ഖുർആനിന്റെ മാസം
ഖുർആനിന്റെ മാസം
ഇതരമാസങ്ങളിൽനിന്നും വ്യത്യസ്തമായി റംസാന്റെ ശ്രേഷ്ഠത ഖുർആൻ ഇറക്കപ്പെട്ട മാസം എന്നതാണ്. മനുഷ്യർക്കാകമാനം മാർഗദർശകമായും സത്യാസത്യങ്ങളെ വിവേചിക്കുന്നതും സന്മാർഗം കാണിച്ചുതരുന്നതുമായ സുവ്യക്‌ത നിർദേശങ്ങളായും ഖുർആൻ അവതരിച്ച മാസമാകുന്നു റംസാൻ. സന്മാർഗം നൽകി ആദരിച്ചതിന്റെ പേരിൽ ദൈവത്തിന്റെ മഹത്വം പ്രകീർത്തിക്കുന്നതിനും കൃതജ്‌ഞതയുള്ളവരായിത്തീരുന്നതിനും വേണ്ടിയാണ് അല്ലാഹു വ്രതമാകുന്ന രീതി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

വ്രതാനുഷ്ഠാനത്തിലൂടെ ഖുർആനിന്റെ മാസത്തെ ആദരിക്കുകയും തറാവീഹ് നമസ്കാരത്തിലും ഒഴിവുവേളകളിലും ഖുർആൻ പാരായണം ചെയ്ത് വിശുദ്ധമാസത്തെ ബഹുമാനിക്കുകയും ചെയ്യുന്നു.
വായിക്കുക എന്ന ആഹ്വാനത്തിൽ ആരംഭം കുറിച്ച ഖുർആനിന്റെ താളുകളിൽ അമ്പത്തിനാല് സ്‌ഥലങ്ങളിൽ ഖുർആനിനെ സംബന്ധിച്ച് മാത്രം പരാമർശിക്കുന്നു. ഖുർആൻ എന്നാൽ വായിക്കേണ്ടത് എന്നാണ് അർഥം.

ഏതു പുണ്യകർമങ്ങൾക്കും ധാരാളമിരട്ടി പ്രതിഫലം ലഭിക്കുന്ന സുവർണഘട്ടമാണ് റംസാൻ. മാത്രമല്ല, ഈ മാസത്തിൽ ഖുർആൻ പാരായണം ചെയ്യൽ മറ്റ് മാസങ്ങളെ അപേക്ഷിച്ച് പ്രത്യേക പരിഗണയും പ്രാധാന്യവുമർഹിക്കുന്നു. നബി(സ) പറഞ്ഞു: ‘‘ഈ ഖുർആൻ അല്ലാഹുവിന്റെ വിരുന്നാകുന്നു. അതിനാൽ നിങ്ങൾ സാധിക്കുന്നത്ര ആ വിരുന്നിൽ പങ്കെടുത്തുകൊള്ളുക.അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകും. ഓരോ അക്ഷരത്തിനും പത്ത് സൽക്കർമങ്ങളുടെ പുണ്യം ലഭിക്കും’’.

ഖുർആനിന്റെ അനുയായികളായ മുസ്ലിംകൾക്ക് വിശുദ്ധ ഖുർആനിനോട് കടപ്പാടുണ്ട്. ഖുർആനിന്റെ ആജ്‌ഞകളും വിലക്കുകളും സ്വീകരിക്കുക എന്നതാണ് അതിൽ പ്രധാനം. അത് പാരായണം ചെയ്യൽ വിശ്വാസത്തിന്റെ ഭാഗവും വിശ്വാസിയുടെ കടമയുമാണ്. ദാനധർമങ്ങളും ഖുർആൻ പാരായണവും ഏതുസമയത്തും പുണ്യമുള്ളതാണെങ്കിലും റംസാൻ മാസത്തി ൽ അവയുടെ പുണ്യവും പ്രാധാന്യവും വളരെ കൂടുതലാണ്.


ഒഴിവുസമയവും മറ്റെല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടും ഖുർആനെ അഗണ്യകോടിയിലേക്ക് വലിച്ചെറിയുമ്പോൾ ഗൗരവപൂർവം ചിന്തിക്കേണ്ടത് ‘‘അല്ലാഹുവേ ഈ മനുഷ്യൻ എന്നെ വിച്ഛേദിച്ചുകളഞ്ഞവനാണ്, അവഗണിച്ചവനാണ്’’ എന്ന ഖുർആനിന്റെ അല്ലാഹുവോടുള്ള പരാതിയെ നബി(സ) ഉണർത്തിയ വസ്തുതയാണ്.

ഖുർആൻ ഓതുക എന്നത് കേവലം പഴഞ്ചൻ ആചാരമായി മാറിയ കാലഘട്ടമാണിത്. ഖുർആന്റെ മന്ത്രധ്വനികൾക്ക് പകരം റേഡിയോയും ടെലിവിഷനും ആസ്വദിച്ച് നാം അധഃപതിച്ചിരിക്കുന്നു. ‘‘നിങ്ങൾക്ക് ഭൗതിക നേട്ടമുണ്ടാവുകയും അതുകാരണമായി മതത്തിൽനിന്നും വ്യതിചലിക്കുകയും ചെയ്യുന്നതാണ് ഞാനേറ്റവും ഭയപ്പെടുന്നത്’’ എന്ന നബിവചനം ഈ കാലഘട്ടത്തിൽ ചിന്തിക്കേണ്ടതാണ്.
തിരുനബി (സ) പ്രസ്താവിക്കുകയുണ്ടായി– ‘‘വെള്ളം തട്ടിയാൽ ഇരുമ്പ് തുരുമ്പ് പിടിക്കും’’ സ്വഹാബികൾ ചോദിച്ചു, എങ്ങനെയാണവ തെളിയിച്ചെടുക്കുക? അവിടുന്ന് മറുപടി പറഞ്ഞു: ‘‘മരണസ്മരണയും ഖുർആൻ പാരായണവും അധികമാക്കുക’’.

<യ>കെ. അബ്ദുൽ അസീസ് (ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, ചക്കുംകടവ് യൂണിറ്റ്)