പുണ്യങ്ങളുടെ പൂക്കാലമൊരുക്കി റംസാനെത്തി
പുണ്യങ്ങളുടെ പൂക്കാലമൊരുക്കി റംസാനെത്തി
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാൻ വീണ്ടും കടന്നെത്തിയിരിക്കുന്നു. മാനവലോകത്തിന് വെളിച്ചമായി വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യസുദിനങ്ങൾ. റംസാനിലെ ഉപവാസത്തിലൂടെ മനുഷ്യർക്കു ലഭ്യമാവുന്നത് അറിഞ്ഞും അറിയാതെയും വന്നുപോയ തെറ്റുകളിൽ നിന്നും കുറ്റങ്ങളിൽ നിന്നും മുക്‌തരാവാനുള്ള അവസരമാണ്. ചെയ്തുപോയ പാപങ്ങൾ കാരുണ്യവാനായ പ്രപഞ്ച നാഥന്റെ മുന്നിൽ ഏറ്റുപറഞ്ഞ് നല്ലവരായി ജീവിക്കാൻ മനുഷ്യരെ സജ്‌ജമാക്കുന്ന പ്രക്രിയയാണ് വ്രതാനുഷ്ഠാനം. നന്മയുടെ കവാടങ്ങൾ തുറക്കപ്പെടുകയും തിന്മ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന പുണ്യനാളിലെ സുവർണാവസരം ബുദ്ധിയുള്ളവർ ഒരിക്കലും പാഴാക്കില്ല. ലോകമെങ്ങുമുള്ള മുസ്്ലിം സമൂഹം ഒരുമയോടെ നാഥന്റെ പ്രീതി തേടി വ്രതത്തിൽ മുഴുകുന്നു.

കേവലം ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചുള്ള പട്ടിണിയല്ല നോമ്പുകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത്. നോമ്പുകാരന്റെ ശരീരാവയവങ്ങൾ മുഴുവൻ വ്രതത്തിലായിരിക്കണം. നാവ്, കണ്ണ്, കാത് അടക്കമുള്ളവയാലുള്ള തെറ്റുകളിൽ നിന്നും ഏഷണി, പരദൂഷണം എന്നിവയിൽ നിന്നും നോമ്പുകാർ വിട്ടുനിൽക്കണം. സ്വന്തം സഹോദരന്റെ പച്ചമാംസം കഴിക്കുന്നതിന് തുല്യമാണ് പരദൂഷണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

മനുഷ്യമനസിന്റെ ഇച്ഛകളെ കടിഞ്ഞാണിട്ട് എല്ലാം അല്ലാഹുവിന് വേണ്ടി സമർപ്പിക്കുന്ന തീവ്ര പരിശീലനം കൂടിയാണ് വ്രതം. ദേഹേച്ഛകൾക്ക് വിലങ്ങിടാത്തതിന്റെ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ അനുദിനം പ്രത്യക്ഷമാണ്. സ്വഗൃഹത്തിൽ അന്നപാനീയങ്ങളും മറ്റു രുചികരമായ സാധനങ്ങളും സുലഭമായിരിക്കുമ്പോഴും അല്ലാഹുവിന്റെ കല്പനയ്ക്ക് വിധേയമായി വിശപ്പും ദാഹവും മാറ്റിവച്ച് പ്രഭാതം മുതൽ പ്രദോഷം വരെ വിശ്വാസി സ്വയം നിയന്ത്രിക്കുന്നു. എത്ര വലിയ സമ്പന്നനാണെങ്കിലും പാവപ്പെട്ടവന്റെ വിശപ്പിന്റെ രുചി ഇതിലൂടെ അറിയുന്നു. പട്ടിണിക്കെതിരെയുള്ള ധാർമിക പോരാട്ടത്തിന് ഇതവർക്ക് ശക്‌തിയേകും.

അല്ലാഹു മനുഷ്യന് കനിഞ്ഞുനൽകിയ സമ്പത്തിൽ മറ്റു സഹോദരൻമാർക്കും അവകാശമുണ്ട്. അത് കൊടുത്തുവീട്ടാനാണ് പ്രപഞ്ചനാഥൻ സകാത്ത് നിർബന്ധമാക്കിയത്. പാവപ്പെട്ടവന്റെ അവകാശവും ധനവുമായ സകാത്ത് സ്വന്തം സമ്പത്തിൽ നിന്നു നൽകാൻ എല്ലാവരും തയ്യാറായാൽ സമൂഹത്തെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനാവും. ഇല്ലാത്തവനെ സഹായിക്കാനും കാരുണ്യപ്രവർത്തനങ്ങൾക്ക് മനുഷ്യനെ പ്രേരിപ്പിക്കാനും ഐക്യവും സഹവർത്തിത്വവും സ്നേഹവും ഊട്ടിയുറപ്പിക്കാനും വ്രതാനുഷ്ഠാനം സഹായിക്കുന്നു.


നോമ്പും സകാത്തുമെല്ലാം മനുഷ്യനെ എല്ലാതരത്തിലും ശുദ്ധീകരിക്കുന്ന ആരാധനകളാണ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് കഴിക്കുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന പ്രവാചകവാക്യം ഏതു മതവിഭാഗത്തിൽപ്പെട്ടവരായാലും മനുഷ്യത്വപരമായി എല്ലാവരെയും ഒന്നായി കാണണമെന്ന് പഠിപ്പിക്കുന്നു. ഇതിലൂടെ ഇസ്്ലാം മതമൈത്രിയും ഊട്ടിയുറപ്പിക്കുന്നു.

നോമ്പിലെ ആദ്യത്തെ പത്ത് ദിവസം കാരുണ്യത്തിന്റെയും രണ്ടാമത്തേത് പാപമോചനത്തിന്റെയും മൂന്നാമത്തേത് നരകമോചനത്തിന്റേതുമാണ്. ഇതെല്ലാം ഭക്‌തിയോടെ കാത്തുസൂക്ഷിക്കാൻ വിശ്വാസികൾ ശ്രമിക്കേണ്ടതുണ്ട്. അറിവിന്റെ സന്ദേശമാണ് ഖുർആൻ ലോകത്തിന് നൽകുന്നത്. അറിവിന്റെ മാസം കൂടിയാണ് റംസാൻ.–ഈ മാസത്തിൽ ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ഒരു രാത്രിയെ അല്ലാഹു മനുഷ്യർക്ക് അനുഗ്രഹമായി നൽകിയിരിക്കുന്നു. ലൈലത്തുൽ ഖദ്ർ എന്ന ഈ രാവിലാണ് ഖുർആന്റെ അവതരണമുണ്ടായത്. ഒരൊറ്റ രാത്രി കൊണ്ടു മനുഷ്യന് ഉന്നതസ്‌ഥാനം നേടാനാവുന്ന അവസരം അതിലൂടെ അല്ലാഹു നൽകുകയുണ്ടായി.–അവസാന പത്തിലെ ഒറ്റപ്പെട്ട രാവിലാണ് ലൈലത്തുൽ ഖദ്റിന്റെ അനുഗ്രഹമുണ്ടാവുകയെന്നാണ് ഹദീസുകൾ വ്യക്‌തമാക്കുന്നത്.

കൂടുതൽ പ്രാർത്ഥനാ നിരതമാകേണ്ട സമയമാണ് റംസാൻ. മനുഷ്യരുടെ രക്ഷാകവചമായാണ് നോമ്പിനെ കാണേണ്ടത്. നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ മറ്റ് മാസങ്ങളിലേക്കാൾ അനേകായിരം ഇരട്ടി പ്രതിഫലം ലഭ്യമാവും. രാത്രിയിൽ കൂടുതൽ നമസ്കരിക്കാനും ഇത് പ്രേരിപ്പിക്കുന്നു. ഇസ്ലാമിന്റെ ചരിത്രത്തിലെ നിർണായക ഏടായ ബദർ യുദ്ധമെന്ന ധാർമിക പോരാട്ടം നടന്നത് റംസാൻ പതിനേഴിനാണ്.
റംസാന്റെ ദിനരാത്രങ്ങളിലൂടെ ഒരു പുതുജീവിതത്തിലേക്ക് സഞ്ചരിക്കാൻ നമുക്ക് അവസരമൊരുങ്ങട്ടെ.

<യ>പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ