമുട്ടുന്ന ഈ വ്യക്തിക്ക് കൂടുതൽ സഹായം ആവശ്യമാണെന്ന് മനസിലാക്കിയാണ് ഇയാൾ 100 രൂപ നൽകിയത്.
എന്നാൽ ഇതിനിടയിലേക്ക് മറ്റൊരു സ്ത്രീ കടന്നുവരികയും വിദേശിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയുമായിരുന്നു. താനും ഭിന്നശേഷിക്കാരിയാണെന്ന് അവകാശപ്പെട്ട ആ സ്ത്രീ, തനിക്ക് ഭക്ഷണത്തിനും ചികിത്സയ്ക്കുമായി പണം വേണമെന്ന് ആവശ്യപ്പെടുകയും ചില രേഖകളും മരുന്നുകളും കാണിക്കുകയും ചെയ്തു.
കൂടാതെ ഇയാൾ ദിവസവും 2000 രൂപയോളം യാചനയിലൂടെ സമ്പാദിക്കുന്നുണ്ടെന്നും സ്ഥിരം യാചകനാണെന്നും അവർ ആരോപിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെങ്കിലും തന്റെ തീരുമാനത്തിൽ വിദേശി ഉറച്ചുനിൽക്കുകയായിരുന്നു.
ആ വ്യക്തിയുടെ ദയനീയമായ ശാരീരികാവസ്ഥ ചൂണ്ടിക്കാണിച്ച ഇയാൾ, സമാനമായ അവസ്ഥയിലാണെങ്കിൽ നിങ്ങളെയും സഹായിക്കുമായിരുന്നു എന്ന് സ്ത്രീയോട് വ്യക്തമാക്കി. തുടർന്ന് ആ വ്യക്തിക്ക് 100 രൂപ കൂടി നൽകി ആകെ 200 രൂപ കൈമാറിയ ശേഷമാണ് ഇയാൾ അവിടെനിന്ന് മടങ്ങിയത്.
തനിക്ക് ആ നിമിഷം ശരിയെന്ന് തോന്നിയ കാര്യമാണ് ചെയ്തതെന്നും ഇത്തരം ഒരു സാഹചര്യത്തിൽ നിങ്ങൾ എന്തായിരിക്കും ചെയ്യുക എന്നും ചോദിച്ചുകൊണ്ടാണ് ഇയാൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
അർഹതപ്പെട്ടവർക്ക് സഹായം നൽകുന്നതിനെക്കുറിച്ചും നിർബന്ധപൂർവ്വം പണം ചോദിച്ചുവാങ്ങുന്ന പ്രവണതയെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
Tags : MumbaiViral CrisTravels ForeignInfluencer ViralVideo ActOfKindness