പരിശീലനത്തിന്റെ റംസാൻ സന്ദേശം
പരിശീലനത്തിന്റെ റംസാൻ സന്ദേശം
ആത്മാവിനും ശരീരത്തിനും നേരായമാർഗത്തിൽ സഞ്ചരിക്കുവാനുള്ള പരിശീലനത്തിന്റെ ദിനരാത്രങ്ങളാണ് റംസാൻ. തിൻമയിലേക്ക് വഴുതിപ്പോകാനുള്ള സാഹചര്യങ്ങൾ മുഴുവനും കൊട്ടിയടച്ച് നൻമയുടെ വാതായനങ്ങൾ മലർക്കെ തുറന്നുകൊണ്ടാണ് നാം റംസാനിനെ സ്വീകരിച്ചത്. വ്രതം നമുക്ക് നൽകുന്ന സന്ദേശവും അതുതന്നെയാണ്.

പ്രഭാതം മുതൽ പ്രദോഷം വരെ നോമ്പനുഷ്ഠിക്കുന്ന ഒരാൾ തന്റെ ജീവിതത്തിൽ പകർത്തുന്നത് വലിയ പാഠങ്ങളാണ്. വിശപ്പിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾതന്നെ അനുവദനീയമായ ഭക്ഷണം മുന്നിലുണ്ടായിട്ടുപോലും അല്ലാഹു നിശ്ചയിച്ച സമയംവരെ കാത്തുനിൽക്കുന്നത് ദൈവമാർഗത്തിൽ ജീവിതം സമർപ്പിക്കുവാനുള്ള സന്നദ്ധതയെയാണ് അറിയിക്കുന്നത്.

മുഴുവൻ സമയങ്ങളിലും തന്റെ ഭാര്യ കൂടെയുണ്ടായിട്ടും റംസാനിന്റെ പകൽ സമയങ്ങളിൽ ലൈംഗിക ആവശ്യങ്ങൾക്കായി അവളെ സമീപിക്കാതെ മനസിനെയും ശരീരത്തെയും നിയന്ത്രിക്കുന്നത് ദൈവികനിയമങ്ങൾ അനുസരിക്കുവാനുള്ള താത്പര്യമാണ് അറിയിക്കുന്നത്.


സഹനത്തിന്റെ മാസമാണ് റംസാൻ. കേവലം അന്നപാനീയങ്ങൾ ഉപേക്ഷിച്ചതുകൊണ്ടുമാത്രം ഒരാൾ നോമ്പുകാരനാകുന്നില്ല. മറിച്ച് അതോടൊപ്പംതന്നെ അയാൾക്ക് തന്റെ വാക്കുകളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കുവാൻ സാധിക്കണം. അതിലേക്കുള്ള പ്രചോദനമാകട്ടെ ഈ പുണ്യറംസാൻ.

<യ>അബ്ദുൽ ശുക്കൂർ സ്വലാഹി (വൈസ് പ്രസിഡന്റ്, എംഎസ്എം കേരള)