സമ്പൂർണ സമർപ്പണവും സഹനവും
സമ്പൂർണ സമർപ്പണവും സഹനവും
ഇസ്ലാമിന്റെ വിശ്വാസ അടിത്തറ കൊണ്ടും കർമശാഖകൾ വഴിയും പുതിയ ഊർജം സ്വീകരിക്കാനുള്ള അവസരമാണ് വിശുദ്ധ റംസാൻ മാസം. സ്വശരീരത്തിന്റെ താൽപ്പര്യങ്ങൾ, ചുറ്റുപാടിന്റെ ആകർഷണങ്ങൾ, പിശാചിന്റെ വശീകരണം തുടങ്ങി പ്രതികൂല സാഹചര്യങ്ങളോടു സമരം ചെയ്തു മുന്നേറുന്നതാണ് വിശ്വാസിയുടെ ജീവിതം. വിജയം സുനിശ്ചിതമായ സമരത്തിനു വേണ്ട മുന്നൊരുക്കവും ഉള്ളടക്കവുമാണ് സഹനവും സമർപ്പണവും. സ്രഷ്‌ടാവിന്റെ പ്രീതിക്കു വേണ്ടി സർവവും സമർപ്പിച്ച് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികൾ സഹനത്തോടെ നേരിട്ട് സമരമുഖത്ത് നിലയുറപ്പിക്കാൻ റംസാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നു.

വിശുദ്ധഖുർആൻ പലയിടങ്ങളിലും പരാമർശിച്ച സഹനം (സ്വബ്റ്) എന്ന പദത്തിന്റെ ഉദ്ദേശ്യം നോമ്പ് ആണെന്നും സഹിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട അനിശ്ചിതമായ പ്രതിഫലങ്ങൾ(സൂറ. സുമർ.10)നോമ്പനുഷ്ഠിക്കുന്നവർക്കുള്ളതാണെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. നബിവചനങ്ങളിൽ റംസാനെ സഹനത്തിന്റെ മാസമായി (ശഹ്റു സ്വബ്റ്) വിശേഷിപ്പിക്കുന്നുണ്ട്.

വിശ്വാസികൾ സമരരംഗത്ത് നിലകൊള്ളേണ്ടവരാണ്. സ്വശരീരം, പിശാച്, ദുഷിച്ച ചുറ്റുപാടുകൾ തുടങ്ങിയവ അവരുടെ പ്രഖ്യാപിത ശത്രുക്കളാണ്. സ്വശരീരത്തോട് പോരടിക്കുന്നതാണ് ഏറ്റവും പ്രയാസകരം. നാം ജീവിക്കുന്ന ഭൗതിക ലോകത്തിന്റെ ചുറ്റുപാടിൽ ആത്മാവിന് അതിജീവിക്കാൻ വേണ്ട താൽക്കാലിക ആവരണമാണ് നമ്മുടെ ശരീരം. ശരീരത്തിന്റെ താൽപ്പര്യങ്ങൾ മിക്കപ്പോഴും ഭൗതികമായ കാര്യങ്ങളും താത്ക്കാലിക സുഖങ്ങളുമാകുന്നു. ഭൗതികതയെ നിരസിക്കാനും ആത്മീയതയെ പുണരാനും വിശ്വാസിയെ സുസജ്‌ജമാക്കുന്നുണ്ട് റംസാൻ.


പോരാളിയുടെ സുരക്ഷാസന്നാഹങ്ങളിൽ അനുപേക്ഷണീയമാണ് പരിച. നോമ്പ് പരിചയാണ് എന്ന നബിവചനം ശ്രദ്ധേയമാണ്. തിന്മകൾ, ദേഹേച്ഛകൾ, ദുഃസ്വഭാവങ്ങൾ, അവിവേക സംസാരങ്ങൾ തുടങ്ങി നരകം വരെയുള്ള സർവതിനെയും പ്രതിരോധിക്കുന്ന രക്ഷാ കവചമാണ് വിശ്വാസിക്ക് നോമ്പ്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ബദ്റും (ഹി. രണ്ടാം വർഷം) ഏറ്റവും വലിയ വിജയം ഫത്ഹു മക്കയും (ഹി. എട്ടാം വർഷം) റംസാൻ മാസത്തിലായിരുന്നുവെന്നത് യാദൃച്ഛികമല്ല. ഒരു പോരാട്ടത്തിന് വേണ്ട ഭൗതിക സന്നാഹങ്ങൾ കുറവായിരുന്നെങ്കിലും കലവറയില്ലാത്ത സമരവീര്യം സമർപ്പണത്തിലൂടെയും സഹനത്തിലൂടെയും അവർ നേടിയെടുത്തിരുന്നു.

ഇസ്ലാം എന്ന പദത്തിന്റെ അർഥം സമർപ്പണം എന്നാണ്. സമർപ്പിക്കുന്നവനാണ് മുസ്ലിം. സ്രഷ്‌ടാവിന്റെ ദാസൻ മാത്രമാണ് മനുഷ്യൻ. സ്വന്തമായി ഒന്നും, സ്വന്തം ശരീരം പോലും അവകാശപ്പെടാനില്ലാത്തവനാണവൻ. മനുഷ്യ, ജിന്ന് കുലങ്ങളുടെ സൃഷ്‌ടിപ്പിന്റെ ഏകലക്ഷ്യം സ്രഷ്‌ടാവ്വെളിപ്പെടുത്തിയത് അവർ അവനെ ആരാധിക്കാൻ വേണ്ടിയാണ് എന്നാണ്. സമ്പൂർണ സമർപ്പണമാണ് ആരാധനയുടെ അന്തസാരം. സമർപ്പണബോധമില്ലാത്ത ആരാധന ബാഹ്യപ്രകടനം മാത്രമാണ്.

<യ>പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ(എസ്കെഎസ്എസ്എഫ് സംസ്‌ഥാന അധ്യക്ഷൻ)