നോമ്പിലൂടെ ഹൃദയം സംസ്കരിക്കപ്പെടണം
നോമ്പിലൂടെ ഹൃദയം സംസ്കരിക്കപ്പെടണം
പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വിശുദ്ധ റംസാനിലെ ശ്രേഷ്ഠതകൾ കൈവരിക്കാനാവില്ല. നോമ്പിലൂടെ ഹൃദയം സംസ്കരിക്കപ്പെടണം. വന്നുപോയ പാപങ്ങൾക്ക് മാപ്പിരന്ന് സ്വശരീരത്തോടും കുടുംബത്തോടും സമൂഹത്തോടുമൊക്കെയുള്ള ബാധ്യതകൾ നിറവേറ്റണം. ആരാധനകളും സുകൃതങ്ങളും ജീവിതത്തിൽ നിലനിർത്തണം. അല്ലാത്തവന്റെ വ്രതം വെറും പാഴ്വേലയാണെന്ന് പ്രവാചകർ(സ) നമ്മെ പഠിപ്പിക്കുന്നു.

സ്വർഗത്തിൽ നോമ്പനുഷ്ഠിച്ചവർക്കു മാത്രമായി റയ്യാൻ എന്ന ഒരു കവാടമുണ്ട്. നോമ്പുകാരല്ലാത്ത ഒരാൾക്കും അതിലൂടെ പ്രവേശിക്കാനാവില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ ആ കവാടം അടയുന്നതാണ് (ഹദീസ്). വ്രതമനുഷ്ഠിക്കുന്നവന്റെ പ്രാധാന്യം ഇവിടെ നമുക്ക് സുവ്യക്‌തമാണ്. റംസാൻ അർഥം സൂചിപ്പിക്കുന്നതുപോലെ തിന്മകളും ദുർപ്രവൃത്തികളും കരിച്ച് മനസും ശരീരവും പാപമുക്‌തമാക്കേണ്ട മാസമാണ്. പുണ്യങ്ങളും പ്രതിഫലനങ്ങളും ധാരാളമായി നൽകപ്പെടുന്ന ഈ വിശുദ്ധ രാവിരവുകൾ ആരാധനകൾ കൊണ്ട് ധന്യമാക്കുക. മനസിനേയും ശരീരത്തേയും ദുർമാർഗങ്ങളിൽ തളച്ചിടുന്ന വാക്കുകളിൽ നിന്നും പ്രവർത്തികളിൽ നിന്നും വിട്ടു നിൽക്കുക. തിരുനബി(സ) ഉണർത്തിയതു പോലെ നിങ്ങൾക്ക് വാക്കിലും പ്രവർത്തിയിലും സൂക്ഷ്മത പുലർത്താനാവുന്നില്ലെങ്കി ൽ നിങ്ങൾ മിണ്ടാതിരിക്കുക.


നോമ്പുകാരന്റെ അടക്കവും ഉറക്കവുമെല്ലാം ആരാധനയാണെന്ന് മഹത്തുക്കൾ രേഖപ്പെടുത്തുന്നു. റംസാനിന്റെ ഓരോ ദിനരാത്രങ്ങൾക്കും വ്യത്യസ്തങ്ങളായ പ്രാധാന്യമാണുള്ളത്.
റംസാനിലെ കാരുണ്യത്തിന്റെ ആദ്യപത്തു കഴിഞ്ഞു. പാപമോചനത്തിനുള്ള രണ്ടാമത്തെ പത്തിന്റെ അവാസനദിവസത്തിലാണ് നാം ഇന്ന്. നാളെ മുതൽ നരകമോചനത്തിനുള്ള പത്തു തുടങ്ങുകയാണ്.
അല്ലാഹുവിന്റ മഹത്തായ കാരുണ്യം എണ്ണിത്തിട്ടപ്പെടുത്താവുന്നതിലുമപ്പുറമാണെന്ന് ഖുർആൻ നമ്മെ ഉത്ബോധിപ്പിക്കുന്നു.

<യ>ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി