ബദർ: വിശ്വാസത്തിന്റെ വിജയം
ബദർ: വിശ്വാസത്തിന്റെ വിജയം
ഹിജ്റ രണ്ടാം വർഷം റംസാൻ 17–നായിരുന്നു ബദർയുദ്ധം നടന്നത്. വിശ്വാസത്തിന്റെ വിജയത്തെയും അവിശ്വാസത്തിന്റെ പരാജയത്തെയുമാണ് ഈ യുദ്ധം നമ്മെ അനുസ്മരിപ്പിക്കുന്നത്. പ്രവാചകനെ പിന്തുടർന്നതിന്റെ പേരിൽ മർദനം സഹിക്കവയ്യാതായപ്പോൾ വിശ്വാസികൾക്ക് ജന്മനാടായ മക്കയിൽ നിന്നു മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. പ്രവാചകനെ വിശ്വസിച്ച തിന്റെ പേരിൽ ക്രൂരമായ മർദനമാണ് അനുയായികൾക്ക് ഏൽക്കേണ്ടി വന്നത്.

മദീനയിലേക്ക് ഒളിച്ചോടിയിട്ടും വിശ്വാസികൾക്കു നേരെയുള്ള മക്കയിലെ പ്രമാണിമാരുടെ മർദനത്തിന് അയവ് വന്നില്ല. തുടക്കത്തിൽ തന്നെ മുസ്ലിംകളെ ഉന്മൂലനം ചെയ്യുക, അതായിരുന്നു അവരുടെ ലക്ഷ്യം. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ അത് പ്രതിരോധിക്കാൻ സ്വാഭാവികമായും മുസ്ലിംകൾ നിർബന്ധിതരായി. അഹിംസ ഉപേക്ഷിക്കേണ്ടി വന്നു.

പ്രവാചകന്റെ ദുർബലരായ ചില അനുയായികൾ തിരുത്താൻ ശ്രമിച്ചു. എന്നാൽ ദൃഢമനസ്കർ പ്രവാചകന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. മിഖ്ദാദ് ബ്നു അംറ് എന്ന പ്രമുഖ അനുയായി പറഞ്ഞു: ‘‘ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്. ബനൂ ഇസ്രാഈൽ മൂസ(അ)യോട് പറഞ്ഞതു പോലെ ‘നീയും നിന്റെ നാഥനും പോയി യുദ്ധം ചെയ്യുക. ഞങ്ങൾ ഇവിടെ ഇരിക്കാം’ എന്ന് ഞങ്ങൾ പറയുകയില്ല. മറ്റൊരു പ്രമുഖ സ്വഹാബിയായ സഅദ്ബുനു മുആദ് പറഞ്ഞു: ‘‘പ്രവാചകരെ ഞങ്ങൾ നിങ്ങളിൽ വിശ്വസിച്ചു. അങ്ങയുടെ വാക്കുകൾ കേട്ടു അനുസരിക്കുമെന്ന് കരാർ ചെയ്തു. അതുകൊണ്ട് അങ്ങ് ഉദ്ദേശിച്ച ദൗത്യവുമായി മുന്നോട്ട് പോകുക. ഞങ്ങൾ കൂടെയുണ്ടാവും. അങ്ങ് ഞങ്ങളെയും കൊണ്ട് സമുദ്രത്തിലിറങ്ങുകയാണെങ്കിൽ ഞങ്ങളും കൂടെ ഇറങ്ങും’’.

ശാമിൽനിന്ന് അബൂസുഫ്യാന്റെ നേതൃത്വത്തിൽ കച്ചവടം കഴിഞ്ഞ് മടങ്ങുന്ന സംഘത്തെ തടയുക. എന്നതായിരുന്നു വിശ്വാസികളുടെ ലക്ഷ്യം. യുദ്ധസന്നാഹങ്ങളൊന്നും അവർക്കില്ലായിരുന്നു. അറബികൾ സാധാരണ ഉപയോഗിക്കുന്ന വാളുകളും എഴുപത് ഒട്ടകങ്ങളും രണ്ട് കുതിരകളും മാത്രമാണ് അവരുടെ പക്കലുണ്ടായിരുന്നത്. കച്ചവട സംഘത്തെ തടയാൻ നബി (സ)യും അനുയായികളും വരുന്നുണ്ടെന്ന വിവരമറിഞ്ഞ് വ്യാപാര സംഘത്തിന്റെ നായകൻ അബൂസുഫ്യാൻ സഹായത്തിനായി മക്കയിലേക്ക് വിവരമറിയിച്ചു.


അബൂ ജഹലിന്റെ നേതൃത്വത്തിൽ വൻ സന്നാഹം ബദറിലേക്ക് പുറപ്പെട്ടു. മുസലിംകളേക്കാൾ മൂന്നിരട്ടിയുള്ള സൈന്യം മദ്യലഹരിയിൽ നൃത്തം ചവിട്ടി. അഹങ്കാരത്തിന്റെ മൂർധന്യത്തിലായിരുന്നു അവർ. അബൂസുഫ്യാൻ മറ്റൊരു വഴിക്ക് കച്ചവട സംഘവുമായി മക്കയിലെത്തി. അബൂ ജഹലിനോട് യുദ്ധത്തിന് ഒരുങ്ങാതെ മക്കയിലേക്ക് മടങ്ങാൻ വിവരം അറിയിച്ചെങ്കിലും നമ്മുടെ സംഖ്യാബലം കൊണ്ട് വിശ്വാസികൾ ഭയപ്പെടുകയും യുദ്ധത്തിൽ നിന്നു പിന്മാറുകയും വേണം എന്നായിരുന്നു അബൂ ജഹലിന്റെ ഉദ്ദേശ്യം.

മക്കയുടെ 100 കിലോമീറ്റർ അകലെയുള്ള ബദ്ർ എന്ന സ്‌ഥലത്ത് ഇരു വിഭാഗവും തമ്മിൽ നടന്ന ഉഗ്രമായ പോരാട്ടത്തിൽ നബി (സ)യുടെ നേതൃത്വത്തിലുള്ള ചെറുസംഘത്തിന് മുമ്പിൽ അബൂ ജഹലിന്റെ സൈന്യം പതറിപ്പോവുകയും കടുത്ത പരാജയം സംഭവിക്കുകയും ചെയ്തു. അങ്ങനെ റംസാൻ 17ന് വെള്ളിയാഴ്ച നടന്ന പോരാട്ടം വിശ്വാസത്തിന്റെ വിജയവും അവിശ്വാസത്തിന്റെ പരാജയവുമായിരുന്നു. വിശ്വാസികൾ വിജയിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്്ദത്തമായിരുന്നു.

<യ>പി.സി. സുലൈമാൻ മദനി (പ്രസിഡന്റ്, കെഎൻഎം മലപ്പുറം ജില്ല ഈസ്റ്റ് മേഖല)