ഹൃദയം സംശുദ്ധമാകുന്ന കാലം
ഹൃദയം സംശുദ്ധമാകുന്ന കാലം
മാസങ്ങളുടെ നായകനെന്ന് പ്രവാചകൻ മുഹമ്മദ് നബി വിശേഷിച്ച വിശുദ്ധ റംസാനിന്റെ ഓരോ നിമിഷവും അനർഘവും അമൂല്യവുമാണ്. സ്വഛന്ദമായ ശരീരേഛകൾക്ക് കീഴ്പെട്ട് മനുഷ്യൻ അനേകം തെറ്റുകൾക്ക് വശംവദനാകുന്നുണ്ട്. കറുത്തുപോയ ഇത്തരം ഹൃദയങ്ങളെ ആത്മീയതയുടെ തെളിനീരിൽ കഴുകിയെടുക്കുമ്പോൾ ഹൃദയം സംശുദ്ധമാകുന്നു. സുകൃതങ്ങൾ ആവാഹിക്കാൻ അതുമൂലം മനുഷ്യൻ പര്യപ്തനാവുകയാണ്. ആ ആത്മീയ പരിവേഷം സർവരോടും ഗുണകാംഷ പകരുമെന്നതിൽ സന്ദേഹമില്ല. ശരീരത്തിലുള്ള മാലിന്യങ്ങളെ പുറത്തു കൊണ്ടുവന്ന് അതിന്റെ പ്രതിരോധശക്‌തി വർധിപ്പിച്ച് രോഗമുക്‌തമാക്കുകയും ആരോഗ്യം നൽകുകയും ചെയ്യുന്നതിൽ വ്രതത്തിന് അനൽപമായ പങ്കുണ്ടെന്നാണ് ഇന്നത്തെ പ്രകൃതി ചികിത്സകരുടെ നിരീക്ഷണം.

പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറയിപ്പെടുന്ന ഹിപ്പോക്രാറ്റസ്, വൈദ്യശാസ്ത്ര രംഗത്ത് ഭൂവന പ്രശസ്തനായ ഇബ്നുസീന എന്നിവർ രോഗശമനത്തിന് വ്രതമായിരുന്നു നിർദേശിച്ചിരുന്നത്. സുപ്രസിദ്ധ ഗ്രീക്ക് ചിന്തകൻ പ്ലാറ്റോ പറഞ്ഞത് ഭഭക്ഷണം ലഘുവാക്കുക, എന്നാൽ രോഗങ്ങളിൽ നിന്ന് മുക്‌തി നേടാം’ എന്നായിരുന്നു. ആരോഗ്യ സംരക്ഷണത്തിന് നോമ്പ് ഏറെ സഹായകമാണെന്ന് ആഗോളതലത്തിൽ നടന്ന ആരോഗ്യ സംരക്ഷണ ചർച്ചകളിൽ പോലും അംഗീകരിക്കപ്പെട്ടതാണ്.
പകൽ നോമ്പെടുത്ത് ടെലിവിഷൻ ചാനലുകളിലെ വിനോദ പരിപാടികൾ കണ്ട്, സോഷ്യൽ മീഡിയയിൽ മാത്രം മുഴുകി സമയം തള്ളി നീക്കി, നോമ്പുതുറ മുതൽ ഭക്ഷണത്തിന്റെ ആർഭാടത്തിലൂടെ ആഘോഷിക്കുന്ന ഒരു അവസ്‌ഥയാണുള്ളത്. ഇത് നോമ്പിന്റെ യഥാർഥ സന്ദേശത്തെ തകർക്കുന്ന പ്രവണതയാണ്.


പകൽ ഭക്ഷണം വർജിക്കുന്നതിലൂടെ ദാരിദ്ര്യത്തെ അടുത്തറിയുക എന്നുള്ള ലക്ഷ്യം നോമ്പിനുണ്ട്. ഇത് നോമ്പ് തുറ മുതലുള്ള ഭക്ഷണാധിക്യത്തിലൂടെ നശിപ്പിക്കരുത്. നോമ്പ് തുറയും അത്താഴവുമൊക്കെ ലളിതമായിരിക്കുന്നത് റംസാ നിനോട് ഏറെ നീതി പുലർത്താൻ സഹായിക്കും.
റംസാനിലെ പകലുകളും രാത്രികളും ഒരു പോലെ തന്നെ ശ്രേഷ്ഠകരമാണ്. അവ പ്രാർഥനകൾ കൊണ്ട് സമ്പന്നമാക്കുക. ഖുർആൻ പഠനം കൊണ്ടും പാരായണം കൊണ്ടും നിറയ്ക്കുക അതിലൂടെ നോമ്പിന്റെ മാനസിക ലക്ഷ്യം നേടാൻ കഴിയും.

പിടിച്ച് നിൽക്കുക’ എന്നർത്ഥമുള്ള സൗം’ എന്ന അറബി പദത്തിൽ നിന്നാണ് വ്രതത്തിന്റെ നിഷ്പത്തി. വികാര വിചാരങ്ങൾ അടക്കിപ്പിടിക്കുന്നതോടൊപ്പം സമ്പൂർണവും നിഷ്കളങ്കവുമായിരിക്കണമെന്നും ഇതിനർഥമുണ്ട്. എല്ലാ തിന്മകളുടെ അഗ്നി ശകലങ്ങളെയും നന്മയുടെ ജലധാരകൾ കൊണ്ട് അണച്ചുകളയാൻ നിർബന്ധിക്കുന്നുണ്ട് ഇസ്ലാം. സർവവിധ തിന്മകളെയും വർജിച്ച് ആത്മീയ സുഗന്ധം ആവാഹിച്ചെടുത്ത് ഹൃദയ വസന്തത്തിൽ സ്നേഹ പുലരി തീർക്കാൻ നിരന്തരമായി ഇസ്ലാം പ്രഘോഷിക്കുന്നത് ഏറെ കൗതുകം തന്നെ.

ക്രമസമാധാനവും അക്രമരഹിതവുമായ ഒരു സമൂഹത്തിന്റെയും സൃഷ്‌ടിപ്പ് കൂടി വിശുദ്ധ റംസാനിന്റെ സന്ദേശത്തിൽ ഏറെ പ്രാധാന്യമാണ്. ദൈവീക ചിന്തകളിലും ഉപവാസനകളിലും മുഴുകുന്ന സമൂഹത്തിന് സാമൂഹിക സദാചാരം സാധ്യമാവുന്നു.

<യ>പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ