നോമ്പിന്റെ ആത്മാവ്
നോമ്പിന്റെ ആത്മാവ്
അല്ലാഹുവിനു വേണ്ടി എന്ന ഏക ലക്ഷ്യം മുൻനിർത്തി പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും വികാരവിചാരങ്ങളും വെടിഞ്ഞു നിൽക്കുന്നതിനാണ് ഇസ്ലാമിൽ നോമ്പ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഏതാനും ചില ദിവസങ്ങൾ മാറ്റിനിർത്തിയാൽ വർഷത്തിലെ ഏതു ദിവസവും നോമ്പെടുക്കാമെങ്കിലും ചന്ദ്രവർഷത്തിലെ ഒമ്പതാം മാസമായ റംസാനിലാണത് നിർബന്ധമാകുന്നത്. പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിങ്ങൾക്കും ഇതു നിർബന്ധമാണ്.

രോഗികൾ, യാത്രക്കാർ എന്നിവർക്കും ആർത്തവം, പ്രസവം തുടങ്ങിയ കാരണങ്ങളാൽ അശുദ്ധരായ സ്ത്രീകൾ ക്കും നോമ്പ് നിർബന്ധമാണെങ്കിലും തടസങ്ങളുള്ളതിനാൽ അവ നീങ്ങിയ ശേഷം വീട്ടിയാൽ മതി.

മറ്റിതര ആരാധനാകർമങ്ങളിൽനിന്ന് നോമ്പിനെ വ്യതിരിക്‌തമാക്കി നിർത്തുന്ന ഘടകങ്ങളും ഗുണഗണങ്ങളും ഒട്ടധികമാണ്. മനുഷ്യനിൽ കുടികൊള്ളുന്ന വിശ്വാസത്തിന്റെ ശക്‌തിപരീക്ഷിക്കാനും ആത്മാർത്ഥതയെ നിരീക്ഷിക്കാനും നോമ്പിനോളം ഉതകുന്ന മറ്റൊരുപകരണം ഒരുപക്ഷേ കുറവായിരിക്കും. സ്രഷ്ടാവിനും സൃഷ്‌ടിക്കുമിടയിലെ സ്വകാര്യ ഇടപാടാണത്. മറ്റാർക്കുമറിയില്ല ഇവൻ നോമ്പുകാരനാണോ അല്ലയോയെന്ന്. കപടന്മാർ ഇവിടെ പരാജയപ്പെടുന്നു. സൃഷ്‌ടികളാരും കാണുന്നില്ലെങ്കിൽ അയാൾ സ്വകാര്യമായി അന്നപാനീയങ്ങൾ ഉപയോഗിക്കും. വിശ്വാസിക്ക് അതിനു കഴിയാത്തത് ആരും കണ്ടില്ലെങ്കിലും അല്ലാഹു തന്നെ കാണുന്നുണ്ടെന്ന ഒരേയൊരു ബോധം മൂലമാണ്. ആ ബോധം അവനെ കൂടുതൽ കരുത്തുറ്റ വിശ്വാസക്കാരനാക്കി മാറ്റുന്നു.

എല്ലാ ആരാധനാകർമങ്ങളും ചിലതെല്ലാം ചെയ്യലാണെങ്കിൽ നോമ്പ് ചിലതെല്ലാം ചെയ്യാതിരിക്കലാണ്. അഥവാ, ചെയ്യാതിരിക്കലെന്ന ചെയ്യൽ. ഈ അർത്ഥത്തിൽ നോമ്പ് ഒരു ക്രിയയാണെന്നു പറയുന്നതിനെക്കാൾ നിഷ്ക്രിയത്വമാണെന്ന് പറയുന്നതാവും കൂടുതൽ ഉചിതം. നിരന്തരം കർമങ്ങൾ ചെയ് തുകൊണ്ടിരിക്കുന്ന മനുഷ്യന് കുറച്ചു നേരം കർമരഹിതനായി നിൽക്കലും ആവശ്യമാണ്. അനക്കം പോലെ ആവശ്യമായ താണല്ലോ അടക്കവും. ഇല്ലെങ്കിൽ ചെയ്തു ചെയ്ത് മനുഷ്യൻ തളരുകയും തകരുകയും ചെയ്യും. അനാവശ്യങ്ങളിലേക്ക് ചെന്നെത്താനുള്ള സാധ്യതയും വളരെയേറെയാണ്. അതില്ലാതാക്കലാ ണ് നോമ്പിന്റെ മർമപ്രധാനമായ ദൗത്യം.


നമസ്കാരം ഒരാൾക്ക് നാലാളുകളെ കാണിക്കാൻ ചെയ്തു തീർക്കാം. വലിയ ഉദാരനാണെന്നു ജനങ്ങൾ പറഞ്ഞുനടക്കാൻ അവർ കാൺകെ സകാത്ത് കൊടുക്കുകയും ചെയ്യാം. വലിയ ത്യാഗിയാണെന്ന ജനാഭിപ്രായം കിട്ടാൻ ഹജ്‌ജും ചെയ്യാം. പക്ഷേ, വലിയ നോമ്പുകാരനാണെന്നു പറഞ്ഞുകിട്ടാൻ ഒരാൾക്കെങ്ങനെയാണ് ജനങ്ങൾക്കു മുന്നിലതു പ്രകടിപ്പിക്കാൻ സാധിക്കുക? ഏറി വന്നാൽ ഇയാൾ പട്ടിണി കിടക്കുന്നവനാണെന്നേ ആളുകൾക്കറിയാൻ കഴിയൂ. പട്ടിണിയല്ലല്ലോ നോമ്പ്. അത് നോമ്പിന്റെ ഒരു വശം മാത്രമാണ്.

സത്യത്തിൽ, പട്ടിണികിടക്കലോ ആരാധനാനിരതനായി സദാ നേരം പള്ളിമൂലയിലിരിക്കലോ അല്ല, ക്ഷമയാണ് നോമ്പിന്റെ ആത്മാവ്. ഭയഭക്‌തിയാണ് അതുകൊണ്ടുള്ള കാതലായ ലക്ഷ്യം. നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനുമുള്ള ക്ഷമ നോമ്പ് വഴി പരിശീലിക്കപ്പെടുന്നു. നാവിൽ വെള്ളമൂറുന്ന ഭക്ഷണം അയാൾ കൺമുന്നിൽ കാണുന്നുണ്ട്. പൊരിഞ്ഞ വിശപ്പുണ്ടായിട്ടും നോമ്പുകാരൻ അതൊന്നു വാസനിച്ചു നോക്കുന്നു പോലുമില്ല. ഭാര്യയോട് അടക്കവയ്യാത്ത വികാരം ഉണ്ടായിട്ടും മനസ്സിനെ നിയന്ത്രിച്ചു നിർത്തുന്നു. ഈ മനഃശക്‌തി നോമ്പിന്റെ സ്വാധീനഫലമാണ് കാണിക്കുന്നത്. സ്വന്തം ദേഹേച്ഛകൾക്കെതിരേ യുദ്ധം ചെയ്യാനുള്ള ത്രാണി മറ്റേതു കർമം കൊണ്ടും ഇത്ര കിട്ടണമെന്നില്ല.

<യ>സി. മുഹമ്മദ് ഹുദവി (ഇമാം, താമരശേരി ടൗൺ ജുമാ മസ്ജിദ്)