അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള തീർഥയാത്ര
അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള തീർഥയാത്ര
നന്മയാർന്ന ജീവിതയാഥാർഥ്യങ്ങളിലൂടെയും ആത്മസംസ്കരണത്തിലൂടെയും ലഭ്യമാവുന്ന ചൈതന്യം വഴി സുന്ദരമായ ജീവിതം കെട്ടിപ്പടുക്കാനുള്ള മാർഗമാണ് റംസാൻ. നിഷ്കളങ്കമായ വ്രതാനുഷ്ഠാനം തന്റെ നാഥനോടുള്ള അതിയായ സ്നേഹമാണ് കാണിക്കുന്നത്. അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള തീർത്ഥയാത്ര കൂടിയാണിത്.

മനുഷ്യൻ എപ്പോഴും ഒഴിച്ചുകൂടാനാവാത്ത പ്രാഥമികാവശ്യങ്ങളായ ഭക്ഷണപാനീയങ്ങൾ ദൈവസാമീപ്യത്തിനായി ത്യജിക്കുന്നതിലൂടെ മറ്റെന്തും ത്യജിക്കാനുള്ള ഉൾക്കരുത്താണ് വിശ്വാസി ആർജിച്ചെടുക്കുന്നത്. ഇസ്ലാമിന്റെ ആരാധനാരീതികളിൽ ദൈവപ്രീതി കരസ്‌ഥമാക്കുന്നതോടൊപ്പം മനുഷ്യന്റെ ശരീരത്തെ ക്രമപ്പെടുത്തുക എന്ന ബാഹ്യലക്ഷ്യംകൂടി അതിനുണ്ട്. ചിട്ടയായ ആരാധനാക്രമങ്ങൾ നിർദേശിക്കുക വഴി മനുഷ്യത്വത്തിലേക്കുള്ള മനുഷ്യന്റെ യാത്രയ്ക്ക് അവസരമൊരുക്കുകയാണിവിടെ.

ജീവിതം മനുഷ്യന് ജന്മസിദ്ധമായി ലഭിക്കുന്നതാണെങ്കിൽക്കൂടി തന്റെ ജീവിതം വ്യക്‌തമായ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് ചിട്ടവൽക്കരിച്ചെടുക്കണം. ഒരുമാസം നീണ്ടു നിൽക്കുന്ന വ്രതത്തിലൂടെ ഇതുംകൂടി സാധ്യമാക്കിയെടുക്കുകയാണ് ഇസ്ലാം. പ്രപഞ്ചസ്രഷ്‌ടാവിൽ നിന്ന് മനുഷ്യരിലേക്ക് അവതീർണമായ വ്യവസ്‌ഥിതിയാണ് പരിശുദ്ധ ഇസ്ലാം. അതിനാൽ മനുഷ്യന്റെ ഇഹപര നേട്ടങ്ങൾക്ക് പ്രദാനം ചെയ്യുന്ന രീതികളാണ് ഇസ്ലാമിലെ ആരാധനാരീതികളും. ഇബാദത്തുകളിൽ പുണ്യമേറിയതും മഹത്ത്വമായതുമാണ് വ്രതാനുഷ്ഠാനം. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഒഴിവാക്കി മാനുഷിക വികാരങ്ങൾ നിയന്ത്രിച്ച് ഒരേസമയം ശരീരവും മനസും പാകപ്പെടുത്തുകയാണ് നോമ്പിലൂടെ ലക്ഷ്യമാക്കുന്നത്.


പിശാചിന്റെ സ്വൈരവിഹാരംകൊണ്ട് മലിനമായ വിശ്വാസിമനസുകളെ ശുദ്ധീകരിക്കാനുള്ള അവസരംകൂടിയാണ് റംസാൻ. നന്മചെയ്യുന്നവരോട് പ്രപഞ്ചനാഥനെക്കുറിച്ച ചിന്തയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ജീവിതം ചിട്ടപ്പെടുത്താനും തിന്മയുടെ ഉപാസകരോട് പിന്തിരിയാനുമാണ് റംസാൻ വിളിച്ചറിയിക്കുന്നത്.

റംസാന്റെ ആഗമനമറിയിച്ച് പ്രവാചകൻ മുഹമ്മദ് (സ) സ്വഹാബികളെ ഇപ്രകാരം ഉണർത്തി: മനുഷ്യസമൂഹമേ, അതിമഹത്തായതും ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ളതുമായ ഒരു രാത്രിയുള്ള മാസം നിങ്ങൾക്കിതാ സമാഗതമാവുന്നു. അതിന്റെ പകലിൽ വ്രതമനുഷ്ഠിക്കൽ നിങ്ങൾക്ക് അല്ലാഹു നിർബന്ധമാക്കുകയും രാത്രിയിൽ നമസ്കാരം നിങ്ങൾക്ക് സുന്നത്താക്കുകയും ചെയ്തിരിക്കുന്നു.

<യ>പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി)