മനുഷ്യനെ ഒന്നായി കാണാനുള്ള ദർശനം
മനുഷ്യനെ ഒന്നായി കാണാനുള്ള ദർശനം
തൊഴിലാളിയും മുതലാളിയും പണ്ഡിതനും പാമരനും ഉള്ളവനും ഇല്ലാത്തവനും ശക്‌തനും ദുർബലനും അധികാരിയും പ്രജയും... ഇത്തരത്തിലുള്ള ശ്രേണി സമൂഹവ്യവസ്‌ഥയിൽ നിലനിൽക്കുന്നു. ഈ അവസ്‌ഥ ലോകസമൂഹത്തിൽ കാല വ്യത്യാസമോ, ഭൂവ്യത്യാസമോ ഇല്ലാതെ നിലനിൽക്കുന്നു. ഇത് ആധുനികമോ പൗരാണികമോ എന്നു വ്യത്യാസമില്ലാതെ ചെറുതോ വലുതോ ആയി സാമൂഹിക സംവിധാനത്തിൽ ലയിച്ചു ചേർന്നിരിക്കുന്നു. എന്നാൽ മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന വൈജാത്യങ്ങളും വൈവിധ്യങ്ങളും പരസ്പരം കൊലവിളി നടത്താനോ, ഗർവ് നടിക്കാനോ പൊങ്ങച്ചത്തിനോ കാരണമാകാൻ പാടില്ലാത്തതാകുന്നു.

ഖുർആൻ പറയുന്നു: ‘‘മനുഷ്യരേ നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്‌ടിക്കുകയും അതിൽ നിന്നു തന്നെ ഇണയെയും സൃഷ്‌ടിക്കുകയും അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുവീൻ’’

വിഭിന്നമായ സാധ്യതകളും കഴിവുകളും കൊണ്ട് മനുഷ്യർ പരസ്പരം ഏറ്റക്കുറവുകളുള്ളവരാണെങ്കിലും ഇതൊന്നും മനുഷ്യന്റെ പദവിക്കോ പരിഗണനയ്ക്കോ വിഘാതമാവരുതെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന വൈജാത്യങ്ങളും വൈവിധ്യങ്ങളും മനുഷ്യനന്മക്ക് സാധ്യമാകുന്ന തരത്തിലാണ് പ്രയോഗിക്കേണ്ടതെന്നും ഖുർആൻ ഉണർത്തുന്നു. ‘ഇസ്ലാം ലോകത്തിന് സമർപ്പിച്ച സംഭാവനകളിൽ പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യനെ ഒന്നായി കാണാനുള്ള ദർശനം. ഉച്ചനീചത്വങ്ങളില്ലാതെ മനുഷ്യർ എവിടെയായാലും ഒന്നാണെന്ന ബോധം വളർത്തുക, മനുഷ്യരെ ഒന്നിപ്പിക്കുക എന്നതാണ് പരിശുദ്ധ വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ധർമമെന്ന് ഖുർആൻ പഠിപ്പിക്കുന്നത് കാണാം. ‘‘മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവർ ഭിന്നിച്ചപ്പോൾ) അവർക്ക് സന്തോഷവാർത്ത അറിയിക്കുവാനും (അധർമകാരികൾക്ക്) മുന്നറിയിപ്പു നൽകുവാനും വേണ്ടി അല്ലാഹു (ദൈവം) പ്രവാചകൻമാരെ നിയോഗിച്ചു. അവർ ഭിന്നിച്ച വിഷയത്തിൽ ദൈവികമായ തീർപ്പുകൽപ്പിക്കുന്നതിനായി അവരുടെ കൂടെ സത്യവേദവും അവൻ അയച്ചുകൊടുത്തു’’. (സൂറത്തുൽ ബഖറ– 213)


ഈ ആശയത്തിന്റെ അജയ്യതയാണ് മുഹമ്മദ് നബി (സ) യിൽ കൂടി ലോകത്തിന് മുമ്പിൽ പകർന്നത് . ഈ കാഴ്ചപ്പാട് ഒട്ടനവധി ജനസമൂഹങ്ങളെ ഖുർആനിന്റെ വാക്‌താക്കളാക്കി മാറ്റി. ഇതിന്റെ സ്വാധീനം ഇന്ത്യയെപ്പോലുള്ള രാജ്യത്ത് വൻ മാറ്റമാണ് ഉണ്ടാക്കിയതെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തന്റെ ഡിസ്കവറി ഓഫ് ഇന്ത്യയിൽ രേഖപ്പെടുത്തിയത് കാണാവുന്നതാണ.്

ദിനേനയുള്ള അഞ്ച് സമയങ്ങളിലുള്ള നമസ്ക്കാരം എന്ന പ്രാർത്ഥനയും തന്റെ സമ്പത്തിൽനിന്ന് നിശ്ചിത ശതമാനം സക്കാത്തും സ്വദഖയും (ദാനധർമം) ചെയ്യുന്നതും ഒരു മാസം തുടർച്ചയായി നിർവഹിക്കുന്ന റംസാൻവ്രതവും ഹജ്‌ജും ഉംറയും എല്ലാം ഈ സമഭാവനയുടെ സന്ദേശമാണ് ലോകത്തിനും വ്യക്‌തികൾക്കും പകർന്നു നൽകുന്നത്.

<യ>കെ.സി.എ. നിസാർ കക്കാട്, ഐഎസ്എം ജില്ലാ ജോയിന്റ് സെക്രട്ടറി