പാവപ്പെട്ടവനെ അറിയാനുള്ള സുവർണാവസരം
പാവപ്പെട്ടവനെ അറിയാനുള്ള സുവർണാവസരം
ധനികന് പാവപ്പെട്ടവൻ അനുഭവിക്കുന്ന പട്ടിണിയുടെ രുചിയറിയാനുള്ള സുവർണാവസരം കൂടിയാണു നോമ്പുകാലം. ബാക്കിയുള്ള ദിവസങ്ങളിൽ വയറുനിറയെ തിന്നുമുടിച്ച് നടക്കുമ്പോൾ തന്റെ പരിസരങ്ങളിൽ പശിയടക്കാൻ വകയില്ലാതെ കഴിയുന്ന എത്രയോ പാവപ്പെട്ട ദരിദ്രജനങ്ങളെ അവൻ കാണാതെപോകുന്നു. അവർ അനുഭവിക്കുന്ന പ്രശ്നവും പ്രയാസവുമെന്തെന്നറിയാൻ അവനു നേരമില്ല. അതിനവസരമൊരുക്കുകയാണ് അല്ലാഹു നോമ്പിലൂടെ.

സമ്പന്നതയുടെ മാളികമുകളിലേറി നടക്കുന്ന മനുഷ്യാ, നിന്നെ പോലുള്ള മനുഷ്യരാണ് ദരിദ്ര ജനങ്ങളും. അവരുടെ പട്ടിണിയുടെ വില നീയും തിരിച്ചറിയൂ. ഒരു നേരം പട്ടിണി കിടക്കാൻ നീ ഇത്ര പ്രയാസപ്പെടുന്നുവെങ്കിൽ ആലോചിക്കുക– എത്ര കാലമായി അവരീ യാതനയും വേദനയും സഹിച്ച് ജീവിക്കുന്നു. നിനക്കൊരു നേരമാണു വിശപ്പെങ്കിൽ അവർക്കത് സദാ നേരവുമാണ്. അതിനാൽ, പോയി അവർക്ക് സഹായസഹകരണങ്ങൾ നൽകുക.’

ഈ ഉൾവിളി ഓരോ ധനികനിലും ഉയർന്നുവരുമ്പോൾ ഇവിടെ ദാരിദ്ര്യം പമ്പടകടക്കും. പരസഹായ മനസ്കരും ദയാവത്സ ഹൃദയരുമായി മനുഷ്യർ പരിവർത്തനം ചെയ്യപ്പെടും. ഇതും നോമ്പിന്റെ മഹത്തായ നേട്ടങ്ങളിലൊന്നുതന്നെ. ഒരു ദിവസത്തിന്റെ പാതി ഭാഗം മാത്രം ഭക്ഷണം കഴിക്കാതിരുന്നതിന്റെ പേരിൽ ഇത്ര പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ ഇടതടവില്ലാതെ സദാസമയവും കത്തിയാളുന്ന നരകക്കുണ്ടിന്റെ അവസ്‌ഥയെന്തായിരിക്കുമെന്ന ചിന്തയും നോമ്പുകാരനിൽ മാറ്റത്തിന്റെ ആന്ദോളനങ്ങൾ സൃഷ്ടിക്കുന്നു. ഇത് ചെറിയൊരു കാര്യമല്ല.

ആലോചിച്ചു നോക്കൂ, വയറു നിറച്ചാണ് നാം നോമ്പ് തുടങ്ങുന്നത്. വയറു നിറച്ചുകൊണ്ടുതന്നെയാണ് അവസാനിപ്പിക്കുന്നതും. തുടക്കവും ഒടുക്കവും നിറഞ്ഞ വയറോടെ. അതിനിടയിലെ ഏതാനും മണിക്കൂറുകളാണ് തീറ്റ നിർത്തിവയ്ക്കുന്നത്. നിർത്തിവച്ച ഏതാനും മണിക്കൂറുകൾ പോലും നമുക്ക് നിയന്ത്രിക്കാനാവില്ലെന്നാണെങ്കിൽ നരകം എങ്ങനെ നാം സ ഹിക്കും?! ശുദ്ധമായ ഒരിറ്റു കുടിനീരു പോലുമില്ലാത്ത ആ ലോകത്തേക്കാൾ കാഠിന്യമേറിയതൊന്നുമല്ല ല്ലോ ഈ ലോകത്തെ പ്രയാസങ്ങൾ.. ഇവിടത്തെ ചെറിയ വിശപ്പ് നരകത്തിലെ അസഹ്യമായ വിശപ്പിനെയും ദാഹത്തെയും ഓർമിപ്പിക്കുന്നു.


നരകം വേണ്ട എന്നാണെങ്കിൽ ഇവിടെ ത്യാഗം ചെയ്തേ മതിയാകൂ. ഇവിടെ തോന്നിയ ജീവിതത്തിനാണു മുൻഗണന കൊടുക്കുന്നതെങ്കിൽ അവിടെ യാതനകളും വേദനകളും മാത്രമുള്ള ജീവിതത്തിന് നിർബന്ധിതരാകും. നോമ്പുകാരൻ ഇവിടത്തെ സഹ്യമായ വേദനകൾ സ്വീകരിച്ച് നരകത്തിലെ അസഹ്യമായ യാതനകളെ ഒഴിവാക്കുന്നവനാണ്.

മനുഷ്യന്റെ ആരോഗ്യത്തെ രോഗമുക്‌തമാക്കി നിർത്തുന്നു എന്നതാണ് നോമ്പിന്റെ മറ്റൊരു പ്രത്യേകത. ഏകദേശം ഒരു മാസത്തിന്റെ പകുതിയിലേറെ നോമ്പുനോറ്റ് വിശപ്പു സഹിച്ച് ആരോഗ്യം നേടിയെടുത്ത മുസ്ലിങ്ങളാണ് ബദ്റിൽ ഏറ്റവും ഉജ്‌ജ്വലമായ പ്രകടനങ്ങൾ കാഴ്ചവച്ചതും വിജയം വരിച്ചതും. അതും തങ്ങളെക്കാൾ ആൾബലത്തിലും ആയുധബലത്തിലും ഇരട്ടിയുള്ള സൈന്യത്തോട്. ഈ ചരിത്രവിജയത്തിന്റെ പിന്നാമ്പുറരഹസ്യം നോമ്പിന്റേതു കൂടിയാണെന്നോർക്കുക.

ആത്മാവിനു ഭക്ഷണം കിട്ടുന്ന സുവർണ വേളയാണ് നോമ്പുകാലം. ഓരോ നോമ്പും ആത്മാവിനുള്ള ഭക്ഷണമാണ്. ആ ഭക്ഷണത്തിൽനിന്ന് ആത്മാവ് വളർച്ചയും ഉയർച്ചയും നേടിയെടുക്കുന്നു. വിശ്വാസിക്കത് വസന്തോൽസവവുമാണ്.

<യ>സി. മുഹമ്മദ് ഹുദവി (ഇമാം, താമരശേരി ടൗൺ ജുമാ മസ്ജിദ്)